മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്

ഡോ. ഷാഹുല്‍ അമീന്‍ എന്ന സൈക്ക്യാട്രിസ്റ്റ് വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍

ബുദ്ധിവികാസം: മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്

ബുദ്ധിവികാസം: മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്

കുട്ടികളുടെ വളര്‍ച്ചക്ക് ശാരീരികം, ബൌദ്ധികം, സാമൂഹികം എന്നിങ്ങനെ മൂന്നു തലങ്ങളുണ്ട്. ബൌദ്ധികവളര്‍ച്ച എന്ന പദം സൂചിപ്പിക്കുന്നത് ശ്രദ്ധ, ഓര്‍മ, ഭാഷ, ചിന്ത, യുക്തി, അക്ഷരജ്ഞാനം, സര്‍ഗാത്മകത തുടങ്ങിയ കഴിവുകളുടെ വികാസത്തെയാണ്‌. ബൌദ്ധികവളര്‍ച്ചയുടെ പടവുകളെയും വിശദാംശങ്ങളെയും പറ്റിയുള്ള അറിവ് വിവിധ പ്രായങ്ങളിലുള്ള കുട്ടികള്‍ പ്രകടമാക്കുന്ന ശക്തീദൌര്‍ബല്യങ്ങളെ തിരിച്ചറിയാനും, അവരുടെ മനോവികാസത്തിന് ഏറ്റവുമനുകൂലമായ ഒരന്തരീക്ഷം സൃഷ്ടിച്ചെടുക്കാനും സഹായിക്കും.

ഇളംതലച്ചോറുകളിലെ സ്വയംവരങ്ങള്‍

മുതിര്‍ന്ന ഒരാളുടെ തലച്ചോറിന്‍റെ ഇരുപത്തിയഞ്ചു ശതമാനം തൂക്കമേ ഒരു നവജാതശിശുവിന്‍റെ തലച്ചോറിനുള്ളൂ. എന്നാല്‍ ഇത് രണ്ടുവയസ്സോടെ എഴുപത്തിയഞ്ചു ശതമാനമായും അഞ്ചുവയസ്സോടെ തൊണ്ണൂറു ശതമാനമായും വര്‍ദ്ധിക്കുന്നുണ്ട്. ഈയൊരു വളര്‍ച്ച സാദ്ധ്യവും കാര്യക്ഷമവും ആകുന്നത് തലച്ചോറിലെ നാഡികള്‍ തമ്മില്‍ ഒട്ടനവധി പുതിയ ബന്ധങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോഴാണ്. ഈ ബന്ധങ്ങള്‍ യഥാവിധി സ്ഥാപിക്കപ്പെടാന്‍ കുഞ്ഞുതലച്ചോറിന്‍റെ വിവിധ ഭാഗങ്ങള്‍ക്ക് തക്കരീതിയിലുള്ള ഉത്തേജനം കിട്ടിക്കൊണ്ടിരിക്കേണ്ടതുണ്ട്. പ്രസ്തുത ബന്ധങ്ങള്‍ സുദൃഢവും സുസ്ഥിരവും ആകാനും, അതുവഴി ഭാവിയില്‍ അതിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നിര്‍വഹിക്കാന്‍ തലച്ചോറിനു കഴിയാനും ഇത്തരം ഉത്തേജനങ്ങള്‍ ആവര്‍ത്തിച്ചു ലഭ്യമാകേണ്ടതുമുണ്ട്. ഉദാഹരണത്തിന്, ഒരേ വാക്കുകളോ വാചകങ്ങളോ വീണ്ടുംവീണ്ടും കേള്‍ക്കുന്നത് ഭാഷയുമായി ബന്ധപ്പെട്ട നാഡീപഥങ്ങളെ ശക്തിപ്പെടുത്തും. നിരന്തരമായ ഉത്തേജനത്തിന്‍റെ അഭാവം ദുര്‍ബലമാക്കുന്ന നാഡീബന്ധങ്ങളെ കാലക്രമത്തില്‍ ശരീരം സ്വയം വെട്ടിനശിപ്പിച്ചു കളയുന്നുമുണ്ട് (ചിത്രം 1). ഇതൊക്കെ അടിവരയിടുന്നത് ശൈശവാനുഭവങ്ങള്‍ക്ക് തലച്ചോറിന്‍റെ വളര്‍ച്ചയിലുളവാക്കാനാകുന്ന ഭീമമായ സ്വാധീനത്തിനാണ്‌. 

b2ap3_thumbnail_brain_changes_childhood.JPG

കുട്ടികള്‍ ഒപ്പുകടലാസുകളല്ല

ബൌദ്ധികവളര്‍ച്ചയെക്കുറിച്ചുള്ള ഏറ്റവും പൊതുസമ്മതികിട്ടിയ സിദ്ധാന്തം ജീന്‍ പിയാജേ എന്ന മനശ്ശാസ്ത്രജ്ഞന്‍റേതാണ്. കുട്ടികള്‍ പ്രകൃത്യാതന്നെ കാര്യങ്ങള്‍ ഗ്രഹിച്ചെടുക്കുന്നതില്‍ തല്‍പരരാണെന്നും, മുതിര്‍ന്നവരുടെ സഹായമോ പ്രോത്സാഹനമോ കൂടാതെ തന്നെ പുറംലോകവുമായുള്ള ഇടപെടലുകളിലൂടെ വിവിധ വിവരങ്ങള്‍ സ്വന്തമായി ആര്‍ജിച്ചെടുക്കാന്‍ അവര്‍ക്കാകുമെന്നും, ബൌദ്ധികവളര്‍ച്ചയെ ത്വരിതപ്പെടുത്താനോ അതിന്‍റെ സ്വാഭാവികക്രമത്തില്‍ മാറ്റങ്ങള്‍ വരുത്താനോ മുതിര്‍ന്നവര്‍ക്കാകില്ല എന്നും പ്രസ്തുത സിദ്ധാന്തം പറയുന്നു. പുതുതായിക്കിട്ടുന്ന വിവരങ്ങളെ ചുമ്മാ വലിച്ചുവാരി ഉള്‍ക്കൊള്ളുകയല്ല കുട്ടികള്‍ ചെയ്യുന്നത്; മറിച്ച് അവര്‍ പുതിയ അവബോധങ്ങളെ മനസ്സില്‍ മുമ്പേയുള്ള കാര്യങ്ങളുമായി ഏകോപിപ്പിക്കുകയും, പുത്തനറിവുകള്‍ക്കനുസൃതമായി പഴയ അറിവുകളെ പുനക്രമീകരിക്കുകയും പരിഷ്കരിക്കുകയുമൊക്കെച്ചെയ്യുന്നുണ്ട്.

കുഞ്ഞിളക്കങ്ങള്‍ പരുവപ്പെടുന്നത്

ചുണ്ടില്‍ വല്ലതും തട്ടിയാല്‍ വലിച്ചുകുടിക്കുക പോലുള്ള സ്വയമറിയാതെ സംഭവിക്കുന്ന ചില റിഫ്ലക്സുകള്‍ മാത്രമാണ് നവജാതശിശുക്കള്‍ക്കു കൈമുതലായുള്ളത്. ഇത്തരം അനക്കങ്ങളുടെ ചില യാദൃച്ഛിക പരിണിതഫലങ്ങളാണ്‌ അവരുടെ കരുതിക്കൂട്ടിയുള്ള ആദ്യചലനങ്ങള്‍ക്കു വഴിതുറക്കുന്നത്. ഉദാഹരണത്തിന്, ഒരു കിലുക്കില്‍ കയ്യോ കാലോ മുട്ടുമ്പോള്‍ പുറപ്പെടുന്ന ശബ്ദം ആ ചലനങ്ങളും അവയുടെ വകഭേദങ്ങളും ആവര്‍ത്തിക്കാനുള്ള പ്രചോദനമാകാം. അത്തരം ചലനങ്ങളെ ഏകോപിപ്പിച്ചാണ് കൂടുതല്‍ സങ്കീര്‍ണ്ണമായ പ്രവൃത്തികള്‍ക്കുള്ള കഴിവ് അവര്‍ ക്രമേണ നേടിയെടുക്കുന്നത്. നാലുമാസമാകുന്നതോടെ ഒരു കിലുക്കില്‍ മുറുകെപ്പിടിക്കാനും വായിലേക്കു കൊണ്ടുവന്ന് അതില്‍ നാക്കോടിക്കാനുമൊക്കെ കുട്ടികള്‍ക്കു സാധിക്കും.

ആദ്യമാസങ്ങള്‍ക്കൊത്ത ഉദ്ദീപനങ്ങള്‍

ആദ്യനാളുകള്‍ തൊട്ടേ കുട്ടികളോട് നിരന്തരം ഇടപഴകുക. ശബ്ദമുണ്ടാക്കുന്നവ, കുലുക്കാവുന്നവ, വീണാല്‍ ബൌണ്‍സ് ചെയ്യുന്നവ എന്നിങ്ങനെ (എളുപ്പത്തില്‍ പിടിക്കാവുന്ന) നാനാതരം കളിക്കോപ്പുകള്‍ ലഭ്യമാക്കുക. ആറാംമാസത്തോടെ വ്യത്യസ്തശബ്ദങ്ങള്‍ ഉണ്ടാക്കുന്നതോ വിഭിന്ന ആകൃതികളും പാറ്റേണുകളും ഉള്ളതോ ആയ കളിപ്പാട്ടങ്ങള്‍, വിവിധതരം തുണികള്‍ കൊണ്ടുള്ള പുതപ്പുകള്‍ തുടങ്ങിയവ പരിചയപ്പെടുത്താം.

ബുദ്ധിവൃക്ഷത്തിന്‍റെ ആദ്യനാമ്പുകള്‍

ഒമ്പതാം മാസത്തോടെ പാവക്കടുത്തേക്ക് ഇഴഞ്ഞുചെല്ലുക പോലുള്ള ചില ചെറിയ കാര്യങ്ങള്‍ പ്ലാന്‍ചെയ്തു നടപ്പാക്കാന്‍ കുട്ടികള്‍ക്കാകും. എത്തിച്ചേരാവുന്ന ദൂരത്തില്‍ കളിപ്പാട്ടങ്ങള്‍ വെച്ചുകൊടുക്കുക. അവയെ കൈക്കുള്ളിലെത്തിക്കാനുള്ള ശ്രമങ്ങളെ പുകഴ്ത്തുക. കാര്യകാരണബന്ധങ്ങള്‍ ബോദ്ധ്യമാകാന്‍ തുടങ്ങുന്നത് ഈ പ്രായത്തിലാണ് എന്നതിനാല്‍ കൈവിടുമ്പോള്‍ കളിപ്പാട്ടങ്ങള്‍ താഴേക്കുപതിക്കുന്നതും ബ്ലോക്കുകള്‍ കൊണ്ടുള്ള നിര്‍മിതികള്‍ തള്ളുമ്പോള്‍ പൊളിഞ്ഞുവീഴുന്നതും ഒക്കെ കാണിച്ചുകൊടുക്കുക. പാതിമാത്രം ദൃശ്യമായ വസ്തുക്കളുടെ ബാക്കി പകുതി മനക്കണ്ണുകളില്‍ കാണാനും ഈ പ്രായക്കാര്‍ക്കാകും. കളിപ്പാട്ടങ്ങളെ പുതപ്പിനടിയിലോ മറ്റോ പാതിയൊളിപ്പിച്ച് അതെവിടെപ്പോയി എന്നു തിരക്കുന്നത് ഈ കഴിവിനെ പരിപോഷിപ്പിക്കും.

ചിന്തയുടെ ആദ്യകണികകള്‍ സാന്നിദ്ധ്യമറിയിക്കുന്നത് എട്ടുമാസത്തിനും ഒരുവയസ്സിനുമിടയിലാണ്. കണ്‍വെട്ടത്തില്ലാത്ത വസ്തുക്കള്‍ മറ്റെവിടെയോ നിലനില്‍ക്കുന്നുണ്ട് എന്ന തിരിച്ചറിവാണ് ആദ്യം ഉടലെടുക്കുന്നത്. അച്ഛനമ്മമാര്‍ മുറിവിട്ടുപോകുമ്പോള്‍ കരയാന്‍ തുടങ്ങുന്നത് ഈ ബോദ്ധ്യത്തിന്‍റെ സൂചനയാണ്. വസ്തുക്കളെ മുഴുവനായി ഒളിപ്പിച്ചുള്ള കളികളും, വഴിയോരത്തും മറ്റും മുമ്പുകണ്ട വസ്തുക്കള്‍ ഇപ്പോഴും അവിടെത്തന്നെയുണ്ട് എന്ന് ചൂണ്ടിക്കാണിച്ചുകൊടുക്കുന്നതുമൊക്കെ ഈ കഴിവിന്‍റെ വികാസത്തെ സഹായിക്കും.

കൊഞ്ചിപ്പറച്ചില്‍ ഹാനികരമോ?

കൊച്ചുകുട്ടികളോടു കൊഞ്ചിസ്സംസാരിച്ചാല്‍ അവരുടെ സംസാരശൈലി അലങ്കോലമായിപ്പോയേക്കും എന്നൊക്കെ ചിലര്‍ ആശങ്കപ്പെടാറുണ്ട്. കൊഞ്ചിപ്പറച്ചിലിന് ദോഷഫലങ്ങളൊന്നും ഇല്ല എന്നുമാത്രമല്ല, പല പ്രയോജനങ്ങളും ഉണ്ടു താനും. നല്ല “പിച്ചു”ള്ളതു കൊണ്ടും, കൊഞ്ചുമ്പോള്‍ നാം കണ്ണുകള്‍ വിടര്‍ത്തുകയും പല ഭാവങ്ങളും കാട്ടുകയുമൊക്കെച്ചെയ്യുന്നതു കൊണ്ടും ഇത്തരം സംസാരങ്ങള്‍ക്ക് കുട്ടികള്‍ കൂടുതലായി കാതുകൊടുക്കാറുണ്ട്. കൊഞ്ചലുകള്‍ കേട്ടു ശീലമുള്ള കുട്ടികള്‍ക്ക് അക്ഷരങ്ങള്‍ തിരിച്ചറിയാനും വാക്കുകള്‍ പഠിച്ചെടുക്കാനും മുഖഭാവങ്ങള്‍ മനസ്സിലാക്കാനുമൊക്കെയുള്ള കഴിവുകള്‍ മെച്ചപ്പെടുന്നുണ്ട്. കൊഞ്ചിപ്പറച്ചില്‍ എപ്പോള്‍ നിര്‍ത്തണം എന്നതിനെപ്പറ്റിയും വേവലാതിപ്പെടേണ്ടതില്ല —. കുട്ടിയുടെ സംസാരശേഷി വളരുന്നതിനനുസരിച്ച്, ഏകദേശം മൂന്നുവയസ്സോടെ, നമ്മളറിയാതെതന്നെ അത് സ്വയം നിലച്ചുപോകും.

ഒന്നാംപിറന്നാള്‍ കഴിഞ്ഞ്

ഒന്നും ഒന്നരയും വയസ്സിനിടയില്‍ കുട്ടികള്‍ ലോകത്തെയറിയാന്‍ കൂടുതലായി ശ്രമിക്കാറുണ്ട്. വസ്തുക്കള്‍ക്ക് എന്തൊക്കെ ഉപയോഗങ്ങളുണ്ടെന്നു പരീക്ഷിക്കാനും ചെന്നുപെടുന്ന കുഴപ്പങ്ങള്‍ സ്വയം പരിഹരിക്കാന്‍ നോക്കാനുമൊക്കെ ഈ പ്രായത്തില്‍ അവര്‍ക്കാകും. കാര്യകാരണബന്ധങ്ങളെ വ്യക്തമായറിയാന്‍ സഹായിക്കുന്ന (ഞെക്കിയാല്‍ ഒച്ചവെക്കുന്ന പാവകള്‍ പോലുള്ള) കളിപ്പാട്ടങ്ങള്‍ കൊടുക്കുന്നതും, കളിഫോണില്‍ സംസാരിക്കുക പോലുള്ള അനുകരണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും, ഉടമസ്ഥാവകാശം എന്ന ആശയം പരിചയപ്പെടുത്തുന്നതും (“ഈ പാവ നിന്‍റേതാണ്”, “ഇത് അമ്മയുടെ സാരിയാണ്") ഒക്കെ ഈ ഘട്ടത്തില്‍ നല്ലതാണ്.

ഒന്നരവയസ്സിനും രണ്ടുവയസ്സിനുമിടയിലുള്ളവര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ നേരത്തേക്ക് ഓര്‍മയില്‍ നിര്‍ത്താനും ചില ലളിതമായ പ്രവൃത്തികള്‍ സ്വന്തമായി ആസൂത്രണം ചെയ്യാനും സാധിക്കും. രണ്ട് ഓപ്ഷനുകളില്‍ നിന്ന് ഒരെണ്ണം തെരഞ്ഞെടുക്കാന്‍ അവസരങ്ങള്‍ കൊടുക്കുന്നത് (”ആപ്പിളു വേണോ ഓറഞ്ചു വേണോ?”) സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള കഴിവു വളര്‍ത്തും. ഒന്നിനുള്ളില്‍ മറ്റൊന്ന് ഇറക്കിവെക്കാവുന്ന തരം പാത്രങ്ങള്‍ ലഭ്യമാക്കുന്നത് വലിപ്പം എന്ന ആശയം വ്യക്തമാകാന്‍ സഹായിക്കും. പതിവുസംസാരത്തിനിടയില്‍ നിറങ്ങളെയും ആകൃതികളെയും എണ്ണങ്ങളെയുമൊക്കെക്കുറിച്ചുള്ള സൂചനകള്‍ ഉള്‍ക്കൊള്ളിക്കുന്നതും (“നിന്‍റെ നീല ഷര്‍ട്ട് എവിടെ?”) ഈ പ്രായത്തില്‍ നല്ലതാണ്.

പദസമ്പത്തിലുണ്ടാകുന്ന ഗണ്യമായ വളര്‍ച്ച രണ്ടുവയസ്സോടെ ചിന്തകളുടെ വേഗവും ക്ഷമതയും വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇത് ഏറ്റവുമധികം പ്രകടമാകുന്നത് കളികളിലാണ്. ഒരു വസ്തുവിനെ മറ്റൊന്നെന്നു കണക്കാക്കുക (ഉദാ:- പുതപ്പിനെ മാന്ത്രികപ്പരവതാനിയെന്നു സങ്കല്പിക്കുക), മോഡലുകള്‍ വെച്ചു കളിക്കുക (ഉദാ:- ഡോക്ടര്‍സെറ്റു കൊണ്ട് പാവയെ ചികിത്സിക്കുക) തുടങ്ങിയവ സൂചിപ്പിക്കുന്നത് ആശയങ്ങളെ മനസ്സില്‍ സൂക്ഷിക്കാനുള്ള കഴിവും പദസമ്പത്തും കൈവന്നുകഴിഞ്ഞു എന്നാണ്.

മൂന്നുവയസ്സോടെ വസ്തുക്കളെ വലിപ്പമോ നിറമോ ഒക്കെയനുസരിച്ച് തരംതിരിക്കാന്‍ കുട്ടികള്‍ക്കാകും. ഇക്കൂട്ടര്‍ക്കായി കളിപ്പാട്ടങ്ങളെ പല മാനദണ്ഡങ്ങള്‍ക്കനുസരിച്ച് തരംതിരിക്കുന്ന കളികള്‍ ഒരുക്കാവുന്നതാണ്. പതിവു സംഭാഷണങ്ങള്‍ക്കിടയില്‍ “ഇനിയും" “മുകളില്‍/താഴെ" തുടങ്ങിയ ആശയങ്ങള്‍ മനസ്സിലാക്കിക്കാനും, ക്രമത്തില്‍ എണ്ണാന്‍ അവസരം നല്‍കുന്ന കളികളില്‍ പങ്കെടുപ്പിക്കാനും ശ്രദ്ധിക്കുക. കാര്യങ്ങള്‍ ചെയ്തെടുക്കാന്‍ അവര്‍ സ്വന്തം രീതികള്‍ പരീക്ഷിക്കുമ്പോള്‍ തടസ്സപ്പെടുത്താതിരിക്കുക.

കുറേ മുമ്പു നടന്നതോ പറഞ്ഞതോ ആയ കാര്യങ്ങള്‍ ഓര്‍ത്തിരിക്കാന്‍ ഈ പ്രായക്കാര്‍ക്കു പ്രയാസമായിരിക്കും. അതുകൊണ്ടുതന്നെ ദിനചര്യകള്‍ക്ക് ഒരു കൃത്യനിഷ്ഠ പാലിക്കുന്നത് അവ പ്രശ്നങ്ങളില്ലാതെ തീര്‍ന്നുകിട്ടാന്‍ സഹായിക്കും.

വിഷങ്ങളും വളങ്ങളും

ബൌദ്ധികവളര്‍ച്ചയെ താറുമാറാക്കുന്ന പല ഘടകങ്ങളെയും ഗവേഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കുഞ്ഞുപ്രായത്തില്‍ അവഗണനയോ കടുത്ത മാനസികസമ്മര്‍ദ്ദമോ കൊടിയ ശാരീരികപീഢനങ്ങളോ അനുഭവിക്കുക, ഒറ്റപ്പെട്ടോ ബഹളമയമായ സാഹചര്യങ്ങളിലോ വളരേണ്ടിവരിക, സാമ്പത്തിക പിന്നാക്കാവസ്ഥ, മാതാപിതാക്കള്‍ക്ക് വിദ്യാഭ്യാസമില്ലായ്മ, അമിതമായ ടെലിവിഷന്‍കാഴ്ച എന്നിവ ഇതില്‍പ്പെടുന്നു. ആവശ്യത്തിന് ഉറക്കവും, വീട്ടിലും സ്കൂളിലും ശാന്തമായ അന്തരീക്ഷവും ലഭ്യമാകുന്നത് ബുദ്ധിവികാസത്തെ സഹായിക്കുന്നുമുണ്ട്.

ഭാഷാപുസ്തകത്തിലെ ആദ്യമഷിപ്പാടുകള്‍

ബുദ്ധിയിലധിഷ്ഠിതമായ കഴിവുകളുടെയെല്ലാം അടിസ്ഥാനം ഭാഷയാണ് എന്നതിനാല്‍ അതിന്‍റെ വികാസം കൂടുതല്‍ ശ്രദ്ധയര്‍ഹിക്കുന്നുണ്ട്. ആദ്യനാളുകളില്‍ മുഖഭാവങ്ങളിലൂടെയും കരച്ചിലിലൂടെയും മാത്രം സംവദിക്കുന്ന കുട്ടികള്‍ ഒന്നരമുതല്‍ മൂന്നുവരെ മാസങ്ങള്‍ക്കിടയില്‍ കൂവാനും ചില അര്‍ത്ഥമില്ലാത്ത ശബ്ദങ്ങള്‍ പുറപ്പെടുവിക്കാനും തുടങ്ങുന്നുണ്ട്. കൂവുന്ന കുട്ടിയോടു തിരിച്ചു കൂവുക. കൈകളുയര്‍ത്തുമ്പോള്‍ പൊക്കിയെടുത്തും നമ്മെ നോക്കുമ്പോള്‍ തിരിച്ച് ആ കണ്ണുകളിലേക്കു നോക്കിയും കുട്ടിയോടു വല്ലതും സംസാരിക്കുക — ഇതൊക്കെ ആശയവിനിമയത്തിനുള്ള തന്‍റെ ശ്രമങ്ങള്‍ക്ക് പ്രാധാന്യവും ഫലവും കിട്ടുന്നുണ്ടെന്ന ധാരണ കുട്ടിയില്‍ വളര്‍ത്തും.

തുടര്‍ന്നുള്ള മാസങ്ങളില്‍ ചില വാക്കുകളെ അര്‍ത്ഥമറിയാതെ ആവര്‍ത്തിക്കാനും, ഒരു വയസ്സെത്തുന്നതിനു മുമ്പ് ആംഗ്യങ്ങളിലൂടെ സംവദിക്കാനും, ആദ്യ പിറന്നാളോടെ ഓരോരോ വാക്കുകളായി ഉച്ചരിക്കാനും, ഒന്നരവയസ്സിനും രണ്ടുവയസ്സിനുമിടക്ക് ലളിതമായ വാചകങ്ങളില്‍ സംസാരിക്കാനും കുട്ടികള്‍ക്കാകും. വാക്കുകളും വാചകങ്ങളും ആവര്‍ത്തിച്ചു കേള്‍പ്പിക്കുന്നത് പദസമ്പത്തിനെയും മറുപടികളില്‍ കുട്ടിയുടെ വാക്കുകള്‍ കൂടി ഉള്‍പ്പെടുത്തുന്നത് ഉച്ചാരണശുദ്ധിയെയും സഹായിക്കും. കുട്ടി പറയുന്നതു മുഴുവനും ശ്രദ്ധിച്ചുകേട്ട ശേഷം മാത്രം മറുപടി കൊടുക്കുന്നത് സംസാരം ഊഴമിട്ടു ചെയ്യേണ്ട ഒന്നാണ് എന്ന ധാരണയുണ്ടാക്കും. സംസാരിക്കുമ്പോള്‍ കഴിവതും കുട്ടിയുടെ പൊക്കത്തിലേക്കു താഴ്ന്നുചെല്ലുക. വിശദമായി ഉത്തരം പറയേണ്ട തരം ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുക. ശരീരഭാഷയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

മൂന്നു വയസ്സോടെ അഞ്ചില്‍ക്കൂടുതല്‍ വാക്കുകളുള്ള, കൂടുതല്‍ സങ്കീര്‍ണമായ വാചകങ്ങളിലൂടെ അവരോടു സംസാരിക്കുകയും, ദൈനംദിനസംഭവങ്ങളെയും ഇഷ്ടാനിഷ്ടങ്ങളെയുമൊക്കെപ്പറ്റി വിശദമായിപ്പറയാന്‍ അവസരങ്ങള്‍ കൊടുക്കുകയും ചെയ്യാം. നാലു വയസ്സോടെ അടയാളങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ് ലഭിക്കും എന്നതിനാല്‍ ട്രാഫിക്ക് സിംബലുകളെയും മറ്റും പരിചയപ്പെടുത്തുകയും, കളിപ്പാട്ടങ്ങളും മറ്റും സൂക്ഷിക്കുന്ന സ്ഥലങ്ങള്‍ അനുയോജ്യമായ ചിത്രങ്ങള്‍ കൊണ്ട് അടയാളപ്പെടുത്തുകയും ചെയ്യാം.

ഭാഷാവരം പെയ്യുന്ന മുഹൂര്‍ത്തം

ജീവിതത്തിന്‍റെ ആദ്യമാസങ്ങളില്‍ ഏതു ഭാഷയിലെയും ഏതൊരു ശബ്ദവും വേര്‍തിരിച്ചറിയാന്‍ കുട്ടികള്‍ക്കാകും. എന്നാല്‍ വളരുന്നതിനനുസരിച്ച് ഈയൊരു കഴിവ് അവര്‍ക്കു നഷ്ടമാകുന്നുണ്ട്. മുതിര്‍ന്നുകഴിഞ്ഞ് പഠിച്ചെടുക്കുന്ന ഭാഷകളില്‍ ഒരാള്‍ ഏഴെട്ടുവയസ്സിനു മുമ്പ് കേട്ടുപരിചയിച്ചിട്ടില്ലാത്ത ശബ്ദങ്ങളുണ്ടെങ്കില്‍ അവ വ്യക്തമായി ഉച്ചരിക്കുക അയാള്‍ക്ക് പ്രയാസമായിരിക്കും. (ഹിന്ദിക്കാര്‍ക്ക് “ഴ" എന്നു പറയാനാവാത്തത് ഒരുദാഹരണമാണ്!). തക്കതായ ഉത്തേജനത്തിന്‍റെ അഭാവത്തില്‍ പ്രസ്തുത ശബ്ദങ്ങളുമായി ബന്ധപ്പെട്ട നാഡീബന്ധങ്ങള്‍ ഒരിക്കലും രൂപപ്പെടാതെ പോകുന്നതാകാം ഇതിനു കാരണം.

പ്രീസ്കൂള്‍ക്കാലത്ത് ഓര്‍ത്തിരിക്കാന്‍

നാലു തികഞ്ഞവര്‍ക്ക് സമയം, ക്രമം തുടങ്ങിയ ആശയങ്ങള്‍ ഉള്‍ക്കൊള്ളാനാകും. അവര്‍ക്ക് വാച്ച്, കലണ്ടര്‍ തുടങ്ങിയവ ലഭ്യമാക്കുക. കഥകള്‍ കേള്‍പ്പിച്ചിട്ട് ആദ്യമെന്തു നടന്നു, പിന്നീടെന്തു സംഭവിച്ചു എന്നൊക്കെ ചോദിച്ചറിയുക. ഓരോ ദിവസത്തെയും സംഭവങ്ങള്‍ വിവരിക്കാനാവശ്യപ്പെടുക. കളിപ്പാട്ടങ്ങള്‍, പടികള്‍ തുടങ്ങിയവ എണ്ണാനും, ബ്ലോക്കുകള്‍ കൊണ്ട് കെട്ടിടങ്ങളെയും മൃഗങ്ങളെയുമൊക്കെ നിര്‍മിക്കാനും, വസ്തുക്കളുടെ എണ്ണം, നിറം, വലിപ്പം തുടങ്ങിയവയെപ്പറ്റി സംസാരിക്കാനുമൊക്കെ അവസരങ്ങള്‍ നല്‍കുക. ഒന്നില്‍ക്കൂടുതല്‍ ഉപയോഗങ്ങളുള്ള ബ്ലോക്കുകള്‍, പെട്ടികള്‍ തുടങ്ങിയ കളിപ്പാട്ടങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുക. ലളിതമായ നാടന്‍ കളിപ്പാട്ടങ്ങള്‍ വിലയേറിയ ഹൈടെക്ക് കളിക്കോപ്പുകളുടെയത്രതന്നെ ഫലപ്രദമാണ് എന്നോര്‍ക്കുക.

അഞ്ചുവയസ്സോടെ ബോര്‍ഡ്ഗെയിമുകളും പസിലുകളും പോലുള്ള ഓര്‍മയുപയോഗപ്പെടുത്തേണ്ട കളികള്‍ പ്രോത്സാഹിപ്പിക്കുക. യാത്ര, കാലാവസ്ഥ, കുടുംബം തുടങ്ങിയ ആശയങ്ങളെയും സംഗീതം, നൃത്തം തുടങ്ങിയ കലാരൂപങ്ങളെയും പരിചയപ്പെടുത്തുക. മ്യൂസിയം, ലൈബ്രറി തുടങ്ങിയവ കാണിച്ചുകൊടുത്ത് വിവിധ വിഷയങ്ങളില്‍ ജിജ്ഞാസ വളര്‍ത്തുക. സ്വന്തമായി ചിന്തിച്ച് തന്‍റേതായ നിഗമനങ്ങളിലെത്താന്‍ അവസരം കൊടുക്കുക. കാര്യകാരണബന്ധങ്ങളെക്കുറിച്ചുള്ള തിരിച്ചറിവും പ്രശ്നപരിഹാരശേഷിയും വളര്‍ത്താനുതകുന്ന ചോദ്യങ്ങള്‍ ഉയര്‍ത്തുക. അവര്‍ ഉത്തരങ്ങള്‍ തരുമ്പോള്‍ “എന്തുകൊണ്ട് ആ ഉത്തരം?” എന്ന്‍ തിരിച്ചുചോദിക്കുക.

അമ്പട ഞാനേ!

ഏഴുവയസ്സിനു താഴെയുള്ളവര്‍ക്ക് മറ്റൊരാളുടെ വീക്ഷണകോണില്‍ നിന്ന് കാര്യങ്ങളെ നോക്കിക്കാണാന്‍ കഴിയാറില്ല. താനാണ് ലോകത്തിന്‍റെ കേന്ദ്രബിന്ദു എന്നും, ലോകത്തെല്ലാവര്‍ക്കും തന്‍റെതന്നെ കാഴ്ചപ്പാടുകളും വികാരങ്ങളുമാണ് ഉള്ളത് എന്നും അവര്‍ ധരിച്ചുവെക്കാം. ഉദാഹരണത്തിന്, തന്‍റെ ഇഷ്ടസീരിയല്‍ മറ്റുള്ളവര്‍ക്കും പ്രിയപ്പെട്ടതാണ് എന്ന് അവര്‍ വിചാരിക്കാം. മറ്റുള്ളവരുമായി ഇടപഴകാന്‍ കഴിയുന്നത്ര അവസരങ്ങള്‍ ഒരുക്കുന്നത് ഈ ചിന്താഗതി മാറിക്കിട്ടാന്‍ സഹായിക്കും.

ഏഴാംവയസ്സിലെ പുത്തന്‍കഴിവുകള്‍

ഏഴുവയസ്സോടെ പ്രകടമായിത്തുടങ്ങുന്ന രണ്ടു കഴിവുകളുണ്ട്. വസ്തുക്കളെ ഒന്നിലധികം കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇനംതിരിക്കാനുള്ള കഴിവാണ് അതിലൊന്ന്‍. അഞ്ചു പാവകളും നാലു കളിവണ്ടികളും കാണിച്ച് “പാവകളാണോ കളിപ്പാട്ടങ്ങളാണോ കൂടുതലുള്ളത്?” എന്നു ചോദിച്ചാല്‍ ശരിയുത്തരം തരാന്‍ ഈ പ്രായത്തിലുള്ളവര്‍ക്കാകും. എന്നാല്‍ ഇതിലും ചെറുപ്പമായവര്‍ക്ക് കളിവണ്ടികള്‍ കളിപ്പാട്ടങ്ങള്‍ കൂടിയാണെന്ന ബോദ്ധ്യം ചുരുക്കമായിരിക്കും. അടുത്തത് വസ്തുക്കള്‍ തമ്മിലുള്ള ബന്ധം താരതമ്യപ്പെടുത്തി നിഗമനങ്ങളിലെത്തിച്ചേരാനുള്ള കഴിവാണ്. ഉദാഹരണത്തിന്, ജയന് വിനോദിനേക്കാളും വിനോദിന് കുട്ടനേക്കാളും പൊക്കമുണ്ട് എങ്കില്‍ ജയനാണോ കുട്ടനാണോ കൂടുതല്‍ പൊക്കമുള്ളത് എന്നു പറയാന്‍ ഏഴുവയസ്സില്‍ത്താഴെയുള്ളവര്‍ക്ക് പാടായിരിക്കും.

യുക്തിസഹമായി ചിന്തിക്കാനുള്ള കഴിവ് രൂപപ്പെടുന്നത് ഏഴുമുതല്‍ പന്ത്രണ്ട് വയസ്സു വരെയുള്ള കാലത്താണ്. വ്യത്യസ്ത സംഭവങ്ങളെ നിരീക്ഷിച്ച് അവയുടെ പൊതുതത്വം മനസ്സിലാക്കാനും, സമാന സന്ദര്‍ഭങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ആ തത്വം ഉപയോഗപ്പെടുത്തി പ്രശ്നപരിഹാരം കാണാനുമുള്ള കഴിവുകളും ഈ പ്രായത്തിലാണ് ഉരുത്തിരിയുന്നത്. വസ്തുക്കളെ വലിപ്പക്രമത്തില്‍ അടുക്കാനും, മനക്കണക്കുകള്‍ ചെയ്യാനും, ദൂരവും വിസ്തീര്‍ണവും പോലുള്ള സ്ഥലസംബന്ധിയായ ധാരണകള്‍ ഉള്‍ക്കൊള്ളാനുമൊക്കെയാകുന്നതും ഇതേ കാലത്താണ്.

ഓര്‍മകളെപ്പറ്റി ചില ഓര്‍മപ്പെടുത്തലുകള്‍

ഓര്‍മകള്‍ പലതരമുണ്ട്. അവ നമുക്ക് കൈവരിക്കാനാകുന്നത് പല പ്രായങ്ങളിലും ആണ്. ഷര്‍ട്ടിന്‍റെ ബട്ടണിടുക, മുറിയില്‍ക്കടന്നാല്‍ കുറ്റിയിടുക എന്നിങ്ങനെ ചില കാര്യങ്ങള്‍ നമുക്ക് ബോധപൂര്‍വമായ ഒരു ശ്രമവും കൂടാതെ ചെയ്തുതീര്‍ക്കാന്‍ പറ്റാറുണ്ടല്ലോ. ഇത്തരം കഴിവുകള്‍ക്കുള്ള ഓര്‍മ (Implicit memory) ജനനസമയത്തേ നമ്മുടെ മനസ്സുകളില്‍ പൂര്‍ണവളര്‍ച്ചയോടെ നിലനില്‍ക്കുന്നുണ്ട്. വസ്തുതകളെ കുറച്ചുനേരത്തേക്ക് മനസ്സില്‍ നിലനിര്‍ത്തി കൈകാര്യംചെയ്യാനുള്ള കഴിവ് (Working memory) നാലു വയസ്സു മുതല്‍ കൌമാരക്കാലം വരെ ക്രമേണ വര്‍ദ്ധിച്ചുവരികയാണു ചെയ്യുന്നത്. വസ്തുതകളെ ദീര്‍ഘനാള്‍ ഓര്‍ത്തിരിക്കാനുള്ള കഴിവ് (Declarative memory) തരുന്ന ഹിപ്പോകാംപാസ് എന്ന ഭാഗത്തിന്‍റെ വളര്‍ച്ച എട്ടുവയസ്സോടെ പൂര്‍ത്തിയാകുമ്പോള്‍ മാത്രമാണ് ആ ഒരു കഴിവിന്‍റെ വികാസവും പൂര്‍ണമാകുന്നത്.

ചില കാര്യങ്ങള്‍ മനസ്സിരുത്തിയാല്‍ കുട്ടികളുടെ ഓര്‍മശക്തി മെച്ചപ്പെടുത്താനാകും. ഓര്‍ത്തിരിക്കേണ്ട സംഭവങ്ങളെയും വ്യക്തികളെയുമൊക്കെ മനക്കണ്ണുകളില്‍ കാണുക, വസ്തുതകള്‍ പലതവണ മനസ്സില്‍ ഉരുവിടുക, പുതിയ അറിവുകളെ മനസ്സില്‍ മുമ്പേയുള്ള വിവരങ്ങളുമായി ബന്ധപ്പെടുത്തുക, മാനസികസമ്മര്‍ദ്ദം നിയന്ത്രിക്കുക, ആവശ്യത്തിന് ഉറങ്ങുക തുടങ്ങിയവ ഇതില്‍പ്പെടുന്നു. പഠിക്കാനുള്ള വിഷയത്തെപ്പറ്റി ജിജ്ഞാസ ജനിപ്പിക്കുകയും പുതിയ വിവരങ്ങളുടെ വ്യക്തിപരമായ പ്രസക്തി തിരിച്ചറിയാന്‍ സഹായിക്കുകയുമൊക്കെ മാതാപിതാക്കള്‍ക്കു ചെയ്യാവുന്ന കാര്യങ്ങളാണ്.

ആത്മകഥകളിലില്ലാത്ത ആദ്യതാളുകള്‍

ഒരഞ്ചുവയസ്സിനു മുമ്പുനടന്ന മിക്ക സംഭവങ്ങളും നമ്മുടെ മനസ്സുകളില്‍ നിന്ന് മാഞ്ഞുപോയിട്ടുണ്ട്. ഇതെന്തുകൊണ്ടു സംഭവിക്കുന്നു എന്നതിനെപ്പറ്റി പല വിശദീകരണങ്ങളും നിലവിലുണ്ട്:

  1. ഇത്തരം ഓര്‍മകളെ സൂക്ഷിച്ചുവെക്കുന്ന മസ്തിഷ്കഭാഗങ്ങളുടെ വളര്‍ച്ച ആ പ്രായത്തില്‍ അപൂര്‍ണമാണ്.
  2. ഓര്‍മകളുടെ കേന്ദ്രമായ ഹിപ്പോകാംപസ് എന്ന ഭാഗത്ത് ആ പ്രായത്തില്‍ പുതിയപുതിയ നാഡീബന്ധങ്ങള്‍ അതിശീഘ്രം സൃഷ്ടിക്കപ്പെടുന്നുണ്ട്. ആ തിരക്കില്‍ ഓര്‍മകളെ ശാശ്വതമായി രേഖപ്പെടുത്താനുള്ള അവസരം തലച്ചോറിന് കിട്ടാതെപോകാം. പുതിയ ബന്ധങ്ങള്‍ നിര്‍മിക്കപ്പെടുമ്പോള്‍ മുന്നനുഭവങ്ങളെ ശേഖരിച്ചുവെച്ചിരിക്കുന്ന പഴയ നാഡീബന്ധങ്ങള്‍ താറുമാറായിപ്പോവുകയുമാവാം.
  3. ഒരു സംഭവത്തെക്കുറിച്ച് വീണ്ടുംവീണ്ടും ചിന്തിക്കുന്നത് അത് ഓര്‍മയില്‍ നന്നായിപ്പതിയാന്‍ സഹായിക്കും. എന്നാല്‍ കുട്ടികള്‍ സ്വതവേ ഈയൊരു ശീലം കാണിക്കാറില്ല. (പ്രധാന സംഭവങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ പലയാവര്‍ത്തി സംസാരിക്കുകയാണെങ്കില്‍ മൂന്നുനാലു വയസ്സുകാര്‍ക്കും അവയെ ഓര്‍മയില്‍ നിര്‍ത്താനായേക്കും.){/xtypo_quote}

മണ്ണറിഞ്ഞ് വളമിടാം

ലെവ് വൈഗോട്ട്സ്കി എന്ന മനശ്ശാസ്ത്ജ്ഞന്‍റെ സിദ്ധാന്തപ്രകാരം ജീവിക്കുന്ന സമൂഹത്തിന്‍റെ വിശ്വാസങ്ങളും സംസ്കാരവുമൊക്കെ കുട്ടികളുടെ ബൌദ്ധികവളര്‍ച്ചയെ ഏറെ സ്വാധീനിക്കുന്നുണ്ട്. ചിന്താശേഷിയും അനുബന്ധകഴിവുകളും കുട്ടികള്‍ക്കു കിട്ടുന്നത് മറ്റുള്ളവരുമായുള്ള ഇടപെടലുകളില്‍ നിന്നാണ്. കുട്ടിക്കറിയാത്ത കാര്യങ്ങള്‍ സ്വയം ചെയ്തുകാണിക്കുകയോ തക്കതായ നിര്‍ദ്ദേശങ്ങള്‍ യഥാസമയം ലഭ്യമാക്കുകയോ ചെയ്യുന്ന വിദഗ്ദ്ധനായ ഒരു പരിശീലകന്‍റെ സാന്നിദ്ധ്യം ബൌദ്ധികവളര്‍ച്ചക്ക് നല്ലൊരു കൈത്താങ്ങാണ്.

ഉദാഹരണത്തിന്, ഒരു ജിഗ്സോ പസില്‍ പരിഹരിക്കാന്‍ കുട്ടിക്കാവുന്നില്ല എന്നിരിക്കട്ടെ. കോര്‍ണര്‍പീസുകള്‍ എങ്ങിനെ തിരിച്ചറിയാം എന്നു പറഞ്ഞുകൊടുക്കുകയും, അതിലൊന്നിന്‍റെയടുത്തു വരുന്ന രണ്ടു കഷ്ണങ്ങള്‍ കണ്ടുപിടിച്ചു നല്‍കുകയും, എന്തടിസ്ഥാനത്തിലാണ് അവയെ തെരഞ്ഞെടുത്തതെന്ന് വിശദീകരിക്കുകയും, ബാക്കി കഷ്ണങ്ങള്‍ സ്വയം കണ്ടെത്താന്‍ അവസരം കൊടുക്കുകയും, അത് നേരാംവണ്ണം ചെയ്താല്‍ അനുമോദിക്കുകയുമൊക്കെ ചെയ്യുന്നത് അത്തരം പസിലുകള്‍ ആ കുട്ടിക്ക് ഒരു പ്രശ്നമല്ലാതാക്കും. കുട്ടിക്ക് വൈദഗ്ദ്ധ്യം കൈവരുന്നതിനനുസരിച്ച് ഈയൊരു പങ്കാളിത്തം കുറച്ചുകൊണ്ടുവരാവുന്നതുമാണ്.

പരസ്പരസഹകരണവും മറ്റുള്ളവരുടെ മേല്‍നോട്ടത്തിലെടുക്കുന്ന തീരുമാനങ്ങളും ഉള്‍ക്കൊള്ളുന്ന ഇത്തരം പരിശീലനങ്ങളാണ് ഏറ്റവും ഫലപ്രദം എന്നാണ് വൈഗോട്ട്സ്കിയുടെ പക്ഷം. മാതാപിതാക്കള്‍ക്കോ അദ്ധ്യാപകര്‍ക്കോ മാത്രമല്ല, സമപ്രായക്കാര്‍ക്കും സോഫ്റ്റ്‌വെയറുകള്‍ക്കും പോലും വിവിധ കഴിവുകള്‍ക്കുള്ള പരിശീലകരുടെ പങ്കുവഹിക്കാനാകും.

“ആര്‍ജിക്കാവുന്ന കഴിവുകള്‍" എന്നൊരാശയവും വൈഗോട്ട്സ്കി മുന്നോട്ടുവെക്കുകയുണ്ടായി (ചിത്രം 2). ഇപ്പോഴേ ചെയ്യാവുന്ന കാര്യങ്ങളുടെയും തീരെ അസാദ്ധ്യമായവയുടേയും ഇടക്കാണ് ഒരു പരിശീലകന്‍റെ സഹായത്തോടെ നേടിയെടുക്കാവുന്ന ഈ കഴിവുകളുടെ സ്ഥാനം. (മുമ്പു പറഞ്ഞ ജിഗ്സോപസിലിനു പരിഹാരം കാണല്‍ ഒരുദാഹരണമാണ്.) ഓരോ കുട്ടിയുടെയും ഈ ഗണത്തില്‍പ്പെടുന്ന കഴിവുകളെ തിരിച്ചറിഞ്ഞ് അവക്കാണ് ഏറ്റവും ശ്രദ്ധ നല്‍കേണ്ടത് എന്നാണ് വൈഗോട്ട്സ്കി നിര്‍ദ്ദേശിക്കുന്നത്.

b2ap3_thumbnail_vygotsky.jpg

ഏതൊരു കഴിവിന്‍റെ പരിശീലനത്തിലും ഈ സിദ്ധാന്തത്തിലൂന്നിയ ചില നിര്‍ദ്ദേശങ്ങള്‍ പ്രയോജനപ്പെടുത്താം. കുട്ടിക്ക് എത്രത്തോളം മുന്നറിവ് ഉണ്ട് എന്നു മനസ്സിലാക്കി പുതിയ വിവരങ്ങള്‍ അതിനനുസൃതമായി പറഞ്ഞോ കാണിച്ചോ കൊടുക്കുന്നതും, കുട്ടിയുടെ നിലവാരത്തിനൊത്ത സാധനസാമഗ്രികള്‍ ലഭ്യമാക്കുന്നതുമൊക്കെ നല്ല നടപടികളാണ്. പല സ്റ്റെപ്പുകളുള്ള പ്രവൃത്തികളെ സൌകര്യംപോലെ വിഭജിച്ച്, അല്‍പാല്‍പമായി പൂര്‍ത്തിയാക്കാന്‍ അവസരമൊരുക്കി, ഓരോ ഘട്ടത്തിലും അനുയോജ്യമായ നിര്‍ദ്ദേശങ്ങളും പ്രതികരണങ്ങളും അറിയിച്ചുകൊണ്ടിരിക്കാം. സമപ്രായക്കാരുടെ സഹായവും ഉപയോഗപ്പെടുത്താം. ഒരു കഴിവ് നേടിയെടുത്തുകഴിഞ്ഞാല്‍പ്പിന്നെ അത് മേല്‍നോട്ടമൊന്നും കൂടാതെ യഥേഷ്ടം ഉപയോഗിക്കാന്‍ അനുവദിക്കുകയുമാവാം.

കാലിനൊപ്പിച്ച് ചെരിപ്പു മുറിക്കാം

പിയാജേയും വൈഗോട്ട്സ്കിയും യുക്തിപരതയുടെയും ഭാഷയുടെയും വികാസത്തിന് ഊന്നല്‍ കൊടുത്തപ്പോള്‍ ഗാര്‍ഡ്നര്‍ എന്ന മനശ്ശാസ്ത്രജ്ഞന്‍റെ കാഴ്ചപ്പാടില്‍ ഇവ രണ്ടും അനേകതരം ബുദ്ധികളില്‍ ചിലതു മാത്രമാണ്. അദ്ദേഹത്തിന്‍റെ സിദ്ധാന്തപ്രകാരം സംഗീതവും ശബ്ദങ്ങളുമായി ബന്ധപ്പെട്ട ബുദ്ധി, കാഴ്ചകളെയുള്‍ക്കൊള്ളാനും കാര്യങ്ങളെ അകക്കണ്ണുകളില്‍ സങ്കല്‍പിക്കാനുമുള്ള ശേഷി, കയ്യടക്കവും മെയ് വഴക്കവും പോലുള്ള ശാരീരിക കഴിവുകള്‍, വ്യക്തിബന്ധങ്ങള്‍ പുലര്‍ത്താനുള്ള പാടവം, സ്വമനസ്സിനെയോ പ്രകൃതിയെയോ അസ്തിത്വവിഷയങ്ങളെയോ അറിയാനും ഉള്‍ക്കൊള്ളാനുമുള്ള കഴിവുകള്‍ എന്നിവയും പ്രസക്തമാണ്.
ഈ കഴിവുകളൊക്കെ വിവിധ വ്യക്തികളില്‍ വ്യത്യസ്ത അളവുകളിലായിരിക്കും കാണപ്പെടുന്നത്. ശബ്ദവുമായി ബന്ധപ്പെട്ട ബുദ്ധി വേണ്ടത്രയുള്ളവര്‍ക്ക് കാര്യങ്ങള്‍ കേട്ടുമനസ്സിലാക്കാന്‍ പ്രയാസമുണ്ടാവില്ല. എന്നാല്‍ മറ്റുള്ളവര്‍ക്ക് അങ്ങിനെയായിരിക്കില്ല. അതുകൊണ്ടുതന്നെ, സാമ്പ്രദായിക രീതികളിലുള്ള അദ്ധ്യയനങ്ങളില്‍ ശോഭിക്കാതെ പോകുന്നവരെ മോശക്കാരായിക്കാണരുതെന്നും, അവര്‍ക്കുള്ള മറ്റു കഴിവുകളെ ഉപയോഗപ്പെടുത്തി അവരെയും പഠിപ്പിച്ചെടുക്കുകയാണു വേണ്ടത് എന്നുമാണ് ഗാര്‍ഡ്നറുടെ മതം.

പഞ്ചേന്ദ്രിയങ്ങള്‍ക്കതീതമായ ആശയങ്ങള്‍

ഇന്ദ്രിയഗോചരമല്ലാത്ത, അമൂര്‍ത്തമായ (abstract) ആശയങ്ങളെ ഉള്‍ക്കൊള്ളാനുള്ള കഴിവ് ചെറിയ കുട്ടികള്‍ക്കുണ്ടാവില്ല എന്ന് അവരെ വല്ലതും പഠിപ്പിക്കാനൊരുങ്ങുന്നവര്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, ഏഴുവയസ്സില്‍ താഴെയുള്ളവര്‍ക്ക് നീളന്‍ വിശദീകരണങ്ങളോ സങ്കീര്‍ണ്ണത നിറഞ്ഞ ചിത്രങ്ങളോ അല്ല, കണ്ടു മനസ്സിലാക്കാവുന്നതോ കയ്യിലെടുത്തു പെരുമാറാവുന്നതോ ആയ മാതൃകകള്‍ ആണ് ഉപകാരപ്പെടുക. (കൂട്ടലും കുറയ്ക്കലും പഠിപ്പിക്കാന്‍ കോലുകള്‍ ഉപയോഗിക്കുന്നത് ഒരുദാഹരണമാണ്.) സത്യം, നീതി, സദാചാരം തുടങ്ങിയ സങ്കല്‍പങ്ങളെ ഗ്രഹിച്ചെടുക്കാനും, ശരിയുടെ വെളുപ്പിനും തെറ്റിന്‍റെ കറുപ്പിനുമിടയില്‍ ചാരനിറമുള്ള ഏറെ വസ്തുതകള്‍ വേറെയുമുണ്ടെന്നത് ഉള്‍ക്കൊള്ളാനാകാനുമൊക്കെ അമൂര്‍ത്തചിന്തക്കുള്ള കഴിവ് കൂടിയേ തീരൂ. പന്ത്രണ്ടു വയസ്സിനു ശേഷം ഈയൊരു കഴിവ് രൂപപ്പെടുന്നുണ്ട് എന്ന് പിയാജേ പറഞ്ഞിട്ടുണ്ടെങ്കിലും പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഇരുപതാം വയസ്സിലും ഏകദേശം പകുതിയോളം പേര്‍ക്കേ ഇതു സാദ്ധ്യമാകുന്നുള്ളൂ എന്നാണ്.
ഏഴുവയസ്സു കഴിഞ്ഞവരില്‍ അമൂര്‍ത്തചിന്ത വളര്‍ത്തിയെടുക്കാന്‍ കൂട്ടുകാരോട് ആശയങ്ങള്‍ പങ്കുവെക്കാനും ചര്‍ച്ചകള്‍ നടത്താനും പ്രേരിപ്പിക്കുക, ചിത്രങ്ങളും മറ്റു മാതൃകകളും ഉപയോഗിച്ച് സങ്കീര്‍ണ്ണമായ ആശയങ്ങളെ ലളിതവല്‍ക്കരിച്ചു കൊടുക്കുക തുടങ്ങിയ നടപടികള്‍ ഉപയോഗിക്കാം. കൌമാരക്കാരില്‍ ഈ കഴിവു പ്രോത്സാഹിപ്പിക്കാന്‍ ചെറിയ ഗ്രൂപ്പുകളാക്കിത്തിരിച്ച് വിവിധ വിഷയങ്ങളെപ്പറ്റി സംവാദങ്ങള്‍ നടത്തിക്കുകയോ, കാര്യകാരണബന്ധങ്ങള്‍ ബോദ്ധ്യപ്പെടുത്തുന്നതോ യുക്തിയുപയോഗിച്ച് പരിഹരിക്കേണ്ടതോ ആയ ചോദ്യങ്ങള്‍ക്ക് മറുപടിയാവശ്യപ്പെടുകയോ, ഒരു സന്ദര്‍ഭം വിവരിക്കുകയോ ഒരു വീഡിയോ ഭാഗികമായി കാണിക്കുകയോ ചെയ്ത് തുടര്‍ന്നെന്തു സംഭവിക്കും എന്നൂഹിക്കാന്‍ പറയുകയോ ഒക്കെച്ചെയ്യാം.

അമൂര്‍ത്തചിന്തയുടെ ആവിര്‍ഭാവം കൌമാരക്കാരില്‍ ചില പാര്‍ശ്വഫലങ്ങള്‍ക്കും വഴിവെക്കാം. പ്രസക്തമല്ലാത്ത കാര്യങ്ങളുടെ പോലും ശരിതെറ്റുകളെപ്പറ്റി അവര്‍ തലപുകക്കാന്‍ തുടങ്ങാം. തങ്ങളുടെയും മറ്റുള്ളവരുടെയും അമൂര്‍ത്തചിന്തകളും അനുബന്ധ വാദഗതികളും തമ്മില്‍ വേര്‍തിരിച്ചറിയാനുള്ള കഴിവ് അവര്‍ക്കില്ലാതെപോവുകയും ചെയ്യാം. ഉദാഹരണത്തിന്, തന്‍റെ പെരുമാറ്റത്തിലും ചിന്താഗതികളിലും തനിക്കുള്ളയതേ താല്‍പര്യം മറ്റുള്ളവര്‍ക്കും ഉണ്ട് എന്നും, എല്ലാവരും സദാ തന്നെത്തന്നെ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നുമൊക്കെ അവര്‍ ധരിച്ചുവശാവാം. വിവിധ വിഷയങ്ങളെപ്പറ്റി താന്‍ ചിന്തിക്കുന്ന രീതിയില്‍ വേറെയാരും ചിന്തിച്ചിട്ടില്ലെന്നും, മറ്റുള്ളവര്‍ക്ക്, പ്രത്യേകിച്ച് മാതാപിതാക്കള്‍ക്ക്, തന്‍റെ ചിന്തകളെ ഉള്‍ക്കൊള്ളാനാവില്ലെന്നുമെല്ലാം അവര്‍ക്കു തോന്നുകയുമാവാം.

കൌമാരത്തിളപ്പിനു പിന്നില്‍

വികാരങ്ങള്‍ക്കു കടിഞ്ഞാണിടാനും നല്ല തീരുമാനങ്ങളെടുക്കാനും പദ്ധതികള്‍ ആസൂത്രണം ചെയ്യാനുമൊക്കെയുള്ള കഴിവുകള്‍ നമുക്കു തരുന്നത് തലച്ചോറിലെ പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്സ് എന്ന ഭാഗമാണ് (ചിത്രം 3). ഇതിന്‍റെ വികാസം പൂര്‍ണമാകുന്നത് 23-25 വയസ്സോടെയാണ്. പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്സിന്‍റെ വളര്‍ച്ച അപൂര്‍ണമാണ് എന്നതിനാലാണ് കൌമാരക്കാര്‍ പലപ്പോഴും പല കാര്യങ്ങളിലും മുന്‍പിന്‍നോക്കാതെ എടുത്തുചാടുന്നതും അനാരോഗ്യകരമായ പ്രവണതകള്‍ക്ക് എളുപ്പത്തില്‍ വശംവദരാകുന്നതും എല്ലാം.

b2ap3_thumbnail_prefrontal_cortex.jpg

(2014 മേയ് ലക്കം അവര്‍ കിഡ്സ്‌ മാസികയില്‍ പ്രസിദ്ധീകരിച്ചത്)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.

ഫേസ്ബുക്ക് നമ്മോടും നാം തിരിച്ചതിനോടും ചെയ്യുന്നത്
വേനലവധിയെ ആരോഗ്യദായകമാക്കാം
 

ഏറ്റവും പ്രസിദ്ധം

25 February 2014
പ്രണയം എന്ന വിഷയം കാലങ്ങളായി എഴുത്തുകാരുടെയും തത്വചിന്തകരുടെയും സാധാരണക്കാരുടെയുമൊക്കെ വിശകലനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. എങ്കിലും പ്രണയത്തിന്‍റെ സങ്കീര്‍ണതകളുടെ ഇഴപിരിച്ചറിയാന്‍ താല്പര്യമുള്ളവര്‍ ആധ...
62537 Hits
24 October 2015
ലൈംഗികാവയവങ്ങള്‍, സംഭോഗം, ഗര്‍ഭനിരോധനം, ലൈംഗികരോഗങ്ങള്‍ തുടങ്ങിയവയെപ്പറ്റി നിങ്ങള്‍ക്ക് എത്രത്തോളം വിവരമുണ്ടെന്നു പരിശോധിച്ചറിയാന്‍ താല്‍പര്യമുണ്ടോ? എങ്കില്‍ താഴെക്കൊടുത്ത ഇരുപത്തഞ്ചു പ്രസ്താവനകള്‍ ഓര...
41905 Hits
08 April 2014
ഒരു സുപ്രഭാതത്തില്‍ അടിവസ്ത്രത്തില്‍ ചലപ്പാടുകള്‍ ശ്രദ്ധിച്ച് എവിടുത്തെ മുറിവാണു പഴുത്തുപൊട്ടിയത് എന്നാശങ്കപ്പെടുന്ന ആണ്‍കുട്ടികളുടെയും, പെട്ടെന്നൊരുനാള്‍ ചോരയൂറിവരുന്നതു കാണുമ്പോള്‍ മാത്രം ഒരവയവത്തിന...
26400 Hits
13 September 2012
ഒരാളുടെ വ്യക്തിത്വം അയാളുടെ വ്യക്തിബന്ധങ്ങളെയും തൊഴില്‍വിജയത്തെയും ആരോഗ്യത്തെയും വളരെയധികം സ്വാധീനിക്കുന്നുണ്ട്. തന്‍റെ കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും തന്നോടു തന്നെയുമുള്ള ഒരാളുടെ പെരുമാറ്റരീതി ...
23152 Hits
15 November 2013
ബാല്യവും കൌമാരവും കടന്ന്‍ ഒരാള്‍ യൌവനത്തിലേക്കു പ്രവേശിക്കുന്നതിനോടൊപ്പം അയാളില്‍ മാനസിക പിരിമുറുക്കത്തിനിടയാക്കുന്ന പ്രധാന ഘടകങ്ങള്‍ ഏതൊക്കെ എന്നതിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. യൗവനാരംഭത്തില്‍ പ...
21058 Hits
Looking for a mental hospital in Kerala? Visit the website of SNEHAM.

എഫ്ബിയില്‍ കൂട്ടാവാം

Looking for a deaddiction center in Kerala? Visit the website of SNEHAM.