“സാമര്‍ത്ഥ്യക്കുറവുള്ളവരുടെ അവസാനത്തെ ഉപായം മാത്രമാണു വയലന്‍സ്”
– ഐസക് അസിമോവ്
സാരമായ ശാരീരിക പരിക്കുകളോ കൊലപാതകമോ ലക്ഷ്യംവെച്ചുള്ള അക്രമങ്ങളെയാണ് വയലന്‍സെന്നു വിളിക്കുന്നത്. സഹപാഠികളെയോ ജീവിതപങ്കാളിയെയോ മക്കളെയോ പ്രായമായവരെയോ ഉപദ്രവിക്കുന്നതും ലൈംഗികപീഡനവും തീവ്രവാദ പ്രവര്‍ത്തനങ്ങളും യുദ്ധവുമൊക്കെ ഉദാഹരണങ്ങളാണ്. മനുഷ്യകുലം വയലന്‍സ് കാണിക്കുന്നതിനു പിന്നില്‍ പരിണാമപരമായ കാരണങ്ങളുണ്ട്. വന്യമൃഗങ്ങളെ വേട്ടയാടിയും മറ്റും ജീവിച്ച പ്രാചീനകാലത്ത് സ്വസുരക്ഷയ്ക്കും സ്വന്തം കുടുംബത്തെയും ഏരിയയേയും സംരക്ഷിക്കുന്നതിനും വയലന്‍സ് അനിവാര്യമായിരുന്നു. വയലന്‍സിനെ ഉത്പാദിപ്പിക്കുന്ന ഭാഗങ്ങള്‍ നമ്മുടെ തലച്ചോറില്‍ നിലനിന്നുപോന്നത് അതിനാലാണ്.