മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്

ഡോ. ഷാഹുല്‍ അമീന്‍ എന്ന സൈക്ക്യാട്രിസ്റ്റ് വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍

ഇത്തിരി നേരം, ഒത്തിരി ഫോണ്‍കാര്യം!

ഇത്തിരി നേരം, ഒത്തിരി ഫോണ്‍കാര്യം!

“അച്ഛന്‍റെ കൂടെപ്പോവുകയും അമ്മയുടെ കൂടെക്കിടക്കുകയും വേണം എന്നു വെച്ചാലെങ്ങനാ?” എന്ന ലളിതമായ യുക്തികൊണ്ടു നാം ഒരേനേരം ഒന്നിലധികം കാര്യം ചെയ്യാന്‍നോക്കുന്നവരെ നിരുത്സാഹപ്പെടുത്താറുണ്ടായിരുന്നു, അത്ര വിദൂരമല്ലാത്ത ഒരു ഭൂതകാലത്ത്. ഇപ്പോഴെന്നാല്‍ ആധുനികജീവിതത്തിന്‍റെ തിരക്കും അതുളവാക്കുന്ന മത്സരബുദ്ധിയുമൊക്കെമൂലം ഒരേ നേരത്ത് പല കാര്യങ്ങള്‍ ചെയ്യുക — multitasking — എന്ന ശീലത്തെ നമ്മില്‍പ്പലരും സമയം ലാഭിക്കാനും കാര്യക്ഷമത കൂട്ടാനും ജീവിതത്തെ മാക്സിമം ആസ്വദിക്കാനുമെല്ലാമുള്ള നല്ലൊരുപാധിയായി അംഗീകരിച്ചേറ്റെടുത്തിരിക്കുന്നു. മൊബൈല്‍ഫോണുകളുടെയും, അതിലുപരി ഏതിടത്തുമിരുന്ന്‍ നാനാവിധ പരിപാടികള്‍ ചെയ്യുക സുസാദ്ധ്യമാക്കിയ സ്മാര്‍ട്ട്ഫോണുകളുടെയും കടന്നുവരവ് multitasking-നു കൂടുതല്‍ അവസരങ്ങളൊരുക്കുകയും പുതിയ മാനങ്ങള്‍ നല്‍കുകയും ചെയ്തു. ഒപ്പം, ഫോണ്‍ചെയ്തുനടന്ന് കിണറ്റില്‍വീഴുന്നവരെയും ബൈക്കോടിക്കുന്നേരം വാട്ട്സ്അപ്നോക്കി അപകടത്തില്‍പ്പെടുന്നവരെയുമൊക്കെപ്പറ്റി ഇടക്കെങ്കിലും നമുക്കു കേള്‍ക്കാന്‍ കിട്ടുന്നുമുണ്ട്. ഫോണ്‍കൊണ്ടുള്ള multitasking ആത്യന്തികമായി ഗുണപ്രദമാണോ ദോഷകരമാണോ? ഇക്കാര്യത്തില്‍ എന്തൊക്കെയാണ് നമുക്കു ശ്രദ്ധിക്കാനുള്ളത്?

രണ്ടു കാര്യം ഒന്നിച്ചുചെയ്യുമ്പോള്‍ അതില്‍ ഒരെണ്ണം ചിലപ്പോള്‍ വലിയ മനശ്രദ്ധ വേണ്ടാത്തതാവാം — തീവണ്ടിയാത്രയില്‍ റേഡിയോവാര്‍ത്ത കേള്‍ക്കുക, വ്യായാമത്തിന്‍റെ വിയര്‍പ്പുണക്കുമ്പോള്‍ ഇമെയില്‍ നോക്കുക എന്നതൊക്കെപ്പോലെ. ഇത്തരം multitasking കൊണ്ട് നാമാശിക്കുംവിധം സമയലാഭവും കാര്യക്ഷമതയും കിട്ടുകതന്നെയാണു ചെയ്യുക. എന്നാല്‍, നഗരവീഥിയിലൂടെ നടക്കുകയും ഒപ്പം ഫോണില്‍ ടൈപ്പ്ചെയ്യുകയും ചെയ്യുക എന്ന സാഹചര്യത്തിലെപ്പോലെ ഇരുകാര്യങ്ങളും നമ്മുടെ ബദ്ധശ്രദ്ധ നിരന്തരം പതിഞ്ഞുകൊണ്ടിരിക്കേണ്ടവയാണ് എങ്കില്‍ ഫലം വിപരീതമാവാം. രണ്ടാംലോകമഹായുദ്ധകാലത്ത് പഴയതിലും സങ്കീര്‍ണ്ണമായ പോര്‍വിമാനങ്ങള്‍ പറത്തിയ വൈമാനികര്‍ പതിവിലേറെ അപകടങ്ങള്‍ വരുത്തിവെച്ചതിനെപ്പറ്റി പരീക്ഷണനിരീക്ഷണങ്ങള്‍ നടത്തിയ ബ്രോഡ്ബെന്‍റ് എന്ന മനശ്ശാസ്ത്രജ്ഞന്‍ എത്തിച്ചേര്‍ന്ന ഒരനുമാനമുണ്ട്: നമ്മുടെ ശ്രദ്ധയും ഏകാഗ്രതയും അപരിമിതമൊന്നുമല്ല. അതുകൊണ്ടുതന്നെ, ശ്രദ്ധയെ പല കാര്യങ്ങള്‍ക്കായി പകുക്കുമ്പോള്‍ അവക്കോരോന്നിനും കിട്ടുന്ന അളവ് ന്യൂനവും അപര്യാപ്തവും ആയിത്തീരാം. ഇത് ആ കാര്യങ്ങളോരോന്നും പതുക്കെ മാത്രം മുഴുമിക്കപ്പെടാനും അവയില്‍ പിഴവുകള്‍ പറ്റാനും വഴിയൊരുക്കുകയുമാവാം. ശ്രദ്ധ പല കാര്യങ്ങളില്‍നട്ടുള്ള ഒരു “മോഡി”ല്‍ ഏറെ നേരമിരിക്കുന്നത് കോര്‍ട്ടിസോള്‍, അഡ്രിനാലിന്‍ എന്നീ ഹോര്‍മോണുകളുടെയളവ് കൂട്ടാം; അത് മാനസികസമ്മര്‍ദ്ദവും നൈരാശ്യവും സംജാതമാക്കുകയും ക്രിയാത്മകതയെയും തീരുമാനങ്ങളെടുക്കാനുള്ള ശേഷിയെയും അവതാളത്തിലാക്കുകയും ചെയ്യാം.

ഇനിയുമൊരു multitasking പ്രവണതയുള്ളത് ചെയ്യുന്നൊരു കാര്യത്തില്‍നിന്ന് ഇടക്കിടെ മറ്റൊന്നിലേക്കും പിന്നെയും തിരിച്ചും മാറിക്കൊണ്ടിരിക്കുക എന്നതാണ് — പഠിത്തത്തിനിടയില്‍ ഫേസ്ബുക്കിലെ ചര്‍ച്ചയെന്തായി എന്നു പലവട്ടം നോക്കുന്ന പോലെ. ഇതും പക്ഷേ ആരോഗ്യകരമല്ല. ഓടുന്ന ബസ്സിലിരുന്നു വായിക്കുമ്പോള്‍ കുലുങ്ങുന്ന അക്ഷരങ്ങളില്‍ നിരന്തരം ഫോക്കസ്ചെയ്യാന്‍ യത്നിച്ച് കണ്ണുകള്‍ക്കു കടച്ചില്‍വരുന്ന പോലെ, ശ്രദ്ധയെ ഈവിധം പലവുരു പറിച്ചുനടുന്നത് തലച്ചോറിനും ആയാസകരവും ഹാനികരവും ആവാം — ഓരോ തവണയും മനസ്സ് രണ്ടാമതൊരു കാര്യത്തിലേക്കു മാറുമ്പോള്‍ ശ്രദ്ധ അതില്‍ പൂര്‍ണമായിപ്പതിയാന്‍ വിളംബമെടുക്കാം, ഇത്തരം മാറ്റങ്ങള്‍ക്കും അതുപോലെ കാര്യങ്ങള്‍ രണ്ടിന്‍റെയും വിശദാംശങ്ങള്‍ ഒന്നിച്ചോര്‍ത്തുവെക്കുന്നതിനും ഏറെ മാനസികോര്‍ജം പാഴാവാം, ഒരു കാര്യം ചെയ്യുമ്പോള്‍ മറ്റേതിനെക്കുറിച്ചുള്ള ചിന്തകള്‍ തികട്ടിവന്ന് വേഗതക്കും കൃത്യതക്കും തുരങ്കംവെക്കുകയുമാവാം.

Multitasking-ഇല്‍ സദാനേരവുമേര്‍പ്പെടുന്നവര്‍ക്ക് ഏകാഗ്രതയും വിശകലനശേഷിയും ദുര്‍ബലമാവുന്നുണ്ട്, ഓര്‍മ കുത്തഴിഞ്ഞുപോവുന്നുണ്ട്, അതിന്‍റെ ‘വര്‍ക്കിംഗ് മെമ്മറി’ എന്ന അംശഭാഗം ശുഷ്കമാവുന്നുണ്ട്, ശ്രദ്ധയെ പ്രാധാന്യമുള്ള കാര്യങ്ങളില്‍ കേന്ദ്രീകരിച്ചും അങ്ങിനെയല്ലാത്തവയിലേക്കു പതറാതെ കടിഞ്ഞാണിട്ടും നിര്‍ത്താനുള്ള കഴിവു ശോഷിക്കുന്നുണ്ട് എന്നൊക്കെ ഗവേഷണങ്ങള്‍ പറയുന്നു. ക്ഷിപ്രകോപം, എടുത്തുചാട്ടം, അടുക്കുംചിട്ടയുമില്ലായ്ക എന്നിവയും ഇത്തരക്കാരില്‍ ദര്‍ശിക്കപ്പെട്ടിട്ടുണ്ട്.

ഡ്രൈവിംഗിനിടയിലും പഠനവേളയിലും multitasking കൂടുതല്‍ വിനാശകരമാണ്. ട്രാഫിക്സിഗ്നലുകളില്‍ 56,000 ഡ്രൈവര്‍മാരെ നിരീക്ഷിച്ച ഗവേഷകര്‍ കണ്ടത് ഫോണുംചെയ്തു വരുന്നവര്‍ നിര്‍ത്തേണ്ട വര മറികടക്കാനുള്ള സാദ്ധ്യത ഇരട്ടിയാണ് എന്നാണ്. വഴിയിലെ കാഴ്ചകളുടെ പകുതിയും, വശങ്ങളില്‍നില്‍ക്കുന്ന കൊച്ചുകുട്ടികളടക്കം, ഇവരുടെ കണ്ണില്‍ പതിയുന്നില്ല എന്നും കണ്ണില്‍പ്പെടുന്ന വസ്തുക്കളോടുതന്നെ ഇവര്‍ പ്രതികരിക്കുന്നത് വൈകിയാണ് എന്നും മറ്റൊരു പഠനം പറയുന്നു — ഇതൊക്കെ അപകടസാദ്ധ്യത ഏറ്റുമെന്നു പ്രത്യേകം പറയേണ്ടല്ലോ. ഇനിയുമൊരു പഠനത്തിന്‍റെ അനുമാനം ഫോണ്‍ചെയ്തു വണ്ടിയോടിക്കുന്നവര്‍ അപകടത്തില്‍പ്പെടാനുള്ള സാദ്ധ്യത മദ്യലഹരിയില്‍ ഡ്രൈവ്ചെയ്യുന്നവരുടേതിനേക്കാളും കൂടുതലാണ് എന്നായിരുന്നു! ശ്രദ്ധയെ ആവശ്യാനുസരണം വിഭജിക്കാന്‍ തലച്ചോറിനു പരിമിതിയുള്ളതാണ് മുമ്പുപറഞ്ഞപോലെ പ്രശ്നകാരണം എന്നതിനാല്‍ കൈ സ്റ്റിയറിങ്ങില്‍നിന്നും കണ്ണു റോഡില്‍നിന്നും പറിക്കാതെ ബ്ലൂടൂത്ത് സഹായത്തോടെ ഫോണുപയോഗിക്കുന്നവര്‍ക്കും സ്ഥിതി മെച്ചമാവുന്നില്ല.

പഠിത്തത്തിനിടയില്‍ കൂടെക്കൂടെ ഫോണോ കമ്പ്യൂട്ടറോ നോക്കുന്നതു പോലുള്ള multitasking-നു മുതിരുന്നത് പുതിയ വിവരങ്ങള്‍ തക്ക മസ്തിഷ്ക്കഭാഗങ്ങളില്‍ച്ചെല്ലാതെ വഴിതെറ്റി മറ്റെവിടെയെങ്കിലും എത്തിപ്പെടാനും തന്മൂലം പിന്നീടവ ഓര്‍ത്തെടുക്കുക ക്ലേശകരമാവാനും കളമൊരുക്കുന്നുണ്ട്.

ഇങ്ങിനെയൊരു പെരുംതിരക്കുകാലത്ത് ഇത്തരം സങ്കീര്‍ണതകളില്‍ ചെന്നൊടുങ്ങാതിരിക്കാനും ഉള്ള മനശ്ശേഷികളെ സംരക്ഷിച്ചുനിര്‍ത്താനും നമുക്കെടുക്കാവുന്ന നടപടികള്‍ വല്ലതുമുണ്ടോ? ഇതാ ചില വിദഗ്ദ്ധനിര്‍ദ്ദേശങ്ങള്‍:

  • ജീവിതത്തിലെ മുന്‍ഗണനകളെ സസൂക്ഷ്മം നിശ്ചയിക്കുക.
  • ഇമെയിലും സോഷ്യല്‍മീഡിയയും ഇന്നയിന്നനേരങ്ങളിലേ നോക്കൂ എന്നു തീരുമാനിക്കുക. അതു പാലിക്കാന്‍ മനസ്സിരുത്തുക.
  • ഓരോ പ്രാവശ്യവും multitasking-നു തുനിയുമ്പോള്‍ അതുകൊണ്ട് ആത്യന്തികമായി ഗുണമാണോ ദോഷമാണോ കിട്ടുക എന്നതു പരിഗണിക്കുക.
  • ഒരു ജോലിക്കായി നിശ്ചിത സമയം മാറ്റിവെക്കാന്‍ തീരുമാനിക്കുമ്പോള്‍ ഫോണ്‍കോളുകളും മറ്റും ഇടക്കു സമയമപഹരിക്കാമെന്നതും കണക്കിലെടുക്കുക.
  • ആവുന്നത്ര നേരങ്ങളില്‍, ബദ്ധശ്രദ്ധ വേണ്ട ജോലികള്‍ തുടങ്ങുമ്പോള്‍ പ്രത്യേകിച്ചും, നെറ്റ്കണക്ഷനോ ഫോണ്‍തന്നെയോ ഓഫ്ചെയ്തു ശീലിക്കുക.

(2016 മാര്‍ച്ച് ലക്കം മാതൃഭൂമി ആരോഗ്യമാസികയിലെ Mind.Com എന്ന കോളത്തില്‍ പ്രസിദ്ധീകരിച്ചത്)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.


Image courtesy: Tim Bower

×
Stay Informed

When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.

“നാളെ നാളെ നീളേ നീളേ”ക്കുള്ള മരുന്നുകള്‍
പോണ്‍പ്രേമികളുടെ മനസ്സിലും കിടപ്പറയിലും സംഭവിക്കുന...

Related Posts