മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്

ഡോ. ഷാഹുല്‍ അമീന്‍ എന്ന സൈക്ക്യാട്രിസ്റ്റ് വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍

നമ്മെ നാമാക്കുന്നത് ജീനുകളോ ജീവിതസാഹചര്യങ്ങളോ?

nature_nurture_malayalam

“വിത്തു നന്നായാല്‍ വിളവുനന്നാം ഗുണ-
മെത്താത്ത പാഴുകണ്ടത്തില്‍ പോലും
ഉത്തമമായ നിലത്തില്‍ വീഴും വിത്തു
സത്തല്ലെന്നാലും ഫലം നന്നാവാം!”
- കുമാരനാശാന്‍

കുട്ടികള്‍ക്ക് എത്രത്തോളം ബുദ്ധിയുണ്ടാകും, മുതിരുമ്പോള്‍ അവരുടെ വ്യക്തിത്വം എത്തരത്തിലുള്ളതാകും എന്നതൊക്കെ നിര്‍ണയിക്കുന്നത് മാതാപിതാക്കളില്‍നിന്ന് അവര്‍ക്കു കിട്ടുന്ന ജീനുകളാണോ? അതോ, അവര്‍ക്കു ലഭിക്കുന്ന ജീവിതസാഹചര്യങ്ങളും പഠനസൌകര്യങ്ങളും സൌഹൃദങ്ങളും മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയുമൊക്കെ പ്രോത്സാഹനങ്ങളും ശിക്ഷകളുമൊക്കെയോ? ഒരു നൂറ്റാണ്ടിലേറെയായി മനശ്ശാസ്ത്രഗവേഷകരും വിദ്യാഭ്യാസവിദഗ്ദ്ധരും മാതാപിതാക്കളുമൊക്കെ ഏറെ തലപുകഞ്ഞിട്ടുള്ളൊരു വിഷയമാണിത്. വിവിധ മനോഗുണങ്ങളുടെ രൂപീകരണത്തില്‍ ജീനുകള്‍ക്കും ജീവിത സാഹചര്യങ്ങള്‍ക്കുമുള്ള സ്വാധീനം പഠനവിധേയമാക്കുന്ന ശാസ്ത്രശാഖയ്ക്ക് ‘ബീഹേവിയെറല്‍ ജിനെറ്റിക്സ്‌’ എന്നാണു പേര്.

മോശം പ്രോഗ്രസ് റിപ്പോര്‍ട്ടുമായി വീട്ടിലെത്തിയ കുട്ടി അച്ഛനമ്മമാരോട്: “കുഴപ്പം എന്റേതൊന്നുമല്ല, നിങ്ങളെനിക്കു തന്ന ജീനുകളുടേതാ...!”
- ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍

എന്താണീ ജീനുകള്‍?

പുംബീജവും അണ്ഡവും സംയോജിച്ച് സിക്താണ്ഡമുണ്ടാകുന്ന കാര്യം സ്കൂളില്‍ സയന്‍സ് ടീച്ചര്‍ പഠിപ്പിക്കുമ്പോള്‍ ലജ്ജിച്ചു ചിരിച്ചിട്ടുള്ളവരാണ് മിക്കവരും. പുംബീജത്തില്‍ അച്ഛനില്‍ നിന്നുള്ള ഇരുപത്തിമൂന്നു ക്രോമസോമുകളും അണ്ഡത്തില്‍ അമ്മയില്‍ നിന്നുള്ള ഇരുപത്തിമൂന്നു ക്രോമസോമുകളും, സിക്താണ്ഡത്തില്‍ അങ്ങിനെയാകെ നാല്‍പത്താറു ക്രോമസോമുകളുമാണുണ്ടാവുക. ഈ നാല്‍പത്താറു ക്രോമസോമുകളിലായി നമുക്കെല്ലാമുള്ളത് ആകെ ഒരു ലക്ഷത്തോളം ജീനുകളാണ്‌ . ശരീരത്തിന്‍റെ പല പ്രധാന ഘടകഭാഗങ്ങളും പ്രോട്ടീനുകളാണ്. ആ പ്രോട്ടീനുകളോരോന്നിന്‍റെയും നിര്‍മാണം നിയന്ത്രിക്കുന്നതു വ്യത്യസ്ത ജീനുകളുമാണ്. ശാരീരികമായി ആണാണോ പെണ്ണാണോ, കണ്ണിനും തൊലിക്കും മുടിക്കുമൊക്കെ എന്തു നിറമാണ് എന്നിങ്ങനെ പല കാര്യങ്ങളും പൂര്‍ണമായും ജീനുകളാണു നിശ്ചയിക്കുന്നത്. രക്തഗ്രൂപ്പു പോലുള്ള ചില കാര്യങ്ങള്‍ ഒരൊറ്റ ജീന്‍ ഒറ്റയ്ക്കു തീരുമാനിക്കുന്നതാണെങ്കില്‍ കണ്ണിന്‍റെ നിറം പോലുള്ള പല സവിശേഷതകളും നിരവധി ജീനുകളുടെ കൂട്ടായ നിയന്ത്രണത്തിലുമാണ്.

മനോവൃത്തികളുടെ ഉറവിടം തലച്ചോറാണ്, തലച്ചോറിന്‍റെ ഘടനയെയും പ്രവര്‍ത്തനത്തെയും നിയന്ത്രിക്കുന്നത് ജീനുകളാണ് എന്നീ കാരണങ്ങളാല്‍ വിവിധ മനോഗുണങ്ങളെ നിര്‍ണയിക്കുന്നതില്‍ ജീനുകള്‍ക്കു സാരമായ പങ്കുണ്ട്. ഒരു സ്വഭാവഗുണവും പക്ഷേ ഒരൊറ്റ ജീനിന്‍റെ തനിച്ചുള്ള നിയന്ത്രണത്തിലല്ല. മറിച്ച്, ഓരോ ഗുണവും രൂപപ്പെടുന്നത് ഒട്ടനവധി ജീനുകളുടെ നേരിയ സ്വാധീനങ്ങള്‍ കൂടിക്കലര്‍ന്നാണ്.

 

“ഒരു മൊട്ട് വിടരാന്‍ മടിച്ചുനില്‍ക്കുന്നതു കണ്ടാല്‍ നാം ഇടപെടാറുള്ളത് ആ മൊട്ടിലല്ല, അതു നില്‍ക്കുന്ന ചെടിയിലും മണ്ണിലുമൊക്കെയാണ്.” – അലക്സാണ്ടര്‍ ഡെന്‍ഹീയര്‍

ജീവിതസാഹചര്യങ്ങളെപ്പറ്റി ചിലത്

ജീനുകള്‍ക്കൊപ്പം, ഓരോരുത്തരുടെയും മനസ്സിലും ശരീരത്തിലും അവരുടെ ചുറ്റുപാടുകളും അനുഭവങ്ങളും കൂടി ഗണ്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. നിരവധി തലങ്ങളിലുള്ള സാഹചര്യങ്ങള്‍ ഇവിടെ പ്രസക്തമാണ്:

  • ഗര്‍ഭപാത്രത്തിലെ അന്തരീക്ഷം: ഉദാഹരണത്തിന്, ഗര്‍ഭകാലത്ത് അമ്മ എന്തൊക്കെത്തരം ഭക്ഷണമാണു കഴിക്കുന്നതെന്നത് ഭാവിയില്‍ കുട്ടിക്ക് ഏതൊക്കെ ഭക്ഷണമാവും പഥ്യമെന്നതിനെ സ്വാധീനിക്കാം.
  • ഭൌതിക സാഹചര്യങ്ങള്‍: താമസസൌകര്യം പര്യാപ്തമാണോ, പോഷകാഹാരം ലഭിക്കുന്നുണ്ടോ എന്നതൊക്കെ.
  • സാമൂഹ്യ സാഹചര്യങ്ങള്‍: അയല്‍പക്കം, കൂട്ടുകെട്ടുകള്‍, മാധ്യമങ്ങളുടെ സ്വാധീനം, സര്‍ക്കാര്‍ നയങ്ങള്‍ തുടങ്ങിയവ.
  • ആഗോളതാപനം പോലുള്ള, മൊത്തം ലോകത്തെയും ബാധിക്കുന്ന പ്രശ്നങ്ങള്‍

മൂല്യബോധം, ഉത്തരവാദിത്തബോധം, ശുഭാപ്തിവിശ്വാസം, അനിശ്ചിതാവസ്ഥകളോടു പൊരുത്തപ്പെടാനുള്ള കഴിവ് എന്നിങ്ങനെ നിരവധി ഗുണങ്ങള്‍ക്കു മേല്‍ ജീവിതസാഹചര്യങ്ങള്‍ക്കു സാരമായ നിര്‍ണയശേഷിയുണ്ട്.

ജീവിതസാഹചര്യങ്ങളെ ഗവേഷകര്‍ രണ്ടായിത്തിരിക്കുകയും അവ രണ്ടിന്‍റെയും സ്വാധീനങ്ങളെ വെവ്വേറെ പഠനവിധേയമാക്കുകയും ചെയ്തിട്ടുണ്ട്:

  1. ഒരു കുടുംബത്തിലെ എല്ലായംഗങ്ങളും ഒരുപോലെ നേരിടുന്നവ (shared environment): ദാരിദ്ര്യം, സ്ഥലപരിമിതി, പരിസര മലിനീകരണം തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു.
  2. കുടുംബാംഗങ്ങള്‍ കൂട്ടായല്ലാതെ ഒറ്റയ്ക്കൊറ്റക്ക് നേരിടുന്നവ (nonshared environment): ലഹരിയുപയോഗിക്കുന്ന സുഹൃത്തുക്കളുണ്ടാവുക, വാഹനാപകടത്തില്‍പ്പെടുക, മാതാപിതാക്കള്‍ വിവിധ മക്കളോട് വ്യത്യസ്ത സമീപനം സ്വീകരിക്കുക എന്നിവ ഇതിനുദാഹരണങ്ങളാണ്.

സവിശേഷതകളെ നിര്‍ണയിക്കുന്നതില്‍ ഈ രണ്ടാമതു പറഞ്ഞ തരം സാഹചര്യങ്ങള്‍ക്കാണു കൂടുതല്‍ പ്രാധാന്യമെന്ന് പഠനങ്ങള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

ഏറെ ബുദ്ധിസാമര്‍ത്ഥ്യമുള്ള മാതാപിതാക്കളുടെ മക്കള്‍ക്കു നല്ല ബുദ്ധിശക്തി കൈവരുന്നെങ്കില്‍ അത് മാതാപിതാക്കളില്‍ നിന്നവര്‍ക്കു ബുദ്ധിയുടെ ജീനുകള്‍ കിട്ടുന്നതു കൊണ്ടാകുമോ, അതോ ആ മാതാപിതാക്കള്‍ പുസ്തകങ്ങളും പഠനസൌകര്യങ്ങളും പോലുള്ള അനുയോജ്യ സാഹചര്യങ്ങള്‍ അവര്‍ക്കൊരുക്കിക്കൊടുക്കുന്നതിനാലാകുമോ? ഇതെങ്ങിനെ വേര്‍തിരിച്ചറിയാന്‍ പറ്റും? ഓരോ ഗുണങ്ങളുടെയും ആവിര്‍ഭാവത്തില്‍ ജീനുകള്‍ക്കും ജീവിതസാഹചര്യങ്ങള്‍ക്കുമുള്ള സ്വാധീനങ്ങളെ ഇഴപിരിച്ചു മനസ്സിലാക്കാന്‍ രണ്ടു മാര്‍ഗങ്ങളാണു പ്രധാനമായും ഉപയോഗിക്കപ്പെടുന്നത് — ഇരട്ടകളില്‍ നടത്തുന്ന പഠനങ്ങളും ദത്തെടുക്കപ്പെട്ടവരില്‍ നടത്തുന്ന പഠനങ്ങളും.

ഇരട്ടകളിലെ പഠനങ്ങള്‍

ഇരട്ടകള്‍ രണ്ടുതരമുണ്ട്: കാഴ്ചയ്ക്ക് ഒരുപോലെയിരിക്കുന്ന ‘ഐഡന്‍റിക്കല്‍ ട്വിന്‍സും’, ഒരേ പ്രസവത്തില്‍ ജനിച്ചവരെങ്കിലും രൂപസാദൃശ്യമൊന്നുമില്ലാത്ത ‘ഫ്രറ്റേര്‍ണല്‍ ട്വിന്‍സും’.

രൂപപ്പെട്ടുകഴിഞ്ഞ ഒരു സിക്താണ്ഡം രണ്ടായി വിഭജിക്കപ്പെടുക വഴിയാണ് ഐഡന്‍റിക്കല്‍ ട്വിന്‍സ് ഉണ്ടാകുന്നത്. അതിനാല്‍, അവരിരുവരിലും എല്ലാ ജീനുകളും സമാനമായിരിക്കും. മറുവശത്ത്, രണ്ടു വ്യത്യസ്ത പുംബീജങ്ങള്‍ രണ്ടു വ്യത്യസ്ത അണ്ഡങ്ങളുമായി സംയോജിക്കുമ്പോഴാണ് ഫ്രറ്റേര്‍ണല്‍ ട്വിന്‍സ് ഉണ്ടാകുന്നത് എന്നതിനാല്‍ വ്യത്യസ്ത പ്രസവങ്ങളില്‍ ജനിച്ച സഹോദരങ്ങള്‍ തമ്മിലുള്ളത്ര ജനിതകസാദൃശ്യമേ അവര്‍ക്കിടയിലുണ്ടാകൂ. ഐഡന്‍റിക്കല്‍ ട്വിന്‍സ് തമ്മിലാണ് ജനിതകസാദൃശ്യം കൂടുതലെന്നതിനാല്‍, ഇരട്ടകളില്‍ ഒരാള്‍ക്ക് ജനിതകമായിക്കൈവന്ന ഒരു സവിശേഷതയുണ്ടെങ്കില്‍ അതു മറ്റേയാളിലും കാണപ്പെടാനുള്ള സാദ്ധ്യത ഫ്രറ്റേര്‍ണല്‍ ട്വിന്‍സിനെ അപേക്ഷിച്ച് അവരില്‍ അധികമായിരിക്കും. അതുപോലെതന്നെ, ഒരു സവിശേഷതയുടെ കാര്യത്തില്‍ ഐഡന്‍റിക്കല്‍ ട്വിന്‍സിനു ഫ്രറ്റേര്‍ണല്‍ ട്വിന്‍സിനെക്കാള്‍ പൊരുത്തക്കൂടുതലുണ്ടെങ്കില്‍, ആ സവിശേഷതയുടെ രൂപീകരണത്തില്‍ ജീനുകള്‍ക്കാണു കൂടുതല്‍ പങ്കെന്ന് അനുമാനിക്കുകയും ചെയ്യാം. ഉദാഹരണത്തിന്, ഉയരത്തിന്‍റെ കാര്യത്തില്‍ ഐഡന്‍റിക്കല്‍ ട്വിന്‍സ് തമ്മിലെ സാമ്യം ഫ്രറ്റേര്‍ണല്‍ ട്വിന്‍സ് തമ്മിലേതിനേക്കാള്‍ കൂടുതലാണെന്നു പഠനങ്ങളില്‍ത്തെളിഞ്ഞിട്ടുള്ളതിനാല്‍, ഉയരം നിര്‍ണയിക്കുന്നതില്‍ മേല്‍ക്കോയ്മ ജനിതക ഘടകങ്ങള്‍ക്കാണെന്നു പറയാം.

ദത്തെടുക്കപ്പെട്ടവരിലെ പഠനങ്ങള്‍

ചെറുപ്രായത്തിലേ ദത്തെടുക്കപ്പെടുന്ന കുട്ടികള്‍ വളരുന്നത് ജന്മംനല്‍കിയ മാതാപിതാക്കളുടെ ജീനുകളും വളര്‍ത്തച്ഛനമ്മമാര്‍ ഒരുക്കിക്കൊടുക്കുന്ന ജീവിതസാഹചര്യങ്ങളും കൊണ്ടാണ്. ഇത്തരം കുട്ടികളില്‍ നടത്തുന്ന പഠനങ്ങള്‍ ഓരോരോ ഗുണങ്ങളുടെയും ആവിര്‍ഭാവത്തില്‍ ജീനുകള്‍ക്കും ജീവിതസാഹചര്യങ്ങള്‍ക്കുമുള്ള പങ്കു വേര്‍തിരിച്ചറിയാന്‍ ഏറെ സഹായകമാണ്. ഉദാഹരണത്തിന്, നല്ല ചെസ്സുകളിക്കാരായ മാതാപിതാക്കളുടെ കുഞ്ഞിനെ ചെസ്സില്‍ വട്ടപ്പൂജ്യമായ ദമ്പതികള്‍ എടുത്തുവളര്‍ത്തിയെന്നിരിക്കട്ടെ.  വലുതായിക്കഴിഞ്ഞ്, ആ കുട്ടിക്കും ദത്തെടുത്ത ദമ്പതികള്‍ക്കു ജനിച്ച മക്കള്‍ക്കും ചെസ്സിലുള്ള മികവ് ഗവേഷകര്‍ക്കു താരതമ്യം ചെയ്യാം. ദത്തെടുക്കപ്പെട്ട കുട്ടിയാണ് ചെസ്സില്‍ മെച്ചമെന്നു കാണപ്പെടുന്നെങ്കില്‍ അതിനര്‍ത്ഥം ചെസ്സിലെ മികവു നിര്‍ണയിക്കുന്നതില്‍ മുഖ്യപങ്കു ജീനുകള്‍ക്കാണെന്നും, അതല്ല അവരെല്ലാവരുടെയും കഴിവ് സമാനമാണ്  എന്നാണു തെളിയുന്നതെങ്കില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രാധാന്യം വളരുന്ന ചുറ്റുപാടുകള്‍ക്കാണെന്നും അനുമാനിക്കാം.

ജീനുകളുടെ സ്വാധീനത്തിനുള്ള മാര്‍ക്ക്

ഓരോ ഗുണത്തിലും ജീനുകള്‍ എന്തുമാത്രം സ്വാധീനം ചെലുത്തുന്നുവെന്നതു സൂചിപ്പിക്കാന്‍ Heritability coefficient എന്നൊരളവ് ഉപയോഗിക്കപ്പെടുന്നുണ്ട്. ഓരോ ഗുണത്തിന്‍റെയും Heritability coefficient പൂജ്യത്തിനും ഒന്നിനും ഇടയ്ക്കുള്ള ഒരു സംഖ്യയായിരിക്കും. ഒരു ഗുണത്തിന്‍റെ Heritability coefficient പൂജ്യം ആണെങ്കില്‍ അതിനര്‍ത്ഥം വിവിധയാളുകള്‍ തമ്മില്‍ ആ ഗുണത്തിന്‍റെ കാര്യത്തിലുള്ള വിഭിന്നതയില്‍ ജീനുകള്‍ക്ക് അല്‍പംപോലും കയ്യില്ലെന്നും, മറുവശത്ത് Heritability coefficient ഒന്ന് ആണെങ്കില്‍ അതിനര്‍ത്ഥം വിവിധയാളുകള്‍ തമ്മില്‍ ആ ഗുണത്തിന്‍റെ കാര്യത്തിലുള്ള വിഭിന്നതക്കു നിദാനം പൂര്‍ണമായും ജീനുകളാണെന്നുമാണ്.

മിക്ക മനശ്ശാസ്ത്രഗുണങ്ങളുടെയും Heritability coefficient 0.3-നും 0.6-നും ഇടയ്ക്കാണ്. ഇതിനര്‍ത്ഥം, വിവിധയാളുകള്‍ തമ്മില്‍ മനശ്ശാസ്ത്ര ഗുണങ്ങളിലുള്ള വ്യതിരിക്തതയുടെ മുപ്പതു മുതല്‍ അറുപതു വരെ ശതമാനത്തിനു പിന്നില്‍ ജീനുകളാണ് എന്നും ബാക്കി നാല്‍പ്പതു മുതല്‍ എഴുപതു വരെ ശതമാനത്തിനു കാരണം ജീവിത സാഹചര്യങ്ങളാണ് എന്നുമാണ്.

 

“നമ്മളാകുന്ന തോക്കുകളില്‍ തിരകള്‍ നിറയ്ക്കുന്നതു ജീനുകളാണെങ്കിലും കാഞ്ചി വലിക്കുന്നതു പക്ഷേ ജീവിതസാഹചര്യങ്ങളാണ്.” – മെഹ്മെറ്റ് ഓസ്‌

രണ്ടും പ്രധാനമാണ്

ഇപ്പോള്‍ ഏറ്റവും പൊതുസമ്മതിയുള്ള വാദം, ഓരോരോ ഗുണത്തിനും പിന്നില്‍ ജീനുകള്‍ക്കും ജീവിതസാഹചര്യങ്ങള്‍ക്കും ഏറിയും കുറഞ്ഞും പങ്കുണ്ട് എന്നാണ്. ജീനുകള്‍, പ്രോട്ടീന്‍ നിര്‍മാണത്തെയും അതുവഴി ശരീരവളര്‍ച്ചയെയും നിയന്ത്രിക്കുകയും അങ്ങിനെ നല്ലതോ മോശമോ ആയ പല സവിശേഷതകളും നമുക്കു തരികയും ചെയ്യുന്നു. അങ്ങിനെ കിട്ടുന്ന സവിശേഷതകളെ പുഷ്ടിപ്പെടുത്തുകയോ ദുര്‍ബലപ്പെടുത്തുകയോ ചെയ്യുന്നതില്‍ നല്ലൊരു പങ്ക് ജീവിത സാഹചര്യങ്ങള്‍ വഹിക്കുകയും ചെയ്യുന്നു. ജീനുകളൊരുക്കുന്ന മൂശകളില്‍ ജീവിത സാഹചര്യങ്ങള്‍ക്കു വേണ്ടുംവിധം പ്രവര്‍ത്തിക്കാനാകുന്നതിനാലാണ് കുഞ്ഞുപ്രായത്തിലെ വളര്‍ച്ച ത്വരിതവും കാര്യക്ഷമവുമാകുന്നത്. സംഗീതത്തിലോ നൃത്തത്തിലോ കായികയിനങ്ങളിലോ ഒക്കെ അഭിരുചി പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്കു മാതാപിതാക്കള്‍ അതിനനുസൃതമായ പരിശീലനങ്ങള്‍ ലഭ്യമാക്കുമ്പോള്‍ സംഭവിക്കുന്നത്, ജീനുകള്‍ നല്‍കുന്ന കഴിവുകളെ ജീവിത സാഹചര്യങ്ങള്‍ അനുകൂലമാക്കി പരിപോഷിപ്പിക്കുകയാണ്.

നല്ല ബാസ്ക്കറ്റ്ബോള്‍ കളിക്കാരെക്കാണുമ്പോള്‍, അവര്‍ക്കങ്ങിനെയാവാന്‍ സാധിച്ചത് വേണ്ടുവോളം ഉയരമുള്ളതു കൊണ്ടാണെന്നും ആ ഉയരം അവര്‍ക്കു യാതൊരു പരിശ്രമവും കൂടാതെ ജന്മനാ കിട്ടിയതാണെന്നും നമുക്കു തോന്നാം. മറുവശത്ത്, നല്ല വയലിനിസ്റ്റുകളെക്കാണുമ്പോള്‍ നാം അവര്‍ ആ ശേഷി നിരന്തരമുള്ള പരിശീലനത്താല്‍ നേടിയെടുത്തതാണെന്ന് അനുമാനിക്കുകയും അതേപ്രതി നമുക്കവരോടു മതിപ്പു തോന്നുകയും ചെയ്യാം. ഉയരത്തിനു പിന്നില്‍ ജീനുകള്‍ക്കേ പങ്കുള്ളൂ, വയലിനിസ്റ്റിന്‍റെ കഴിവിനു പിന്നില്‍ പരിശീലനത്തിനേ പങ്കുള്ളൂ എന്നൊക്കെയുള്ള ഇത്തരം നിഗമനങ്ങള്‍ പക്ഷേ വസ്തുതാവിരുദ്ധമാണ്. ചെറുപ്രായത്തില്‍ നല്ല പോഷകാഹാരം കഴിക്കാന്‍ ശ്രദ്ധിച്ചതുകൊണ്ടും കൂടിയാവണം ബാസ്ക്കറ്റ്ബോള്‍ കളിക്കാരന് ആ ഉയരം കൈവന്നത്. അതുപോലെ, നല്ല നീളവും വേഗതയുമുള്ള വിരലുകള്‍ ജന്മനാ, ജനിതക കാരണങ്ങളാല്‍ ലഭിച്ചത് വയലിനിസ്റ്റിനു സഹായകമാകുന്നുമുണ്ടാകണം. സിദ്ധിയും സാധനയും മിക്ക കഴിവുകള്‍ക്കും പ്രസക്തം തന്നെയാണ് എന്നര്‍ത്ഥം.

ജനിതക ഘടകങ്ങള്‍ക്കു വന്‍തോതില്‍ സ്വാധീനമുള്ള സന്ദര്‍ഭങ്ങളിലും ജീവിതസാഹചര്യങ്ങള്‍ക്ക് അതിന്റേതായ പ്രസക്തിയുണ്ടാകാറുണ്ട്. ഉദാഹരണത്തിന്, ഒരൊറ്റ ജീനിലെ വൈകല്യം മൂലം സംജാതമാകുന്നൊരു രോഗമാണ് ഫിനൈല്‍ കീറ്റോണൂറിയ. അതു ബാധിച്ചവര്‍ക്കു ബുദ്ധിമാന്ദ്യം പിടിപെടാറുണ്ട്. എന്നാല്‍, ഫിനൈല്‍ അലനിന്‍ എന്ന രാസവസ്തു അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ജനനം തൊട്ടേ വര്‍ജിക്കുക വഴി ഈ രോഗത്തിന്‍റെ പ്രത്യാഘാതങ്ങളെ തടയാനാകും. അതുപോലെതന്നെ, പൊക്കം ഏറിയപങ്കും ജനിതകനിയന്ത്രണത്തിലാണെങ്കിലും, കഴിഞ്ഞയൊരു നൂറ്റാണ്ടിനുള്ളില്‍ ഏഷ്യയിലെയും യൂറോപ്പിലെയും പല രാജ്യങ്ങളിലും ജനങ്ങളുടെ ശരാശരി പൊക്കം മെച്ചപ്പെട്ടിട്ടുണ്ട് — പോഷകാഹാര ലഭ്യത വര്‍ദ്ധിച്ചതും ദാരിദ്ര്യം കുറഞ്ഞുതുടങ്ങിയതുമൊക്കെയാണ് ഇതിനു നിമിത്തമായത്.

 

വിവിധ ഗുണങ്ങളുടെ രൂപീകരണവേളയില്‍ ജീനുകളും ജീവിത സാഹചര്യങ്ങളും അന്യോന്യം സ്വാധീനിക്കുന്നത് രണ്ടു രീതികളിലാവാം. Gene-Environment interactions (GxE), Gene-Environment correlation (rGE) എന്നിങ്ങനെയാണ് അവയ്ക്കു പേരുകള്‍.

GxE: ചുറ്റുപാടുകള്‍ ചിലരെ മാത്രം ബാധിക്കാം

ഒരു ജീവിതസാഹചര്യം എല്ലാവരെയും ബാധിക്കാതെ ഒരു പ്രത്യേക ജനിതക ഘടനയുള്ളവരെ മാത്രം സ്വാധീനിക്കുന്നതിനെയാണ് GxE എന്നു വിളിക്കുന്നത്. ഉദാഹരണത്തിന്, ഒരു പഠനം കണ്ടെത്തിയത്, പീഡനങ്ങള്‍ക്കിരയാകുന്ന കുട്ടികള്‍, അവര്‍ക്ക് MAO-A എന്ന ജീനിന്‍റെ ഒരു പ്രത്യേക വകഭേദമാണുള്ളതെങ്കില്‍, മുതിര്‍ന്നു കഴിഞ്ഞാല്‍ അക്രമാസക്തതയും പെരുമാറ്റപ്രശ്നങ്ങളും പ്രകടിപ്പിക്കാമെന്നാണ്. ഈ ജനിതകവകഭേദമുള്ള എന്നാല്‍ ചെറുപ്പത്തില്‍ പീഡനങ്ങളൊന്നും നേരിടാതിരുന്നവരിലും, പീഡനങ്ങള്‍ നേരിട്ട ഈയൊരു ജീന്‍വകഭേദമില്ലാത്തവരിലും മുതിര്‍ന്നുകഴിഞ്ഞ് അത്തരം കുഴപ്പങ്ങള്‍ കാണപ്പെടുകയുമുണ്ടായില്ല.

“കന്നു ചെന്നാല്‍ കന്നിന്‍പറ്റത്തില്‍” – മലയാളം പഴഞ്ചൊല്ല്

rGE: ജീവിതസാഹചര്യങ്ങള്‍ യാദൃച്ഛികമല്ല

ഒരാള്‍ തന്‍റെ ജനിതക ഘടനയ്ക്ക് അനുയോജ്യവും പ്രോത്സാഹകവുമായ ജീവിത സാഹചര്യങ്ങളെ തേടിപ്പിടിക്കുന്നതിനെയാണ് rGE എന്നു വിളിക്കുന്നത്. നാം എടുത്തുചാട്ടക്കാരാണോ അതോ നോക്കിയുംകണ്ടും മാത്രം പെരുമാറുന്നവരാണോ, എല്ലാവരോടും ഇടിച്ചുകയറി ഇടപെടുന്നവരാണോ അതോ മിണ്ടാപ്പൂച്ചകളാണോ, പുത്തന്‍ പുത്തന്‍ അനുഭവങ്ങള്‍ കാംക്ഷിക്കുന്നവരാണോ അതോ ഒരേ അന്തരീക്ഷത്തില്‍ത്തന്നെ കഴിഞ്ഞുകൂടാന്‍ താല്‍പര്യപ്പെടുന്നവരാണോ എന്നതൊക്കെ നല്ലൊരു പങ്കും ജീനുകളുടെ നിയന്ത്രണത്തിലാണ്. ഇത്തരം സ്വഭാവരീതികള്‍ എന്തൊക്കെത്തരം ജീവിതാനുഭവങ്ങളാണ് നമുക്കുണ്ടാവുകയെന്നതു നിശ്ചയിക്കുന്നുണ്ട്; അതുവഴി നമുക്കു കൈവരുന്ന ജീവിതാനുഭവങ്ങള്‍ നമ്മില്‍ അവയുടേതായ സ്വാധീനം ചെലുത്തുകയും അങ്ങിനെ ആ അനുഭവങ്ങളിലേക്കു നമ്മെ തള്ളിവിട്ട ആ സ്വഭാവരീതികള്‍ പിന്നെയും ശക്തിപ്പെടുകയും ചെയ്യുന്നുമുണ്ട്.

rGE മൂന്നു തരത്തിലുണ്ട്:

  1. Passive: തങ്ങളുടെ സ്വഭാവവിശേഷങ്ങള്‍ മക്കള്‍ക്കു ജീനുകളിലൂടെ കൈമാറുന്ന മാതാപിതാക്കള്‍ അതോടൊപ്പം അവയ്ക്കു ചേര്‍ന്ന ജീവിതാന്തരീക്ഷം കൂടി അവര്‍ക്കൊരുക്കിക്കൊടുക്കുമ്പോഴാണ്‌ Passive rGE സംജാതമാകുന്നത്. ഉദാഹരണത്തിന്, എപ്പോഴും പുറത്തുപോവുകയും ആളുകളുമായി ഇടപഴകുകയും ചെയ്യാറുള്ള മാതാപിതാക്കളുടെ മക്കള്‍ക്കും ആ പ്രകൃതം ജനിതകമായി പകര്‍ന്നുകിട്ടാം. അതോടൊപ്പംതന്നെ, ആ മാതാപിതാക്കള്‍ ആ മക്കളോടൊത്ത് ഏറെ സന്ദര്‍ശനങ്ങളും യാത്രകളും നടത്താമെന്നത് ആ കുട്ടികളില്‍ ആ പ്രകൃതത്തെ പിന്നെയും ഊട്ടിയുറപ്പിക്കുകയും ചെയ്യാം. മറ്റൊരുദാഹരണമെടുത്താല്‍, അക്രമാസക്തത കൂടുതലുള്ളവരുടെ മക്കളിലും, ജനിതക കാരണങ്ങളാല്‍, ആ ശീലം അമിതമായുണ്ടാകാം. അതോടൊപ്പംതന്നെ, ആ മാതാപിതാക്കള്‍ മക്കള്‍ക്കു ശാരീരിക പീഡനങ്ങളേല്‍പ്പിക്കാന്‍ സാദ്ധ്യതയേറെയാണെന്നത് അതു കണ്ടുവളരുന്ന ആ കുട്ടികളില്‍ ജന്മനാ സിദ്ധിച്ച അക്രമാസക്തതയെ പിന്നെയും പെരുപ്പിക്കാം.

  2. Evocative: ജനിതകമായിക്കിട്ടിയ സ്വഭാവവിശേഷതകള്‍ ചുറ്റുമുള്ളവരില്‍ നിന്ന് അവയ്ക്കു യോജിച്ച പ്രതികരണങ്ങള്‍ ഉളവാക്കുമ്പോഴാണ് Evocative rGE സംജാതമാകുന്നത്. ഉദാഹരണത്തിന്, നാണംകുണുങ്ങികളായ, എല്ലാറ്റില്‍ നിന്നും ഒഴിഞ്ഞുമാറിനില്‍ക്കുന്ന ശീലക്കാരായ കുട്ടികളെ മറ്റുള്ളവര്‍ വലിയ ശ്രദ്ധ കൊടുക്കാതെ അവഗണിക്കാന്‍ തുടങ്ങുകയും അങ്ങിനെ അവരുടെയാ ഉള്‍വലിച്ചില്‍ പിന്നെയും ബലപ്പെടുകയും ചെയ്യാം. അതുപോലെ, ജനിതക കാരണങ്ങളാല്‍ ഏറെ മുന്‍കോപവും എടുത്തുചാട്ടവും അച്ചടക്കരാഹിത്യവും കാണിക്കുന്ന കുട്ടികളെ മാതാപിതാക്കള്‍ ക്രൂരമായി ശിക്ഷിക്കുന്നത് ആ ദുശ്ശീലങ്ങള്‍ പിന്നെയും വഷളാകാനിടയാക്കാം.

    ഈയൊരു പ്രവണതയെപ്പറ്റി മാതാപിതാക്കള്‍ പ്രത്യേകം മനസ്സിരുത്തേണ്ടതുണ്ട്. ഉദാഹരണത്തിന്, വല്ലാതെ അന്തര്‍മുഖരായ കുട്ടികളോട് അച്ഛനമ്മമാര്‍ അവഗണന കാണിച്ചേക്കാം. അതവരില്‍ അരക്ഷിതത്വബോധവും ആത്മവിശ്വാസമില്ലായ്കയും ജനിപ്പിക്കുകയും അവരുടെ അന്തര്‍മുഖത്വം പിന്നെയും പെരുപ്പിക്കുകയും ചെയ്യാം. മറിച്ച്, പെരുമാറ്റപ്രശ്നങ്ങളോ വ്യക്തിത്വ ന്യൂനതകളോ ഉള്ള കുട്ടികളോട് മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധയോടെ, തക്കതായ രീതിയില്‍ ഇടപഴകുകയാണെങ്കില്‍ അത് ഭാവിയില്‍ അവരുടെ പ്രശ്നങ്ങള്‍ പെരുമാറ്റവൈകല്യങ്ങളിലേക്കും മാനസികരോഗങ്ങളിലേക്കുമൊന്നും വഷളാകാതെ കാക്കാന്‍ സഹായകവുമാകാം.

  3. Active: തങ്ങളുടെ സവിശേഷതകള്‍ക്കനുസൃതമായ ചുറ്റുപാടുകളെ കുട്ടികള്‍ സ്വയം തേടിപ്പിടിച്ചെടുക്കുമ്പോഴാണ് Active rGE സംജാതമാകുന്നത്. ഉദാഹരണത്തിന്, മോശം കൂട്ടുകെട്ടുകള്‍ കുട്ടികളെ ചീത്തയാക്കുമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍, ഇവിടെ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്, സ്വതേ നല്ല അച്ചടക്കമുള്ള കുട്ടികള്‍ ചീത്ത സൌഹൃദങ്ങളുടെ പ്രഭാവത്തില്‍ ദുഷ്പെരുമാറ്റങ്ങള്‍ കാട്ടാന്‍ തുടങ്ങുകയാകണമെന്നില്ല. മറിച്ച്, എടുത്തുചാട്ടവും മുന്‍കോപവും അക്രമാസക്തതയുമൊക്കെ ജനിതകമായിക്കിട്ടിയവര്‍ അതിനു ചേര്‍ന്ന കൂട്ടുകെട്ടുകള്‍ തേടിപ്പിടിക്കുന്നതും അങ്ങിനെ അതിന്‍റെ സ്വാധീനത്തില്‍ അവരുടെ പെരുമാറ്റവൈകല്യങ്ങള്‍ പിന്നെയും വഷളാകുന്നതുമാകാം. അതുപോലെ, കായികയിനങ്ങളില്‍ അഭിരുചിയുള്ള കുട്ടികള്‍ അതിനു സഹായകമായ കൂട്ടുകെട്ടുകളും സാഹചര്യങ്ങളും കണ്ടെത്തി സ്വന്തമാക്കിയാലത് അവരുടെയാ കഴിവുകളെ കൂടുതല്‍ ശക്തിമത്താക്കാം.

    ചെറിയൊരു ജനിതക വ്യത്യാസം മൂലം രണ്ടു സഹോദരങ്ങളില്‍ ഒരാള്‍ക്ക്  ഏതെങ്കിലുമൊരു കഴിവിന്‍റെ കാര്യത്തില്‍ നേരിയ മുന്‍തൂക്കം ജന്മനാ കിട്ടിയിട്ടുണ്ടെന്നിരിക്കട്ടെ, ആ ജനിതകവ്യത്യാസം അവരിരുവരും തേടിപ്പിടിക്കുന്ന ജീവിതസാഹചര്യങ്ങളെ തികച്ചും വിഭിന്നങ്ങളാക്കുകയും, അവ അവരില്‍ വ്യത്യസ്ത സ്വാധീനങ്ങള്‍ ചെലുത്തുകയും, അങ്ങിനെ, മുതിരുന്നതിനനുസരിച്ച്, അവര്‍ തമ്മില്‍ പ്രസ്തുത കഴിവിലുള്ള അന്തരം ക്രമേണ ഭീമമായിത്തീരുകയും ചെയ്യാം.

    കുട്ടികളുടെ ന്യൂനതകളെ ഉള്‍ക്കൊണ്ടും, അവരുടെ കരുത്തുകളും താല്‍പര്യങ്ങളും തിരിച്ചറിഞ്ഞ് അവയ്ക്കനുസൃതമായ സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുത്തുമൊക്കെ അവരുടെ വളര്‍ച്ചയ്ക്ക് ഫലപ്രദമായി കൂട്ടുകൊടുക്കാന്‍ മാതാപിതാക്കള്‍ക്കാകും. ഏതെങ്കിലുമൊരു കാര്യത്തോടു കുട്ടിക്കു തെല്ലും താല്പര്യമില്ലെങ്കില്‍ അങ്ങിനെയൊരു താല്പര്യം ജനിപ്പിച്ചെടുക്കാന്‍ എത്ര കിണഞ്ഞു ശ്രമി,ച്ചാലും മാതാപിതാക്കള്‍ക്കു കഴിഞ്ഞെന്നും വരില്ല.

കുഞ്ഞുപ്രായത്തില്‍ passive rGE-യും കുറച്ചു കൂടി മുതിരുമ്പോള്‍ evocative rGE-യും കൌമാരത്തില്‍ active rGE- യും ആണു കൂടുതല്‍ പ്രസക്തമാകാറുള്ളത്.

യേശുവിന്‍റെ ജീവിതത്തെപ്പറ്റി ചുവര്‍ചിത്രം വരക്കാന്‍ ഒരു  ചിത്രകാരന്‍ നിയോഗിക്കപ്പെട്ടു. ഉണ്ണിയേശുവിനുള്ള മോഡലായി മാലാഖയുടെ മുഖമുള്ള, ഏറെ നിഷ്ക്കളങ്കനായ ഒരു ബാലനെ അയാള്‍ക്കു കണ്ടെത്താനായി. എന്നാല്‍ യൂദാസിനു യോജിച്ച, ക്രൂരഭാവവും മുഖത്തു സകല തിന്മകളുടെയും സൂചനകളുമുള്ള ഒരാളെക്കണ്ടെത്താന്‍ അയാള്‍ക്ക് ഏറെ അലയേണ്ടിവന്നു. വര്‍ഷങ്ങള്‍ പിന്നിട്ട ശേഷം ഒരു മദ്യശാലയില്‍വെച്ച് അയാള്‍ക്ക് അങ്ങിനെയൊരാളെ കണ്ടെത്താനായി. ആവേശത്തോടെ അയാള്‍ ചിത്രം പൂര്‍ത്തീകരിച്ചു കൊണ്ടിരുന്നപ്പോള്‍ ആ മോഡല്‍ വിതുമ്പലോടെ പറഞ്ഞു: “പണ്ട് ഉണ്ണിയേശുവിനു മോഡലായതും ഈ ഞാന്‍ തന്നെയായിരുന്നു!”
- ബോണി ചേമ്പര്‍ലെയ്ന്‍ എഴുതിയ ‘ദി ഫേസ് ഓഫ് യൂദാസ് ഇസ്കാരിയോട്ട്’ എന്ന ചെറുകഥ

വ്യക്തിത്വം തീരുമാനിക്കപ്പെടുന്നത്

ചെറുപ്രായത്തിലേ കുട്ടികള്‍ തമ്മില്‍ പല പെരുമാറ്റങ്ങളുടെ കാര്യത്തിലും നല്ല അന്തരം കാണപ്പെടാറുണ്ട്. ചിലര്‍ നിര്‍ത്താതെ കരയാമെങ്കില്‍ ചിലര്‍ ഏറെ ശാന്തസ്വഭാവക്കാരാകാം; ചിലര്‍ക്ക് ഇളക്കം ഇത്തിരി കൂടുതലാകാമെങ്കില്‍ ചിലര്‍ വല്ലാതെ അടങ്ങിയിരിക്കുന്നവരാകാം. ചെറുപ്രായത്തിലേ സാന്നിദ്ധ്യമറിയിക്കുന്ന, മുതിര്‍ന്നു കഴിഞ്ഞാലും മാറ്റമില്ലാതെ നിലകൊള്ളാറുള്ള, ഇത്തരം വ്യക്തിത്വ സവിശേഷതകള്‍ “temperament” എന്നാണറിയപ്പെടുന്നത്. മിക്ക പഠനങ്ങളും പറയുന്നത്, temperaments-ന്‍റെ Heritability coefficient 0.2-നും 0.6-നും ഇടയ്‌ക്കാണെന്നാണ്. ഇതിന്‍റെയര്‍ത്ഥം, ജീവിത സാഹചര്യങ്ങള്‍ക്കും നമ്മുടെ വ്യക്തിത്വത്തെ നിര്‍ണയിക്കുന്നതില്‍ നല്ലൊരു പങ്കുണ്ടെന്നു കൂടിയാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രസക്തം മുമ്പുസൂചിപ്പിച്ച nonshared environment ആണെന്നാണ് ഇരട്ടകളിലും ദത്തെടുക്കപ്പെട്ടവരിലും നടന്ന പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഒരേ വീട്ടില്‍ വളര്‍ന്നുവെന്നതുകൊണ്ട് സഹോദരങ്ങള്‍ തമ്മില്‍ വ്യക്തിത്വസാദൃശ്യം രൂപപ്പെടണമെന്നില്ല എന്നര്‍ത്ഥം.

കുട്ടികള്‍ മുതിരുമ്പോള്‍, നാനാതരം ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്നതിനനുസരിച്ച്, അവരുടെ വ്യക്തിത്വത്തില്‍ ജീവിത സാഹചര്യങ്ങളുടെ സ്വാധീനം കൂടുകയും ജീനുകളുടേത് കുറയുകയുമാണു ചെയ്യുകയെന്നു നമുക്കു തോന്നാം. എന്നാല്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്, പ്രായം ചെല്ലുന്നതിനനുസരിച്ച് ജീനുകളുടെ സ്വാധീനത്തില്‍ വര്‍ദ്ധനവാണുണ്ടാകുന്നതെന്നാണ്. വ്യക്തിത്വവുമായി ബന്ധപ്പെട്ട പല ജീനുകളും പ്രവര്‍ത്തനമാരംഭിക്കുന്നത് കുട്ടികള്‍ മുതിര്‍ന്നു തുടങ്ങുന്നതോടെയാണെന്നതും നേരത്തേ വിവരിച്ച active rGE-യുമാണ് ഇതിനു കാരണങ്ങള്‍.

ബെര്‍ണാഡ് ഷായെ സമീപിച്ച് ഒരു സിനിമാനടി: “നമുക്കു കല്ല്യാണം കഴിക്കാം, അപ്പോള്‍പ്പിന്നെ എന്‍റെ സൗന്ദര്യവും താങ്കളുടെ ബുദ്ധിയുമുള്ള മക്കള്‍ നമുക്കുണ്ടാകുമല്ലോ”
അദ്ദേഹത്തിന്‍റെ മറുപടി: “അയ്യോ, വേണ്ട; മറിച്ചാണു സംഭവിക്കുന്നതെങ്കിലോ?!”

ഐ.ക്യു.വിനെ നിര്‍ണയിക്കുന്നത്

ഐ.ക്യു.വിന്‍റെ Heritability coefficient 0.5 മുതല്‍ 0.7 വരെയാണ്. ബുദ്ധിമാന്ദ്യത്തിനു നിമിത്തമാകുന്ന മുന്നൂറോളം ജനിതകവൈകല്യങ്ങള്‍ തിരിച്ചറിയപ്പെട്ടിട്ടുണ്ടെങ്കിലും പക്ഷേ ഐ.ക്യു. നമുക്കു പ്രദാനം ചെയ്യുന്നതായിട്ടുള്ള നിശ്ചിത ജീനുകളൊന്നും ഇതുവരെ കണ്ടെത്തപ്പെട്ടിട്ടില്ല. ഐ.ക്യു. ഒന്നോ രണ്ടോ ജീനുകളുടെ മാത്രം നിയന്ത്രണത്തിലല്ല, മറിച്ച് നിരവധി ജീനുകളുടെ ചെറുചെറു സംഭാവനകളുടെ ആകത്തുകയാണ് എന്നതാകാമിതിനു കാരണം.

ജീവിതസാഹചര്യങ്ങളും പ്രസക്തം തന്നെയാണ്. മുലപ്പാല്‍ കുടിച്ചിട്ടുള്ള കുട്ടികള്‍ക്ക് ഐ.ക്യു.വില്‍ ആറു പോയിന്റു വരെ വര്‍ദ്ധനവു കിട്ടാം. അച്ഛനമ്മമാര്‍ കുട്ടിയോട് എത്രത്തോളം സംസാരിക്കുന്നുണ്ട്, വീട്ടില്‍ പുസ്തകങ്ങളും പത്രവും കമ്പ്യൂട്ടറുമൊക്കെയുണ്ടോ, മ്യൂസിയം സന്ദര്‍ശനങ്ങള്‍ പോലുള്ള, ബൌദ്ധികോത്തേജനം പകരുന്ന അനുഭവങ്ങള്‍ കുട്ടിക്കു ലഭിക്കുന്നുണ്ടോ എന്നതൊക്കെ ഐ.ക്യു. നിര്‍ണയിക്കുന്നതില്‍ പങ്കുവഹിക്കുന്നുണ്ട്.

കഴിഞ്ഞ എഴുപതോളം വര്‍ഷങ്ങളിലെ ഓരോ പുതുതലമുറക്കും തൊട്ടുമുന്‍തലമുറയെക്കാള്‍ ഐ.ക്യു. കൂടുതലാണെന്നു നിരീക്ഷണങ്ങളുണ്ട്. “ഫ്ലിന്‍ എഫക്റ്റ്’ എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. കൂടുതലാളുകള്‍ക്കു വിദ്യാഭ്യാസം കിട്ടിത്തുടങ്ങിയതും പോഷകാഹാര ലഭ്യത വര്‍ദ്ധിച്ചതുമെല്ലാം ഇതിനു കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.

നല്ല ഐ.ക്യു.വുണ്ടാകാനുള്ള അടിത്തറ ജനിതകമായിക്കിട്ടിയവര്‍ക്കും അനുയോജ്യ സാഹചര്യങ്ങള്‍ കൂടി ലഭിച്ചാലേ ആ ഐ.ക്യു. പൂര്‍ണമായി കൈവരിച്ചെടുക്കാനാവൂ. മുമ്പുപറഞ്ഞ rGE-ക്ക് ഐ.ക്യു.വിന്‍റെ കാര്യത്തിലും പ്രസക്തിയുണ്ട്. അതായത്, ഐ.ക്യു.വിനു സഹായകമായ ജീനുകളുള്ളവര്‍ അതിനെ പരിപോഷിപ്പിക്കാനുതകുന്ന സാഹചര്യങ്ങള്‍ തെരഞ്ഞെടുക്കുകയും, അങ്ങിനെ ജീനുകള്‍ വിധിച്ചിട്ടുള്ളത്ര ഐ.ക്യു. അവര്‍ക്കു കാലക്രമേണ സ്വന്തമാവുകയുമാണു സംഭവിക്കുന്നത്.

ജനിതക ഘടകങ്ങളും ജീവിത സാഹചര്യങ്ങളും ഒന്നു മറ്റൊന്നിനു പ്രോത്സാഹകമാവുകയാണു ചെയ്യുന്നത്. ഉദാഹരണത്തിന്, പഠനകാര്യങ്ങളില്‍ സഹായിക്കാന്‍ ബുദ്ധിശാലികളായ അച്ഛനമ്മമാര്‍ ഒപ്പമുണ്ടാകുന്നത് നല്ല മാര്‍ക്കു നേടാന്‍ കുട്ടികളെ പ്രാപ്തരാക്കുകയും, അങ്ങിനെ, ജനിതക ഘടകങ്ങളുടെ കൂടി സഹായത്തോടെ നല്ല മാര്‍ക്കു കിട്ടിയാല്‍ അത് നല്ല സ്കൂളിലോ കോഴ്സിനോ ഒക്കെ അവരെച്ചേര്‍ക്കാന്‍ അച്ഛനമ്മമാര്‍ക്കു പ്രേരണയാവുകയും തന്മൂലം കൂടുതല്‍ മികവുറ്റൊരു ബൗദ്ധികാന്തരീക്ഷം കുട്ടിക്കു ലഭ്യമാവുകയും ചെയ്യാം. അങ്ങിനെ വരുമ്പോള്‍, രണ്ടു കുട്ടികള്‍ തമ്മില്‍ ജനിതകമായിക്കിട്ടിയ ഐ.ക്യു.വിന്‍റെ കാര്യത്തില്‍ ചെറുപ്രായത്തില്‍ നേരിയ വ്യത്യാസമേയുള്ളൂവെങ്കിലും, കാലക്രമേണ, ജനിതക ഘടകങ്ങളുടെയും ജീവിത സാഹചര്യങ്ങളുടെയും മേല്‍പ്പറഞ്ഞ പരസ്പര പ്രവര്‍ത്തനം മൂലം, അവര്‍ തമ്മില്‍ ഐ.ക്യു.വിലുള്ള അന്തരം കൂടാം. പഠനങ്ങള്‍ പറയുന്നത്, ഐ.ക്യു.വില്‍ ജനിതക ഘടകങ്ങള്‍ക്കുള്ള സംഭാവന ചെറിയ കുട്ടികളില്‍ ഇരുപതു ശതമാനമാണെങ്കില്‍ അത് കൌമാരക്കാരില്‍ അമ്പതു ശതമാനവും മുതിര്‍ന്നവരില്‍ അറുപതു മുതല്‍ എണ്‍പതു വരെ ശതമാനവുമായി മാറുന്നുണ്ടെന്നാണ്‌. മുതിരുന്നതിനനുസരിച്ചു സ്വന്തം അഭിരുചികള്‍ക്കനുസൃതമായ കൂട്ടുകെട്ടുകളും കോഴ്സുകളും പാഠ്യേതര താല്‍പര്യങ്ങളുമൊക്കെ തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം ലഭിക്കുന്ന കുട്ടികള്‍ക്കേ ഈയൊരു വര്‍ദ്ധനവ്‌ അനുഭവിക്കാനായേക്കൂ.

(2017 ജൂണ്‍ ലക്കം ഔവര്‍ കിഡ്സ് മാസികയില്‍ പ്രസിദ്ധീകരിച്ചത്)
{xtypo_alert}ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.{/xtypo_alert}
Image courtesy: Ali Express

കുറ്റകൃത്യങ്ങള്‍ നെറ്റില്‍ ലൈവും വൈറലുമാകുന്നത്
ആരോഗ്യം ഗെയിമുകളിലൂടെ