സ്മാര്‍ട്ട് ഫോണും സമാന ഡിവൈസുകളും മിതമായി മാത്രം ഉപയോഗിക്കുന്ന ജീവിതശൈലിക്ക് “ഡിജിറ്റല്‍ ഡീറ്റോക്സ്” എന്നാണു പേര്. ഇതു മൂലം ഉറക്കം, ബന്ധങ്ങള്‍, കാര്യക്ഷമത, ഏകാഗ്രത, മാനസികവും ശാരീരികവുമായ ആരോഗ്യം എന്നിങ്ങനെ നിരവധി മേഖലകളില്‍ ഗുണഫലങ്ങള്‍ കിട്ടാറുണ്ട്. മറ്റു പല ശീലങ്ങളെയും പോലെ പടിപടിയായി ആര്‍ജിച്ചെടുക്കേണ്ടതും ശ്രദ്ധാപൂര്‍വ്വം നിലനിര്‍ത്തേണ്ടതുമായ ഒന്നാണ് ഇതും. ഡിജിറ്റല്‍ ഡീറ്റോക്സ് നടപ്പിലാക്കാന്‍ താല്‍പര്യമുള്ളവര്‍ക്കു സ്വീകരിക്കാവുന്ന കുറച്ചു നടപടികളിതാ:
മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്
അവരോട് അച്ഛനമ്മമാര്‍ പെരുമാറുന്നതും ഇടപഴകുന്നതും എത്തരത്തിലാണെന്നതിനു കുട്ടികളുടെ വളര്‍ച്ചയില്‍ സാരമായ സ്വാധീനമുണ്ട്. ഉദാഹരണത്തിന്, കുട്ടികളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കാനും സമുചിതം പ്രതികരിക്കാനും ഏറെ ശ്രദ്ധപുലര്‍ത്താറുള്ളവരുടെ മക്കള്‍ക്കു നല്ല സുരക്ഷിതത്വബോധമുണ്ടാകും; അതവര്‍ക്കു ഭാവിയില്‍ സ്വയംമതിപ്പോടെ വ്യക്തിബന്ധങ്ങളിലേര്‍പ്പെടാനുള്ള പ്രാപ്തി കൊടുക്കുകയും ചെയ്യും. മറുവശത്ത്, കുട്ടികളെ വേണ്ടത്ര പരിഗണിക്കാതെ തക്കംകിട്ടുമ്പോഴൊക്കെ മൊബൈലില്‍ക്കുത്താന്‍ തുനിയുകയെന്ന ചില മാതാപിതാക്കളുടെ ശീലം മക്കള്‍ക്കു പല ദുഷ്ഫലങ്ങളുമുണ്ടാക്കുന്നുമുണ്ട്. വിവിധ നാടുകളിലായി ഈ വിഷയത്തില്‍ നടന്നുകഴിഞ്ഞ പഠനങ്ങളുടെ ഒരവലോകനം ‘കമ്പ്യൂട്ടേഴ്സ് ഇന്‍ ഹ്യൂമന്‍ ബിഹേവിയര്‍’ എന്ന ജേര്‍ണല്‍ ജൂണില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. അതിന്‍റെ മുഖ്യകണ്ടെത്തലുകള്‍ പരിചയപ്പെടാം.
പ്രത്യേകിച്ചു പണച്ചെലവൊന്നുമില്ലാതെ, ഏറെയെളുപ്പം ഇന്‍റര്‍നെറ്റില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കാമെന്നത് ആരോഗ്യസംശയങ്ങളുമായി പലരും ആദ്യം സമീപിക്കുന്നതു സെര്‍ച്ച് എഞ്ചിനുകളെയാണെന്ന സാഹചര്യമുണ്ടാക്കിയിട്ടുണ്ട്. അത്തരം സെര്‍ച്ചുകള്‍ മിക്കവര്‍ക്കും ഉപകാരമായാണു ഭവിക്കാറെങ്കിലും ചിലര്‍ക്കെങ്കിലും അവ സമ്മാനിക്കാറ് ആശയക്കുഴപ്പവും ആശങ്കാചിത്തതയുമാണ്. ആരോഗ്യത്തെക്കുറിച്ചുള്ള അമിതജിജ്ഞാസയാലോ, തനിക്കുള്ള ലക്ഷണങ്ങളെപ്പറ്റി കൂടുതലറിയാനോ, രോഗനിര്‍ണയം സ്വന്തം നിലക്കു നടത്താനുദ്ദേശിച്ചോ ഒക്കെ നെറ്റില്‍ക്കയറുന്നവരില്‍ അവിടെനിന്നു കിട്ടുന്ന വിവരങ്ങള്‍ ഉത്ക്കണ്ഠയുളവാക്കുകയും, അതകറ്റാന്‍ അവര്‍ വേറെയും സെര്‍ച്ചുകള്‍ നടത്തുകയും, അവ മൂലം പിന്നെയും ആകുലതകളുണ്ടാവുകയും ചെയ്യുന്ന സ്ഥിതിവിശേഷം 'സൈബര്‍കോണ്ട്രിയ' (cyberchondria) എന്നാണറിയപ്പെടുന്നത്.
ആക്രമണങ്ങളോ ബലാത്സംഗങ്ങളോ കൊലപാതകങ്ങളോ മറ്റോ നടത്തുന്നവര്‍ സ്വയം അതിന്‍റെയൊക്കെ ദൃശ്യങ്ങള്‍ നെറ്റു വഴി പ്രചരിപ്പിക്കുന്ന ട്രെന്‍ഡ് വ്യാപകമാവുകയാണ്. ഫേസ്ബുക്ക് ലൈവിന്‍റെയും പെരിസ്കോപ്പിന്‍റെയുമൊക്കെ ആവിര്‍ഭാവത്തോടെ പലരും ഇതിന്‍റെയൊക്കെ തത്സമയ സംപ്രേഷണവും നടത്തുന്നുണ്ട്. ഇതെല്ലാം കാണാന്‍കിട്ടുന്നവരാകട്ടെ, പലപ്പോഴും ഇരകള്‍ക്കു സഹായമെത്തിക്കാനൊന്നും മുതിരാതെ ആ കാഴ്ചകള്‍ കണ്ടാസ്വദിക്കാന്‍ താല്‍പര്യപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്തുകൊണ്ടിങ്ങനെയൊക്കെ?
ആരോഗ്യകരമായ ആഹാരമെടുക്കുക, ചിട്ടയ്ക്കു വ്യായാമം ചെയ്യുക, രോഗങ്ങളെപ്പറ്റി അറിവു നേടുക, വന്ന രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ മുടങ്ങാതെ കഴിക്കുക എന്നതൊക്കെ ആയുസ്സിനുമാരോഗ്യത്തിനും ഉത്തമമാണെങ്കിലും ചെയ്യാന്‍ പക്ഷേ മിക്കവര്‍ക്കും താല്പര്യം തോന്നാത്ത ബോറിംഗ് ഏര്‍പ്പാടുകളാണ്. ഇത്തരം കാര്യങ്ങളെ ഒരു കളിയുടെ രസവും ആസ്വാദ്യതയും കലര്‍ത്തി ആകര്‍ഷകമാക്കാനുള്ള ശ്രമം ആപ്പുകളും ഹെല്‍ത്ത് ഡിവൈസുകളും തുടങ്ങിയിട്ടുണ്ട്. ‘ഗെയിമിഫിക്കേഷന്‍’ എന്നാണീ വിദ്യയ്ക്കു പേര്. ഒരു കഥ ചുരുളഴിയുന്ന രീതി സ്വീകരിക്കുക, പുതിയ നാഴികക്കല്ലുകളിലെത്തിയാലോ മറ്റുള്ളവരെ കടത്തിവെട്ടിയാലോ ഒക്കെ പോയിന്‍റുകളോ ബാഡ്ജുകളോ മറ്റോ സമ്മാനം കൊടുക്കുക തുടങ്ങിയ കളിരീതികള്‍ ഗെയിമിഫിക്കേഷനില്‍ ഉപയുക്തമാക്കുന്നുണ്ട്. ഹെല്‍ത്ത് ആപ്പുകള്‍ ഒരുലക്ഷത്തിഅറുപത്തയ്യായിരത്തിലധികം രംഗത്തുണ്ടെങ്കിലും അവയ്ക്കു പൊതുവെ പ്രചാരവും സ്വീകാര്യതയും കുറവാണ്, ഡൌണ്‍ലോഡ് ചെയ്യുന്ന മിക്കവരും അവ ഏറെനാള്‍ ഉപയോഗിക്കുന്നില്ല, ശാസ്ത്രീയപഠനങ്ങളില്‍ കാര്യക്ഷമത തെളിയിക്കാന്‍ മിക്ക ആപ്പുകള്‍ക്കും കഴിഞ്ഞിട്ടില്ല എന്നൊക്കെയിരിക്കെ ഇത്തരം പരിമിതികളെ മറികടക്കാന്‍ ഗെയിമിഫിക്കേഷന്‍ കൊണ്ടാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നുമുണ്ട്.
“ടെക്നോളജി കുട്ടികളെയുപദ്രവിക്കില്ല; അതു ചെയ്യുന്നത് മനുഷ്യന്മാരാണ്.” — ജോണ്‍സ് എന്ന ഗവേഷകന്‍
നമ്മുടെ കേരളത്തിലെ ചില സമീപകാലവാര്‍ത്തകള്‍:
"ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍. പ്ലസ് റ്റു പരീക്ഷക്കു ശേഷം കുട്ടി വീട്ടില്‍ തിരികെയെത്തിയിരുന്നില്ല.”
“ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെത്തേടി രാത്രിയില്‍ വീട്ടിലെത്തിയ മൂന്നു യുവാക്കള്‍ പിടിയില്‍.”
“പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഇരുപത്താറുകാരിയെ അറസ്റ്റ് ചെയ്തു. ചാറ്റിംഗിലൂടെ പരിചയപ്പെട്ട വിദ്യാര്‍ത്ഥിയെ വശീകരിച്ചാണ് യുവതി പീഡിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു.”
പ്രായപൂര്‍ത്തിയായിട്ടില്ലാത്തവരെ നെറ്റു വഴി പരിചയപ്പെടുകയും വശീകരിക്കുകയും ലൈംഗികചൂഷണത്തിനിരയാക്കുകയും ചെയ്യുന്ന ഇതുപോലുള്ള സംഭവങ്ങള്‍ നിത്യേനയെന്നോണം പുറത്തുവരുന്നുണ്ട്. നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2015-16 കാലയളവില്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട ഇത്തരം കേസുകളുടെയെണ്ണം 1,540 ആണ്.
“സാറിന്‍റെ എഫ്ബി പ്രൊഫൈലു ഞാനൊന്നു പരിശോധിച്ചു. സാറൊരു നിരീശ്വരവാദിയാണല്ലേ?! അതറിഞ്ഞതു മുതല്‍ക്കെന്‍റെ ഉത്ക്കണ്ഠയും ഉറക്കക്കുറവും പിന്നേം കൂടി. സാറിന്‍റെ കാര്യമോര്‍ത്തിട്ട് എനിക്കാകെ ആധിയെടുക്കുന്നു!”
- തികഞ്ഞ മതവിശ്വാസിയായ, വിഷാദബാധിതനായ ഒരാള്‍ തന്‍റെ ഡോക്ടറോടു പറഞ്ഞത്.
വസ്തുതകളേതും ഗൂഗിള്‍ മുഖേന ഞൊടിയിടയില്‍ കണ്ടെത്താവുന്ന, ഫോണ്‍ നമ്പറുകളും അപ്പോയിന്‍റ്മെന്റുകളുമൊക്കെ ഫോണില്‍ സേവ്ചെയ്ത് എപ്പോഴെവിടെവെച്ചും നോക്കാവുന്ന ഒരു കാലത്ത് വിവരങ്ങള്‍ നാം കഷ്ടപ്പെട്ടു പഠിച്ചെടുക്കുകയും ഓര്‍മയില്‍ നിര്‍ത്തുകയും വേണോ? സംശയങ്ങള്‍ പഴഞ്ചന്‍മട്ടില്‍ മറ്റുള്ളവരോടു ചര്‍ച്ച ചെയ്യണോ?
ശിക്ഷയിലോ ഉത്തരവാദിത്തങ്ങളിലോ നിന്നു രക്ഷപ്പെടാനോ മരുന്നുകളോ സാമ്പത്തികസഹായങ്ങളോ സംഘടിപ്പിച്ചെടുക്കാനോ ചിലര്‍ അസുഖങ്ങളഭിനയിക്കുകയോ രോഗലക്ഷണങ്ങളോ ചികിത്സാരേഖകളോ കൃത്രിമമായി സൃഷ്ടിച്ചെടുക്കുകയോ ചെയ്യാറുണ്ട്. ഈ പ്രവണതക്ക് “മാലിങ്കറിംഗ്” എന്നാണു പേര്. എന്നാല്‍ ഇനിയുമൊരു വിഭാഗം ഇങ്ങിനെയൊക്കെച്ചെയ്യാറ് ഇത്തരം നേട്ടങ്ങള്‍ പ്രതീക്ഷിച്ചല്ല, മറിച്ച് ശ്രദ്ധയോ സാന്ത്വനമോ പരിചരണമോ നേടിയെടുക്കുക, ഉള്ളിലെ ദേഷ്യം ബഹിര്‍ഗമിപ്പിക്കുക, വൈകാരികവൈഷമ്യങ്ങളെ മറികടക്കുക തുടങ്ങിയ മനശ്ശാസ്ത്രപരമായ ഉദ്ദേശങ്ങള്‍ സാധിച്ചെടുക്കാനാണ്. “മുന്‍ചൌസണ്‍ സിണ്ട്രോം” എന്നാണ് ഇപ്പറഞ്ഞ പ്രവണത വിളിക്കപ്പെടുന്നത്. (മുന്‍ചൌസണ്‍ എന്നത്, തന്റെ യുദ്ധസാഹസങ്ങളെപ്പറ്റി പൊടിപ്പും തൊങ്ങലും ചേര്‍ത്തു വീമ്പിളക്കാറുണ്ടായിരുന്നൊരു ജര്‍മന്‍ പ്രഭുവിന്റെ പേരാണ്.) കേടായ ഭക്ഷണം മന:പൂര്‍വം കഴിച്ചു വയറിളക്കമുളവാക്കി അതിനു ചികിത്സ തേടുക, ലാബ് റിപ്പോര്‍ട്ടും മറ്റും കൃത്രിമമായുണ്ടാക്കി കാന്‍സറാണെന്നു സ്ഥാപിക്കാന്‍ നോക്കുക, അവര്‍ക്കു ശരിക്കും ഉള്ളയേതെങ്കിലും രോഗങ്ങളെ പൊലിപ്പിച്ചുകാട്ടുക എന്നിങ്ങനെയൊക്കെ മുന്‍ചൌസണ്‍ സിണ്ട്രോം ബാധിതര്‍ ചെയ്യാം.
ആരോഗ്യസംരക്ഷണത്തിനുള്ള സ്മാര്‍ട്ട്ഫോണ്‍ ആപ്പുകളുടെയെണ്ണം ഒരുലക്ഷത്തിഅറുപത്തയ്യായിരം കവിഞ്ഞിരിക്കുന്നു. പ്രമേഹവും അപസ്മാരവും പോലുള്ള ഏറെക്കാലം നിലനില്‍ക്കുന്ന രോഗങ്ങളുടെ ചികിത്സയില്‍ ഇപ്പോഴുള്ള പല പരിമിതികള്‍ക്കും പരിഹാരമാവാന്‍ ആപ്പുകള്‍ക്കാകുമെന്നു പ്രത്യാശിക്കപ്പെടുന്നുമുണ്ട്. വിവിധ രോഗങ്ങളെപ്പറ്റി ചിത്രങ്ങളും വീഡിയോകളും സഹിതം അറിവു തരുന്ന ആപ്പുകളുണ്ട്. മരുന്നു കഴിക്കാനും ഫോളോ അപ്പിനു പോകാനുമൊക്കെ ഓര്‍മിപ്പിക്കുന്നവയുണ്ട്. രോഗലക്ഷണങ്ങള്‍ വരുമ്പോള്‍ അവയുടെ വിശദാംശങ്ങള്‍ നാം കുറിച്ചിട്ടാല്‍ അതിന്‍റെ കൃത്യസമയവും ദൈര്‍ഘ്യവുമെല്ലാം ആപ്പുകള്‍ സ്വയം രേഖപ്പെടുത്തുകയും എന്നിട്ടാ വിവരങ്ങളെല്ലാം ചികിത്സകര്‍ക്കയക്കുകയും ആ ലക്ഷണങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഗ്രാഫു രൂപത്തിലും മറ്റും നമുക്കു കാണിച്ചുതരികയും ചെയ്യുന്നുണ്ട്. നമ്മുടെയതേ രോഗമുള്ള മറ്റുള്ളവരുമായി അനുഭവങ്ങള്‍ പങ്കിടാന്‍ അവസരം തരുന്നവയുണ്ട്. ലഘുവായ പ്രശ്നങ്ങള്‍ക്ക് ആശുപത്രിയില്‍പ്പോവാതെ ശമനമുണ്ടാക്കാനും ചികിത്സാച്ചെലവു കുറയ്ക്കാനും തൊട്ടടുത്തെങ്ങും ചികിത്സാസൌകര്യങ്ങളില്ലാത്തവര്‍ക്കടക്കം അവിളംബം വിദഗ്ദ്ധസഹായം പ്രാപ്യമാക്കാനുമെല്ലാം ആപ്പുകള്‍ക്കാവുന്നുണ്ട്. നമുക്കുള്ള ലക്ഷണങ്ങള്‍ രേഖപ്പെടുത്തിയാല്‍ എന്താവാം അസുഖം, ഡോക്ടറെക്കാണേണ്ടതുണ്ടോ എന്നൊക്കെപ്പറഞ്ഞുതരുന്നവയും രംഗത്തുണ്ട്.
എന്നുവെച്ച് ആപ്പുകളെയെല്ലാം കണ്ണുമടച്ചങ്ങു വിശ്വസിക്കാനാവില്ല.