മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്
നിർമിതബുദ്ധിയും മാനസികാരോഗ്യവും
രോഗനിര്‍ണയം
സൈക്യാട്രിയിൽ രോഗനിർണയത്തിന് മറ്റു വൈദ്യശാസ്ത്രശാഖകളിലെപ്പോലെ ലാബ്ടെസ്റ്റുകള്‍ അധികം ഉപയുക്തമാക്കപ്പെടുന്നില്ല. രോഗിയെ ഇന്‍റര്‍വ്യൂ ചെയ്ത് സൈക്യാട്രിസ്റ്റ് എത്തുന്ന അനുമാനത്തിനാണു പ്രസക്തി. കുറേയൊക്കെ വ്യക്ത്യധിഷ്ഠിതമാണ് എന്നത് ഈ രീതിയുടെ പരിമിതിയാണ്. എന്നാല്‍ രോഗിയുടെ വാക്കുകളും എഴുത്തുമെല്ലാം ഓട്ടോമാറ്റിക് ലാംഗ്വേജ് പ്രൊസസിംഗ് വെച്ചും, മാനസികാവസ്ഥയും ബ്രെയിന്‍സ്കാനുകളും ജനിതകഘടനയുമൊക്കെ മെഷീൻ ലേർണിംഗ് വെച്ചും വിശകലനം ചെയ്ത് മനോരോഗനിർണയത്തിന്‍റെ കൃത്യത കൂട്ടാൻ എഐയ്ക്കാകും.
മുന്നേയറിയാന്‍
ഒരാളുടെ മാനസികാരോഗ്യം നിശ്ചയിക്കുന്നത് ശാരീരികവും മനഃശാസ്ത്രപരവുമായ സവിശേഷതകളും സാമൂഹിക പശ്ചാത്തലവും ചേര്‍ന്നാണ്. ഇവ ഒരുമിച്ചുപ്രവര്‍ത്തിക്കുന്നത് എവ്വിധമാണെന്നതു പക്ഷേ വ്യക്തമല്ല. വിവിധയാളുകളിൽ മാനസികപ്രശ്നങ്ങൾ ഉടലെടുക്കുന്നത് വെവ്വേറെ ഘടകങ്ങൾ മൂലമാകാം താനും. ഇക്കാര്യങ്ങളില്‍ ഉൾക്കാഴ്ച തരാന്‍, അതിബൃഹത്തായ വിവരശേഖരങ്ങളെ അനായാസം വിശകലനം ചെയ്യാന്‍ പാടവമുള്ള എഐക്കാകും. അത്, രോഗസാദ്ധ്യത കൂടുതലുള്ളവരെ വേര്‍തിരിച്ചറിഞ്ഞു തക്ക പ്രതിരോധമൊരുക്കാനും ലക്ഷണങ്ങള്‍ തലപൊക്കിയാല്‍ നേരത്തേ മനസ്സിലാക്കാനും സഹായകമാകും. ചാറ്റുകളിലും സോഷ്യൽ മീഡിയാ പോസ്റ്റുകളിലും നിന്ന് വൈകാരിക ക്ലിഷ്ടതകളും ആത്മഹത്യാപ്രവണതയും അവ വഷളാകുംമുമ്പു ചൂണ്ടിക്കാട്ടാന്‍ എഐക്കു കഴിഞ്ഞിട്ടുണ്ട്. വ്യായാമം ചെയ്യുന്ന കുട്ടികളെ കമ്പ്യൂട്ടർ വിഷനും മെഷീൻ ലേണിങ്ങും മുഖേന നിരീക്ഷിച്ച് എഡിഎച്ച്ഡിയും, ഇൻസ്റ്റാഗ്രാമിലിടുന്ന ഫോട്ടോകളിലെ നിറങ്ങളും മുഖഭാവവും വെച്ച് വിഷാദവും നിർണയിക്കാനും അതിനായിട്ടുണ്ട്.
ചികിത്സയില്‍
വിഷാദവും ഉത്കണ്ഠയും അവയ്ക്കിടയാക്കുന്ന ചിന്താവൈകല്യങ്ങളും തിരിച്ചറിയാനും മറികടക്കാനും പഠിപ്പിക്കുന്ന, നാച്ചുറൽ ലാംഗ്വേജ് പ്രൊസസിംഗ് ഉപയോഗിക്കുന്ന, Woebot പോലുള്ള ചാറ്റ്ബോട്ടുകള്‍ നിലവിലുണ്ട്. Ellie എന്ന റോബോട്ട്, മുൻസൈനികരുടെ യുദ്ധാനുഭവങ്ങള്‍ കേള്‍ക്കുകയും പി റ്റി എസ് ഡി എന്ന രോഗമുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നുണ്ട്. സംസാരം മാത്രമല്ല, വീഡിയോ നിരീക്ഷണത്തിലൂടെ മുഖഭാവവും ആംഗ്യങ്ങളും പോലും വായിച്ചെടുക്കാനും അതുവഴി അവരുടെ മാനസികാവസ്ഥ ഉള്‍ക്കൊള്ളാനും യഥാവിധി പ്രതികരിക്കാനും ആ റോബോട്ടിനാകും. ഓട്ടിസമുള്ള കുട്ടികളെ അന്യരോട് ഇടപഴകാന്‍ പരിശീലിപ്പിക്കുന്നതും, വിഷാദമുള്ളവർക്കും വയസ്സുചെന്നവർക്കും കൂട്ടുകൊടുത്ത് ഏകാന്തതയും മാനസിക സമ്മർദ്ദവും ദൂരീകരിക്കുന്നതുമായ റോബോട്ടുകളും രംഗത്തുണ്ട്.
ഇത്തരം ചാറ്റ്ബോട്ടുകളും റോബോട്ടുകളും ഏതുനേരത്തും അവിളംബം ലഭ്യരായിരിക്കും, മനുഷ്യരായ ചികിത്സകരെപ്പോലെ ക്ഷീണമോ ശ്രദ്ധക്കുറവോ മുൻവിധികളോ അവയെ ബാധിക്കില്ല എന്നൊക്കെയുള്ള മെച്ചങ്ങളുമുണ്ട്.
പരിമിതികളും സന്ദേഹങ്ങളും
- മാനസികപ്രശ്നങ്ങളുള്ളവര്‍ക്ക് അത്യന്താപേക്ഷിതമായ അനുകമ്പ കൊടുക്കാന്‍ എഐയ്ക്ക് മനുഷ്യചികിത്സകരുടെയത്ര കഴിഞ്ഞേക്കില്ല.
- എഐ സങ്കേതങ്ങളെ മാത്രം ആശ്രയിച്ചു ശീലിക്കുന്നത് അടിയന്തിര ഘട്ടങ്ങളില്‍പ്പോലും വിദഗ്ദ്ധസഹായം തേടുന്നതിനു വൈമുഖ്യം സൃഷ്ടിക്കാം.
- വിവിധ ഘട്ടങ്ങളില്‍ വ്യത്യസ്ത രീതികളില്‍ പ്രകടമാകുന്ന മനോരോഗങ്ങളുടെ സൂക്ഷ്‌മഭേദങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഒറ്റയടിക്ക് പരിശീലിപ്പിക്കപ്പെടുന്ന എഐ അല്‍ഗോരിതങ്ങള്‍ക്കു സാധിച്ചേക്കില്ല.
- പങ്കുവെക്കപ്പെടുന്ന സ്വകാര്യവിവരങ്ങള്‍ എഐ കമ്പനികള്‍ വാണിജ്യോദ്ദേശത്തോടെ കൈമാറ്റം നടത്തിയേക്കാം.
- ഫലപ്രാപ്തി സംബന്ധിച്ച പഠനങ്ങള്‍ മിക്കതും നടത്തിയത്, വിപണനതല്‍പരതയുള്ള, എഐ കമ്പനികള്‍ തന്നെയാണ്.
(2023 സെപ്റ്റംബര്‍ ലക്കം 'മനോരമ ആരോഗ്യ'ത്തില്‍ പ്രസിദ്ധീകരിച്ച കുറിപ്പ്)
When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.