മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്
അനിയന്ത്രിതം, നഗ്നതാപ്രദര്‍ശനം
എന്റെ സുഹൃത്തിനു വേണ്ടിയാണെഴുതുന്നത്. അവനു 32 വയസ്സുണ്ട് . അവിവാഹിതനാണ്. ഞങ്ങൾ രണ്ടു കമ്പനികളിലാണു ജോലി ചെയ്യുന്നത്. ഒരു വർഷമായി ഒരുമിച്ചു താമസിക്കുകയാണ്. രണ്ടാഴ്ച മുൻപ് ഒരു ദിവസം ഞാൻ ജോലിക്കു പോയി. അന്ന് അവൻ ലീവെടുത്തിരിക്കുകയായിരുന്നു. അവിചാരിതമായി ഞാൻ നേരത്തെ തിരികെയെത്തിയപ്പോൾ ഫ്ളാറ്റിന്റെ വാതിൽ അടച്ചിരുന്നില്ല. അകത്തു കയറിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. അവൻ വിവസ്ത്രനായി തുറന്നിട്ട ജനാലയ്ക്കരികിൽ നിൽക്കുകയാണ്. ചൂളമടിച്ച് റോഡിലൂടെ പോകുന്ന പെൺകുട്ടികളുടെയും സ്ത്രീകളുടെയും ശ്രദ്ധ തിരിക്കുന്ന അവനെ ഞാൻ തട്ടി വിളിച്ചു. എന്നെ കണ്ടപ്പോൾ അവൻ ആകെ പരിഭ്രമത്തിലായി. പെട്ടെന്ന് മുണ്ടുടുത്തു. ഇക്കാര്യം ആരോടും പറയരുത് എന്നു പറഞ്ഞു. പിന്നീട് അവനോടു സംസാരിച്ചപ്പോൾ ഇങ്ങനെയൊരു തോന്നൽ കൂടെക്കൂടെ ഉണ്ടാകുന്നുണ്ടെന്നും സൗകര്യം കിട്ടുമ്പോൾ നഗരത്തിരക്കുകളിൽ അപരിചിതരായ സ്ത്രീകൾക്കു മുൻപിൽ നഗ്നതാ പ്രദർശനം നടത്താറുണ്ടെന്നുംപറഞ്ഞു. ഈ സ്വഭാവത്തിൽ നിന്നു മോചനം നേടാൻ അവന് ആഗ്രഹമുണ്ട്. മാത്രമല്ല അവനു നാട്ടിൽ വിവാഹാലോചനകളും നടക്കുന്നുണ്ട്. ഈ രോഗത്തിനു ഫലപ്രദമായ ചികിത്സ ഉണ്ടോ? എന്റെ സുഹൃത്തിന്റെ രോഗാവസ്ഥ മരുന്നുകൾ കൊണ്ടു പൂർണമായി മാറുമോ? ....
- ആദർശ് , മുംബൈ
താങ്കള്‍ വിവരിച്ച ലക്ഷണങ്ങള്‍ വെച്ച് സുഹൃത്തിന് എക്സിബിഷനിസ്റ്റിക്ക് ഡിസോര്‍ഡര്‍ എന്ന രോഗം സംശയിക്കേണ്ടിയിരിക്കുന്നു. ലൈംഗികാവയവങ്ങള്‍ അപരിചിതര്‍ക്കു മുമ്പില്‍ അവര്‍ ഒട്ടും പ്രതീക്ഷിക്കാത്ത നേരത്തു പ്രദര്‍ശിപ്പിക്കുക എന്നത് ഇതിന്‍റെ മുഖ്യലക്ഷണമാണ്. അങ്ങിനെ ചെയ്യുമ്പോള്‍, വിശേഷിച്ചും കാഴ്ചക്കാരുടെ മുഖത്തെ ഞെട്ടല്‍ ദര്‍ശിക്കുന്നതില്‍നിന്ന്, രോഗിക്ക് തീവ്രമായൊരു ലൈംഗികസുഖം പ്രാപ്തമാകുന്നുമുണ്ട്. ആറു മാസമെങ്കിലും നിരന്തരം ഇവ്വിധം പെരുമാറുകയോ അനുബന്ധ മനോരാജ്യങ്ങളില്‍ മുഴുകുകയോ ചെയ്യുന്നവര്‍ക്കാണ് ഈ രോഗം നിര്‍ണയിക്കാറ്. സ്ത്രീകളെയോ കുട്ടികളെയോ ആണ് ഇവര്‍ ഉന്നംവെക്കുക. പ്രദര്‍ശനം നടത്തുന്നത് ആരുടെ മുന്നിലാണ് — കുട്ടികളുടെയോ, മുതിര്‍ന്നവരുടെയോ, അതോ ഇരുകൂട്ടരുടെയുമോ —എന്നതുവെച്ച് രോഗത്തെ മൂന്നായി തരംതിരിച്ചിട്ടുണ്ട്.
ലൈംഗികാവയവങ്ങളുടെ ഉത്തേജനം മുഖേനയെന്ന നടപ്പുരീതി വിട്ട് വികലമാര്‍ഗങ്ങളിലൂടെ രതിസുഖം തേടുന്ന ശീലം മുഖമുദ്രയായ വേറെയും രോഗങ്ങളുണ്ട്. ഇവയെ മൊത്തത്തില്‍ വിളിക്കുന്നത് പാരാഫീലിയകള്‍ എന്നാണ്. എതിര്‍ലിംഗത്തിന്‍റെ ഉടുപ്പുകള്‍ ധരിക്കുന്ന ട്രാന്‍സ് വെസ്റ്റിക്ക് ഡിസോര്‍ഡറും മറ്റുള്ളവരുടെ നഗ്നതയോ ലൈംഗികകേളികളോ ഒളിഞ്ഞുനോക്കുന്ന വോയറിസ്റ്റിക്ക് ഡിസോര്‍ഡറും ഉദാഹരണങ്ങളാണ്. എക്സിബിഷനിസ്റ്റിക്ക് ഡിസോര്‍ഡറും ഈ ഗണത്തില്‍പ്പെടുന്ന രോഗമാണ്. സ്വകാര്യഭാഗങ്ങളോ മുഴുവന്‍ ശരീരവും തന്നെയോ അന്യര്‍ക്കു മുന്നില്‍ മന:പൂര്‍വം വെളിപ്പെടുത്തുന്നവരുണ്ട്. ഈ പ്രവണത എക്സിബിഷനിസം എന്നറിയപ്പെടുന്നു. മാറിടത്തുടക്കം അനാവൃതമാകുംവിധം വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ തൊട്ട് ക്രിക്കറ്റു മൈതാനത്തേക്കും മറ്റും പൂര്‍ണനഗ്നരായി ഓടിയിറങ്ങുന്ന സ്ട്രീക്കര്‍മാര്‍ വരെ ഈ ശീലക്കാരാകാം. എന്നാല്‍ എക്സിബിഷനിസ്റ്റിക്ക് ഡിസോര്‍ഡര്‍ ഇതില്‍നിന്നു വിഭിന്നമാണ്. ഈ രോഗം ബാധിച്ചവര്‍ക്കു മേല്‍പ്പറഞ്ഞ രീതികള്‍ മൂലം ജോലിയിലും സാമൂഹ്യജീവിതത്തിലും മറ്റും ക്ലേശങ്ങള്‍ ഭവിച്ചിട്ടുണ്ടാകും. താങ്കളുടെ സുഹൃത്തിന്‍റേതുപോലെ കുറ്റബോധമുണ്ടാകും. അതിലൊക്കെ നിന്നൊരു മോചനം അവര്‍ കാംക്ഷിക്കുന്നുമുണ്ടാകും.
പുരുഷന്മാരില്‍ മാത്രമാണ് ഈ രോഗം കണ്ടുവരാറുള്ളത്. വിദേശനാടുകളില്‍നിന്നുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത് സമൂഹത്തില്‍ രണ്ടു തൊട്ട് നാലു വരെ ശതമാനം പേരെ ഇതു ബാധിക്കാമെന്നാണ്. ചെറുപ്രായത്തില്‍ വൈകാരികമോ ലൈംഗികമോ ആയ പീഡനങ്ങള്‍ നേരിട്ടവര്‍ക്കും കാമചിന്തകളില്‍ വല്ലാതെ മുഴുകുന്നവര്‍ക്കും പിന്നീട് ഈ രോഗം വരാന്‍ സാദ്ധ്യത കൂടുതലുണ്ട്. കൌമാരത്തിലോ യൌവനാരംഭത്തിലോ ആണ് ഇതിന്‍റെ ലക്ഷണങ്ങള്‍ ദൃശ്യമായിത്തുടങ്ങുക. പ്രായമാകുന്നതിനൊപ്പം രോഗതീവ്രത കുറയാറുമുണ്ട്. ഇതു ബാധിച്ചവരില്‍ ഒപ്പം വിഷാദവും എ.ഡി.എച്ച്.ഡി.യും പോലുള്ള മറ്റു മാനസികപ്രശ്നങ്ങളും കണ്ടേക്കാം. അമിതമദ്യപാനം, ലഹരിയുപയോഗം, ആന്‍റിസോഷ്യല്‍ വ്യക്തിത്വം തുടങ്ങിയ പ്രശ്നങ്ങള്‍ എക്സിബിഷനിസത്തിന്‍റെ പ്രവണതയുള്ളവര്‍ എക്സിബിഷനിസ്റ്റിക്ക് ഡിസോര്‍ഡറിലേക്കു വഴുതാനുള്ള സാദ്ധ്യത കൂട്ടാറുണ്ട്.
ഈ രോഗം ബാധിച്ചവര്‍ സ്വയം മുന്‍കയ്യെടുത്തു ചികിത്സ തേടുക പതിവില്ല. നിയമക്കുരുക്കുകളില്‍ പെടുമ്പോഴാണ് അവര്‍ പൊതുവെ ചികിത്സകര്‍ക്കു മുമ്പിലെത്തുക. ട്രീറ്റ്മെന്‍റ് എത്രയും നേരത്തേ തുടങ്ങുക സുപ്രധാനമാണ് എന്നതിനാല്‍ കഴിവതും പെട്ടെന്ന് ഒരു സൈക്യ്രാട്രിസ്റ്റിനെ കാണാന്‍ സുഹൃത്തിനെ പ്രേരിപ്പിക്കുക.
മരുന്നുകളും മനശ്ശാസ്ത്ര ചികിത്സകളും ഇതിനു ഫലപ്രദമാണ്. വിഷാദത്തിനു കുറിക്കപ്പെടാറുള്ള എസ്.എസ്.ആര്‍.ഐ. വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ ഇത്തരം ഇച്ഛകളെ ദുര്‍ബലപ്പെടുത്താന്‍ ഉതകും. മറ്റു ചികിത്സകള്‍ ഫലിക്കാത്തവരില്‍, പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണെ ചെറുക്കുന്ന ആന്‍റിആന്‍ഡ്രോജന്‍ മരുന്നുകളും ശ്രമിക്കാറുണ്ട്.
കോഗ്നിറ്റീവ് ബിഹേവിയോറല്‍ തെറാപ്പി എന്ന മനശ്ശാസ്ത്ര ചികിത്സയ്ക്കും ഏറെ പ്രാമുഖ്യമുണ്ട്. ഇത്തരം ആസക്തികളിലേക്കു നയിക്കുന്ന സാഹചര്യങ്ങളും ചിന്തകളും തിരിച്ചറിയാനും അവയോട് അനാരോഗ്യകരമല്ലാത്ത വിധത്തില്‍ പ്രതികരിക്കാനുമുള്ള പ്രാപ്തത ഈ തെറാപ്പി കൈവരുത്തും. നഗ്നത കാട്ടാനുള്ള ഉള്‍ത്തള്ളല്‍ കലശലാകുമ്പോള്‍ പ്രയോഗിക്കാവുന്ന റിലാക്സേഷന്‍ വിദ്യകള്‍ പഠിപ്പിക്കുക, അതിലേക്കു നയിക്കുന്ന ദുഷ്ചിന്താഗതികളിലെ പൊള്ളത്തരം വ്യക്തമാക്കിക്കൊടുക്കുക, അന്യരോട് സഭാകമ്പം കൂടാതെ ഇടപഴകാന്‍ സാമര്‍ത്ഥ്യക്കുറവ് ഉള്ളവര്‍ക്ക് തക്ക പരിശീലനം ലഭ്യമാക്കുക എന്നിവയും ഇതിന്‍റെ ഭാഗമാണ്. നാളുകള്‍ എടുത്ത്, ഏറെ സെഷനുകള്‍ വഴിയാണ് ഇതൊക്കെ സാദ്ധ്യമാക്കുക. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളാണ് പൊതുവേ ഇതുചെയ്യുക.
വിഷാദമോ ലഹരിയുപയോഗമോ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അതിനുള്ള ചികിത്സയും വേണ്ടിവരും. ഈ രോഗം ബാധിച്ചവരെ സഹായിക്കാന്‍ ബന്ധുമിത്രാദികള്‍ക്കും ചിലതു ചെയ്യാനാകും. ദിനചര്യകള്‍ മുന്‍കൂര്‍ ചിട്ടപ്പെടുത്താനും അതു പാലിക്കാനും കൂട്ടുകൊടുക്കുക, മദ്യപാനവും ലഹരിയുപയോഗവും വര്‍ജിക്കാന്‍ പ്രേരിപ്പിക്കുക, ഓണ്‍ലൈനില്‍ നഗ്നത കാട്ടുന്ന ശീലമുണ്ടെങ്കില്‍ നെറ്റുപയോഗം പരിമിതപ്പെടുത്താന്‍ നിഷ്കര്‍ഷിക്കുക എന്നിവ ഇതില്‍പ്പെടുന്നു.
(2022 സെപ്തംബര്‍ ലക്കം മനോരമ ആരോഗ്യത്തില്‍ പ്രസിദ്ധീകരിച്ചത്. ചോദ്യം മാഗസിന്‍ പങ്കുവെച്ചതാണ്.)
{xtypo_alert}ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.{/xtypo_alert}
When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.