മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്

ഡോ. ഷാഹുല്‍ അമീന്‍ എന്ന സൈക്ക്യാട്രിസ്റ്റ് വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍

പോണ്‍പ്രേമികളുടെ മനസ്സിലും കിടപ്പറയിലും സംഭവിക്കുന്നത്

പോണ്‍പ്രേമികളുടെ മനസ്സിലും കിടപ്പറയിലും സംഭവിക്കുന്നത്

“സ്നേഹവും പ്രേമവുമൊന്നും പ്രതീക്ഷിച്ച് ഇങ്ങോട്ടാരും വരണ്ട.”
— ഒരു പോണ്‍സൈറ്റിന്‍റെ പരസ്യവാചകം

കഴിഞ്ഞയൊരു ദശകത്തില്‍ ഇന്‍റര്‍നെറ്റിന്‍റെ വ്യാപ്തിയിലും പ്രാപ്യതയിലുമുണ്ടായ വിപ്ലവം പ്രായലിംഗഭേദമന്യേ ഏവര്‍ക്കും ആരോരുമറിയാതെ, പേരോ മുഖമോ വെളിപ്പെടുത്താതെ, കീശ ചുരുങ്ങാതെ, അനായാസം, ഏതുനേരത്തും, എന്തോരം വേണമെങ്കിലും, ഏതൊരഭിരുചിക്കും അനുസൃതമായ തരം പോണ്‍ചിത്രങ്ങള്‍ കാണാവുന്ന സാഹചര്യമുണ്ടാക്കിയിട്ടുണ്ട്.

നീലവാനച്ചോലയില്‍ നീന്തിടുന്ന...

പോണ്‍സൈറ്റുകള്‍ മൊത്തം ഇന്‍റര്‍നെറ്റിന്‍റെ 12 ശതമാനത്തോളം വരും, സര്‍ച്ച്എഞ്ചിനുകളോടുള്ള ചോദ്യങ്ങളുടെ നാലിലൊന്നും പോണുമായി ബന്ധപ്പെട്ടതാണ്, നെറ്റില്‍ നിന്നുള്ള ഡൌണ്‍ലോഡുകളുടെ 35 ശതമാനവും പോര്‍ണോഗ്രാഫിയാണ്, ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പോണ്‍സൈറ്റ് ദിനേന സന്ദര്‍ശിക്കപ്പെടുന്നത് പത്തുകോടി തവണയാണ്, പുരുഷന്മാരില്‍ അഞ്ചിലൊരാള്‍ ജോലിസ്ഥലത്ത് പോണ്‍ കാണുന്നുണ്ട് എന്നൊക്കെയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിവിധ നാടുകളില്‍ നിന്നുള്ള പഠനങ്ങള്‍ പ്രകാരം പുരുഷന്മാരില്‍ 50 മുതല്‍ 99 വരെ ശതമാനവും സ്ത്രീകളില്‍ 30 തൊട്ട് 86 വരെ ശതമാനവും പോണ്‍ കണ്ടിട്ടുള്ളവരാണ്. ഗൂഗിള്‍ ട്രെന്‍റ്സ് പറയുന്നത് 2012 മുതല്‍ 2015 വരെയുള്ള നാലു വര്‍ഷങ്ങളിലും ഇന്ത്യക്കാര്‍ ഏറ്റവുമധികം നെറ്റില്‍ത്തിരഞ്ഞ പേര് പോണ്‍താരമായ സണ്ണി ലിയോണിന്റേതാണെന്നാണ്. നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ടു പ്രകാരം രാജ്യത്തെ ഓണ്‍ലൈന്‍ അശ്ലീലപ്രസിദ്ധീകരണങ്ങളില്‍ 27 ശതമാനവും നമ്മുടെ കൊച്ചുകേരളത്തില്‍ നിന്നാണ്. പോണ്‍സംബന്ധിയായ കേസുകളുടെ കാര്യത്തിലാണെങ്കില്‍ 2013-ല്‍ 177 എണ്ണം രജിസ്റ്റര്‍ചെയ്ത് കേരളം ഇന്ത്യന്‍സംസ്ഥാനങ്ങളില്‍ രണ്ടാമതെത്തുകയുണ്ടായി — 2010-12 കാലയളവില്‍ 386 കേസുകളുമായി നാമിതില്‍ ഒന്നാംസ്ഥാനത്തുമായിരുന്നു.

മിതമായ പോണ്‍കാഴ്ച ലൈംഗികതൃഷ്ണ സ്വതവേ കുറഞ്ഞവര്‍ക്കും കിടപ്പറയില്‍ പുതുമ തേടുന്ന ദമ്പതികള്‍ക്കും പ്രയോജനകരമാവാമെന്നും, മറുവശത്ത് ഉറക്കക്കുറവ്, സ്വയംമതിപ്പില്ലായ്ക, കുറ്റബോധം, ഒറ്റപ്പെടല്‍, തൊഴില്‍പ്രശ്നങ്ങള്‍, സാമ്പത്തികനഷ്ടം എന്നിവ തൊട്ട് വിഷാദത്തിനു വരെ ഹേതുവാകാമെന്നും വിദഗ്ദ്ധര്‍ കുറച്ചു നാളായിട്ടു ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ പോണ്‍കാഴ്ച ലഹരിവസ്തുക്കളെപ്പോലെ ഒരഡിക്ഷനായി വളരാമെന്നതും അതിരുവിട്ട പോണ്‍പ്രേമം പല ലൈംഗികപ്രശ്നങ്ങള്‍ക്കും വഴിവെക്കാമെന്നതും ഈയിടെ കണ്ടെത്തിയതാണ് — ഈ രണ്ടു പുത്തനറിവുകളാണ് ഇവിടെ ചര്‍ച്ചക്കെടുക്കുന്നതും.

നീലേ നീ ലഹരിയാവുന്നത്

പോണിന്‍റെ പല സവിശേഷതകളും അതിന് അഡിക്ഷന്‍സാദ്ധ്യത കൈവരുത്തുണ്ട്. വംശം കുറ്റിയറാതെ കാക്കുക എന്ന വലിയൊരുദ്യമത്തിന്‍റെ പൂര്‍ത്തീകരണം സുസാദ്ധ്യവും ആയാസരഹിതവുമാവാന്‍ പരിണാമപ്രക്രിയ ലൈംഗികതയെ നമ്മുടെ തലച്ചോറുകള്‍ക്ക് ഏറെ ആകര്‍ഷണീയവും ആനന്ദദായകവുമാക്കിയതും, നാല്‍പത്തിരണ്ടു കോടിയോളം വെബ്പേജുകളിലായി വൈവിദ്ധ്യമോലുന്ന, അത്യുത്തേജനമേകാവുന്ന, അളവറ്റ വീഡിയോകള്‍ രംഗത്തുണ്ടെന്നതും, പല ലഹരിപദാര്‍ത്ഥങ്ങളെയും അപേക്ഷിച്ച് പോണ്‍ നിയമവിരുദ്ധമല്ല എന്നതുമൊക്കെ ഇക്കാര്യത്തില്‍ പ്രസക്തമാണ്.

പോണ്‍വഴിയെ പോണോര്‍

ഒരാള്‍ക്കു പോണിന് അഡിക്ഷനായി എന്നുപറയുന്നത് പോണ്‍കാഴ്ച അയാള്‍ക്ക് സാമൂഹ്യമോ സാമ്പത്തികമോ മാനസികമോ ശാരീരികമോ ആയ ദുഷ്പ്രത്യാഘാതങ്ങള്‍ക്കു നിദാനമാവുന്നെങ്കിലാണ്. പോണ്‍ കാണാനിടയാവുന്നവരില്‍ ഒരു വിഭാഗം മാത്രമാണ് ഇങ്ങിനെ അഡിക്ഷനിലേക്കു വഴുതുന്നത്. ഈ റിസ്കു കൂടുതലുള്ളത് താഴെപ്പറയുന്ന തരക്കാര്‍ക്കാണ്:

  • ഗാഢമായ ഹൃദയബന്ധങ്ങളില്‍ താല്‍പര്യമോ വിശ്വാസമോ ഇല്ലാത്തവര്‍
  • സ്വയംഭോഗത്തിന് പോണ്‍ ഒരു നല്ല സഹായിയാണെന്ന്‍ അനുമാനിക്കുന്നവര്‍
  • ജീവിതസമ്മര്‍ദ്ദങ്ങളിലോ ഏകാന്തതയിലോ ബോറടിയിലോ ആത്മവിശ്വാസമില്ലായ്കയിലോ നിന്നു മുക്തി നേടാനോ, നിത്യജീവിതത്തിന്‍റെ തിരക്കുകളിലോ ഉത്തരവാദിത്തങ്ങളിലോ നിന്നൊരവധിയെടുക്കാനോ ആരോഗ്യകരമായ മറ്റു മാര്‍ഗങ്ങളൊന്നും വശമില്ലാതെ, അതിനൊക്കെ തങ്ങള്‍ക്കു സുഖസംതൃപ്തിയേകാന്‍ സദാ ഒരുങ്ങിനില്‍ക്കുന്ന പോണ്‍താരങ്ങളെ ആശ്രയിച്ചാല്‍ മതിയെന്നു വെക്കുന്നവര്‍
  • ഉള്ളില്‍പ്പേറി നടക്കുന്ന, പ്രാവര്‍ത്തികമാക്കാന്‍ നിത്യജീവിതത്തില്‍ ഇട കിട്ടാത്തത്ര വികലമോ വികൃതമോ ആയ ലൈംഗികസ്വപ്‌നങ്ങളെ സ്ക്രീനിലെങ്കിലും കണ്ടു നിര്‍വൃതിയടയാം എന്നു നിശ്ചയിക്കുന്നവര്‍
  • മസ്തിഷ്കപരമോ മാനസികമോ ആയ കാരണങ്ങളാല്‍ പോണ്‍കാഴ്ചകളില്‍ നിന്ന് കൂടുതല്‍ ഉല്ലാസം കിട്ടുന്നവര്‍

ഒരിക്കലെങ്കിലും പോണ്‍ കാണുന്നവരില്‍ മൂന്നിലൊന്നും സ്ത്രീകളാണ് എങ്കിലും പോണ്‍ ഒരഡിക്ഷനായി വളരുന്നതു മുഖ്യമായും പുരുഷന്മാര്‍ക്കാണ്. പുരുഷന്മാര്‍ പ്രകൃത്യാതന്നെ സെക്സില്‍ ഏറെ പുതുമയും വൈവിദ്ധ്യവും കാംക്ഷിക്കുന്നവരാണെന്നതും, ലൈംഗികദൃശ്യങ്ങളാല്‍ കൂടുതല്‍ ഉത്തേജിതരാവുമെന്നതും, സ്ത്രീകള്‍ പ്രധാനമായും കാണാറുള്ളത് അഡിക്ഷന്‍സാദ്ധ്യത കുറഞ്ഞ “സോഫ്റ്റ്‌ പോണ്‍” ആണെന്നതുമൊക്കെ ഈ വ്യതിരിക്തതക്കു കാരണമാവുന്നുണ്ട്.

അഡിക്ഷന്‍റെ അടയാളങ്ങള്‍

മുമ്പ് സന്തോഷവും വികാരവുമുണര്‍ത്താന്‍ പര്യാപ്തമായിരുന്ന രംഗങ്ങള്‍ക്ക്, അവ നിത്യജീവിതത്തിലേതോ പോണ്‍ചിത്രങ്ങളിലേതോ ആവട്ടെ, ആ ശേഷി നഷ്ടമാവുകയും, കൂടുതല്‍ തീക്ഷ്ണമോ, അല്ലെങ്കില്‍ കൊച്ചുകുട്ടികളോടോ മൃഗങ്ങളോടോ ഉള്ള വേഴ്ച പോലെ അറപ്പുളവാക്കുന്നതോ, ആയ രംഗങ്ങളില്‍ നിന്നു മാത്രം, അതും ഒട്ടേറെ നേരം അവ കണ്ടാല്‍ മാത്രം, ഉത്തേജനം സാദ്ധ്യമാവുകയും ചെയ്യുന്ന അവസ്ഥ പോണ്‍ അഡിക്ഷന്‍റെ ഒരു മുഖമുദ്രയാണ്. (ഒരു രോഗിയുടെ വാക്കുകള്‍: “ഇന്ത്യാറ്റുഡേ വീട്ടിലെത്തുന്നതും കാത്തിരുന്ന് അതിന്‍റെ അവസാന പേജിലെ നടിമാരുടെ ചിത്രങ്ങളും നോക്കി സ്വയംഭോഗംചെയ്ത ഒരു കാലം എനിക്കുണ്ടായിരുന്നു. ഒരു സാരി അല്‍പം സ്ഥാനം തെറ്റിക്കിടക്കുന്നതോ, ബസ്സില്‍ മുന്‍സീറ്റിലിരിക്കുന്ന സ്ത്രീയുടെ മുടി കാറ്റില്‍ ചുമ്മാ പറക്കുന്നതു പോലുമോ എനിക്കു വികാരമുളവാക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴാവട്ടെ, പോണ്‍നടിയുടെ ദേഹത്ത് മൂന്നു പുരുഷലിംഗങ്ങളെങ്കിലും കുത്തിക്കയറിയിരിക്കുന്നത്, അതും എച്ച്.ഡി.യില്‍, കണ്ടാലേ എനിക്കു വല്ലതും ആവുന്നുള്ളൂ.”) കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നടന്ന, 2016-ല്‍ പ്രസിദ്ധീകരിക്കാനിരിക്കുന്ന പഠനം കണ്ടെത്തിയത് പോണ്‍അഡിക്ഷന്‍ ബാധിതര്‍ അസാധാരണത്വമുള്ള ലൈംഗികചിത്രങ്ങളോടു പ്രതിപത്തി കാണിക്കുന്നെന്നും എന്നാല്‍ അവ പോലും അവരുടെ തലച്ചോറുകള്‍ക്ക് അതിവേഗം മടുക്കുന്നു എന്നുമാണ്.

പോണ്‍ നോക്കാനുള്ള നിരന്തരമായ ഒരുള്‍പ്രേരണ, “നിര്‍ത്തി, ഇനിയിതൊന്നും കാണുന്നേയില്ല” എന്നു സ്വയം തീരുമാനിച്ചിട്ടോ അടുപ്പമുള്ളവര്‍ക്കു വാക്കുകൊടുത്തിട്ടോ അത് അടിക്കടി തെറ്റിക്കുക, പോണ്‍കാഴ്ചയുടെ വ്യാപ്തിയെപ്പറ്റി മറ്റുള്ളവരോടു കള്ളംപറയുക, പോണ്‍ത്വര നിയന്ത്രിക്കാനാവശ്യപ്പെടുന്നവരോടു ദേഷ്യപ്പെടുക എന്നീ ലക്ഷണങ്ങളും അഡിക്ഷന്‍ബാധിതര്‍ പ്രകടമാക്കാം. കുടിക്കാന്‍ കിട്ടാത്തപ്പോള്‍ മദ്യാസക്തര്‍ക്കു വിറയലും ഉറക്കക്കുറവുമൊക്കെ പ്രത്യക്ഷപ്പെടുന്ന പോലെ, പോണ്‍ ഒരഡിക്ഷനായവര്‍ക്ക് അതു കാണാതിരുന്നാല്‍ ഉറക്കമില്ലായ്മ, ഏകാഗ്രത കിട്ടായ്ക, മുന്‍ശുണ്‍ഠി, നൈരാശ്യം, പരിഭ്രാന്തി എന്നിവയും ജലദോഷപ്പനിയുടെ ലക്ഷണങ്ങളും തലപൊക്കാം.

ഇതൊരു പുതിയ പ്രതിഭാസമാണ് എന്നതിനാലും ശാസ്ത്രീയ പഠനങ്ങള്‍ വന്നുതുടങ്ങിയിട്ടേയുള്ളൂ എന്നതിനാലും പോണ്‍അഡിക്ഷന്‍ മനോരോഗങ്ങളുടെ ഔദ്യോഗിക പട്ടികകളില്‍ ഇതുവരെ ഉള്‍പ്പെടുത്തപ്പെട്ടിട്ടില്ല.

“നീലപ്പിത്തം” പിടിച്ചാല്‍ കാണുന്നതെല്ലാം നീല!

അമിതമായ പോണ്‍കാഴ്ച, അതൊരഡിക്ഷന്‍റെ തോതിലല്ലെങ്കില്‍പ്പോലും, പ്രേക്ഷകരുടെ, പ്രത്യേകിച്ച് ലൈംഗികജ്ഞാനത്തിന്‍റെ ഏക സ്രോതസ്സായി അതിനെയാശ്രയിക്കുന്നവരുടെ, ലൈംഗികമനോഭാവങ്ങളില്‍ പല വികലതകള്‍ക്കും ഇടയൊരുക്കാം. എല്ലാവരും ദിവസേനയോ അതിലുമേറെയോ വേഴ്ചയിലേര്‍പ്പെടുന്നവരാണ്, രതി ഓരോ തവണയും ആനന്ദത്തിന്‍റെ വിസ്ഫോടനങ്ങള്‍ സൃഷ്ടിക്കും, അവിഹിതബന്ധങ്ങള്‍ സാര്‍വത്രികവും സ്വാഭാവികവുമാണ്, അധികമാരുമവലംബിക്കാത്ത രതിവൈകൃതങ്ങള്‍ പക്ഷേ നാട്ടുനടപ്പാണ് എന്നൊക്കെയുള്ള നിഗമനങ്ങള്‍ ഇതില്‍പ്പെടുന്നു. ഗര്‍ഭധാരണത്തെയോ ലൈംഗികരോഗങ്ങളെയോ വ്യക്തിബന്ധങ്ങളെയോ ഒക്കെക്കുറിച്ചുള്ള പോണ്‍കഥാപാത്രങ്ങളുടെ കൂസലില്ലായ്മയും അനവധാനതയും പ്രേക്ഷകരും സ്വാംശീകരിക്കാം. പുരുഷലിംഗത്തിന്‍റെ വലിപ്പത്തെയും ഉദ്ധാരണത്തിന്‍റെ ഗാംഭീര്യത്തെയും സ്ഖലനത്തിനെടുക്കുന്ന സമയത്തെയുമെല്ലാം പറ്റിയുള്ള മിഥ്യാപ്രതീക്ഷകള്‍ക്കും സ്വന്തം ലൈംഗികശേഷിയെക്കുറിച്ചുള്ള ആത്മവിശ്വാസക്കുറവിനും ജാള്യതക്കുമൊക്കെയും പോണ്‍കാഴ്ചകള്‍ വിത്തിടാം.

സ്ത്രീകളെല്ലാം അവസരമൊത്താല്‍ വേഴ്ചയാവാമെന്ന മനസ്ഥിതിക്കാരും ആണുങ്ങളാവശ്യപ്പെട്ടാല്‍ ഏതൊരു ലൈംഗികവൈകൃതത്തിനും സസന്തോഷം വഴങ്ങുന്നവരുമാണ്, സ്വന്തമായ താല്‍പര്യങ്ങളോ ആഗ്രഹങ്ങളോ തീരുമാനങ്ങളോ ഇല്ലാത്ത, ഏതു വിധേനയും പുരുഷനെ സന്തോഷിപ്പിക്കാന്‍ സദാ തയ്യാറായി നില്‍ക്കുന്ന സുഷിരങ്ങളുടെയൊരു സമാഹാരം മാത്രമാണ് എന്നൊക്കെയുള്ള ധാരണകള്‍ മുളപ്പിക്കുകയും സ്ത്രീകളോടുള്ള ബഹുമാനവും സഹാനുഭൂതിയും പിഴുതുകളയുകയും പോണ്‍ ചെയ്യാം. ഒപ്പം ബലാത്സംഗത്തോടും ബാലലൈംഗികപീഡനത്തോടുമൊക്കെയുള്ള പ്രതികൂലതകളെ ദുര്‍ബലപ്പെടുത്തുകയും അവയുടെ ഇരകളോടു സഹതാപമേതും തോന്നാത്ത മാനസികാവസ്ഥയിലെത്തിക്കുകയും ആവാം.

ലൈംഗികതയെയും ബന്ധങ്ങളെയുമൊക്കെപ്പറ്റി പോണില്‍ നിന്നു മാത്രം പഠിച്ചെടുത്തവര്‍ക്ക് രക്തവും മാംസവുമുള്ള ഒരു പങ്കാളിയുമായി പ്രേമ, ലൈംഗിക ബന്ധങ്ങള്‍ ഉരുവപ്പെടുത്തിയെടുക്കാനും നിലനിര്‍ത്താനുമുള്ള പാടവം കൈവശമുണ്ടായേക്കില്ല. യാദൃച്ഛികമായി കണ്ടുമുട്ടുന്ന, പരസ്പരം യാതൊരു വൈകാരികബന്ധമോ ഉടമ്പടികളോ ഇല്ലാത്ത സ്ത്രീപുരുഷന്മാര്‍ രതിക്രീഡകള്‍ക്കു ശേഷം കടപ്പാടുകളോ ഉത്തരവാദിത്തങ്ങളോ ഇല്ലാതെ ബൈചൊല്ലിപ്പിരിയുക നിരന്തരം പ്രമേയമാക്കുന്ന പോണ്‍ചിത്രങ്ങള്‍ പ്രേക്ഷകരില്‍ ഒരൊറ്റപ്പങ്കാളിയുമായുള്ള ദീര്‍ഘകാലബന്ധം എന്ന “പഴഞ്ചന്‍” ആശയത്തോട് വിയോജിപ്പും അനാദരവും ജനിപ്പിക്കാം.

ലൈംഗികസുഖത്തില്‍ മുഴുവന്‍ ശരീരത്തിനും വേഴ്ചക്കു മുന്നോടിയായ ബാഹ്യകേളികള്‍ക്കുമെല്ലാമുള്ള പ്രാധാന്യത്തെ തൃണവല്‍ക്കരിച്ച് ഗുഹ്യഭാഗങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചുള്ള, ശൃംഗാരമോ വശീകരണമോ പരസ്പരം ഉണര്‍ത്തിയെടുക്കലോ ചുംബനങ്ങള്‍ പോലുമോ ഇല്ലാതെ നേരെ “കാര്യത്തിലേക്കു കടക്കുന്ന” പോണ്‍രതികള്‍ കാഴ്ചക്കാരുടെ ലൈംഗികസങ്കല്‍പങ്ങളെ ദുസ്സ്വാധീനിക്കാം. രതിമൂര്‍ച്ഛയുടെ ശാരീരികാനുഭൂതിക്കൊപ്പം പങ്കാളിയുമായുള്ളൊരു ഹൃദയബന്ധത്തിന്‍റെയും സാന്നിദ്ധ്യമുണ്ടെങ്കിലേ ലൈംഗികതയുടെ ആസ്വാദ്യതക്ക് പൂര്‍ണതയാവൂ എന്നൊക്കെ ഉള്‍ക്കൊണ്ടെടുക്കാന്‍ പോണിന്‍റെ ശിഷ്യവൃന്ദങ്ങള്‍ക്ക് ഇട കിട്ടിയേക്കില്ല. പങ്കാളിയെ വെറും ലൈംഗികോപകരണം മാത്രമായി വീക്ഷിക്കുന്ന പ്രവണത വരികയും, സ്നേഹവാത്സല്യങ്ങളും മാനസികൈക്യവും വൈകാരിക പ്രതിബദ്ധതയുമൊക്കെ ബന്ധത്തിന്‍റെ ചേരുവകളാണെന്ന ബോദ്ധ്യം മനസ്സില്‍നിന്നു പുറംതെറിക്കുകയും ചെയ്യാം. പോണ്‍നടിമാരുമായുള്ള തുലനത്തില്‍ സ്വന്തം പങ്കാളി “നാലാംകിട”യാണെന്ന ധാരണയും ജനിക്കാം.

നീലരാവിലിന്നു നിന്‍റെ...

പോണ്‍അഡിക്ഷനോ അനുബന്ധ ലൈംഗികപ്രശ്നങ്ങളോ ഉള്ള പുരുഷന്മാരുടെ പങ്കാളികള്‍ക്കും കഷ്ടതകള്‍ കിട്ടാം. വേഴ്ചാപൂര്‍വകേളികള്‍ക്കോ തങ്ങളെ ഉണര്‍ത്തിയെടുക്കുന്നതിലോ അവര്‍ മനസ്സിരുത്തുന്നില്ലെന്നും, വേഴ്ചാനേരത്ത് അവരുടെ ശ്രദ്ധ മറ്റെവിടെയോ ആണെന്ന പ്രതീതി തോന്നുന്നെന്നും ആ സ്ത്രീകള്‍ പരാതിപ്പെടാം. തനിക്കു സൌന്ദര്യമോ ആകര്‍ഷണീയതയോ ന്യൂനമായതു കൊണ്ടാണ് തന്‍റെ പുരുഷന് ആര്‍ത്തി ശമിപ്പിക്കാന്‍ നെറ്റില്‍ അലയേണ്ടി വരുന്നത് എന്ന തെറ്റായ അനുമാനത്തില്‍ അവരില്‍ ചിലരെങ്കിലുമെത്താം. അതവരില്‍ ആത്മവിശ്വാസവും സ്വയംമതിപ്പും കെടുത്തുകയും അരക്ഷിതത്വബോധം ജനിപ്പിക്കുകയും ചെയ്യാം.

പോണ്‍പുലരൊളി പൂ വിതറിയ…

ശാരീരികമായ ലൈംഗികപ്രക്രിയകളെയും അതിമാത്രമായ പോണ്‍കാഴ്ച അവതാളത്തിലാക്കുന്നുണ്ട് എന്നാണ് ഈയിടെ പുറത്തുവന്ന നിരവധി പഠനങ്ങള്‍ മുന്നറിയിപ്പുതരുന്നത്. പോണ്‍അഡിക്ഷന്‍ പിടികൂടുന്നത് മുഖ്യമായും പുരുഷന്മാരെയാണ് എന്നതിനാലാവാം, പോണ്‍ജന്യ ലൈംഗികപ്രശ്നങ്ങളെപ്പറ്റി ഇതുവരെ ലഭ്യമായ പഠനങ്ങളും റിപ്പോര്‍ട്ടുകളും മിക്കതും അവരെപ്പറ്റിത്തന്നെയാണ്.

ഓരോ തവണയും നമുക്കു മാനസികോല്ലാസം തോന്നുമ്പോള്‍, അതൊരു പ്രശംസയോ രുചിയുള്ള വിഭവമോ ലഹരിവസ്തുവോ ലൈംഗികകൃത്യമോ മൂലമാവട്ടെ, നമ്മുടെ തലച്ചോറുകളിലെ ആനന്ദത്തിന്‍റെ കേന്ദ്രങ്ങള്‍ ഉത്തേജിക്കപ്പെടുകയും അവിടങ്ങളില്‍ ഡോപ്പമിന്‍ എന്ന നാഡീരസം ചുരത്തപ്പെടുകയും ചെയ്യുന്നുണ്ട്. ഈ ഡോപ്പമിന്‍, വെണ്ട്രല്‍ ടെഗ്മെന്‍റല്‍ ഏരിയ എന്ന മസ്തിഷ്കഭാഗത്തു നിന്നും അതിന്‍റെ പ്രയാണം തുടങ്ങുകയും ആനന്ദാതിരേകങ്ങള്‍ നമുക്ക് അനുഭവവേദ്യമാക്കുന്ന ന്യൂക്ലിയസ് അക്യുമ്പെന്‍സ്, ഏകാഗ്രതയും ഊര്‍ജസ്വലതയുമൊക്കെ ഒരുക്കിത്തരുന്ന പ്രീഫ്രോണ്ടല്‍ കോര്‍ട്ടെക്സ്, ഓര്‍മശക്തി സുസാദ്ധ്യമാക്കുന്ന ഹിപ്പോകാംപസ്, ഹോര്‍മോണുകളെ നിയന്ത്രിക്കുന്ന ഹൈപ്പോതലാമസ് എന്നീ മസ്തിഷ്കഭാഗങ്ങളിലേക്കു സഞ്ചരിക്കുകയുമാണ് ചെയ്യുന്നത്.
ലൈംഗികാസക്തിയുണരുമ്പോഴും വേഴ്ചയിലേര്‍പ്പെടുമ്പോഴും നമുക്ക് ആനന്ദമനുഭവപ്പെടുന്നത് ഡോപ്പമിന്‍ ഇത്തരത്തില്‍ സ്രവിക്കപ്പെടുകയും ന്യൂക്ലിയസ് അക്യുമ്പെന്‍സില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനാലാണ്. ഇതേ ഡോപ്പമിനാല്‍ ഉത്തേജിപ്പിക്കപ്പെടുമ്പോഴാണ് ഹൈപ്പോതലാമസ് നമ്മുടെ ലൈംഗികാവയവങ്ങളിലേക്കു നാഡീസന്ദേശങ്ങളയക്കുന്നതും അതുവഴി ഉദ്ധാരണവും മറ്റും സാദ്ധ്യമാവുന്നതും എന്നതും പ്രധാനമാണ്.

പോണ്‍ കാണാനുള്ള ത്വരയനുഭവപ്പെടുമ്പോഴും അതിന്‍റെ സുഖവും പ്രതീക്ഷിച്ച് കാത്തുകാത്തിരിക്കുമ്പോഴും അതില്‍മുഴുകി ഹര്‍ഷോന്മത്തരാവുമ്പോഴുമെല്ലാം ഇവ്വിധം ഡോപ്പമിന്‍ സ്രവിക്കപ്പെടുകയും മേല്‍പ്പറഞ്ഞ മസ്തിഷ്കഭാഗങ്ങള്‍ ഉത്തേജിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ മനുഷ്യകുലത്തിന്‍റെ പരിണാമചരിത്രത്തില്‍ സമാനതകളില്ലാത്തത്ര ഉത്തേജനമാണ് നമ്മുടെ തലച്ചോറുകളില്‍ ഓണ്‍ലൈന്‍ പോണ്‍ — അഭിരുചിക്കൊത്ത അളവറ്റ ദൃശ്യങ്ങള്‍ സര്‍ച്ച്‌ ചെയ്തെടുക്കാനും ഒരേ നേരത്ത് പല വിന്‍ഡോകളില്‍ പല ദൃശ്യങ്ങള്‍ കാണാനുമൊക്കെയുള്ള അവസരങ്ങളുമായി — ഉളവാക്കുന്നത്. തലച്ചോറുകളാവട്ടെ, പാവം ഇത്രക്കൊന്നും പ്രതീക്ഷിച്ചു പരിണമിച്ചുവന്നവയല്ല താനും. ഫലമോ? ഡോപ്പമിന്‍റെയീ കൂലംകുത്തിവരവു താങ്ങാന്‍ താല്‍പര്യമില്ലാതെ അവ പതിയെ തടയണകള്‍ കെട്ടുന്നു — അതായത്, ഡോപ്പമിന്‍ പ്രവര്‍ത്തിക്കുന്ന സ്വീകരണികളുടെ (receptors) എണ്ണം കുറക്കുകയും മറ്റും ചെയ്യുന്നു. തല്‍ഫലമായി ഡോപ്പമിന്‍ വിവിധ മസ്തിഷ്കഭാഗങ്ങളില്‍ പഴയപോല്‍ ഏശാതാവുന്നതിനാല്‍ രതി അഡിക്ഷന്‍ബാധിതര്‍ക്ക് ആനന്ദദായകമല്ലാതായിത്തീരുന്നു. പങ്കാളികള്‍ക്ക് അവരെ ഉണര്‍ത്തിയെടുക്കാനോ ഉദ്ധരിപ്പിക്കാനോ സന്തോഷിപ്പിക്കാനോ ആവാതെ വരുന്നു. രതിവേളകളില്‍ സ്ഖലനം വല്ലാതെ വൈകുകയോ തീരെ നടക്കാതെ പോവുകയോ ചെയ്യുന്നു. ചിലര്‍ക്ക് ഇതിനെ മറികടക്കാന്‍ വേഴ്ചാവേളകളില്‍ അകക്കണ്ണില്‍ പോണ്‍രംഗങ്ങളുടെ റീലുകളോടിക്കേണ്ട ഗതികേടുണ്ടാവുന്നു. ഇനിയും ചിലര്‍ വേഴ്ചകളെ “പോണ്‍വല്‍ക്കരി”ക്കാന്‍ ശ്രമിച്ച് പങ്കാളിയുടെ അപ്രീതി നേടുന്നു.

സമാന്തരമായി, പോണിനോടുള്ള കമ്പം പഴയതിലും കൂടുന്നു. ഇത്തിരി ലൈംഗികസുഖം കിട്ടാന്‍ മുമ്പു വിശദീകരിച്ച പോലെ കൂടുതലളവില്‍, കൂടുതല്‍ തീക്ഷ്ണമായ സീനുകള്‍ കാണേണ്ടിവരുന്നു. തലച്ചോറിന്‍റെ തടയണക്ക് “ഉയരം കൂടുന്ന”തിനനുസരിച്ച് വര്‍ദ്ധിച്ചയളവ്‌ ഡോപ്പമിനു പോലും ഹൈപ്പോതലാമസിനെ ഉദ്ദീപിപ്പിക്കാനാവാതാവുകയും, അതിതീവ്രമായ പോണിനെ കൂട്ടുപിടിച്ചാല്‍പ്പോലും സ്വയംഭോഗം സംതൃപ്തിയേകാതാവുകയോ അപ്പോള്‍പ്പോലും ലിംഗോദ്ധാരണം മരീചികയാവുകയോ ചെയ്യുന്നു.

പ്രീഫ്രോണ്ടല്‍കോര്‍ട്ടക്സിലേക്കുള്ള ഡോപ്പമിന്‍ നാഡികള്‍ പോണ്‍അഡിക്റ്റുകളില്‍ ശോഷിച്ചു പോവുന്നുണ്ടെന്ന് ജര്‍മനിയിലെ മാക്സ്പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പഠനം 2014-ല്‍ വ്യക്തമാക്കി. ഇത്തരം വ്യതിയാനങ്ങള്‍ ഈ മസ്തിഷ്കഭാഗം തരുന്ന ഏകാഗ്രതയും ചുറുചുറുക്കും പോലുള്ള ശേഷികളെ ക്ഷയിപ്പിക്കുകയും ചെയ്യാം.

ലൈംഗികപ്രശ്നം പോണ്‍ജന്യമാണോ എന്നറിയാം

ഒരു ഡോക്ടറെക്കണ്ട് പ്രശ്നത്തിനു പിന്നില്‍ മറ്റു ശാരീരിക കാരണങ്ങളോ വിഷാദം പോലുള്ള മനോദീനങ്ങളോ ഇല്ല എന്നുറപ്പു വരുത്തുക. എന്നിട്ട്, ഒരു തവണ ഇഷ്ടമുള്ളൊരു പോണ്‍ചിത്രം കണ്ടും, മറ്റൊരു തവണ പോണ്‍ കാണുകയോ പോണ്‍രംഗങ്ങളോര്‍ക്കുകയോ ചെയ്യാതെയും, വേഴ്ചാനേരങ്ങളില്‍ അവലംബിക്കാറുള്ള അതേ മര്‍ദ്ദവും വേഗവുംവെച്ച് സ്വയംഭോഗം ചെയ്യുക. രണ്ടവസരങ്ങളിലെയും ഉദ്ധാരണത്തിന്‍റെ കാഠിന്യവും സ്ഖലനത്തിനെടുക്കുന്ന സമയവും താരതമ്യപ്പെടുത്തുക — പൂര്‍ണ ആരോഗ്യവാന്മാരില്‍ ഇവിടെ അന്തരങ്ങള്‍ കിട്ടിയേക്കില്ല. മറിച്ച്, പോണിന്‍റെ കൈത്താങ്ങില്ലാത്ത സ്വയംഭോഗത്തില്‍ ഉദ്ധാരണം ദുര്‍ബലമാണെങ്കില്‍ പ്രശ്നകാരണം പോണ്‍അഡിക്ഷനാവാം. രണ്ടവസരങ്ങളിലും വൈഷമ്യം നേരിടുന്നെങ്കില്‍, മറ്റു കുഴപ്പങ്ങളൊന്നുമില്ല എന്ന ഉറപ്പ് ഡോക്ടര്‍മാര്‍ തന്നിട്ടുമുണ്ടെങ്കില്‍, അവിടെയും പ്രശ്നകാരണം പോണ്‍ തന്നെയാവാം.

പിടിമുറുക്കാം — ജീവിതത്തിന്മേല്‍

ശാസ്ത്രദൃഷ്ടിയില്‍ ഈയടുത്തു മാത്രം പതിഞ്ഞ ഒരു പ്രതിഭാസമായതിനാല്‍ പോണ്‍ജന്യ ലൈംഗികപ്രശ്നങ്ങള്‍ക്ക് പ്രത്യേക മരുന്നുകളോ മനശ്ശാസ്ത്ര ചികിത്സകളോ ഇപ്പോള്‍ ലഭ്യമല്ല. ലിംഗത്തിലെ “ലോക്കല്‍” കുഴപ്പങ്ങളല്ല, തലച്ചോറിലെ വ്യതിയാനങ്ങളാണ് പ്രശ്നനിമിത്തം എന്നതിനാല്‍ ലിംഗത്തിലെ രക്തയോട്ടം കൂട്ടുന്ന വയാഗ്ര (സില്‍ഡിനാഫില്‍) പോലുള്ള മരുന്നുകള്‍ ഇവിടെ പൊതുവെ സഹായകമല്ല.

ലഭ്യമായ അറിവും പതിനായിരക്കണക്കിനു പ്രശ്നബാധിതരുടെ അനുഭവസാക്ഷ്യങ്ങളും വെച്ച്, ഇത്തരം പ്രശ്നങ്ങളില്‍ നിന്നു വിടുതികിട്ടാനുള്ള ഏറ്റവും നല്ല മാര്‍ഗം കുറച്ചു മാസത്തേക്ക് പോണ്‍കാണുന്നതിലും അത്തരം രംഗങ്ങള്‍ മനസ്സിലോര്‍ക്കുന്നതിലും അശ്ലീലകഥകള്‍ വായിക്കുന്നതിലുമൊക്കെ നിന്നു വിട്ടുനില്‍ക്കുക എന്നതാണ്. രതിയോ സ്വയംഭോഗമോ പോണിന്‍റെ സ്മരണകളുണര്‍ത്തുകയും അതിലേക്കു തിരിച്ചുപോവാന്‍ പ്രേരണയാവുകയും ചെയ്യുന്നെങ്കില്‍ തല്‍ക്കാലത്തേക്ക് അവയില്‍നിന്നു പോലും മാറിനില്‍ക്കുക. കമ്പ്യൂട്ടറോ ഫോണോ മറ്റാവശ്യങ്ങള്‍ക്കുപയോഗിക്കുമ്പോള്‍ പോണ്‍സൈറ്റുകള്‍ ഒരു ക്ലിക്ക് മാത്രം അകലെയാണ് എന്നത് ചിലര്‍ക്ക് പ്രശ്നമുക്തിക്കു പ്രതിബന്ധമാവാറുണ്ട് — അങ്ങിനെ വന്നാല്‍ അവയുടെ ഉപയോഗത്തിലും തക്ക നിയന്ത്രണങ്ങള്‍ കൊണ്ടുവരിക.

ഇത്തരമൊരു വിട്ടുനില്‍ക്കല്‍ തലച്ചോറിന് “ഫാക്റ്ററി സെറ്റിങ്ങു”കളിലേക്കു മടങ്ങാന്‍ അവസരമൊരുക്കും. ഒന്നര തൊട്ടു മൂന്നു വരെ മാസങ്ങള്‍കൊണ്ട് മിക്കവരുടെയും ലൈംഗികശേഷി പൂര്‍വസ്ഥിതിയെത്തും. ചിലര്‍ക്ക്, പ്രത്യേകിച്ചു കൌമാരം തൊട്ടേ പോണില്‍ ആറാടിക്കൊണ്ടിരുന്നവര്‍ക്ക്, ഇതിന് ആറോ അതിലുമധികമോ മാസങ്ങളെടുത്തേക്കും. ഈയൊരു കാലയളവില്‍, കൂടുതലും ആദ്യത്തെ ഒന്നൊന്നര മാസം, ആദ്യം കുറച്ചു നാള്‍ വര്‍ദ്ധിതമായ ലൈംഗികാസക്തി തോന്നുകയും പിന്നെയത് കണികാണാനേ കിട്ടാതാവുകയും ചെയ്യുക, ഉദ്ധാരണമേ ലഭിക്കാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ വന്നേക്കാം. ഇത്തരം വേളകളില്‍ വൈകാരികപിന്തുണക്കും പരിഹാരനിര്‍ദ്ദേശങ്ങള്‍ക്കും വിദഗ്ദ്ധസഹായം തേടുകയോ www.nofap.com പോലുള്ള പ്രശ്നബാധിതരുടെ കൂട്ടായ്മകളില്‍ ചേരുകയോ ചെയ്യാം. (പ്രസ്തുത സൈറ്റിലിപ്പോള്‍ 1,70,000-ലധികം മെമ്പര്‍മാരുണ്ട്.)

നേരമ്പോക്കിനോ മാനസികസമ്മര്‍ദ്ദത്തിനു മരുന്നായോ ഒക്കെ ഏറെ നേരം പോണിനെ ആശ്രയിക്കുന്ന ചെറുപ്രായക്കാര്‍ ഇപ്പോഴേ മിതത്വം നടപ്പാക്കുന്നത് ഭാവിയില്‍ ഇത്തരം സങ്കീര്‍ണതകളിലൂടെയും പ്രശ്നവിമുക്തിയുടെ ക്ലേശങ്ങളിലൂടെയും കടന്നുപോവേണ്ടതില്ലാതെ കാക്കും.

(2016 ഫെബ്രുവരി ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്)
{xtypo_alert}ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.{/xtypo_alert}
Image courtesy:Voyage Hour

×
Stay Informed

When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.

ഇത്തിരി നേരം, ഒത്തിരി ഫോണ്‍കാര്യം!
അവഗണിക്കപ്പെടരുതാത്ത അന്ത്യാഭ്യര്‍ത്ഥനകള്‍

Related Posts