മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്

ഡോ. ഷാഹുല്‍ അമീന്‍ എന്ന സൈക്ക്യാട്രിസ്റ്റ് വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍

ഷോപ്പിങ്ങിന്‍റെ ഉള്ളുകള്ളികള്‍

ഷോപ്പിങ്ങിന്‍റെ ഉള്ളുകള്ളികള്‍

കടകളിലും മറ്റും പോവുമ്പോള്‍ അവിടെ എത്ര സമയം ചെലവിടണം, ഏതൊക്കെ ഭാഗങ്ങളില്‍ പരതണം, എന്തൊക്കെ വാങ്ങണം തുടങ്ങിയതൊക്കെ നമ്മുടെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കുമെന്നു കരുതുന്നോ? തെറ്റി. അന്നേരങ്ങളില്‍ നാം പോലുമറിയാതെ മനസ്സു നമുക്കുമേല്‍ പല സ്വാധീനങ്ങളും ചെലുത്തുന്നുണ്ട്. പലപ്പോഴും നാം നിര്‍മാതാക്കളുടെയും വില്‍പനക്കാരുടെയും കയ്യിലെ പാവകളാകുന്നുമുണ്ട്.

വികാരകാലേ വിപരീതബുദ്ധി

വിചാരങ്ങളാലല്ലാതെ വികാരങ്ങളാല്‍ പ്രേരിതരായി നാം പലപ്പോഴും അനാവശ്യ ഷോപ്പിങ്ങ് നടത്തിപ്പോവാം. ഉദാഹരണത്തിന്, ബോറടിയോ നിരാശയോ കോപമോ മാറ്റാനോ വിജയങ്ങളോ മറ്റോ ആഘോഷിക്കാനോ പലരും ഷോപ്പിങ്ങിനിറങ്ങാറുണ്ട്. കല്യാണത്തിനോ കുഞ്ഞു ജനിക്കുന്നതിനോ തൊട്ടുമുമ്പത്തെപ്പോലുള്ള സമ്മര്‍ദ്ദകാലങ്ങളില്‍ ഉത്ക്കണ്ഠയകറ്റാനും സാഹചര്യം കൈപ്പിടിയില്‍ത്തന്നെയാണെന്നു സ്വയം ബോദ്ധ്യപ്പെടുത്താനും മറ്റും നാം, അറിവോടെയോ അല്ലാതോ, അമിതമായി സാധനം വാങ്ങിക്കൂട്ടാം. പിക്നിക്കും സിനിമ കാണലും പോലുള്ള, മനസ്സിലെ കാര്‍ക്കശ്യങ്ങള്‍ക്കു നാം അയവു കൊടുക്കാറുള്ള വേളകളിലും, മുഷിപ്പിനൊരു പരിഹാരവും സമയം പോക്കാന്‍ എന്തെങ്കിലുമൊരു മാര്‍ഗവും തേടുന്ന എയര്‍പോര്‍ട്ടില്‍ ബോര്‍ഡിംഗ് കാത്തിരിക്കുന്ന പോലുള്ള നേരങ്ങളിലും നാം മുന്‍പിന്‍നോക്കാതെ ഷോപ്പിംഗ് നടത്താന്‍ സാദ്ധ്യതയേറും. അദ്ധ്വാനിച്ചു നേടിയ പണത്തെയപേക്ഷിച്ച് സമ്മാനമായിക്കിട്ടുകയോ മറ്റോ ചെയ്ത പണം നാം അശ്രദ്ധമായി ചെലവിടാമെന്നും പഠനങ്ങള്‍ പറയുന്നുണ്ട്.

ചില പരിഹാരങ്ങള്‍

ഷോപ്പിങ്ങിനിറങ്ങാനുള്ള ത്വരയുണരുമ്പോള്‍ ശരിക്കും തേടുന്നത് സാധനങ്ങള്‍ തന്നെയാണോ അതോ ആരോടെങ്കിലും ഒന്നിടപഴകാനോ ബോറടിയില്‍നിന്നോ മറ്റോ രക്ഷ നേടാനോ എന്തിലെങ്കിലുമൊന്നു സ്വന്തമിഷ്ടം നടപ്പാക്കാനോ ഉള്ള അവസരമാണോ എന്നതു പരിഗണിക്കുക. ദുര്‍വികാരങ്ങളെ പുകച്ചുപുറത്താക്കാന്‍ ഷോപ്പിങ്ങിനെ ഒരുപാധിയാക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷമാണു വരുത്തിവെക്കുക എന്നു തിരിച്ചറിഞ്ഞ്, പകരം ഹോബികള്‍, കൂട്ടുകാരോടോ വളര്‍ത്തുമൃഗങ്ങളോടോ ഒത്തു സമയം ചെലവിടല്‍, വ്യായാമം, സാമൂഹ്യസേവനം തുടങ്ങിയവയില്‍ മുഴുകി ആശ്വാസവും ഉല്ലാസവും സ്വയംമതിപ്പും പ്രാപിക്കാന്‍ ശ്രമിക്കുക. കൈവശമുള്ള സൌഭാഗ്യങ്ങളെയോ നല്ല ബന്ധങ്ങളെയോ ഒക്കെപ്പറ്റി സ്വയമോര്‍മിപ്പിക്കുന്നത് വസ്തുവകകള്‍ വാങ്ങിക്കൂട്ടി സന്തോഷം കൈവരുത്താനുള്ള പ്രവണതക്ക് അറുതിതരും. അതല്ലെങ്കില്‍ വിലകുറഞ്ഞതോ അത്യാവശ്യമുള്ളതോ ആയ വല്ലതും മാത്രം വാങ്ങിത്തിരിച്ചുപോരുമെന്ന് വീട്ടില്‍നിന്നിറങ്ങുംമുമ്പേ മനസ്സിലുറപ്പിക്കുക. ആവശ്യമെങ്കില്‍, വൈകാരികപ്രശ്നങ്ങളുടെ ചികിത്സക്കു വിദഗ്ദ്ധസഹായം തേടുക.

ചിന്താഗതികളിലെ പന്തികേടുകള്‍

വികാരങ്ങള്‍ മാത്രമല്ല, ചില തരം വിചാരങ്ങളും പ്രശ്നമാവാം. പരസ്യങ്ങള്‍ ഇവിടെയൊരു പ്രധാന വില്ലന്മാരുമാണ്. നമ്മുടെയുള്ളിലവ അസ്ഥാനത്തുള്ള ഭീതികളോ സംശയങ്ങളോ അപകര്‍ഷതയോ അപര്യാപ്തതാബോധമോ സൃഷ്ടിക്കാം. അവയിലെ പൊള്ളയായ വാഗ്ദാനങ്ങളും അവകാശവാദങ്ങളുമൊക്കെ നാം വലിയ വിശകലനം കൂടാതെ വിശ്വസിച്ചുപോവാം. “സ്റ്റോക്കു തീരുന്നതുവരെ മാത്രം” എന്നൊക്കെയുള്ള പേടിപ്പിക്കലുകള്‍ അനാവശ്യ ധൃതിക്കും ആലോചനയില്ലായ്കക്കും വഴിവെക്കാം. ഒരു ഉത്പന്നം ഉപയോഗിച്ചാല്‍ നമുക്കു കിട്ടാവുന്ന ഗുണങ്ങള്‍ വിശദീകരിക്കുന്ന പരസ്യങ്ങളെക്കാള്‍, അതുപയോഗിക്കാഞ്ഞാല്‍ നമുക്കു പറ്റിയേക്കാവുന്ന കുഴപ്പങ്ങള്‍ക്കും നഷ്ടങ്ങള്‍ക്കും ഊന്നല്‍ കൊടുക്കുന്നവക്കു നാം വേഗം വശംവദരാവാം.

ദൃശ്യമാധ്യമങ്ങളിലും മറ്റും ഉയര്‍ത്തിക്കാട്ടപ്പെടുന്ന “സന്തോഷജീവിത”ത്തിന്‍റെയും “സംതൃപ്തകുടുംബ”ങ്ങളുടെയും മാതൃകകളെ മുഖവിലക്കെടുക്കുന്നവരും, പുതിയ ട്രെന്റുകളെയും ഫാഷനുകളെയും വിലയോ മറ്റു വശങ്ങളോ ഗൌനിക്കാതെ അനുഗമിക്കാനുള്ള മനസ്ഥിതിയുള്ളവരും, നല്ല വ്യക്തിത്വമെന്നാല്‍ പുറംമോടിയും വിലപിടിച്ച വസ്തുവകകളുടെ ഉടമസ്ഥതയുമാണെന്നു ധരിച്ചുവശായവരുമൊക്കെ വിവിധ ഉത്പന്നങ്ങള്‍ സ്വന്തം സാമ്പത്തികനില വിസ്മരിച്ചുപോലും വാങ്ങിക്കൂട്ടുകയുമാവാം.

ഇത്തരം സാദ്ധ്യതകളെപ്പറ്റി ബോദ്ധ്യം പുലര്‍ത്തുന്നതും, പ്രത്യേകിച്ച് വിലപിടിപ്പുള്ള വല്ലതും വാങ്ങുംമുമ്പ് അതിനുള്ള പ്രചോദനങ്ങളെപ്പറ്റി വിശ്വാസമുള്ള ആരോടെങ്കിലും തുറന്നുസംസാരിച്ച് കാഴ്ചപ്പാടിലെ പിഴവുകള്‍ തിരിച്ചറിയുന്നതും ഇവിടെ ഗുണകരമായേക്കും.

കടക്കകത്തെ അപകടങ്ങള്‍

ഷോപ്പിങ്ങ്മദ്ധ്യേ മാനസിക കാരണങ്ങളാല്‍ പല അബദ്ധങ്ങളും സംഭവിക്കാം. വിശപ്പോ ഉറക്കച്ചടവോ ധൃതിയോ ഉത്ക്കണ്ഠയോ ഉണ്ടാവുന്നതോ, ഷോപ്പിങ്ങിനിടയില്‍ ഫോണിലൂടെയോ മറ്റോ ഇതര ജോലികള്‍ക്കും തുനിയുന്നതോ, കൂടെവരുന്നവരോടു മറുത്തുപറയാനുള്ള വൈമനസ്യമോ ഒക്കെ തെരഞ്ഞെടുപ്പുകളില്‍ പിശകുകളേറ്റാം. പരസ്യങ്ങളിലൂടെയോ മുന്നുപയോഗത്തിലൂടെയോ മുന്‍പരിചയമുള്ള ഉത്പന്നങ്ങള്‍ നമ്മുടെ ശ്രദ്ധയെ കൂടുതലാകര്‍ഷിക്കുകയും ഒരു താരതമ്യവും കൂടാതെ നാമവ തെരഞ്ഞെടുക്കുകയും ചെയ്യാം. വില കുറഞ്ഞതോ മേന്മയേറിയതോ ആയ മറ്റു ബ്രാന്‍ഡുകള്‍ ഇക്കാരണത്താല്‍ നമ്മുടെ പരിഗണനക്കു വരാതെ പോവാം.

{xtypo_quote_left}വളരെപ്പേര്‍ വാങ്ങുന്നുണ്ടെന്നു നമുക്കു തോന്നുന്ന സാധനങ്ങള്‍, ബോധപൂര്‍വമല്ലെങ്കിലും, നമ്മളും വാങ്ങാന്‍ സാദ്ധ്യതയേറുന്നുണ്ട്.{/xtypo_quote_left}വളരെപ്പേര്‍ വാങ്ങുന്നുണ്ടെന്നു നമുക്കു തോന്നുന്ന സാധനങ്ങള്‍, ബോധപൂര്‍വമല്ലെങ്കിലും, നമ്മളും വാങ്ങാന്‍ സാദ്ധ്യതയേറുന്നുണ്ട് — നിറഞ്ഞുകാണപ്പെടുന്ന റാക്കുകളില്‍ നിന്നല്ല, നല്ലൊരു ഭാഗവും ഒഴിഞ്ഞുകിടക്കുന്നവയില്‍ നിന്നാണു നാം സാധനങ്ങളെടുക്കാന്‍ കൂടുതല്‍ സാദ്ധ്യത.

ഏറെ നേരത്തെ ശ്രമങ്ങള്‍ക്കോ തിരച്ചിലിനോ ശേഷം ഒരു ഉത്പന്നം കയ്യില്‍ത്തടയുമ്പോള്‍ ഉളവാകുന്ന സന്തോഷം ആ ഉത്പന്നമാണ് ആവിര്‍ഭവിപ്പിച്ചത് എന്ന് ചിലരെങ്കിലും തെറ്റിദ്ധരിക്കുകയും അതവര്‍ക്കാ ഉത്പന്നത്തിന്‍റെ ആകര്‍ഷണീയത വെറുതെ കൂട്ടുകയും ചെയ്യാം. വില്‍പനക്കാരുടെയോ, പാക്കറ്റിലെയോ പരസ്യത്തിലെയോ മോഡലുകളുടെയോ വശ്യത നാം ഉത്പന്നങ്ങള്‍ക്കു പതിച്ചുകൊടുക്കാം. വില കൂടുതലുള്ള ബ്രാന്‍ഡുകള്‍ സ്വാഭാവികമായും ഗുണത്തിലും ഈടിലുമൊക്കെ മുന്നാക്കമായിരിക്കുമെന്നു പലരും തെറ്റായനുമാനിക്കാം. സാധനങ്ങളെ അവ ഉപയോഗിക്കപ്പെട്ടേക്കാവുന്ന സാഹചര്യങ്ങളുടെ പൊന്‍വെളിച്ചത്തില്‍ മാത്രം മനസ്സില്‍ക്കാണുന്നത് (”ഇതുമിട്ടു നടന്നാല്‍ സര്‍വരും എന്നെത്തന്നെ ശ്രദ്ധിക്കും” “പാര്‍ട്ടിക്ക് ഈ പ്ലേറ്റില്‍ വിളമ്പിയാല്‍ എല്ലാവരും പുകഴ്ത്തും") അതിന്‍റെ വിലയില്‍നിന്നും മറ്റു പ്രായോഗിക വശങ്ങളില്‍ നിന്നും ശ്രദ്ധ വ്യതിചലിപ്പിക്കാം.

ആയിരക്കണക്കിന് ഉത്പന്നങ്ങളുള്ള സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും ഏതു വാങ്ങണം, ഏതു വാങ്ങേണ്ട എന്നു തീരുമാനിച്ചുതീരുമാനിച്ച് നാല്പതോളം മിനിട്ടു ചെല്ലുമ്പോഴേക്കു നാം മാനസികമായി തളര്‍ന്നുപോവുകയും പിന്നീടങ്ങോട്ട് വലിയ വീണ്ടുവിചാരമില്ലാതെ, വികാരങ്ങള്‍ നല്‍കുന്ന സൂചനകളെ മാത്രം ആസ്പദമാക്കി സാധനങ്ങള്‍ വാങ്ങിത്തുടങ്ങുകയും ചെയ്യാം. ഏറെ കടകള്‍ കയറിയിറങ്ങി വല്ലാതെ ക്ഷീണിച്ചുപോവുമ്പോഴും നാം “എന്തെങ്കിലും” വാങ്ങിക്കൂട്ടിപ്പോവാം. ഇത്രക്കു സമയം ചെലവിട്ടിട്ട് ഒന്നും വാങ്ങാതിരുന്നാല്‍ നഷ്ടമല്ലേ, ബാസ്ക്കറ്റോ ട്രോളിയോ ഒന്നുമേയില്ലാതെ തിരിച്ചേല്‍പ്പിക്കുന്നതെങ്ങിനെയാ എന്നൊക്കെയുള്ള മനോഗതികളും പ്രശ്നമാവാം. സ്റ്റാഫിനോടു ചങ്ങാത്തത്തിനു ചെല്ലുന്നതും അവര്‍ സൌജന്യമായിത്തരുന്ന കുടിവെള്ളവും ചോക്ലേറ്റുമൊക്കെ സ്വീകരിക്കുന്നതും ഒന്നും വേണ്ടെന്നു പറഞ്ഞിറങ്ങിപ്പോരുക ക്ലേശകരമാക്കുകയും ചെയ്യാം.

ചില പരിഹാരങ്ങള്‍

  • കടകളില്‍ പല തവണ കയറിയിറങ്ങുന്നത് ദുര്‍വ്യയത്തിനു നിമിത്തമാവാമെന്നതിനാല്‍ ഒറ്റപ്പോക്കില്‍ത്തന്നെ പരമാവധി അവശ്യ സാധനങ്ങള്‍ വാങ്ങുക.
  • എന്തൊക്കെ സാധനങ്ങള്‍ കയ്യിലുണ്ടെന്നതിനെപ്പറ്റി നല്ല ധാരണ നിലനിര്‍ത്തുക.
  • പുതുതായൊന്നു സ്വന്തമായി വാങ്ങുകതന്നെ വേണോ, അതോ മറ്റാരെങ്കിലുമായും പങ്കിടുകയോ പഴയ വസ്തുവകകള്‍ പുനരുപയോഗിക്കുകയോ പരിവര്‍ത്തിപ്പിച്ചെടുക്കുകയോ സാദ്ധ്യമാണോ എന്നൊക്കെ ആലോചിക്കുക.
  • ഷോപ്പിങ്ങ് കഴിവതും മുന്‍കൂട്ടിത്തയ്യാറാക്കിയ ലിസ്റ്റു പ്രകാരമാവാന്‍ ശ്രദ്ധിക്കുക. അതു പ്രായോഗികമല്ലാത്തപ്പോള്‍, “വീട്ടിലെത്തിയാലുടന്‍ വാങ്ങിയ സാധനങ്ങളുടെയൊരു ലിസ്റ്റുണ്ടാക്കും” എന്ന നിശ്ചയത്തോടെ മാത്രം സാധനങ്ങള്‍ തെരഞ്ഞെടുക്കുക — പണം ഉത്തരവാദിത്തത്തോടെ ചെലവിടാനതു പ്രേരണയാവും.
  • “ഒന്നു കൂടി മെലിയുമ്പോള്‍ അണിയാം", “ആര്‍ക്കെങ്കിലും എന്നെങ്കിലും സമ്മാനമായിക്കൊടുക്കാം” എന്നൊക്കെയുള്ള ന്യായീകരണങ്ങളില്‍ ഒന്നും വാങ്ങാതിരിക്കുക. കഴിവതും ഉടനടി ആവശ്യമുള്ളവക്കു മാത്രം പണമിറക്കുക.
  • മുന്‍കൂര്‍ തീരുമാനിച്ചതല്ലാത്ത വല്ലതും വാങ്ങുംമുമ്പ്, പ്രത്യേകിച്ച് വിലപിടിപ്പുള്ളവ, ഇരുപതു മിനിട്ടെങ്കിലും അത് എപ്പോള്‍, ഏതു രീതിയില്‍ പ്രയോജനപ്പെടും, ജീവിതത്തിലതിന് എന്തു പ്രസക്തിയാണുണ്ടാവുക, അതു വാങ്ങിയാല്‍ പകരം എന്തൊക്കെ ത്യജിക്കേണ്ടി വന്നേക്കാം എന്നൊക്കെയാലോചിക്കുക. ആ പണം മറ്റെന്തിനൊക്കെ ഉപകാരപ്പെട്ടേക്കാം, അത്രക്കു കാശുണ്ടാക്കാന്‍ എത്ര ദിവസം ജോലിചെയ്യേണ്ടതുണ്ട് എന്നതൊക്കെ പരിഗണിക്കുക.

കാശിറക്കിക്കും കൌശലങ്ങള്‍

കടയിലെത്തുന്നവരെക്കൊണ്ടു മടിശ്ശീല പരമാവധി തുറപ്പിക്കാന്‍ നിര്‍മാതാക്കളും വില്‍പനക്കാരും മനശ്ശാസ്ത്രതത്വങ്ങളില്‍ അധിഷ്ഠിതമായ പല തന്ത്രങ്ങളും പയറ്റാറുണ്ട്. പാട്ടു വെക്കുന്ന കടകളില്‍ ആളുകള്‍ മുപ്പതു ശതമാനം കൂടുതല്‍ സമയം ചെലവിടുന്നുണ്ടെന്ന് ഒരു പഠനം കണ്ടെത്തി. നൊസ്റ്റാള്‍ജിയ ജനിപ്പിക്കുന്ന പാട്ടുകള്‍ മനസ്സിനയവു വരുത്തുകയും പണം കൂടുതല്‍ ചെലവാക്കാന്‍ പ്രേരകമാവുകയും ചെയ്യാം. മാളുകളിലും മറ്റും ജനലുകളുടെ അഭാവവും സൂര്യപ്രകാശം കാണാന്‍ കിട്ടാത്തതും സമയം നീങ്ങുന്നതിനെപ്പറ്റി ബോധമില്ലാതാക്കാം.

ഏറ്റവും വിലപിടിപ്പുള്ളതോ ലാഭം കിട്ടുന്നതോ ആയ ഉത്പന്നങ്ങള്‍ നമ്മുടെ കണ്ണുകള്‍ പെട്ടെന്നെത്തുന്ന ഉയരത്തിലോ ദൃഷ്ടി അവയിലേക്കെളുപ്പം നയിക്കപ്പെടുംവിധം ഷെല്‍ഫിന്‍റെ മദ്ധ്യത്തിലോ സ്ഥാപിക്കാം. ബ്രെഡും പാലും പോലുള്ള അവശ്യ വസ്തുക്കള്‍ ഏറ്റവും പിന്നില്‍, മറ്റു പല ഉത്പന്നങ്ങളെയും കടന്നുചെന്നു മാത്രം വാങ്ങാവുന്ന രീതിയില്‍ ക്രമീകരിക്കാം. നമ്മെയല്‍പം പിടിച്ചുനിര്‍ത്തണമെന്നുള്ള ഇടങ്ങളില്‍ പെട്ടെന്നു മുന്നോട്ടുനീങ്ങുന്നതിനു തടസ്സമുളവാക്കുന്ന രീതിയില്‍ വല്ലതും വെക്കാം.

ഉത്പന്നങ്ങളുടെ നിറം നിശ്ചയിക്കുന്നത് നമ്മെ സ്വാധീനിക്കാനുള്ള ഗൂഡോദ്ദേശത്തോടെയാവാം. ശ്രദ്ധയെ പെട്ടെന്നാകര്‍ഷിക്കാനും ഉത്തേജനമുണ്ടാക്കാനും ചുവപ്പും, ശുദ്ധതയുടെ പ്രതീതിയുളവാക്കാന്‍ വെളുപ്പും, സ്ത്രീത്വത്തിന്‍റെ ചുവയുണ്ടാക്കാന്‍ പിങ്കും ഉപയുക്തമാക്കപ്പെടാം.

വിലയിടുന്നതിലെ അടവുകള്‍

പരിചിതമായിക്കഴിഞ്ഞ ഉത്പന്നങ്ങളുടെ വിലയിലുണ്ടാവുന്ന നേരിയ വര്‍ദ്ധന പോലും നാം ശ്രദ്ധിക്കാം — എന്നാല്‍ പഴയ വിലയ്ക്കുതന്നെ കിട്ടുന്ന പാക്കറ്റില്‍ അളവിലോ തൂക്കത്തിലോ നടത്തുന്ന ചെറിയ വെട്ടിച്ചുരുക്കലുകള്‍ നമുക്കു കണ്ണില്‍പ്പെട്ടേക്കില്ല. സദാ ഉപയോഗിക്കുന്ന ഇനങ്ങളുടെ വില താരതമ്യപ്പെടുത്തി നാം രണ്ടു കടകളില്‍ ഏതിലാണു വിലക്കുറവ് എന്നു തീരുമാനിക്കാമെന്നതിനാല്‍ അത്തരം സാധനങ്ങളുടെ വില മാത്രം കടക്കാര്‍ കുറച്ചു നിര്‍ത്തുകയും ഇതരയിനങ്ങളുടെ വില അമിതമാക്കുകയും ചെയ്യാം.

{xtypo_quote_right}വില പരിശോധിക്കുമ്പോള്‍ നാം ഇടത്തേയറ്റത്തെ സംഖ്യക്ക് ആനുപാതികമല്ലാത്ത പ്രാമുഖ്യം നല്‍കുന്നുണ്ട്.{/xtypo_quote_right}വില പരിശോധിക്കുമ്പോള്‍ നാം ഇടത്തേയറ്റത്തെ സംഖ്യക്ക് ആനുപാതികമല്ലാത്ത പ്രാമുഖ്യം നല്‍കുന്നുണ്ട്. അതിനാലാണ് ഏറെ ഉത്പന്നങ്ങള്‍ 899 രൂപ എന്നൊക്കെയുള്ള വിലകളുമായി രംഗത്തുള്ളത്. സമാനരീതിയില്‍, 210 രൂപയുടെ സാധനത്തിന് 240 രൂപയും 290 രൂപയുടേതിനു 320 രൂപയുമായി വര്‍ദ്ധിച്ചാല്‍ രണ്ടാമത്തേതാണ് നാം കൂടുതല്‍ മൈന്‍ഡ് ചെയ്യുക.

ഒരു ഉത്പന്നം അര്‍ഹിക്കുന്ന യഥാര്‍ത്ഥ വില അനുമാനിക്കാന്‍ മിക്കവര്‍ക്കും വൈദഗ്ദ്ധ്യമുണ്ടാവില്ലെന്ന വസ്തുത ചൂഷണം ചെയ്യപ്പെടാം. വിദേശത്തു നിന്നുള്ള ഒരനുഭവം — മാര്‍ക്കറ്റില്‍ ആദ്യമായെത്തിയ ബ്രെഡ്‌മേക്കറിന് നിര്‍മാതാക്കള്‍ 279 ഡോളര്‍ വിലയിട്ടപ്പോള്‍ അധികം ആവശ്യക്കാരുണ്ടായില്ല. എന്നാല്‍ അതേ കമ്പനി 429 ഡോളറിന്‍റെ മറ്റൊരു മോഡല്‍ കൂടിയിറക്കിയപ്പോള്‍ ആദ്യ മോഡല്‍ വാങ്ങാന്‍ ഏറെപ്പേര്‍ മുന്നോട്ടുചെന്നു! വസ്തുക്കളുടെ മൂല്യം പരസ്പര താരതമ്യത്തിലൂടെ നിശ്ചയിക്കുന്ന പതിവു പ്രവണതയാണ് ഇവിടെ മുതലെടുക്കപ്പെട്ടത്.

ഡിസ്കൌണ്ടിലെ ചതിക്കുണ്ട്

ഓണം പോലുള്ള അവസരങ്ങളിലെ ഡിസ്ക്കൌണ്ട്മേളകളിലും സെയിലുകളിലും അത്യാവേശത്തോടെ വാങ്ങിക്കൂട്ടലുകള്‍ നടത്തുന്നവരുണ്ട്. വിലക്കുറവിന്‍റെ പ്രഭാവത്തില്‍ പക്ഷേ ഉത്പന്നങ്ങളുടെ നിറവും വലിപ്പവും ഗുണവും പ്രസക്തിയും പിന്നീടു തിരിച്ചെടുക്കില്ലെന്നൊക്കെയുള്ള നിബന്ധനകളുമെല്ലാം വേണ്ടവിധം ആലോചനാവിഷയമാക്കപ്പെടാതെ പോവാം. വാങ്ങാനൊരിക്കലും ഉദ്ദേശിച്ചിട്ടേയില്ലാതിരുന്ന സാധനങ്ങള്‍ വാങ്ങിയെന്നിരിക്കാം. എത്ര കിഴിവു ലഭിക്കുന്നെന്നതിനു മാത്രം ശ്രദ്ധ കിട്ടുകയും എന്തുമാത്രമാണ് ചെലവഴിക്കപ്പെടുന്നത് എന്നതു കണക്കിലെടുക്കപ്പെടാതെ പോവുകയും ചെയ്യാം. ഉച്ചത്തില്‍ പാട്ടു മുഴങ്ങുന്നതും ഡിസ്ക്കൌണ്ടിന്‍റെ സാദ്ധ്യതകള്‍ തരുന്ന ഉത്തേജനവും ഒന്നിന്‍റെ കൂടെ മറ്റെന്തെങ്കിലും സൌജന്യമായി നല്‍കപ്പെടുന്നതും മറ്റുള്ളവരോടു മത്സരിച്ച് ഐറ്റങ്ങള്‍ മുന്നേ കരസ്ഥമാക്കാനുള്ള ത്വരയും വല്ലാത്ത വിലക്കുറവില്‍ ഓരോ ഐറ്റവും കിട്ടുമ്പോള്‍ ലോട്ടറിയടിച്ച ആഹ്ലാദം തോന്നുന്നതുമെല്ലാം ചിന്തയെയും വിശകലനപാടവത്തെയും മങ്ങിക്കാം. വിലക്കുറവിന് ഏറെ പ്രാധാന്യം കല്‍പിക്കുന്നവര്‍ ഇത്തരം സ്ഥലങ്ങളില്‍ ധാരാളം സമയം വിനിയോഗിക്കാനും ഒട്ടനവധി ഉത്പന്നങ്ങള്‍ നേരില്‍ക്കാണാനും അങ്ങനെ ആത്യന്തികമായി കൂടുതല്‍ പണം ചെലവിടാനും കളമൊരുങ്ങുന്നുണ്ട്. വിലക്കുറവിലൂടെ “ലാഭി”ക്കുന്ന തുക ആഘോഷിച്ചുപൊടിച്ചുതീര്‍ക്കുന്നവരുമുണ്ട്.

ചില പരിഹാരങ്ങള്‍

വാങ്ങുന്ന ഉത്പന്നമല്ല, ലാഭംനേടുന്നതിന്‍റെ ഹരമാണ് മുഖ്യപ്രചോദനം എന്നൊരവസ്ഥക്കെതിരെ മുന്‍കരുതലെടുക്കുക. പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുന്ന ഒറിജിനല്‍ വിലയും ഡിസ്കൌണ്ടു തുകയുമൊക്കെ തല്‍ക്കാലത്തേക്കു മറന്ന്, സാധനം അവിടെയിപ്പോഴാ തരുന്ന വിലക്കു മറ്റെവിടെയെങ്കിലും കിട്ടിയിരുന്നെങ്കില്‍ വാങ്ങുമായിരുന്നോ എന്നാലോചിക്കുക. വാങ്ങാതെ വിടുന്ന സാധനങ്ങളെപ്പറ്റി കുറ്റബോധം ഒഴിവാക്കുക. ബില്ലിലെ ““You saved Rs. 184 today!” എന്നതുപോലുള്ള സുഖിപ്പിക്കലുകള്‍ക്ക് ഒരു പ്രസക്തിയുമില്ലെന്നു തിരിച്ചറിയുക. കൂടുതലിനങ്ങള്‍ കൂടുതല്‍ ലാഭത്തില്‍ വാങ്ങിക്കൂട്ടാനാവുന്നവരല്ല, അത്യാവശ്യ കാര്യങ്ങള്‍ മാത്രം വാങ്ങി ബാക്കി പണം മിച്ചംപിടിക്കുന്നവരാണ് ശരിക്കും വിജയികള്‍.

ഓണ്‍ലൈനില്‍ ഓര്‍മിക്കാന്‍

വാങ്ങണോ വേണ്ടയോ എന്നു നാം നിശ്ചയിക്കുംവരെ കടകളിലെ ഉത്പന്നങ്ങള്‍ നമ്മുടെ കണ്മുന്നില്‍ “സുരക്ഷിത”മായിരിക്കുമെങ്കില്‍, ഓണ്‍ലൈനിലെ ‘രണ്ടെണ്ണമേയിനി ബാക്കിയുള്ളൂ’ എന്ന മട്ടിലുള്ള മുന്നറിയിപ്പുകള്‍ അവ മറ്റാരെങ്കിലും കൈവശപ്പെടുത്തിയേക്കുമോ എന്ന ഭീതിയില്‍ നാം എടുത്തുചാടി, സാധനം ശരിക്കുമാവശ്യമുള്ളതാണോ, വിലക്കു തക്ക മൂല്യമുള്ളതാണോ എന്നതൊന്നും പരിഗണിക്കാതെ വാങ്ങിക്കാനിടയാക്കാം. ഒരു ദിവസമോ മണിക്കൂറുകള്‍ മാത്രമോ നീളുന്ന ഓണ്‍ലൈന്‍ സെയിലുകളിലും ഇതുപോലെ വിശകലനത്തിന് അവസരംകിട്ടാതെപോവാം. ഓണ്‍ലൈന്‍ ലേലങ്ങളില്‍ പങ്കെടുക്കുന്നതിനും മറ്റുള്ളവരെ തോല്‍പിക്കുന്നതിനും ചൂതാട്ടത്തിന്‍റെ പ്രവചനാതീതതയും പരിവേഷവും വൈകാരിക പ്രാധാന്യവും കൈവരാം. നമ്മുടെ വിശ്വാസങ്ങളെയും താല്‍പര്യങ്ങളെയും ആഗ്രഹങ്ങളെയും ബന്ധങ്ങളെയുമൊക്കെപ്പറ്റി കണ്ടമാനം അറിവു കിട്ടുന്ന സര്‍ച്ചെഞ്ചിനുകളും സാമൂഹ്യ മാധ്യമങ്ങളും നമ്മെ ഗാഢമായി സ്വാധീനിക്കാനാവുന്ന പരസ്യങ്ങള്‍ നിരന്തരം വിളമ്പാം.

ചില പരിഹാരങ്ങള്‍

ഷോപ്പിംഗ്‌സൈറ്റുകളുടെ ഇമെയില്‍ നോട്ടിഫിക്കേഷനുകള്‍ നോക്കാന്‍ നിത്യവുമേറെ സമയം പാഴാവുന്നെങ്കിലോ എടുത്തുചാടി പലതും വാങ്ങാനവ നിമിത്തമാവുന്നെങ്കിലോ അവയില്‍നിന്ന് അണ്‍സബ്സ്ക്രൈബ് ചെയ്യുക. പരസ്യങ്ങളെ ബ്ലോക്ക് ചെയ്യുന്ന ബ്രൌസര്‍ എക്സ്റ്റെന്‍ഷനുകള്‍ പരിഗണിക്കുക. ഓണ്‍ലൈന്‍ റിവ്യൂകള്‍ പലപ്പോഴും ഉപകാരപ്രദമാവാമെങ്കിലും അവയില്‍ വ്യാജന്മാരുമുണ്ടാവാം എന്നോര്‍ക്കുക.

ഷോപ്പിങ്ങ്തൃഷ്ണ ശമിക്കാത്തവര്‍

ചിലര്‍ക്കു ഷോപ്പിങ്ങ് മദ്യമോ സിഗരറ്റോ പോലെ ഒരു അഡിക്ഷനായി വളരാം. ഉപയോഗത്തിനായല്ലാതെ വാങ്ങലിന്‍റെ ലഹരിക്കോ ദുര്‍വികാരങ്ങളുടെ ദൂരീകരണത്തിനോ മാത്രം പലതും വാങ്ങിക്കൂട്ടുക, സങ്കടങ്ങള്‍ വരുമ്പോഴൊക്കെ പരിഹാരംതേടി ഷോപ്പിങ്ങിനിറങ്ങുക, എന്തെങ്കിലും വാങ്ങാനുള്ള നല്ലയവസരങ്ങള്‍ വല്ലതും കളഞ്ഞുകുളിച്ചുപോയേക്കുമോ എന്നു സദാ വ്യാകുലപ്പെടുക, സാമ്പത്തികനിലയും വ്യക്തിബന്ധങ്ങളും താറുമാറായിക്കഴിഞ്ഞാലും സാധനങ്ങള്‍ വാങ്ങിക്കൂട്ടാനുള്ള ത്വര വിട്ടുമാറാതെ നിലനില്‍ക്കുക തുടങ്ങിയവ ഷോപ്പിങ്ങ് അഡിക്ഷന്‍റെ ലക്ഷണമാവാം. സ്ത്രീകളെയാണ് ഇതധികം ബാധിക്കാറുള്ളത്. വിഷാദം, ഉത്ക്കണ്ഠാരോഗങ്ങള്‍, വ്യക്തിത്വവൈകല്യങ്ങള്‍ തുടങ്ങിയവയുള്ളവരില്‍ ഇതു കൂടുതല്‍ സാധാരണവുമാണ്. ഉത്ക്കണ്ഠയും നിരാശയും കുറക്കാനുള്ള മരുന്നുകളും വികലമായ ചിന്താഗതികള്‍ തിരുത്താനുള്ള കൌണ്‍സലിങ്ങുകളും ഇതിനു ഫലപ്രദമാവാറുണ്ട്.

(2016-ലെ ഗൃഹലക്ഷ്മി ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)
{xtypo_alert}ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.{/xtypo_alert}
Image courtesy: QuotesGram

×
Stay Informed

When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.

ചൂതാട്ടക്കമ്പം ഓണ്‍ലൈന്‍
കന്നു ചെന്നാല്‍ കന്നിന്‍പറ്റത്തില്‍

Related Posts