മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്

ഡോ. ഷാഹുല്‍ അമീന്‍ എന്ന സൈക്ക്യാട്രിസ്റ്റ് വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍

ഫേസ്ബുക്ക് നമ്മോടും നാം തിരിച്ചതിനോടും ചെയ്യുന്നത്

ഫേസ്ബുക്ക് നമ്മോടും നാം തിരിച്ചതിനോടും ചെയ്യുന്നത്

കേവലം പത്തുവര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിതമായ ഫേസ്ബുക്കിന് ഈ കാലയളവിനുള്ളില്‍ കൈവരിക്കാനായ വളര്‍ച്ച സമാനതകളില്ലാത്തതാണ്. നൂറ്റിയിരുപത്തെട്ടു കോടി അംഗങ്ങളും പതിനയ്യായിരം കോടി സൌഹൃദങ്ങളും അടങ്ങുന്ന ഈ സൈറ്റിനാണ് ലോകം ഇന്ന് ഇന്‍റര്‍നെറ്റില്‍ ചെലവിടുന്ന മൊത്തം സമയത്തിന്‍റെ പതിനാറു ശതമാനത്തോളം ലഭിക്കുന്നത്. ഫേസ്ബുക്ക് വിവിധ സമൂഹങ്ങളിലും നമ്മുടെ മനസ്സുകളിലും ഉളവാക്കുന്ന നല്ലതും ചീത്തയുമായ അനുരണനങ്ങളെപ്പറ്റി മനശ്ശാസ്ത്രജ്ഞരും സാമൂഹ്യശാസ്ത്രജ്ഞരുമൊക്കെ നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ബന്ധങ്ങളെയും സമൂഹത്തിനു മുന്നില്‍ നാം നമ്മെയവതരിപ്പിക്കുന്ന രീതികളെയുമൊക്കെക്കുറിച്ച് പ്രസ്തുത പഠനങ്ങള്‍ തരുന്ന ഉള്‍ക്കാഴ്ചകളെ ഒന്നു പരിചയപ്പെടാം.

എന്താണ് എഫ്ബിയുടെ പ്രസക്തി?

എബ്രഹാം മാസ്‌ലോവ് എന്ന മനശ്ശാസ്ത്രജ്ഞന്‍റെ വീക്ഷണത്തില്‍ ഭക്ഷണവും പാര്‍പ്പിടവും പോലുള്ള അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റപ്പെട്ടു കഴിഞ്ഞാല്‍ അടുത്തതായി നാം തേടുന്നത് സ്നേഹം, സ്വയംമതിപ്പ്, സാഫല്യബോധം തുടങ്ങിയവയുടെ പൂര്‍ത്തീകരണമാണ്. നമ്മുടെ ഇത്തരമാവശ്യങ്ങളെ തൃപ്തിപ്പെടുത്താന്‍ ഒരു പരിധി വരെ എഫ്ബിക്കാകുന്നുണ്ട്.

സാമൂഹ്യജീവികളായ പല മൃഗങ്ങളും അന്യോന്യം ചെള്ളുപെറുക്കിക്കൊടുക്കുക, ശരീരം വൃത്തിയാക്കുക തുടങ്ങിയ ചില പരസ്പരസഹായങ്ങള്‍ ചെയ്യാറുണ്ട്. Social grooming എന്നു വിളിക്കപ്പെടുന്ന, പുറമേ അപ്രധാനം എന്നു തോന്നിയേക്കാവുന്ന ഇത്തരം പ്രവൃത്തികള്‍ പക്ഷേ ബന്ധങ്ങളുടെ നിലനില്‍പ്പിനും സമൂഹങ്ങളുടെ കെട്ടുറപ്പിനും ഏറെ സഹായകമാണ് എന്ന് സാമൂഹ്യശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നുണ്ട്. മനുഷ്യരില്‍ ഈയൊരു ധര്‍മം നിര്‍വഹിക്കുന്നത് കൊച്ചുവര്‍ത്തമാനങ്ങളും പരദൂഷണങ്ങളും ഒക്കെയാണ്. ഫേസ്ബുക്കില്‍ നാം നടത്തുന്ന ഇടപെടലുകള്‍ മിക്കതും ഈ ഗണത്തില്‍പ്പെടുത്താവുന്നവയുമാണ്.

മുഖപുസ്തകം മനസ്സിന്‍റെ കണ്ണാടി

ഇഷ്ടാനുസരണം പോസ്റ്റുകളും കമന്‍റുകളുമൊക്കെയിടാനുള്ള സ്വാതന്ത്ര്യം ഫേസ്ബുക്ക് അംഗങ്ങള്‍ ഇല്ലാത്ത ഗുണങ്ങള്‍ നടിക്കുന്നതിനും പൊയ്മുഖങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും കളമൊരുക്കുന്നുണ്ടോ? ഇല്ല എന്നും, യഥാര്‍ത്ഥ വ്യക്തിത്വത്തെത്തന്നെയാണ് നാമൊക്കെ ഫേസ്ബുക്കിലും പ്രകടമാക്കുന്നത് എന്നും ആണ് വിവിധ പഠനങ്ങളുടെ നിഗമനം.

ഇതിന് പല വിശദീകരണങ്ങളുമുണ്ട്. മാട്രിമോണിയല്‍ സൈറ്റുകളിലെയും മറ്റും പോലെ അംഗങ്ങള്‍ സ്വയം ചേര്‍ക്കുന്ന വിവരങ്ങള്‍ മാത്രമല്ല എഫ്ബിപ്രൊഫൈലുകളില്‍ ഉള്ളത്. ഫ്രണ്ട്സ് ആരൊക്കെയാണ്, ടാഗ് ചെയ്യപ്പെടുന്നത് എത്തരം ഫോട്ടോകളിലാണ്, പോസ്റ്റുകള്‍ക്കു കിട്ടുന്ന കമന്‍റുകളുടെ സ്വഭാവമെന്താണ് എന്നൊക്കെയുള്ള അംഗങ്ങള്‍ക്കു നിയന്ത്രിക്കാനാവാത്ത പല വിവരങ്ങളും അവരുടെ എഫ്.ബി.പ്രൊഫൈലുകളിലുണ്ട്. ഇതും, ആരെങ്കിലും സ്വയം ഉയര്‍ത്തിക്കാണിക്കാന്‍ ശ്രമിച്ചാല്‍ അവരെ നേരിട്ടറിയാവുന്നവര്‍ ഉടനടി പ്രതികരിക്കാനുള്ള സാദ്ധ്യതയും ഒക്കെ എഫ്.ബി.യില്‍ പൊങ്ങച്ചംപറച്ചിലുകളെ തടയുന്നുണ്ട്.

ലൈക്കുകള്‍ നമ്മെപ്പറ്റിപ്പറയുന്നത്

നിങ്ങളുടെ ലൈക്കുകളില്‍ തെളിയുന്നത് ഏതുതരം വ്യക്തിത്വമാണ് എന്നറിയാന്‍ താല്പര്യമുണ്ടോ? കാംബ്രിഡ്ജ് സര്‍വകലാശാലയുടെ http://youarewhatyoulike.com എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചുനോക്കൂ.

പ്രൊഫൈലുകളെ വശ്യമാക്കുന്നത്

നിത്യജീവിതത്തിലെന്നപോലെ എഫ്ബിയിലും ഞൊടിനേരത്തിലും ഇത്തിരിമാത്രം സൂചനകള്‍ വെച്ചും മറ്റുള്ളവരെപ്പറ്റി കൃത്യമായ അഭിപ്രായങ്ങള്‍ രൂപീകരിക്കാന്‍ നമുക്കാകുന്നുണ്ട്. ഏതൊക്കെ ഘടകങ്ങളാണ് എഫ്ബിയില്‍ പരിഗണിക്കപ്പെടുന്നത് എന്ന് ചില ഗവേഷണങ്ങള്‍ പരിശോധിച്ചിട്ടുണ്ട്.

ആകര്‍ഷകമായ പ്രൊഫൈല്‍പിക്ചര്‍ ഉള്ളവര്‍ക്ക് ഫ്രണ്ട്റിക്വസ്റ്റുകള്‍ കിട്ടാനുള്ള സാദ്ധ്യത സ്വാഭാവികമായും കൂടുതലാണ്. ഒരേ പുരുഷന്‍ തന്നെ ഗിറ്റാറുമായി നില്‍ക്കുന്ന പിക്ചറുള്ള ഒരു പ്രൊഫൈലില്‍ നിന്നും വെറുംകയ്യോടെ നില്‍ക്കുന്ന പിക്ചറുള്ള മറ്റൊരു പ്രൊഫൈലില്‍ നിന്നും ഫ്രണ്ട്റിക്വസ്റ്റുകളയച്ചാല്‍ ഗിറ്റാറുള്ള പ്രൊഫൈലിന്‍റെ റിക്വസ്റ്റുകളാണ് സ്ത്രീകള്‍ സ്വീകരിക്കാന്‍ കൂടുതല്‍ സാദ്ധ്യത എന്ന് ഒരു പഠനം വ്യക്തമാക്കുകയുണ്ടായി. സൌന്ദര്യമില്ലാത്തവര്‍ സ്വന്തം ഫോട്ടോ പ്രദര്‍ശിപ്പിക്കുന്നതിലും നല്ലത് ഒരു ഫോട്ടോയും വെക്കാതിരിക്കുന്നതാണ് എന്നും, സുന്ദരീസുന്ദരന്മാര്‍ അണ്‍ഫ്രണ്ട് ചെയ്യപ്പെടാനുള്ള സാദ്ധ്യത താരതമ്യേന കുറവാണ് എന്നും വേറെ ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. നമ്മുടെ ഫ്രണ്ട്സ് സൌന്ദര്യമുള്ളവരാണെങ്കില്‍ അതും നമ്മുടെ പ്രൊഫൈലിന്‍റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നുണ്ട്. (യഥാര്‍ത്ഥ ജീവിതത്തില്‍ സ്ഥിതി വിപരീതമാണ് എന്നോര്‍ക്കുക!) നമ്മുടെ ടൈംലൈനില്‍ വല്ലതും എഴുതിയിട്ടുള്ളവരുടെ സൗന്ദര്യവും, അവര്‍ എന്താണ് കുറിച്ചിട്ടുപോയത് എന്നതുമൊക്കെ നമ്മുടെ എഫ്ബിവശ്യതയെ നിര്‍ണയിക്കുന്നുണ്ട്.

കുറച്ചുമാത്രം ഫ്രണ്ട്സുള്ളവര്‍ക്ക് നല്ല അഭിപ്രായം കിട്ടാന്‍ പാടാണെങ്കില്‍ മറുവശത്ത് ഒരു മുന്നൂറില്‍ക്കൂടുതല്‍ ഫ്രണ്ട്സുണ്ടാകുന്നതും മതിപ്പു കുറയാനാണ് ഇടയാക്കുന്നത്. ഏറെ ഫ്രണ്ട്സുള്ളവര്‍ എഫ്ബിയില്‍ സമയം പാഴാക്കുന്നവരാണ്, അപരിചിതര്‍ക്കും റിക്വസ്റ്റയക്കുന്നവരാണ് എന്നൊക്കെയുള്ള ധാരണകള്‍ ഉടലെടുക്കുന്നതാവാം ഇതിനു കാരണം.

സ്വയംമതിപ്പ് ലൈക്കുകള്‍ നേടുമ്പോള്‍

ഒരു വ്യക്തിയോടു മാത്രമായി സംവദിക്കുമ്പോള്‍ നമ്മെക്കുറിച്ച് അയാള്‍ എന്തു വിചാരിക്കും എന്നതിന് നാം അത്ര വലിയ ഊന്നല്‍ കൊടുക്കാറില്ല. എന്നാല്‍ എഫ്ബിയിലേതു പോലെ പലരോടുമായി ആശയവിനിമയം നടത്തുമ്പോള്‍ നമ്മെക്കുറിച്ച് ഒരു മോശാഭിപ്രായം ഉരുത്തിരിയാതിരിക്കാന്‍ നാം കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ബോധപൂര്‍വം തെരഞ്ഞെടുക്കുന്ന ഒരു നല്ല ഇമേജാണ് നാം ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ അവതരിപ്പിക്കാറുള്ളത്. ഇത് നമ്മുടെ നല്ല ഗുണങ്ങളെക്കുറിച്ച് നമുക്കു തന്നെ ബോദ്ധ്യം ജനിക്കാനും അതുവഴി നമ്മുടെ സ്വയംമതിപ്പ് മെച്ചപ്പെടാനും ഇടയാക്കുന്നുണ്ട്. കമന്‍റുകളും ഷെയറുകളുമൊക്കെ നേടാന്‍ അവസരങ്ങളൊരുക്കിയും എഫ്ബി നമ്മുടെ സ്വയംമതിപ്പിനെ പരിപോഷിപ്പിക്കുന്നുണ്ട്.

വേറൊരാളുടെ കാഴ്ചപ്പാടിലൂടെ നമ്മെത്തന്നെ വീക്ഷിക്കുമ്പോള്‍ നാം മറ്റുള്ളവരുമായുള്ള താരതമ്യങ്ങളില്‍ മുഴുകാനും അങ്ങിനെ സ്വയം വിലയിടിച്ചു കാണാനും സാദ്ധ്യത കൂടുതലാണ്. കണ്ണാടി നോക്കിയുള്ള ആത്മവിശകലനങ്ങള്‍ പലപ്പോഴും നിരാശയിലവസാനിക്കുന്നത് ഇതുകൊണ്ടാണ്. മറിച്ച്, നമ്മുടെ പ്രൊഫൈലുകളില്‍ മുമ്പുപറഞ്ഞ പോലെ നാം അറിഞ്ഞുകൊണ്ടു തെരഞ്ഞെടുത്ത പോസ്റ്റുകളാണ് ഉള്ളത് എന്നതുകൊണ്ട് സ്വന്തം പ്രൊഫൈലിലൂടെ കടന്നുപോകുമ്പോള്‍ നമ്മുടെ സ്വയംമതിപ്പ് വര്‍ദ്ധിക്കുകയാണു ചെയ്യുന്നത്.

കാശിട്ടു മാത്രം കാശുവാരാവുന്നിടം

സഭാകമ്പമോ അമിതനാണമോ ആത്മവിശ്വാസക്കുറവോ മൂലം പുറംലോകത്ത് ബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കാനും നിലനിര്‍ത്തുവാനും ക്ലേശം നേരിടുന്നവര്‍ക്ക് ഒരു നല്ല ഉപാധിയാണ് ഫേസ്ബുക്ക് എന്ന ധാരണ ഒരിക്കല്‍ നിലനിന്നിരുന്നു. എന്നാല്‍ ഇത്തരക്കാര്‍ താരതമ്യേന കൂടുതല്‍ സമയം എഫ്ബിയില്‍ ചെലവഴിക്കുന്നുണ്ടെങ്കിലും അവിടെയും അവര്‍ക്ക് മറ്റുള്ളവരുടെയത്ര ബന്ധങ്ങള്‍ സ്വരുക്കൂട്ടാനാകുന്നില്ല എന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ആശയവിനിമയകാര്യത്തില്‍ അവര്‍ക്കുള്ള ന്യൂനതകള്‍ ഓണ്‍ലൈനിലും പ്രകടമാകുന്നതും അവരുടെ പോസ്റ്റുകള്‍ പലപ്പോഴും നിഷേധാത്മകമായിപ്പോകുന്നതും അവ മോശം പ്രതികരണങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതുമൊക്കെ ഇക്കൂട്ടര്‍ക്ക് എഫ്ബിയില്‍ വിനയാകുന്നുണ്ട്. മറുവശത്ത്, പൊതുവേ സ്വയംമതിപ്പുള്ളവര്‍ കൂടുതല്‍ പോസിറ്റീവായ അപ്ഡേറ്റുകള്‍ ഇടുകയും അവക്കു നല്ല പ്രതികരണങ്ങള്‍ കിട്ടുകയും അങ്ങിനെ അവരുടെ സ്വയംമതിപ്പ് പിന്നെയും കൂടുകയും ആണ് എഫ്ബിയില്‍ സംഭവിക്കുന്നത്.

നീലയുടെ സൂത്രം

ഫേസ്ബുക്ക്, ട്വിറ്റര്‍, ലിങ്ക്ഡ് ഇന്‍ തുടങ്ങിയ സൈറ്റുകളുടെ ലോഗോ നീലനിറത്തിലായതിന് പല വിശദീകരണങ്ങളും ഉണ്ട്.

നിറങ്ങളെത്തിരിച്ചറിയാന്‍ നമ്മെ സഹായിക്കുന്ന നേത്രകോശങ്ങളുടെ രണ്ടു ശതമാനം മാത്രമാണ് നീലക്കായി മാറ്റിവെക്കപ്പെട്ടിട്ടുള്ളത്. ഉള്ള കോശങ്ങളാവട്ടെ, നമുക്ക് സുവ്യക്തമായ കാഴ്ച നല്‍കുന്ന ഫോവിയ എന്ന ഭാഗത്തിനു പുറത്താണ് സ്ഥിതിചെയ്യുന്നതും. ഈ രണ്ടു ഘടകങ്ങള്‍ കണ്ണില്‍ കുത്താതെ പശ്ചാത്തലത്തില്‍ ഒതുങ്ങിനില്‍ക്കാന്‍ ഏറ്റവും കഴിവുള്ള നിറമായി നീലയെ മാറ്റുന്നുണ്ട്. പരിണാമപരമായി നോക്കിയാല്‍ നീലാകാശത്തെ അവഗണിക്കാനുള്ള കഴിവ് വേട്ടയാടിജീവിച്ച നമ്മുടെ പൂര്‍വികര്‍ക്ക് ഏറെ ഗുണകരമായിട്ടുമുണ്ടാവണം. സൈറ്റിന്‍റെ ഉള്ളടക്കത്തില്‍ നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കാത്ത നീലനിറം സോഷ്യല്‍സൈറ്റുകള്‍ക്ക് പ്രിയങ്കരമായതും ഇതേ കാരണത്താലാവാം.

ഇതിനുപുറമെ നീലയാണ് ലോകത്ത് ഏറ്റവുമാളുകളുടെ ഇഷ്ടനിറം എന്നതും, അത് പ്രശാന്തത, സമാധാനം തുടങ്ങിയവയെ സൂചിപ്പിക്കുന്നുണ്ട് എന്നതുമൊക്കെ ഈ സൈറ്റുകള്‍ കണക്കിലെടുക്കുന്നുണ്ടാവണം.

ബന്ധങ്ങള്‍@ഫേസ്ബുക്ക്.കോം

ഏതുതരം ഗുണങ്ങള്‍ തരുന്നു എന്നതിന്‍റെ അടിസ്ഥാനത്തില്‍ ബന്ധങ്ങള്‍ രണ്ടായി തരംതിരിക്കപ്പെട്ടിട്ടുണ്ട്. വിവരങ്ങള്‍ മാത്രം തരുന്ന അത്ര ആഴമില്ലാത്ത ബന്ധങ്ങള്‍ Bridging capital എന്നും, വൈകാരികപിന്തുണ ലഭ്യമാക്കാറുള്ള തീവ്രമായ ബന്ധങ്ങള്‍ Bonding capital എന്നും അറിയപ്പെടുന്നു. ഇതില്‍ ഫേസ്ബുക്ക് നമുക്കു തരുന്നത് പ്രധാനമായും Bridging capital ആണ്. അപരിചിതരുമായിപ്പോലും ഇടപഴകാനും വലിയ സമയനഷ്ടമില്ലാതെ പ്രസ്തുത ബന്ധങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുപോകാനും അവസരങ്ങളൊരുക്കിയാണ് എഫ്ബി ഇതു സാധിക്കുന്നത്. ഇഷ്ടവിഷയങ്ങളെയും തൊഴിലവസരങ്ങളെയുമൊക്കെക്കുറിച്ചുള്ള അറിവുകള്‍ നമുക്കു തരാന്‍ ഇത്തരം ബന്ധങ്ങള്‍ക്കാകുന്നുമുണ്ട്. പുറംലോകത്ത് നല്ല മുന്‍പരിചയമുള്ളവരുടെ ഇടയില്‍ മാത്രമാണ് Bonding capital വളര്‍ത്താന്‍ എഫ്ബിക്കാകുന്നത്.

ഡന്‍ബാര്‍ എന്ന നരവംശശാസ്ത്രജ്ഞന്‍റെ വീക്ഷണത്തില്‍ നമുക്ക് ശരിയാംവണ്ണം മനസ്സില്‍ സൂക്ഷിക്കാനാകുന്നത് നൂറ്റമ്പതിനും ഇരുന്നൂറ്റിമുപ്പതിനും ഇടക്ക് സുഹൃത്തുക്കളുടെ വിശദാംശങ്ങള്‍ മാത്രമാണ്. ഇതിലും കൂടുതലെണ്ണം ബന്ധങ്ങള്‍ക്കു പിറകേ ഊര്‍ജം ചെലവഴിക്കേണ്ടി വന്നാല്‍ അത് മറ്റു കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താനുള്ള തലച്ചോറിന്‍റെ കഴിവിനെ പ്രതികൂലമായി ബാധിക്കും. ആയിരക്കണക്കിന് എഫ്ബിഫ്രണ്ട്സുള്ളവര്‍ പോലും ഇപ്പറഞ്ഞ നൂറ്റമ്പതോളം പേരുമായൊക്കെ മാത്രമേ എഴുത്തുകുത്തുകള്‍ നടത്തുന്നുള്ളൂ എന്നും, അതില്‍ത്തന്നെ ഇരുപതില്‍ത്താഴെയാളുകളുമായേ പതിവായി ഇടപഴകുന്നുള്ളൂ എന്നും പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതൊക്കെ അടിവരയിടുന്നത് എഫ്ബിയില്‍ ഫ്രണ്ട്സിനെ കുന്നുകൂട്ടാന്‍ ചിലര്‍ കാണിക്കുന്ന അമിതാവേശത്തിന്‍റെ നിരര്‍ത്ഥകതക്കാണ്.

വിശേഷങ്ങള്‍ പങ്കുവെക്കാന്‍ മെസേജ്, ചാറ്റ്, കമന്‍റ്, ടൈംലൈന്‍ പോസ്റ്റ് എന്നിങ്ങനെ പല ഉപാധികളും ലഭ്യമാണെങ്കിലും അവയൊന്നും ഉപയോഗപ്പെടുത്താതെ ന്യൂസ്ഫീഡ് എന്ന പ്ലേറ്റില്‍ എഫ്ബി വിളമ്പിത്തരുന്ന വിവരങ്ങള്‍ അനായാസം വായിച്ചെടുക്കുക മാത്രമാണ് ഭൂരിഭാഗം പേരും ചെയ്യുന്നത്. നിലവിലുള്ള ബന്ധങ്ങളെ നിലനിര്‍ത്താനാണ്, അല്ലാതെ പുതിയ ബന്ധങ്ങള്‍ സൃഷ്ടിച്ചെടുക്കാനല്ല ഭൂരിപക്ഷവും എഫ്ബിയെ ആശ്രയിക്കുന്നത്.

ബര്‍ഗറാണഖില…

2009-ല്‍ ഒരു ബര്‍ഗര്‍ കമ്പനിയുടെ “പത്തു പേരെ അണ്‍ഫ്രണ്ട് ചെയ്‌താല്‍ ഒരു ബര്‍ഗര്‍ സൌജന്യമായിത്തരാം” എന്ന ഓഫറിനു മുന്നില്‍ പത്തു ദിവസങ്ങള്‍ക്കുള്ളില്‍ മുറിച്ചുമാറ്റപ്പെട്ടത് രണ്ടര ലക്ഷത്തോളം എഫ്ബി സൌഹൃദങ്ങളായിരുന്നു.

നാവുകള്‍ ക്വാറന്‍റയ്ന്‍ ഭജ്ഞിക്കുമ്പോള്‍

സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്നുള്ള നൂറു കണക്കിനാളുകളുടെ മുന്നില്‍ച്ചെന്നുനിന്ന് ഇന്നു രാവിലെ ഇന്നതാണു കഴിച്ചത് എന്ന് നിങ്ങള്‍ വിളിച്ചുപറയുമോ? എഫ്ബിയില്‍ പലരും നിത്യേന ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാര്യമാണിത്. മറ്റൊരാളോട് മുഖാമുഖം പറയാന്‍ മടിക്കുന്ന, തികച്ചും വ്യക്തിപരമോ രഹസ്യാത്മകമോ ആയ പല വിവരങ്ങളും ഒട്ടേറെ പേര്‍ ഇന്ന്‍ എഫ്ബിയില്‍ പരസ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ട്. പറയുന്നത് നേരിട്ടല്ല, മറിച്ച് ഫേസ്ബുക്ക് എന്ന ഇടനിലക്കാരനോടാണ് എന്നതും, എന്തും വിളിച്ചുപറയുകയെന്ന നാട്ടുനടപ്പ് എഫ്ബിയില്‍ നിലനില്‍ക്കുന്നതും, ശ്രോതാക്കളുടെ യഥാര്‍ത്ഥ വ്യാപ്തിയെക്കുറിച്ചുള്ള ബോധമില്ലായ്കയുമെല്ലാം ഈയൊരു നിയന്ത്രണംവിടലിന് വളമാകുന്നുണ്ട്. ചെറുപ്പക്കാര്‍, അവിവാഹിതര്‍, ആത്മവിശ്വാസക്കുറവുള്ളവര്‍, പ്രസിദ്ധിയാഗ്രഹിക്കുന്നവര്‍ തുടങ്ങിയവരാണ് മറ്റുള്ളവരുടെ സ്വീകാര്യത എളുപ്പത്തില്‍ കൈക്കലാക്കുക എന്ന ഉദ്ദേശത്തോടെ ഇത്തരം വെളിപ്പെടുത്തലുകള്‍ കൂടുതലും നടത്തുന്നത്.

“നിങ്ങള്‍ താമസിക്കുന്നതും ജോലി ചെയ്യുന്നതുമൊക്കെ എവിടെയാണ് എന്നത് അപരിചിതര്‍ അറിഞ്ഞാല്‍ വല്ല കുഴപ്പവുമുണ്ടോ” എന്ന ചോദ്യത്തിന് “പിന്നില്ലാതെ?!” എന്നുത്തരം പറയുന്നവരുടെയും നല്ലൊരു ശതമാനം പക്ഷേ എഫ്ബിയില്‍ ഇത്തരം വിവരങ്ങള്‍ പുറത്തുവിടുന്നുണ്ട്. പ്രൈവസി സെറ്റിങ്ങുകളെക്കുറിച്ചുള്ള അജ്ഞതയും ഇതിന്‍റെയൊക്കെ പ്രത്യാഘാതങ്ങള്‍ തന്നെയല്ല, മറിച്ച് മറ്റുള്ളവരെയാണ് ബാധിക്കുക എന്ന ധാരണയുമൊക്കെയാണ് ഇതിനു നിമിത്തമാകുന്നത്.

വ്യക്തിവിവരങ്ങളോ പോസ്റ്റുകളോ പ്രസിദ്ധപ്പെടുത്തും മുമ്പ് ഒരിക്കല്‍ എഫ്ബിയില്‍ ചേര്‍ത്ത വിവരങ്ങള്‍ പിന്നീടൊരിക്കലും എന്നത്തേക്കുമായി മായ്ച്ചുകളയാനാകില്ല എന്നും, തൊഴില്‍ദാതാക്കളും നിയമപാലകരും സാമൂഹ്യവിരുദ്ധരുമടക്കം ഒട്ടേറെപ്പേര്‍ നിങ്ങളെഴുതുന്നത് വായിച്ചേക്കാം എന്നും ഓര്‍ക്കുന്നതു നല്ലതാണ്. അത്ര പരസ്യമാക്കേണ്ട എന്നു കരുതുന്ന വിവരങ്ങള്‍ അടുത്ത സുഹൃത്തുക്കളോടു മാത്രമായി പങ്കുവെക്കാന്‍ മെസേജ്, ചാറ്റ് തുടങ്ങിയവ ഉപയോഗപ്പെടുത്താവുന്നതുമാണ്.

അക്കരപ്പച്ചയെ ബ്ലോക്ക് ചെയ്യാം

മറ്റുള്ളവരുമായി സ്വയം താരതമ്യപ്പെടുത്തിക്കൊണ്ടിരിക്കാനുള്ള ത്വര മനുഷ്യസഹജമാണ്. എഫ്ബിയുടെ ഘടനയാവട്ടെ, മിനിറ്റുകള്‍ക്കുള്ളില്‍ ഒട്ടനവധി താരതമ്യങ്ങള്‍ക്ക് അവസരമൊരുക്കുന്ന തരത്തിലുള്ളതുമാണ്. ജോലിക്കയറ്റത്തെയോ വിദേശയാത്രയെയോ ഒക്കെക്കുറിച്ചുള്ള കൂട്ടുകാരുടെ പോസ്റ്റുകള്‍ തങ്ങളില്‍ അസൂയയും നിരാശയും ഉളവാക്കുന്നുണ്ട് എന്ന് ഒരു പഠനത്തില്‍ പങ്കെടുത്ത ഫേസ്ബുക്ക് അംഗങ്ങളില്‍ മൂന്നിലൊന്നു പേര്‍ വെളിപ്പെടുത്തുകയുണ്ടായി. കുട്ടികള്‍, സ്ത്രീകള്‍, വിദ്യാഭ്യാസപരമായോ സാമ്പത്തികമായോ പിന്നാക്കം നില്‍ക്കുന്നവര്‍, ഫേസ്ബുക്കില്‍ ഏറെ സമയം ചെലവിടുന്നവര്‍, നേരിട്ടു പരിചയമില്ലാത്ത അനേകം പേരെ ഫ്രണ്ട്സായെടുത്തിട്ടുള്ളവര്‍ തുടങ്ങിയവരിലാണ് ഈ പ്രശ്നം കൂടുതലായി കാണപ്പെടുന്നത്. എഫ്ബിയില്‍ നിന്ന് ലോഗൌട്ട് ചെയ്തുകഴിഞ്ഞും ഇത്തരം പോസ്റ്റുകളെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് ഇത് വിഷാദത്തിനു പോലും ഇടയാക്കുകയും ചെയ്യാം.

എഫ്ബിനോട്ടത്തിന് ഇങ്ങിനെയൊരു പാര്‍ശ്വഫലമുണ്ട് എന്ന തിരിച്ചറിവ് സൂക്ഷിക്കുന്നതും, ഏവരും പൊതുവെ സന്തോഷനിമിഷങ്ങളെപ്പറ്റി മാത്രം പെരുമ്പറയടിക്കുന്ന ഇടമാണ് ഫേസ്ബുക്ക് എന്ന് സ്വയം ഓര്‍മിപ്പിക്കുന്നതും, ഓണ്‍ലൈന്‍ കൂട്ടുകാരുമായി പുറംലോകത്തും ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നതും, നിരാശാവേളകളില്‍ എഫ്ബിയില്‍നിന്ന് വിട്ടുനില്‍ക്കുന്നതും ഒക്കെ ഇവിടെ സഹായകമാകും. പ്രശ്നകാരികളായ പോസ്റ്റുകളെ ലൈക്കുകയോ പലയാവര്‍ത്തി വായിക്കുകയോ ചെയ്യുന്നത് ഭാവിയില്‍ അത്തരം പോസ്റ്റുകളെ ഒരു വിഷമവും കൂടാതെ വായിച്ചുവിടാനുള്ള പ്രാപ്തി കൈവരുത്തും. വല്ലാതെ അസൂയ ജനിപ്പിക്കുന്നവര്‍ക്കെതിരെ അണ്‍ഫോളോ, അണ്‍ഫ്രണ്ട് തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. എഫ്ബിയുപയോഗം നിയന്ത്രിച്ച്, മാനസികോല്ലാസം തരുന്ന മറ്റു പ്രവൃത്തികളില്‍ മുഴുകാനോ ജീവിതത്തില്‍ നേടാനാവാതെ പോയ കാര്യങ്ങള്‍ എത്തിപ്പിടിക്കാനോ ശ്രമിക്കാവുന്നതുമാണ്.

ആത്മരതിയില്‍ മുക്കിയ അപ്ഡേറ്റുകള്‍

തന്നോടുതന്നെയുള്ള കനത്ത അഭിനിവേശം, എങ്ങുമെവിടെയും തന്‍റെയാധിപത്യം ഉറപ്പിക്കാനുള്ള അടങ്ങാത്ത ത്വര, സ്വന്തമാഗ്രഹങ്ങള്‍ സഫലീകരിക്കാനുള്ള നിഷ്ക്കരുണമുള്ള ശ്രമങ്ങള്‍ തുടങ്ങിയ ശീലങ്ങളുള്‍ക്കൊള്ളുന്ന വ്യക്തിത്വശൈലി നാഴ്സിസിസം (Narcissism) എന്നറിയപ്പെടുന്നു. (ഒരരുവിയില്‍ തന്‍റെ മുഖം നോക്കിനോക്കിയിരുന്നു മരിച്ചുവീണ ഗ്രീക്ക് വേട്ടക്കാരന്‍റെ പേരില്‍ നിന്നാണ് ഈ വാക്കുണ്ടായത്.) ഏതൊരിടത്തും “ഞാന്‍” എന്ന വിഷയം എടുത്തിടുക, ബന്ധങ്ങളില്‍ ഉപരിപ്ലവത മാത്രം വെച്ചുപുലര്‍ത്തുക തുടങ്ങിയവയും ഇക്കൂട്ടരുടെ മുഖമുദ്രകളാണ്.

നാഴ്സിസിസം ബാധിതര്‍ എഫ്ബിയില്‍ ഏറെ സമയം ചെലവഴിക്കും എന്നും, നിരന്തരം അപ്ഡേറ്റുകളിടുക, കൂടെക്കൂടെ സ്വന്തം ഫോട്ടോകള്‍ പോസ്റ്റ്‌ ചെയ്യുക, ആവര്‍ത്തിച്ച് പ്രൊഫൈല്‍ ചിത്രം മാറ്റുക, സ്വന്തം ജീവിതത്തെ പൊലിപ്പിച്ചു കാണിക്കുക, സ്വകാര്യരഹസ്യങ്ങള്‍ പോലും വിളിച്ചുപറയുക, വളരെയധികം പേരെ ഫ്രണ്ട്സാക്കുക, ഇടയ്ക്കിടെ സ്വന്തം പ്രൊഫൈല്‍ പരിശോധിക്കുക, വിമര്‍ശനങ്ങളോട് തീവ്രമായി പ്രതികരിക്കുക തുടങ്ങിയ രീതികള്‍ പ്രകടിപ്പിക്കും എന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ചുറ്റുമുള്ളവര്‍ക്ക് ഇവരുടെ പൊള്ളത്തരങ്ങള്‍ അനായാസം തിരിച്ചറിയാന്‍ സാധിക്കാറുമുണ്ട്.

മനോവൈഷമ്യത്തിലേക്കുള്ള ലോഗിനുകള്‍

പല അംഗങ്ങളിലും, പ്രത്യേകിച്ച് സ്വതവേ ആശങ്കാചിത്തരായവരില്‍, ഉത്ക്കണ്ഠ വര്‍ദ്ധിക്കാന്‍ ഫേസ്ബുക്ക് നിമിത്തമാകുന്നുണ്ട്. അപ്ഡേറ്റുകള്‍ വൈകിയാല്‍ മറ്റുള്ളവര്‍ എന്തു കരുതും, ഇന്നയാള്‍ കമന്‍റ് ചെയ്യാതിരുന്നത് എന്തായിരിക്കും എന്നൊക്കെയുള്ള ആകുലതകള്‍ ഇതില്‍പ്പെടുന്നു. ഏറെയാളുകള്‍ തന്നെ വീക്ഷിക്കുന്നുണ്ട് എന്ന ബോധം എഫ്ബിയിലും സഭാകമ്പത്തിനു വഴിവെക്കാം. പലതരം ഫ്രണ്ട്സിനു വേണ്ടി വ്യത്യസ്ത ഭാഷകളും ശൈലികളും ഉപയോഗിക്കേണ്ടി വരുന്നത് ചിലര്‍ക്കു സമ്മര്‍ദ്ദജനകമാകാം. പഴയ പ്രണയഭാജനങ്ങളുമായുള്ള ഫേസ്ബുക്ക് ബന്ധങ്ങളും, ജീവിതപങ്കാളികള്‍ക്ക് അസ്വാരസ്യമുണ്ടാക്കുന്ന തരം പോസ്റ്റുകളും, ഏറെനേരം എഫ്ബിയില്‍ ചെലവഴിച്ചിട്ടും പങ്കാളിയെ ഒരിക്കലും പരാമര്‍ശിക്കാതെ വിടുന്നതുമെല്ലാം ദാമ്പത്യകലഹങ്ങള്‍ക്കും വഴിവെച്ചുതുടങ്ങിയിട്ടുണ്ട്.

പ്രണയത്തിലെയോ വിവാഹത്തിലെയോ പഴയ കൂട്ടുകളെ ചിലര്‍ എഫ്ബിയില്‍ അണ്‍ഫ്രണ്ട് ചെയ്യാതെ നിലനിര്‍ത്താറുണ്ട്. അത്തരം വ്യക്തികളുടെ പുതിയ ബന്ധങ്ങളെക്കുറിച്ചുള്ള സൂചനകള്‍ക്കായി അവരുടെ പ്രൊഫൈലുകള്‍ നിരന്തരം സന്ദര്‍ശിക്കുന്നത് മാനസികസമ്മര്‍ദ്ദമുളവാക്കുകയും ഹൃദയത്തിലെ മുറിവുകളുണങ്ങി പുതിയൊരു ജീവിതത്തിലേക്കു കടക്കുന്നതിന് വിഘാതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തേക്കാം.

എഫ്ബിയിലെ തളത്തില്‍ ദിനേശന്‍മാര്‍

ലൈക്കുകള്‍, കമന്‍റുകള്‍ തുടങ്ങിയ എഫ്ബിയിടപെടലുകള്‍ക്ക് മിക്കപ്പോഴും പല വ്യാഖ്യാനങ്ങളും സാദ്ധ്യമാണ് എന്നത് ദമ്പതികള്‍ക്കിടയില്‍ സംശയങ്ങള്‍ ഉടലെടുക്കാനും വഴിയൊരുക്കുന്നുണ്ട്. സ്ത്രീകളും എഫ്ബിയില്‍ ഏറെ സമയം ചെലവിടുന്നവരും സ്വതവേ സംശയാലുക്കളോ ആശങ്കാകുലരോ ആയവരും ഒക്കെയാണ് ഇത്തരം സംശയങ്ങള്‍ക്ക് ഏറ്റവുമെളുപ്പം വശംവദരാകുന്നത്. നേരിയ സംശയങ്ങള്‍ തലപൊക്കുക, ഇനിയും തെളിവുകളുണ്ടോ എന്നറിയാന്‍ പങ്കാളിയുടെ എഫ്ബിചലനങ്ങളെ കൂടുതല്‍ നിരീക്ഷിക്കുക, അപ്പോള്‍ കണ്ണില്‍പ്പെടുന്ന കാര്യങ്ങള്‍ക്കെല്ലാം ദുര്‍വ്യാഖ്യാനങ്ങള്‍ ചമക്കുക, അതുവഴി സംശയങ്ങള്‍ കൂടുതല്‍ ദൃഢമാവുക എന്നിങ്ങനെ പല ഘട്ടങ്ങളായാണ് ഈ പ്രശ്നം വഷളാവാറുള്ളത്. ഇത്തരം സംശയങ്ങളെ തുടക്കത്തിലേ തിരിച്ചറിയുകയും അവയുടെ ദൂരീകരണത്തിന് ഫേസ്ബുക്കിനെ ആശ്രയിക്കാതെ പങ്കാളിയോടു തന്നെ കാര്യങ്ങള്‍ തുറന്നു സംസാരിക്കുകയും ചെയ്യുന്നതാണ് ആരോഗ്യകരം.

പ്രായപൂര്‍ത്തിയെത്താത്ത പ്രൊഫൈലുകള്‍

വ്യക്തിത്വം, സ്വത്വബോധം, സദാചാരചിന്തകള്‍ തുടങ്ങിയവ രൂപപ്പെട്ടുവരുന്ന കൌമാരത്തില്‍ ഫേസ്ബുക്ക് എന്തൊക്കെ സ്വാധീനങ്ങളാണ് ചെലുത്തുന്നത് എന്നന്വേഷിച്ച ഗവേഷണങ്ങള്‍ തരുന്നത് സമ്മിശ്രഫലങ്ങളാണ്. ലോകത്തിനു മുന്നില്‍ എങ്ങിനെ സ്വയമവതരിപ്പിക്കണം എന്ന സന്ദേഹമുള്ളവര്‍ക്ക് വിവിധ അഭിപ്രായങ്ങളെയും കാഴ്ചപ്പാടുകളെയും മറ്റുള്ളവര്‍ എങ്ങിനെ സ്വീകരിക്കും എന്നു പരീക്ഷിച്ചറിയാനും കിട്ടുന്ന പ്രതികരണങ്ങള്‍ക്കനുസൃതമായി സ്വയം മാറാനും ഉള്ള അവസരങ്ങള്‍ ഫേസ്ബുക്ക് ഒരുക്കുന്നുണ്ട്. അത്ര സാധാരണമല്ലാത്ത താല്പര്യങ്ങള്‍ വെച്ചുപുലര്‍ത്തുന്ന കൌമാരക്കാര്‍ക്ക് അനുയോജ്യമായ പിന്തുണയും സഹായവും ലഭ്യമാക്കാനും എഫ്ബിക്കാകുന്നുണ്ട്.

മറുവശത്ത്, എഫ്ബിയില്‍ നല്ല പ്രോത്സാഹനവും പൊതുസമ്മതിയും കിട്ടുന്നതോടെ കഷ്ടപ്പെട്ടു പഠിച്ച് മറ്റുള്ളവരുടെ മതിപ്പു സമ്പാദിക്കാനുള്ള താല്പര്യം ചില കൌമാരക്കാര്‍ക്കെങ്കിലും നഷ്ടമാകുന്നുണ്ട്. അമിതമായ എഫ്ബിയുപയോഗം കൌമാരക്കാരില്‍ ആക്രമണോത്സുകതയും സാമൂഹ്യവിരുദ്ധതയും വളര്‍ത്തുന്നു എന്നും, കുട്ടികളെ ലൈംഗികചൂഷണത്തിനുപയോഗിക്കുന്നവര്‍ ഇരകളെക്കണ്ടെത്താന്‍ ഫേസ്ബുക്കിനെ കരുവാക്കുന്നു എന്നും സൂചനകളുണ്ട്. ലൈംഗികപരീക്ഷണങ്ങളുടെയും ലഹരിയുപയോഗത്തിന്‍റെയുമൊക്കെ വിശദാംശങ്ങള്‍ കൌമാരക്കാര്‍ എഫ്ബിയില്‍ കൊട്ടിഘോഷിക്കുന്നതിനെയും, പോസ്റ്റിട്ടവര്‍ തട്ടുകേടുകളൊന്നും പറ്റാതെ രക്ഷപ്പെട്ടു എന്നറിയുന്ന സമപ്രായക്കാരില്‍ അതു ചെലുത്തിയേക്കാവുന്ന ദുസ്സ്വാധീനത്തെയുമൊക്കെക്കുറിച്ചുള്ള ആശങ്കകളും പല ഗവേഷകരും പങ്കുവെക്കുന്നുണ്ട്.

ഡോക്ടര്‍മാര്‍ക്ക് ഫ്രണ്ട്റിക്വസ്റ്റയക്കാമോ?

ഡോക്ടര്‍മാരും അവരുടെ രോഗികളും തമ്മില്‍ ഫേസ്ബുക്ക് പോലുള്ള സൈറ്റുകളില്‍ സൌഹൃദത്തിലേര്‍പ്പെടുന്നത് ആരോഗ്യകരമല്ല എന്നാണ് പൊതുവെയുള്ള അഭിപ്രായം. ഇത്തരം ഇടപഴകലുകള്‍ ഡോക്ടര്‍—രോഗീ ബന്ധത്തിന്‍റെ അതിരുകളെ അവ്യക്തമാക്കുകയും ചികിത്സയുടെ നിലവാരത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യാം. രോഗികളെക്കുറിച്ചുള്ള വ്യക്തിപരമായ വിശദാംശങ്ങള്‍ ഒരു പരിധിയില്‍ക്കൂടുതല്‍ ഡോക്ടര്‍മാരുടെ കണ്ണില്‍പ്പെടുന്നത് വസ്തുതാപരമായി തീരുമാനങ്ങളെടുക്കാനുള്ള അവരുടെ കഴിവിനെ ദുര്‍ബലപ്പെടുത്താം. സ്വന്തം വ്യക്തിജീവിതത്തെക്കുറിച്ചുള്ള ഡോക്ടര്‍മാരുടെ അപ്ഡേറ്റുകള്‍ രോഗികള്‍ വായിച്ചറിയുന്നത് സൈക്കോതെറാപ്പി പോലുള്ള ചികിത്സകളുടെ കാര്യശേഷി നശിപ്പിക്കുകയും ചെയ്യാം.

ഫേസ്ബുക്ക് ഒരു ലഹരിയാകുമ്പോള്‍

എഫ്ബിയുടെയോ ഗെയിമുകള്‍ പോലുള്ള അതിന്‍റെയേതെങ്കിലും ഘടകഭാഗങ്ങളുടെയോ ഉപയോഗം ചിലര്‍ക്കെങ്കിലും ഒരു അഡിക്ഷന്‍റെ തോതിലേക്ക് വളരാറുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ചതിലും വല്ലാതെ കൂടുതല്‍ നേരം സൈറ്റില്‍ ചെലവഴിക്കുക, അതേക്കുറിച്ച് മറ്റുള്ളവരോട് കള്ളം പറയേണ്ടി വരിക, ഇതിനൊക്കെയിടയില്‍ മറ്റുത്തരവാദിത്തങ്ങള്‍ മറന്നു പോവുക, ഏറെനാളായി അടുത്തറിയാവുന്നവരെക്കാളും പ്രാധാന്യം ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്ക് കൊടുക്കാന്‍ തുടങ്ങുക, ജീവിതപ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള ഒരുപാധിയായി എഫ്ബിയെ ഉപയോഗിക്കുക, സൈറ്റില്‍ നിന്ന് വിട്ടുനില്‍ക്കുമ്പോള്‍ ദേഷ്യമോ വിരസതയോ നിരാശയോ ഒക്കെ അനുഭവപ്പെടുക തുടങ്ങിയവ ഒരഡിക്ഷന്‍റെ സൂചനകളാവാം. ചെറുപ്പക്കാര്‍, സ്ത്രീകള്‍, പൊതുവേ ആശങ്കാകുലരായവര്‍, ഏകാന്തജീവിതം നയിക്കുന്നവര്‍, പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള കഴിവില്ലാത്തവര്‍ തുടങ്ങിയവര്‍ക്കാണ്‌ ഫേസ്ബുക്ക് അഡിക്ഷന്‍ പിടിപെടാന്‍ സാദ്ധ്യത കൂടുതലുള്ളത്.

ഏതൊക്കെ പ്രശ്നങ്ങളില്‍ നിന്നാണോ ഒളിച്ചോടാന്‍ ശ്രമിക്കുന്നത് അവയെ തിരിച്ചറിഞ്ഞ് പരിഹരിക്കുക, പ്രതിസന്ധികളില്‍ താങ്ങായേക്കാവുന്ന നല്ല വ്യക്തിബന്ധങ്ങളും സാമൂഹ്യബന്ധങ്ങളും വളര്‍ത്തിയെടുക്കുക, ആവശ്യമെങ്കില്‍ വിദഗ്ദ്ധസഹായം ഉപയോഗപ്പെടുത്തുക തുടങ്ങിയവ ഈയൊരവസ്ഥയെ അതിജയിക്കാന്‍ കൈത്താങ്ങാകും.

അഡിക്ഷനുണ്ടോ എന്നറിയാം

താഴെക്കൊടുത്ത ചോദ്യങ്ങള്‍ക്ക് “വളരെ അപൂര്‍വമായി”, “അപൂര്‍വമായി”, “ചിലപ്പോഴൊക്കെ”, “മിക്കപ്പോഴും”, “ഒട്ടുമിക്കപ്പോഴും” എന്നിവയില്‍നിന്ന് ഒരുത്തരം തെരഞ്ഞെടുക്കുക:

  1. നിങ്ങള്‍ ഫേസ്ബുക്കിനെക്കുറിച്ച് ചിന്തിക്കുകയോ അത് എങ്ങിനെ ഉപയോഗിക്കണമെന്ന ആസൂത്രണത്തില്‍ മുഴുകുകയോ ചെയ്യാറുണ്ടോ?
  2. നിങ്ങള്‍ക്ക് കൂടുതല്‍ക്കൂടുതലായി ഫേസ്ബുക്ക് ഉപയോഗിക്കണമെന്ന ആസക്തി അനുഭവപ്പെടാറുണ്ടോ?
  3. ജീവിതപ്രശ്നങ്ങള്‍ മറക്കാനായി നിങ്ങള്‍ ഫേസ്ബുക്ക് ഉപയോഗിക്കാറുണ്ടോ?
  4. നിങ്ങള്‍ ഫേസ്ബുക്ക് ഉപയോഗം കുറക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടിട്ടുണ്ടോ?
  5. ഫേസ്ബുക്ക് ഉപയോഗിക്കുന്നതിന് എന്തെങ്കിലും തടസ്സം നേരിട്ടാല്‍ നിങ്ങള്‍ക്ക് അസ്വസ്ഥതയോ വിഷമമോ തോന്നാറുണ്ടോ?
  6. ഫേസ്ബുക്ക് ഉപയോഗം നിങ്ങളുടെ പഠനത്തിനോ ജോലിക്കോ എന്തെങ്കിലും വിഘാതം സൃഷ്ടിച്ചിട്ടുണ്ടോ?

ഏതെങ്കിലും നാലു ചോദ്യങ്ങള്‍ക്ക് “മിക്കപ്പോഴും” എന്നോ “ഒട്ടുമിക്കപ്പോഴും” എന്നോ ഉത്തരം പറഞ്ഞവര്‍ക്ക് ഫേസ്ബുക്ക് അഡിക്ഷന്‍ പിടിപെട്ടിട്ടുണ്ടാവാം.

(2014 ജൂലൈ ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്)

{xtypo_alert}ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.{/xtypo_alert}

Image courtesy: Gamestorming 

×
Stay Informed

When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.

ഓണ്‍ലൈന്‍ ഇടങ്ങളിലെ മലയാളീശീലങ്ങള്‍
ബുദ്ധിവികാസം: മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്

Related Posts