“ബാക്കിയെല്ലാറ്റിനും നല്ല ഉഷാറാണ്. ഫോണിന്‍റെയോ ടീവിയുടെയോ മുമ്പില്‍ എത്ര മണിക്കൂര്‍ വേണമെങ്കിലും ഇരുന്നോളും. പഠിക്കാനുള്ള പുസ്തകങ്ങള്‍ മാത്രം ഭയങ്കര അലര്‍ജി! വീട്ടിലുള്ള സമയത്ത് അതൊന്നും കൈ കൊണ്ടു തൊടുക പോലുമില്ല.” പല മാതാപിതാക്കളുടെയും ഒരു സ്ഥിരംപല്ലവിയാണ് ഇത്. ചീത്ത പറഞ്ഞും അടിച്ചും നന്നാക്കിയെടുക്കാന്‍ ശ്രമിച്ച്, അതിലും പരാജയപ്പെട്ട്, ഇനിയെന്ത് എന്നറിയാതെ ഉഴറുന്നവരുമുണ്ട്. കുട്ടികളില്‍ പഠനത്തോട് താല്‍പര്യം ഉളവാക്കാന്‍ ഉപയോഗപ്പെടുത്താവുന്ന കുറച്ചു വിദ്യകള്‍ പരിചയപ്പെടാം.
മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്
“മദ്ധ്യവയസ്സ്, നിങ്ങളുടെ കാഴ്ചപ്പാടുപോലെ, ഒരു പരീക്ഷണഘട്ടമോ ശുഭാവസരമോ ആകാം.” - കാതറീന്‍ പള്‍സിഫര്‍
യൌവനത്തിനും വാര്‍ദ്ധക്യത്തിനും ഇടയ്ക്കുള്ള ഘട്ടമാണു മദ്ധ്യവയസ്സ്. നാല്പതു തൊട്ട് അറുപതോ അറുപത്തഞ്ചോ വരെ വയസ്സുകാരെയാണ് പൊതുവെ ഈ ഗണത്തില്‍പ്പെടുത്താറ്. എന്നാല്‍, ബാല്യകൌമാരങ്ങളെ അപേക്ഷിച്ച്, മദ്ധ്യവയസ്സു നിര്‍വചിക്കുമ്പോള്‍ കേവലം പ്രായം മാത്രമല്ല, മറിച്ച് ജീവിതത്തില്‍ എവിടെ നില്‍ക്കുന്നു എന്നതും പരിഗണിക്കാറുണ്ട് — വിവാഹം, കുട്ടികളുണ്ടാകുന്നത്, മക്കള്‍ വീടൊഴിയുന്നത്, കൊച്ചുമക്കള്‍ ജനിക്കുന്നത് തുടങ്ങിയവ ഓരോരുത്തരുടെയും ജീവിതത്തില്‍ സംഭവിക്കുക ഏറെ വ്യത്യസ്തമായ പ്രായങ്ങളിലാകാമല്ലോ. ആരോഗ്യം ക്ഷയിച്ചുതുടങ്ങുന്നതു വരെയുള്ള പ്രായത്തെ മദ്ധ്യവയസ്സായി പരിഗണിക്കുന്ന രീതിയും ഉണ്ട്. അതുകൊണ്ടൊക്കെത്തന്നെ, മുപ്പതു മുതല്‍ എഴുപത്തഞ്ചു വരെയുള്ള പ്രായത്തെയും മദ്ധ്യവയസ്സെന്നു കൂട്ടാറുണ്ട്.
മറ്റു ജീവിതഘട്ടങ്ങളുടേതില്‍നിന്നു വിഭിന്നമായി, മദ്ധ്യവയസ്സിനെക്കുറിച്ചുള്ള മനശ്ശാസ്ത്ര ഗവേഷണങ്ങള്‍ സജീവമായത് പതിറ്റാണ്ടുകള്‍ മുമ്പു മാത്രമാണ്. ഈ പ്രായക്കാര്‍ താരതമ്യേന “പ്രശ്നക്കാര്‍” അല്ലെന്നതാണ് അതിനൊരു കാരണമായത്.
ജനനനിരക്കു കുറയുന്നതിനാലും ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിക്കുന്നതിനാലും, പ്രായമായവരുടെയെണ്ണം ലോകമെങ്ങും കൂടുകയാണ്. അറുപതു തികഞ്ഞവര്‍ ലോകത്ത് 2019-ല്‍ നൂറു കോടിയായിരുന്നെങ്കില്‍ 2050-ഓടെ അതിന്‍റെയിരട്ടിയാകുമെന്നാണു സൂചനകള്‍. അതുകൊണ്ടുതന്നെ, ഇപ്പോഴത്തെ യുവാക്കളും മദ്ധ്യവയസ്കരും ആരോഗ്യപൂര്‍ണമായൊരു വാര്‍ദ്ധക്യത്തിനു തയ്യാറെടുക്കേണ്ടത് വ്യക്തിഗതമായും പൊതുജനാരോഗ്യ പരിപ്രേക്ഷ്യത്തിലും സുപ്രധാനമാണ്.
“ഇന്നു ചെയ്യുന്ന കാര്യങ്ങളാണു നിങ്ങളുടെ ഭാവി നിര്‍ണയിക്കുന്നത്” – മഹാത്മാഗാന്ധി
വാര്‍ദ്ധക്യം മനസ്സിലും തലച്ചോറിലും ശരീരത്തിലും ചെലുത്തുന്ന മാറ്റങ്ങള്‍ പല മാനസികവൈഷമ്യങ്ങള്‍ക്കും ഹേതുവാകാറുണ്ട്. ഏകാന്തതയും വിഷാദവും ഓര്‍മപ്രശ്നങ്ങളുമാണ് ഇതില്‍ പ്രധാനികള്‍. മുന്‍കൂട്ടി ആസൂത്രണം ചെയ്തും ജീവിതശൈലി പരിഷ്കരിച്ചും പലപ്പോഴും ഇവയെ പ്രതിരോധിക്കാനാകും.
വസ്തുതകളേതും ഗൂഗിള്‍ മുഖേന ഞൊടിയിടയില്‍ കണ്ടെത്താവുന്ന, ഫോണ്‍ നമ്പറുകളും അപ്പോയിന്‍റ്മെന്റുകളുമൊക്കെ ഫോണില്‍ സേവ്ചെയ്ത് എപ്പോഴെവിടെവെച്ചും നോക്കാവുന്ന ഒരു കാലത്ത് വിവരങ്ങള്‍ നാം കഷ്ടപ്പെട്ടു പഠിച്ചെടുക്കുകയും ഓര്‍മയില്‍ നിര്‍ത്തുകയും വേണോ? സംശയങ്ങള്‍ പഴഞ്ചന്‍മട്ടില്‍ മറ്റുള്ളവരോടു ചര്‍ച്ച ചെയ്യണോ?
കൊച്ചുകുട്ടികള്‍ക്കു വേണ്ടിയുള്ള ആപ്പുകളും ഡിവൈസുകളുമൊക്കെ നാട്ടുനടപ്പായിരിക്കയാണ്. എട്ടുവയസ്സിനു താഴെയുള്ള കുട്ടികളുടെ മാതാപിതാക്കളായ ആയിരത്തിയിരുന്നൂറോളം ഇന്ത്യക്കാരില്‍ നടത്തപ്പെട്ട സര്‍വേയുടെ സെപ്തംബറില്‍ പുറത്തുവന്ന ഫലം വ്യക്തമാക്കിയത്, എഴുപതു ശതമാനത്തോളം പേര്‍ കുട്ടികളെപ്പഠിപ്പിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയുക്തമാക്കുന്നുണ്ടെന്നും ഇരുപതുശതമാനത്തോളം പേര്‍ കുട്ടികള്‍ക്കു സ്വന്തമായി ഡിവൈസുകള്‍ കൊടുത്തിട്ടുണ്ടെന്നുമാണ്. കുട്ടികളെ പഠിപ്പിക്കാന്‍ ടാബ്, സ്മാര്‍ട്ട്ഫോണാദികള്‍ ഉപയോഗപ്പെടുത്തുന്ന മാതാപിതാക്കള്‍ ശ്രദ്ധചെലുത്തേണ്ട കാര്യങ്ങള്‍ വല്ലതുമുണ്ടോ? ഈ വിഷയത്തില്‍ ഇതുവരെ നടന്ന ഗവേഷണങ്ങളുടെയെല്ലാം ഒരവലോകനം ‘പിഡിയാട്രിക് ക്ലിനിക്സ് ഓഫ് നോര്‍ത്ത് അമേരിക്ക’ എന്ന ജേര്‍ണല്‍ ഒക്ടോബറില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. അതു വെളിപ്പെടുത്തിയ ചില വസ്തുതകളിതാ:
ഒരറുപതുവയസ്സു കഴിയുന്നതോടെ ഒട്ടേറെപ്പേരെ പിടികൂടാറുള്ളൊരു രോഗമാണ് അല്‍ഷൈമേഴ്സ് ഡെമന്‍ഷ്യ. ഓര്‍മശക്തിയും വിവിധ കാര്യങ്ങള്‍ക്കുള്ള കഴിവുകളും നഷ്ടമാവുകയാണതിന്റെ മുഖ്യലക്ഷണം. അങ്ങിനെ സംഭവിക്കുന്നത് തലച്ചോറിലെ കോശങ്ങള്‍ കുറേശ്ശെക്കുറേശ്ശെയായി നശിക്കുന്നതിനാലുമാണ്. വഷളാവുന്നതിനു മുമ്പേതന്നെ രോഗം തിരിച്ചറിയുകയും ചികിത്സയെടുക്കുകയും ചെയ്താലത് രോഗിക്കും കൂടെ ജീവിക്കുന്നവര്‍ക്കും പിന്നീടു നേരിടേണ്ടിവരാവുന്ന കഷ്ടതകള്‍ക്ക് ഏറെ ആശ്വാസമാവും. ദൌര്‍ഭാഗ്യവശാല്‍, ഈ രോഗം പിടിപെടുന്നവര്‍ ആദ്യമൊക്കെ പ്രകടമാക്കുന്ന ലക്ഷണങ്ങള്‍ മിക്കപ്പോഴും പ്രായസഹജമായ ബലഹീനതകള്‍ മാത്രമായി തെറ്റിദ്ധരിക്കപ്പെട്ടുപോവാറുണ്ട്. അല്‍ഷൈമേഴ്സിന്റെ ആരംഭവും വാര്‍ദ്ധക്യസഹജമായ ഓര്‍മപ്പിശകുകളും തമ്മിലുള്ള പത്തു വ്യത്യാസങ്ങള്‍ പരിചയപ്പെടാം:
“ഇ-ബുക്ക്സ് ലോഡ്ജുമുറികളെപ്പോലാണ്; വലിയ പൊലിമയൊന്നുമില്ലെങ്കിലും തല്‍ക്കാലത്തേക്കു കാര്യസാദ്ധ്യത്തിനുതകും. ശരിക്കുള്ള പുസ്തകങ്ങള്‍ക്കു സാമ്യം പക്ഷേ സ്വന്തം വീടുകളോടാണ്; തന്റേതന്നു മനസ്സിലുറപ്പിച്ചവയെ മരണം വരെ സ്നേഹിച്ചുതാലോലിക്കാം.” — മൈക്കേല്‍ ദിര്‍ദ
വിനോദത്തിനും വിജ്ഞാനസമ്പാദനത്തിനുമുള്ള വലിയ പണച്ചെലവില്ലാത്ത ഒരുപാധി എന്നതിലുപരി വായന കൊണ്ട് മാനസികസമ്മര്‍ദ്ദം അകലുക, ഓര്‍മശക്തി മെച്ചപ്പെടുക, ഡെമന്‍ഷ്യക്കു സാദ്ധ്യത കുറയുക എന്നൊക്കെയുള്ള ആരോഗ്യപരമായ ഗുണങ്ങളും ഉണ്ട്. ഫോണുകളുടെയും കംപ്യൂട്ടറുകളുടെയുമൊക്കെ സ്ക്രീനില്‍നിന്നാണ് ഇന്നു നല്ലൊരുപങ്ക് വായനയും നടക്കുന്നത്. കടലാസിലും സ്ക്രീനിലും നിന്നുള്ള വായനകള്‍ നമ്മുടെ തലച്ചോറിനെയും മറ്റും സ്വാധീനിക്കുന്നത് വ്യത്യസ്ത രീതികളിലാണെന്നും ഒട്ടേറെ സ്ക്രീന്‍വായന നടത്തുന്നവര്‍ ചില കരുതലുകള്‍ പാലിക്കുന്നതു നന്നാവുമെന്നും നിരവധി ഗവേഷകര്‍ അറിയിക്കുന്നുണ്ട്.
സ്ത്രീക്കും പുരുഷനുമുളള അന്തരങ്ങളെപ്പറ്റി എഴുത്തുകാരും മറ്റും പല നിരീക്ഷണങ്ങളും പങ്കുവെച്ചിട്ടുണ്ട്. “പുരുഷന്‍റെ കുഴപ്പം ഒന്നും ഓര്‍മനില്‍ക്കില്ല എന്നതാണെങ്കില്‍ സ്ത്രീയുടേത് ഒന്നും മറക്കില്ല എന്നതാണ്”, “സ്ത്രീക്കു കുറ്റബോധം തോന്നുക ഏര്‍പ്പെട്ടുകഴിഞ്ഞ വേഴ്ചകളെപ്പറ്റിയാണെങ്കില്‍ പുരുഷനതു തോന്നുക ഏര്‍പ്പെടാനാവാതെ പോയവയെപ്പറ്റിയാണ്”, “സ്ത്രീകള്‍ ബന്ധത്തെക്കരുതി രതിമൂര്‍ച്ഛ അഭിനയിച്ചേക്കാമെങ്കില്‍ പുരുഷര്‍ രതിമൂര്‍ച്ഛയെക്കരുതി ബന്ധം അഭിനയിക്കുന്നവരാണ്.” എന്നിങ്ങനെയൊരു ലൈനിലുള്ള ഉദ്ധരണികള്‍ സുലഭമാണ്. അതൊക്കെയങ്ങിനെ നില്‍ക്കുമ്പോള്‍ത്തന്നെ, ശാസ്ത്രീയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത് സ്ത്രീകളുടെയും പുരുഷന്മാരുടെയും തലച്ചോറുകള്‍ തമ്മില്‍ പല വ്യത്യാസങ്ങളുമുണ്ടെന്നും തന്മൂലം ഇരുലിംഗങ്ങളുടെയും മനോവ്യാപാരങ്ങളിലും ബൌദ്ധികശേഷികളിലും ഏറെ അന്തരങ്ങള്‍ വന്നുഭവിച്ചിട്ടുണ്ടെന്നും ആണ്. ഇത്തരം വ്യതിരിക്തതകള്‍ക്കു നിദാനമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത് പ്രധാനമായും മൂന്നു ഘടകങ്ങളാണ്.
പുറത്തെ റോഡിലെ ചെളിവെള്ളത്തില്‍ പ്രതിഫലിക്കുന്ന സൂര്യന്‍ ഓരോ സൈക്കിളും കടന്നുപോവുമ്പോഴും ഇളകിക്കലങ്ങുന്നതും പിന്നെയും തെളിഞ്ഞുവരുന്നതും നോക്കിയിരിക്കുന്ന വിദ്യാര്‍ത്ഥി, പാഠഭാഗം വായിച്ചുകേള്‍പ്പിക്കാനുള്ള അദ്ധ്യാപികയുടെ ആജ്ഞകേട്ട് ഞെട്ടിയെഴുന്നേല്‍ക്കുന്നു. അടുത്തിരിക്കുന്ന സുഹൃത്ത് വായിക്കേണ്ട ഭാഗം അവന് ചൂണ്ടിക്കാണിച്ചുകൊടുക്കുന്നു.
വിദ്യാര്‍ത്ഥി: “ഈ അക്ഷരങ്ങള്‍ പക്ഷേ നൃത്തംവക്കുകയാണ്...”
അദ്ധ്യാപിക: “ഓഹോ, എങ്കില്‍പ്പിന്നെ ആ നൃത്തംവക്കുന്ന അക്ഷരങ്ങളെത്തന്നെയങ്ങു വായിച്ചേക്ക്.”
വിദ്യാര്‍ത്ഥി: “അ... ഡ... വ...”
അദ്ധ്യാപിക: “ഉച്ചത്തില്‍... തെറ്റൊന്നുംകൂടാതെ...”
വിദ്യാര്‍ത്ഥി (ഉച്ചത്തില്‍): “പളപളകളപളകളപളപളപളകള...”
സഹപാഠികള്‍ അലറിച്ചിരിക്കുന്നു. അദ്ധ്യാപിക അവനെ ക്ലാസില്‍നിന്നു പുറത്താക്കുന്നു.
(പഠനത്തകരാറു ബാധിച്ച വിദ്യാര്‍ത്ഥിയുടെ കഥ വിഷയമാക്കിയ ‘താരേ സമീന്‍ പര്‍’ എന്ന സിനിമയില്‍ നിന്ന്.)
*********************************************************
പഠനം എന്നു വിളിക്കുന്നത്, പുതിയ അറിവുകളോ കഴിവുകളോ മനോഭാവങ്ങളോ സ്വായത്തമാക്കുന്നതിനെയാണ്. വളരുന്നതിനനുസരിച്ച് കുട്ടികള്‍ അനുക്രമമായി കാര്യങ്ങള്‍ കേട്ടുമനസ്സിലാക്കാനും സംസാരിക്കാനും വായിക്കാനും എഴുതാനും കണക്കുകൂട്ടാനുമൊക്കെ പഠിക്കാറുണ്ട്. എഴുത്തും വായനയുമൊക്കെ സാദ്ധ്യമാവുന്നത് തലച്ചോറിലെ അതിസങ്കീര്‍ണമായ നിരവധി പ്രക്രിയകള്‍ മുഖേനയാണ്. ഉദാഹരണത്തിന്, “പറവ” എന്നെഴുതിയതു വായിക്കുമ്പോള്‍ “പ”, “റ”, “വ” എന്നീ അക്ഷരങ്ങളെ ഒന്നൊന്നായി വായിച്ചെടുക്കലും, “പറവ” എന്നു സമന്വയിപ്പിക്കലും, “പക്ഷി” എന്നയര്‍ത്ഥവും ഒപ്പം ചിലപ്പോള്‍ പക്ഷികളുള്‍പ്പെടുന്ന ഓര്‍മകളും ദൃശ്യങ്ങളും അറിവുകളുമെല്ലാം മനസ്സിലേക്കെത്തുകയുമൊക്കെ സംഭവിക്കുന്നുണ്ട്.