മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്

ഡോ. ഷാഹുല്‍ അമീന്‍ എന്ന സൈക്ക്യാട്രിസ്റ്റ് വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍

കുടുങ്ങാതിരിക്കാം, തട്ടിപ്പുകളില്‍

scams-psychology-malayalam

സമ്പൂര്‍ണ്ണ സാക്ഷരതയുള്ള, സമസ്ത മേഖലകളിലും കേമത്തം കരസ്ഥമാക്കുകയും അതില്‍ അഭിമാനിക്കുകയും ചെയ്യുന്ന മലയാളിക്കു പക്ഷേ മറ്റൊരു മുഖം കൂടിയുണ്ട്. പല തട്ടിപ്പുകളിലും നാം മുന്‍പിന്‍നോക്കാതെ തലവെച്ചുകൊടുക്കാറുണ്ട്. മണി ചെയിനും ആടുതേക്കുമാഞ്ചിയവും തൊട്ട് ടോട്ടല്‍ ഫോര്‍ യൂവും നൈജീരിയാക്കാരുടെ ഓണ്‍ലൈന്‍ കൗശലങ്ങളും വരെയുള്ള ഒട്ടനേകം തരം തട്ടിപ്പുകള്‍ക്ക് മലയാളി ഏറെ ഇരയായിക്കഴിഞ്ഞിട്ടുണ്ട്.

പഠനങ്ങള്‍ പറയുന്നത്, ബുദ്ധിയോ വിദ്യാഭ്യാസയോഗ്യതയോ ഒരാള്‍ തട്ടിപ്പുകാരുടെ സൂത്രങ്ങളിൽക്കുരുങ്ങുന്നതു തടയാന്‍ പര്യാപ്തമാകുന്നില്ല എന്നാണ്. മാത്രമല്ല, അഭ്യസ്തവിദ്യര്‍ തട്ടിപ്പില്‍ കുടുങ്ങാനുള്ള സാദ്ധ്യത പലപ്പോഴും കൂടുതല്‍ പോലുമാണ്. “തന്നെയാര്‍ക്കും കബളിപ്പിക്കാനാവില്ല” എന്ന മൂഢമായ ആത്മവിശ്വാസം ഇവിടെ ഒരു ഘടകമാണ്. ഒരു മേഖലയില്‍ നല്ല പരിചയവും പ്രാവീണ്യവും ഉള്ളവരാകാം ആ മേഖലയുമായി ബന്ധപ്പെട്ടയൊരു തട്ടിപ്പില്‍ കൂടുതലായും പെടുന്നത്. ഉദാഹരണത്തിന്, വര്‍ഷങ്ങളായി ലോട്ടറിയെടുക്കുകയും നറുക്കെടുപ്പിന്‍റെ ഉള്ളുകള്ളികളെല്ലാം നന്നായറിയുകയും ചെയ്യുന്നവരാണ് ലോട്ടറിയുമായി ബന്ധപ്പെട്ട തട്ടിപ്പുകളില്‍ മിക്കപ്പോഴും കുടുങ്ങാറ്. അതുപോലെതന്നെ, ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപം നടത്തി നല്ല പ്രാവീണ്യമുള്ളവര്‍ അതുമായി ബന്ധപ്പെട്ട തട്ടിപ്പുകളില്‍ അകപ്പെടാറുമുണ്ട്.

നല്ല തട്ടിപ്പുകാര്‍ നല്ല മനശ്ശാസ്ത്രവിദഗ്ദ്ധര്‍ കൂടിയാണ്. മനുഷ്യമനസ്സിനു പൊതുവായും, ഇരകൾക്ക് ഓരോരുത്തർക്കും വിശേഷിച്ചും, ഉള്ള വീക്ക് പോയിന്‍റുകള്‍ ഗ്രഹിച്ചെടുത്ത്, തദനുസൃതമായി അതിവിദഗ്ദ്ധമായി കരുക്കള്‍ നീക്കിയാണ് അവര്‍ ഓരോ തട്ടിപ്പും ആവിഷ്കരിക്കാറ്. തട്ടിപ്പുകാര്‍ പൊതുവെ ഉപയുക്തമാക്കാറുള്ള ചില മനശ്ശാസ്ത്ര തത്വങ്ങളും വിദ്യകളും താഴെപ്പറയുന്നു:

  • ഇങ്ങോട്ടു വല്ല ഉപകാരവും ചെയ്തവര്‍ക്ക് എന്തെകിലും പ്രത്യുപകാരം ചെയ്തുകൊടുക്കാനുള്ള ത്വര മനുഷ്യസഹജമാണ്. “Reciprocity principle” എന്നാണ് ഈ പ്രവണത അറിയപ്പെടുന്നത്. തട്ടിപ്പുകാര്‍ ആദ്യം നമുക്ക് സൌജന്യമായി ചില സമ്മാനങ്ങളോ സഹായങ്ങളോ മറ്റോ തന്നേക്കാം. അവരോടുള്ള ഒരു കടപ്പാട് നമ്മുടെ മനസ്സില്‍ നിലനില്‍ക്കുന്നേരം അവര്‍ ഇങ്ങോട്ടു വല്ലതും ആവശ്യപ്പെടുമ്പോള്‍ നാം വലിയ മുന്നാലോചന കൂടാതെ അതിനു വഴങ്ങിക്കൊടുക്കാം. ഒരു പദ്ധതിയില്‍ നിശ്ചേപിക്കാന്‍ പരിമിതമായ ആളുകള്‍ക്കേ അവസരമുള്ളൂവെന്നും നിങ്ങളെ ഞങ്ങള്‍ പ്രത്യേകം തെരഞ്ഞെടുത്തതാണെന്നും അവര്‍ അറിയിച്ചാല്‍ ആ സവിശേഷ പരിഗണനയ്ക്കുള്ള നന്ദിസൂചകമായി നാം ആ പദ്ധതിയില്‍ നിശ്ചേപിച്ചു പോകാം.
  • മനുഷ്യന്‍റെ ചില അടിസ്ഥാന ആവശ്യങ്ങളെയും മുന്‍ഗണനകളെയുമാണ്‌ പല തട്ടിപ്പുകാരും ഉന്നംവെക്കാറ്. അതിമോഹം, ഭയമോ വേദനയോ നേരിടേണ്ടി വരരുതെന്ന ആഗഹം, എല്ലാവരും തന്നെ ഇഷ്ടപ്പെട്ടിരിക്കണമെന്ന നിര്‍ബന്ധം എന്നിവ ഇതില്‍പ്പെടുന്നു. ഇത്തരം വികാരങ്ങളെ തട്ടിപ്പുകാര്‍ അനുയോജ്യമായ വിദ്യകളിലൂടെ ഉത്തേജിപ്പിച്ചെടുത്തു കഴിഞ്ഞാല്‍ ഇരകള്‍ യുക്തി മാറ്റിവെച്ച്, വികാരപരമായി മാത്രം ചിന്തിച്ച്, തെറ്റായ തീരുമാനങ്ങളെടുക്കാം. വമ്പിച്ച സാമ്പത്തിക ലാഭത്തെക്കുറിച്ചുള്ള വാഗ്ദാനം കേട്ടാൽ പലരും മുൻപിൻ നോക്കാതെ എടുത്തുചാടുന്നത് ഇതിനുദാഹരണമാണ്.
  • സാമ്പത്തികമായോ വൈകാരികമായോ ആരോഗ്യപരമായോ മറ്റോ കിട്ടാനുള്ള ലാഭവുമായുള്ള തുലനത്തില്‍ താന്‍ ചെലവാക്കേണ്ടതായുള്ള തുക ഏറെ നിസ്സാരമാണെന്ന ധാരണ, ഒരു വൈമസ്യവുമില്ലാതെ മടിശ്ശീല തുറക്കാന്‍ ആളുകൾക്കു പ്രേരണയാകാം. “Phantom fixation” എന്നാണ് ഈ പ്രവണത അറിയപ്പെടുന്നത്.
  • ആദ്യം നമ്മളിൽനിന്ന് എന്തെങ്കിലും ചെറിയ കാര്യങ്ങള്‍ക്കു വാഗ്ദാനം നേടിയെടുത്തിട്ട്, പിന്നീട് വലിയ കാര്യങ്ങള്‍ മുന്നോട്ടു വെക്കുമ്പോള്‍ നാം നോ പറഞ്ഞാല്‍, മുമ്പു നാം കൊടുത്ത വാഗ്ദാനത്തെപ്പറ്റി ഓര്‍മപ്പെടുത്തി നമ്മില്‍ കുറ്റബോധം ഉളവാക്കാന്‍ ശ്രമിക്കുകയും, അങ്ങിനെ നമ്മെക്കൊണ്ട് തുടരാവശ്യങ്ങള്‍ക്കും യെസ് മൂളിക്കുകയും ചെയ്യുക എന്ന വിദ്യയും അവര്‍ പയറ്റാം. അതുപോലെതന്നെ, അവരുടെ കുറേ കൊച്ചുവര്‍ത്തമാനങ്ങൾക്കു നാം ഉത്തരം കൊടുത്തു കഴിഞ്ഞാല്‍, പിന്നെയവര്‍ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും മറ്റും ചോദിച്ചു തുടങ്ങിയാല്‍ പെട്ടെന്നു വായടക്കാന്‍ നമുക്കു വൈമനസ്യമുണ്ടായേക്കാം.
  • അപൂര്‍വമോ അസുലഭമോ ആയ കാര്യങ്ങള്‍ സ്വന്തമാക്കാന്‍ നമുക്ക് കൂടുതല്‍ ആവേശമുണ്ടാകാം. “Scarcity principle” എന്നാണിതിനു പേര്. ഈയൊരു ദൌര്‍ബല്യത്തെ മുതലെടുക്കാന്‍ ഉദ്ദേശിച്ച്, “ഈ ഓഫര്‍ ആദ്യം ചേരുന്ന നൂറു പേര്‍ക്കു മാത്രം” എന്നൊക്കെയുള്ള നമ്പറുകള്‍ തട്ടിപ്പുകാര്‍ പയറ്റാം.
  • ഒരു കാര്യം വേറെയും അനേകം പേർ ചെയ്യുന്നുണ്ടെങ്കില്‍ അതു സുരക്ഷിതം തന്നെയാകും എന്നു നാം വലിയ വിചിന്തനമൊന്നും കൂടാതെ അനുമാനിച്ചു പോകാം. “രണ്ടായിരം പേര്‍ ഇതില്‍ ഇപ്പോഴേ ചേര്‍ന്നുകഴിഞ്ഞു” എന്നൊക്കെപ്പറഞ്ഞ് നമ്മെ പ്രോത്സാഹിപ്പിക്കുമ്പോൾ തട്ടിപ്പുകാര്‍ ഈ ദൗർബല്യത്തെ മുതലെടുക്കുകയാണ്.
  • കാണാന്‍ കൊള്ളാവുന്ന, പ്രായം കൊണ്ടോ വിദ്യാഭ്യാസം കൊണ്ടോ മറ്റോ നമ്മോടു സമാനതകളുള്ള ആളുകളെ നാം കൂടുതലായി മുഖവിലക്കെടുക്കാം. ഇതറിയാവുന്ന തട്ടിപ്പുകാര്‍, നമ്മുടെ ജനനത്തിയ്യതി മനസ്സിലാക്കി തന്റേതും അതേ തിയ്യതിയാണെന്നു പറയുകയൊക്കെച്ചെയ്യാം.
  • ആദ്യം നമ്മെക്കൊണ്ട് നിയമവിരുദ്ധമായ എന്തെങ്കിലും ചെറിയ കാര്യം ചെയ്യിക്കുക, എന്നിട്ട് അതുവെച്ച് ഭീഷണിപ്പെടുത്തി വലിയ കാര്യങ്ങള്‍ക്കു നിര്‍ബന്ധിതരാക്കുക എന്ന രീതിയും രംഗത്തിറക്കപ്പെടാം.
  • നമുക്ക് നന്നായൊന്നാലോചിക്കാന്‍ അവർ വേണ്ടത്ര സമയം തരാതിരിക്കാം. “ഈ ഓഫര്‍ ഇന്നത്തേയ്ക്ക് മാത്രം” എന്നൊക്കെപ്പറയുന്നവര്‍ എടുത്തുചാടി തീരുമാനമെടുക്കാന്‍ നമ്മെ നിർബന്ധിക്കുകയാണ്.

മേല്‍പ്പറഞ്ഞതില്‍ ഒന്നിലധികം വിദ്യകള്‍ ഒന്നിച്ചു പയറ്റപ്പെടുമ്പോഴാണ് പലരും വീണുപോകുന്നത്. അതുകൊണ്ടുതന്നെ, ഇവയെയൊക്കെപ്പറ്റി എപ്പോഴും ജാഗ്രത പുലര്‍ത്തുന്നതു നന്നാകും.

ചില വിഭാഗക്കാര്‍ തട്ടിപ്പുകളില്‍ കുടുങ്ങാന്‍ കൂടുതല്‍ സാദ്ധ്യതയുണ്ടെന്നു ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സ്വതേ എടുത്തുചാട്ടമുള്ളവര്‍, അടുത്തിടെ കടുത്ത സാമ്പത്തികനഷ്ടം നേരിടുകയോ ജോലി പോവുകയോ ചെയ്തവര്‍, ഏകാന്തത അനുഭവിക്കുന്നവര്‍ എന്നിവര്‍ ഇതില്‍പ്പെടുന്നു. അതുകൊണ്ടുതന്നെ ഇത്തരക്കാര്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കേണ്ടതുണ്ട്.

(2018 ഡിസംബര്‍ ലക്കം 'ഐ.എം.എ. നമ്മുടെ ആരോഗ്യ'ത്തില്‍ പ്രസിദ്ധീകരിച്ചത്)
{xtypo_alert}ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.{/xtypo_alert}
Image courtesy: macrovector / Freepik

×
Stay Informed

When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.

സെക്സ്: ഒരച്ഛന്‍ മകനോട് എന്തു പറയണം?
ഗെയിം, ടീവി, സിനിമ... പിന്നെ അടിപിടിയും

Related Posts