മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്
ദാമ്പത്യപ്പൂങ്കാവനം പ്രതീക്ഷകളുടെ കൊലക്കളമാവുമ്പോള്‍
ഓറഞ്ചുജ്യൂസ്: ഒരു ദൃഷ്ടാന്തകഥ
കുട്ടിക്കാലത്തൊക്കെ എന്തു സുഖക്കേടു വന്നാലും അമ്മ ജഗ്ഗു നിറയെ ഓറഞ്ചുജ്യൂസും ഒരു ഗ്ലാസും അയാളാവശ്യപ്പെടാതെതന്നെ കിടക്കക്കരികില്‍ കൊണ്ടുവെക്കാറുണ്ടായിരുന്നു. കല്യാണശേഷം ആദ്യമായി രോഗബാധിതനായപ്പോള്‍ ഭാര്യ ജഗ്ഗും ഗ്ലാസുമായി വരുന്നതുംകാത്ത് അയാള്‍ ഏറെനേരം കിടന്നു. ഇത്രയേറെ സ്നേഹമുള്ള ഭാര്യ പക്ഷേ തന്നെ ജ്യൂസില്‍ ആറാടിക്കാത്തതെന്തേ എന്ന ശങ്കയിലയാള്‍ ചുമക്കുകയും മുരളുകയുമൊക്കെ ചെയ്തെങ്കിലും ഒന്നും മനസ്സിലാവാത്ത മട്ടിലവള്‍ പാത്രംകഴുകലും മുറ്റമടിക്കലും തുടര്‍ന്നു. ഒടുവില്‍, തനിക്കിത്തിരി ഓറഞ്ചുജ്യൂസ് തരാമോ എന്നയാള്‍ക്ക് മനോവ്യസനത്തോടെ തിരക്കേണ്ടതായിവന്നു. അരഗ്ലാസ് ജ്യൂസുമായി അവള്‍ ധൃതിയില്‍ മുറിക്കകത്തേക്കു വന്നപ്പോള്‍ “പ്രിയതമക്കെന്നോട് ഇത്രയേ സ്നേഹമുള്ളോ” എന്നയാള്‍ മനസ്സില്‍ക്കരഞ്ഞു.
(ഇന്‍റര്‍നെറ്റില്‍ക്കണ്ടത്.)
മിക്കവരും വിവാഹജീവിതത്തിലേക്കു കടക്കുന്നത്, ബാല്യകൌമാരങ്ങളില്‍ നിത്യജീവിതത്തിലോ പുസ്തകങ്ങളിലോ സിനിമകളിലോ കാണാന്‍കിട്ടിയ ബന്ധങ്ങളില്‍ നിന്നു സ്വയമറിയാതെ സ്വാംശീകരിച്ച ഒത്തിരി പ്രതീക്ഷകളും മനസ്സില്‍പ്പേറിയാണ്. ദമ്പതികള്‍ ഇരുവരുടെയും പ്രതീക്ഷകള്‍ തമ്മില്‍ പൊരുത്തമില്ലാതിരിക്കുകയോ പ്രാവര്‍ത്തികമാവാതെ പോവുകയോ ചെയ്യുന്നത് അസ്വസ്ഥതകള്‍ക്കും കലഹങ്ങള്‍ക്കും ഗാര്‍ഹികപീഡനങ്ങള്‍ക്കും അവിഹിതബന്ധങ്ങള്‍ക്കും ലഹരിയുപയോഗങ്ങള്‍ക്കും മാനസികപ്രശ്നങ്ങള്‍ക്കും വിവാഹമോചനത്തിനും കൊലപാതകങ്ങള്‍ക്കുമൊക്കെ ഇടയൊരുക്കാറുമുണ്ട്. പ്രിയത്തോടെ ഉള്ളില്‍ക്കൊണ്ടുനടക്കുന്ന പ്രതീക്ഷകള്‍ ആരോഗ്യകരം തന്നെയാണോ എന്നെങ്ങിനെ തിരിച്ചറിയാം, അപ്രായോഗികം എന്നു തെളിയുന്നവയെ എങ്ങിനെ പറിച്ചൊഴിവാക്കാം, പ്രസക്തിയും പ്രാധാന്യവുമുള്ളതെന്നു ബോദ്ധ്യപ്പെടുന്നവയുടെ സാഫല്യത്തിനായി എങ്ങനെ പങ്കാളിയുടെ സഹായം തേടാം, അപ്പോള്‍ നിസ്സഹകരണമാണു നേരിടേണ്ടിവരുന്നത് എങ്കില്‍ എങ്ങിനെ പ്രതികരിക്കാം എന്നതൊക്കെ ഒന്നു പരിശോധിക്കാം.
പ്രതീക്ഷകളെ വിശകലനംചെയ്യാം
പങ്കാളി തനിക്കു യോജിച്ചയാളല്ല, തന്‍റെ പ്രതീക്ഷകളെ മാനിക്കുന്നേയില്ല എന്നൊക്കെയുള്ള ചിന്തകള്‍ മഥിക്കാന്‍ തുടങ്ങുന്നെങ്കില്‍ ആദ്യം ചെയ്യേണ്ടത് മനസ്സിലെ പ്രതീക്ഷകളെപ്പറ്റി വിചിന്തനം നടത്തുകയും ഉള്‍ക്കാഴ്ച നേടുകയുമാണ്. സ്വന്തം പ്രതീക്ഷകളെപ്പറ്റി നാം മിക്കപ്പോഴും ഒരിക്കല്‍പ്പോലും ബോധപൂര്‍വം ചിന്തിച്ചിട്ടുണ്ടാവില്ല. അതിനൊന്നു മുതിരുന്നത് എന്തൊക്കെയാണ് ശരിക്കും തന്‍റെ പ്രതീക്ഷകള്‍, അക്കൂട്ടത്തില്‍ വലിയ കഴമ്പില്ലാത്ത വല്ല കാര്യങ്ങളും കടന്നുകൂടിയിട്ടുണ്ടോ, ഏറ്റവും പ്രധാനപ്പെട്ടവ ഏതൊക്കെയാണ്, പങ്കാളിയൊരാളെപ്പറ്റി താന്‍ എന്തുമാത്രം പ്രതീക്ഷകള്‍ പുലര്‍ത്തുന്നുണ്ട് എന്നൊക്കെയുള്ള തിരിച്ചറിവു കിട്ടാന്‍ സഹായിക്കും.
വിവിധ മേഖലകളില്‍ (ജോലി, ആരോഗ്യം, കുടുംബജീവിതം, വ്യക്തിബന്ധങ്ങള്‍, സാമൂഹ്യബന്ധങ്ങള്‍, പണം ചെലവിടല്‍, വിനോദങ്ങള്‍, ആത്മീയത, ജീവിതലക്ഷ്യങ്ങള്‍ എന്നിങ്ങനെ) തന്നെത്തന്നെയും പങ്കാളിയെയും പറ്റിയുള്ള രണ്ടുമൂന്നുവീതം പ്രധാന പ്രതീക്ഷകളുടെയൊരു ലിസ്റ്റുണ്ടാക്കുക. എന്നിട്ടാ പ്രതീക്ഷകളോരോന്നിനെയും വിശദമായി അപഗ്രഥിക്കുക. ഓരോന്നിന്‍റെയും ഉത്ഭവം എവിടെ നിന്നാണ് (മാതാപിതാക്കളില്‍ നിന്നോ, പുസ്തകങ്ങളില്‍ നിന്നോ എന്നിങ്ങനെ), അവയോരോന്നിലും മുറുകെപ്പിടിക്കാനുള്ള അവകാശം തനിക്കുണ്ടോ, ദാമ്പത്യത്തിലോ ജീവിതത്തിലോ തനിക്കുള്ള ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ അവയോരോന്നും അത്യന്താപേക്ഷിതമാണോ, ഓരോ പ്രതീക്ഷയും നടക്കാതെ പോയാല്‍ അതു തനിക്ക് എന്തു നഷ്ടമാണുണ്ടാക്കുക, ഏതെങ്കിലും പ്രതീക്ഷയുടെ കാര്യം വെളിപ്പെടുത്തിയാല്‍ പങ്കാളിക്കു തന്നോടുള്ള മതിപ്പും ദാമ്പത്യത്തിന്‍റെ നിലവാരവും എങ്ങിനെയാണ് മാറിമറിയുക എന്നതൊക്കെ പര്യാലോചിക്കുക.
അതിന്‍റെ വെളിച്ചത്തില്‍, കൂട്ടത്തില്‍നിന്ന് ഏറിയാല്‍ രണ്ടുമൂന്നെണ്ണത്തെ “ഒരു കാരണവശാലും സന്ധിചെയ്യാനാവാത്തത്” എന്നു പ്രത്യേകം അടയാളപ്പെടുത്തുക. ഒപ്പം, ഏതെങ്കിലും പ്രതീക്ഷകള്‍ ഒഴിവാക്കാനാവുന്നതേയുള്ളൂ എന്നു തോന്നുന്നെങ്കില്‍ അവ വെട്ടിക്കളയുകയും ചെയ്യുക.
ശരികേടുള്ളവയെ തിരിച്ചറിയാം
ലിസ്റ്റിലിപ്പോള്‍ ബാക്കിയുള്ളവയില്‍ ചിലതെങ്കിലും കാര്യമായ അടിസ്ഥാനമില്ലാത്തവയാവാം — “ഞങ്ങള്‍ ഒരിക്കല്‍പ്പോലും വഴക്കിടില്ല”, “സ്നേഹമുണ്ടെങ്കില്‍ എന്‍റെ ആവശ്യങ്ങളെ പറയാതെതന്നെ തിരിച്ചറിയുകയും ഏതു വിധേനയും സാധിച്ചുതരികയും ചെയ്യും”, “ഇന്നേവരെ നേരിട്ട കഠിനതകള്‍ക്കെല്ലാം പരിഹാരമാവുന്നൊരു സുഖസുന്ദര ജീവിതമാണ് വിവാഹശേഷം കരഗതമാവുക” എന്നൊക്കെപ്പോലെ. ഇവക്കെല്ലാം പൊതുവെ വിത്താവാറുള്ളത് കഥകളും സിനിമകളുമൊക്കെയാണ്. വെച്ചുപുലര്‍ത്തുക നന്നല്ലാത്ത ഇത്തരം പ്രതീക്ഷകളെ വേര്‍തിരിച്ചറിയാനാവാന്‍ സ്വയം ഉന്നയിക്കാവുന്ന കുറച്ചു ചോദ്യങ്ങളിതാ:
- ഇതേ പ്രതീക്ഷ പങ്കാളിക്കു തന്നെപ്പറ്റിയുണ്ടായാല്‍ താനതു സാധിച്ചുകൊടുത്തേക്കുമോ? ഇങ്ങനെയൊക്കെ നിഷ്കര്‍ഷിക്കാനുള്ള അര്‍ഹത തനിക്കുണ്ടോ? തിരിച്ച് പങ്കാളിയുടെ ഏതൊക്കെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിച്ചുകൊടുക്കാന്‍ തനിക്കു ത്രാണിയുണ്ട്? പങ്കാളിക്കുവേണ്ടി ചെയ്യാന്‍ തയ്യാറുള്ളതിന്‍റെ ഏറെ മടങ്ങ് തിരിച്ചുകിട്ടണമെന്ന് താന്‍ വാശിപിടിക്കുന്നുണ്ടോ?
- തന്‍റെ പരിചിതവൃത്തത്തിലുള്ളവര്‍ ഇത്തരം പ്രതീക്ഷകള്‍ പുലര്‍ത്തുന്നുണ്ടോ?
- തന്‍റെ മാനദണ്ഡങ്ങളെല്ലാമൊത്ത എത്രപേര്‍ ഈ ലോകത്തുണ്ടാവും? പൂര്‍ണതക്കായുള്ള കാത്തിരിപ്പ് കൈവശമുള്ള സാദ്ധ്യതകളെ, പരിമിതികള്‍ക്കുള്ളില്‍ നിന്നാണെങ്കിലും, ആസ്വദിക്കുന്നതിനു തടസ്സമാവുന്നുണ്ടോ?
- പൂര്‍ത്തീകരിച്ചു തരാന്‍ വ്യക്തിപരമായ കാരണങ്ങളാല്‍ പങ്കാളിക്കു പരിമിതികളുള്ള തരം ആവശ്യങ്ങള്‍ താന്‍ മുന്നോട്ടുവെക്കുന്നുണ്ടോ? ഉള്ള കഴിവുകളും വിഭവങ്ങളും വെച്ച് തന്നെ ശ്രദ്ധിച്ചും സ്നേഹിച്ചും കൊണ്ടിരിക്കുന്ന പങ്കാളിയുടെ നല്ല വശങ്ങളെ തൃണവല്‍ക്കരിച്ച്, ആ വ്യക്തിക്കുള്ള ചില ന്യൂനതകളെ പൊലിപ്പിച്ച് താന്‍ ദുര്‍വാശി കാണിക്കുകയാണോ?
- അപ്രധാന കാര്യങ്ങളില്‍പ്പോലും താന്‍ ദുരുദ്ദേശത്തോടെ നിര്‍ബന്ധം പിടിക്കുന്നുണ്ടോ? “പങ്കാളി സ്വന്തം കയ്യാല്‍ത്തന്നെ എന്നും വേസ്റ്റ് എടുത്തുകളയണം, ഇതു ഞാന്‍ പ്രത്യേകം പറഞ്ഞിട്ടും അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അതിനര്‍ത്ഥം എന്നോടു സ്നേഹമില്ലെന്നാണ്” എന്ന മട്ടിലുള്ള ചിന്താഗതികള്‍ പുലര്‍ത്തുന്നുണ്ടോ? പങ്കാളിയുടെ “ചരട്” തന്‍റെ കയ്യിലായിരിക്കണം എന്ന കുരുട്ടുപദ്ധതിയുടെ ഭാഗമാണോ ഇത്തരം കടുംപിടിത്തങ്ങള്‍?
- പങ്കാളിക്കു വേണ്ടി താന്‍ ചെയ്യാറില്ലാത്ത കാര്യങ്ങളും ലിസ്റ്റിലുണ്ടോ? (പങ്കാളി സംസാരിക്കുമ്പോള്‍ നിങ്ങളുടെ ശ്രദ്ധ ടിവിയിലേക്കും മറ്റും വ്യതിചലിച്ചുപോവാറുണ്ടെങ്കില്‍ നിങ്ങള്‍ സംസാരിക്കുമ്പോള്‍ ആ വ്യക്തി പൂര്‍ണശ്രദ്ധ തരണം എന്നു ശഠിക്കുന്നത് ന്യായമാവില്ല.)
- ഇന്ന തരത്തിലായിരിക്കണം പങ്കാളി പെരുമാറേണ്ടത് എന്ന തന്‍റെയാഗ്രഹം വസ്തുനിഷ്ഠമാണോ? അതോ പകപോക്കലിലോ ദുരഭിമാനത്തിലോ അധിഷ്ഠിതമോ, തന്‍റെ ശീലങ്ങള്‍ പങ്കാളിയിലും ചുമ്മാ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമോ ആണോ?
ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഏതെങ്കിലും പ്രതീക്ഷകളുടെ അടിസ്ഥാനമില്ലായ്ക അനാവരണം ചെയ്യുന്നെങ്കില്‍ അവയെയും ലിസ്റ്റില്‍നിന്നു പുറന്തള്ളുക.
യാഥാര്‍ത്ഥ്യങ്ങളിലേക്ക് കണ്ണുതുറക്കാം
ന്യായമെന്ന് ഒറ്റനോട്ടത്തില്‍ത്തോന്നുന്ന പ്രതീക്ഷകളുടെ കാര്യത്തില്‍പ്പോലും അവക്കൊത്തു മാറാന്‍ പങ്കാളിയെ നിര്‍ബന്ധിക്കുന്നതിലും സുഗമവും അഭികാമ്യവും അവയെ മനസ്സില്‍നിന്നു മായ്ക്കുന്നതും സ്വയം മാറുന്നതും ആവും. ഇതിനു സഹായിച്ചേക്കാവുന്ന ചില നടപടികള്‍ ഇനിപ്പറയുന്നു:
- ഗൌരവതരമല്ലാത്ത വിഷയങ്ങളില്‍ മര്‍ക്കടമുഷ്ടി കാണിച്ചാല്‍ എന്തൊക്കെ പ്രത്യാഘാതങ്ങള്‍ വന്നേക്കാമെന്നതു കണക്കിലെടുക്കുക. ഉദാഹരണത്തിന്, നിങ്ങളുടെ ആവശ്യങ്ങള്‍ക്കു താന്‍ പര്യാപ്തമല്ലെന്ന തിരിച്ചറിവ് പങ്കാളിക്ക് മറ്റാരുടെയെങ്കിലും കൈത്തലങ്ങളില്‍ സ്വീകാര്യത തേടാന്‍ പ്രേരണയായേക്കുമോ?
- കാര്യങ്ങളെ ഒന്നുകില്‍ തികച്ചും ശരി, അല്ലെങ്കില്‍ മുഴുത്തെറ്റ് എന്നിങ്ങനെ വെളുപ്പും കറുപ്പുമായി മാത്രം നോക്കിക്കാണുന്ന ശീലം കളയുക. നിങ്ങള്‍ക്ക് ശരിയെന്നു തോന്നുന്നൊരു കാര്യം മറ്റൊരാള്‍ക്ക് അങ്ങിനെയാവണമെന്നില്ല.
- സര്‍വതിനെയും വിമര്‍ശനബുദ്ധ്യാ വീക്ഷിക്കുന്ന പ്രകൃതം മാറ്റുക. പിഴവറ്റ രീതിയിലേ എന്തും ചെയ്യാവൂ എന്ന ചട്ടം സ്വന്തംമേലോ പങ്കാളിയിലോ അടിച്ചേല്പിക്കാതിരിക്കുക. മറ്റുള്ളവരെയും തന്നെത്തന്നെയും കുറ്റങ്ങളോടും കുറവുകളോടുംതന്നെ ഉള്‍ക്കൊണ്ടു തുടങ്ങുക.
- ചെറിയ ചെറിയ കാര്യങ്ങളില്‍ പങ്കാളി ഇഷ്ടവിരുദ്ധം പ്രവര്‍ത്തിക്കുന്നതിനെ വ്യക്തിപരമായ അവഹേളനമായി എടുക്കാതിരിക്കുക.
- കാര്യങ്ങളെ പങ്കാളിയുടെ കാഴ്ചപ്പാടില്‍നിന്നും നോക്കിക്കാണാന്‍ ശ്രമിക്കുക. (നീളന്‍ മീറ്റിങ്ങുകളിലോ യാത്രകളിലോ സദാ ഏര്‍പ്പെടേണ്ടവര്‍ക്ക് “വൈകിയേ വരൂ” എന്നു വിളിച്ചറിയിക്കാന്‍ എപ്പോഴുമായെന്നുവരില്ല.)
- The Five Love Languages എന്ന പുസ്തകത്തില്‍ ഗാരി ചാപ്മാന്‍ എന്ന കൌണ്‍സിലര്‍ വ്യക്തമാക്കുന്നത് പ്രണയം പ്രകടിപ്പിക്കാന്‍ അഞ്ചു “ഭാഷ”കള്‍ — പ്രശംസകള്‍, സേവനസഹായങ്ങള്‍, സമയം പങ്കിടല്‍, സമ്മാനങ്ങള്‍, സ്പര്‍ശങ്ങള്‍ എന്നിങ്ങനെ — നമുക്കു ലഭ്യമായുണ്ടെന്നാണ്. നിങ്ങളും പങ്കാളിയും ഇക്കൂട്ടത്തില്‍നിന്ന് അവലംബിക്കുന്ന ഭാഷ വ്യത്യസ്തമാവുന്നതും പങ്കാളിയുടെ ഭാഷ നിങ്ങള്‍ക്കു ഗ്രഹിക്കാനാവാതെ പോവുന്നതുമാവാം പ്രശ്നകാരണം. പങ്കാളിയുടെ ഭാഷ മാറ്റിക്കുന്നതിലുമെളുപ്പം നിങ്ങളുടെ നിരീക്ഷണശേഷി മെച്ചപ്പെടുത്തുന്നതാവാം.
- പങ്കാളിയുടെ പശ്ചാത്തലവും വ്യക്തിത്വവും നിങ്ങളുടേതില്‍നിന്നു ഭിന്നമാവുമെന്നതിനാല്‍ ആ വ്യക്തിയുടെ കാഴ്ചപ്പാടുകളും വ്യത്യസ്തമാവുമെന്നും, ഇത് പ്രശ്നങ്ങളെ വല്ലതും നേരിടേണ്ടി വരുമ്പോള്‍ മറ്റൊരു വീക്ഷണകോണ്‍ കൂടി ലഭ്യമാവാന്‍ സഹായകമാവുമെന്നും ഓര്‍ക്കുക.
ഈയൊരു വിചിന്തനത്തിന്‍റെ വെളിച്ചത്തില്‍ ലിസ്റ്റില്‍നിന്ന് കുറച്ചു പ്രതീക്ഷകള്‍ കൂടി വെട്ടിയൊഴിവാക്കുക. “ഇന്നയിന്ന പ്രതീക്ഷകള്‍ ഞാന്‍ ഇന്നയിന്ന കാരണങ്ങളാല്‍ കയ്യൊഴിയുകയാണ്” എന്നു പങ്കാളിയെ അറിയിക്കുന്നത് ബന്ധത്തിന്‍റെ ഊഷ്മളത കൂടാന്‍ സഹായിക്കുകയും ചെയ്യും.
പങ്കാളിയെ അനുനയിപ്പിക്കാം
ഇപ്പോള്‍ ലിസ്റ്റില്‍ തികച്ചും ന്യായവും ഒഴിച്ചുകൂടാനാവാത്തതുമായ കുറച്ചു പ്രതീക്ഷകള്‍ ബാക്കിയുണ്ടാവാം. അവക്കനുസൃതമായി പെരുമാറാന്‍ തുടങ്ങാന്‍ പങ്കാളിയോട് അഭ്യര്‍ത്ഥിക്കുന്നത് മോശം കാര്യമൊന്നുമല്ല. അതു ചെയ്യുമ്പോള്‍ മനസ്സിരുത്തേണ്ട കുറച്ചു പോയിന്‍റുകളിതാ:
- ഒരുനേരത്ത് അതിപ്രധാനമായ ഒരൊറ്റ പ്രതീക്ഷയോ, ഏറ്റവും കൂടിയാല്‍ മൂന്നെണ്ണമോ, മാത്രം ചര്‍ച്ചക്കെടുക്കുക. അതില്‍ത്തന്നെ ഏറ്റവും പ്രധാനപ്പെട്ടതുവെച്ച് തുടങ്ങുക.
- പ്രതീക്ഷാഭംഗത്തിന്‍റെ പേരില്‍ വിഷമിച്ചിരിക്കുമ്പോഴല്ല, ഇരുവരും മനസ്വൈരത്തിലുള്ള സമയത്തുവേണം ചര്‍ച്ച.
- വിസമ്മതിക്കാനുള്ള സ്വാതന്ത്ര്യവും പങ്കാളിക്കുണ്ട് എന്ന് മുന്നേക്കൂട്ടി വ്യക്തമാക്കുക.
- “ആരാണ് ശരി” എന്നതിനല്ല, “ബന്ധത്തിന്‍റെ നന്മയെക്കരുതി ചിന്തിക്കുമ്പോള്‍ എന്താണ് ശരി” എന്നതിനാണ് മുന്‍തൂക്കം കിട്ടേണ്ടത്.
- സ്വന്തം വാദങ്ങളെ ആവുന്നത്ര യുക്തിഭദ്രതയോടെ അവതരിപ്പിക്കുക. ഏതേതു പെരുമാറ്റങ്ങളെപ്പറ്റിയാണ് നിങ്ങള്‍ക്കു പരാതി എന്നത് സോദാഹാരണം വ്യക്തമാക്കുക. അവ നിങ്ങളുടെ ചിന്തകളിലും വികാരങ്ങളിലും ജീവിതത്തിലും എന്തൊക്കെ കഷ്ടതങ്ങളാണു സൃഷ്ടിക്കുന്നത് എന്നറിയിക്കുക. “ഒരിക്കലെങ്കിലും സമയത്തുവന്ന് ഡിന്നര്‍ കഴിച്ചൂടേ?” എന്നുപറഞ്ഞു നിര്‍ത്താതെ, “നമുക്കെല്ലാം രുചിയുള്ള ഭക്ഷണം കഴിക്കാനാവാന്‍ ഞാന്‍ പെടാപ്പാടു പെടുന്നുണ്ട്. പക്ഷേ നിങ്ങളിങ്ങനെ സദാ വൈകിവരുന്നതിനാല്‍ അത് തണുത്തുപോവുകയും എന്‍റെ പരിശ്രമം പാഴാവുകയും ചെയ്യുന്നു. ഇതൊന്നും നിങ്ങള്‍ ബോധപൂര്‍വം ചെയ്യുന്നതല്ല എന്നെനിക്കറിയാം, എന്നാലും, എന്‍റെ കഷ്ടപ്പാടിന് അര്‍ഹിക്കുന്ന വില കിട്ടുന്നില്ല എന്ന് ഇതൊക്കെക്കാണുമ്പോള്‍ എനിക്കു തോന്നിപ്പോവുന്നു.” എന്ന രീതി ഉപയോഗിക്കാം.
- പങ്കാളിയുടെ വശവും നിങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട് എന്നു കൂട്ടിച്ചേര്‍ക്കുക. (“ജോലി കഴിഞ്ഞ് ആകെത്തളര്‍ന്നു വന്നിരിക്കുന്ന നേരം കുട്ടികളുടെ പഠനം ശ്രദ്ധിക്കാന്‍ ആവശ്യപ്പെടുന്നത് ഇത്തിരി കടന്ന കയ്യാണ് എന്നെനിക്കുതന്നെ അറിയാം. എനിക്കു പക്ഷേ ആ നേരത്ത് അത്താഴമുണ്ടാക്കുന്നതിന്‍റെ തിരക്കായതുകൊണ്ടാണ്.”) കാര്യം പ്രാവര്‍ത്തികമാക്കുന്നതില്‍ നിങ്ങളുടെ ഭാഗത്തുനിന്ന് എന്തൊക്കെ സഹായമുണ്ടാകുമെന്നതും ധരിപ്പിക്കുക.
- നിങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരം പ്രവര്‍ത്തിച്ചാല്‍ പങ്കാളിക്കുതന്നെ കിട്ടിയേക്കാവുന്ന വല്ല പ്രയോജനങ്ങളുമുണ്ടെങ്കില്‍ അവ എടുത്തുപറയുക.
- മാറ്റങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ വേണ്ട സമയം അനുവദിക്കുക.
- ചര്‍ച്ച വഴക്കിലേക്കു വഴുതുന്നെങ്കില്‍ വിഷയം മാറ്റുകയോ പിന്‍വാങ്ങുകയോ ചെയ്യുക.
- നിങ്ങളുടെ അഭ്യര്‍ത്ഥനപ്രകാരം പങ്കാളി ചെയ്തുതുടങ്ങുന്നെങ്കില്‍ അഭിനന്ദിക്കാനും നന്ദി പറയാനും ഉപേക്ഷ വിചാരിക്കാതിരിക്കുക.
ചെയ്യരുതാത്തത്
- പ്രശ്നം ചര്‍ച്ചചെയ്യാന്‍ മടിച്ച് അതില്‍നിന്ന് ഒളിച്ചോടാതിരിക്കുക.
- “ഇത് ഇങ്ങനെത്തന്നെ ചെയ്തേ പറ്റൂ” എന്ന മട്ടില്‍ ആജ്ഞാപിച്ചാല്‍ ആരായാലും ഒളിഞ്ഞോ തെളിഞ്ഞോ വിമുഖത കാണിച്ചേക്കും എന്നോര്‍ക്കുക.
- അമിതമായ കുറ്റപ്പെടുത്തലോ പരിഹാസമോ വാദപ്രതിവാദങ്ങളോ ഫലംചെയ്യില്ലെന്നു മാത്രമല്ല, പ്രശ്നത്തെ വഷളാക്കുകയുമാവാം.
- ഇന്നയിന്ന രീതിയില്‍ പെരുമാറിയാല്‍ മാത്രം എന്‍റെ സ്നേഹം പ്രതീക്ഷിച്ചാല്‍ മതി എന്ന ചിന്താഗതി കൈക്കൊള്ളാതിരിക്കുക.
- പങ്കാളിയെ മറ്റുള്ളവരുമായോ നിങ്ങളിരുവരെയും ഇതര ദമ്പതികളുമായോ തുലനംചെയ്യാതിരിക്കുക.
മേല്‍പ്പറഞ്ഞ രീതികളില്‍ സ്വന്തം പ്രതീക്ഷകളുടെ അവലോകനം നടത്താന്‍ പങ്കാളിക്കും താല്പര്യമുണ്ടെങ്കില്‍ അതു പ്രോത്സാഹിപ്പിക്കുക. ഇരുവരും താന്താങ്ങളുടെ വിവിധ പ്രതീക്ഷകള്‍ക്കു സ്വയം കല്പിക്കുന്ന പ്രാധാന്യത്തിന് ഒന്നുമുതല്‍ മൂന്നുവരെ മാര്‍ക്കിടുന്നതും, എന്നിട്ടാ രണ്ടു ലിസ്റ്റുകളും താരതമ്യപ്പെടുത്തുന്നതും, വിവിധ പ്രതീക്ഷകള്‍ക്ക് ഇരുവരും കൊടുത്ത മാര്‍ക്കില്‍ അന്തരങ്ങളുണ്ടെങ്കില്‍ അതു ചര്‍ച്ചചെയ്യുന്നതും, സ്വന്തം മുന്‍ഗണനകളെ തദനുസൃതം പുനര്‍നിര്‍ണയിക്കുന്നതും, ആവുന്നത്ര വിട്ടുവീഴ്ചകള്‍ക്കു തയ്യാറാവുന്നതും ഗുണകരമാവും.
ശ്രമം വിഫലമെങ്കില്‍
നിങ്ങളുടെ ആവശ്യം അതിരുകടന്നതാണെന്ന തോന്നലാലോ മറ്റേതെങ്കിലും കാരണത്താലോ പങ്കാളി അതു നടപ്പിലാക്കാന്‍ വിസമ്മതിക്കുന്നെങ്കിലോ? പ്രത്യേകിച്ച്, “ഒരു കാരണവശാലും സന്ധിചെയ്യാനാവാത്തത്” എന്നു നിങ്ങള്‍ അടിവരയിട്ട പ്രതീക്ഷകളോടുപോലും പങ്കാളിക്കു നിസ്സഹകരണ മനോഭാവമാണെങ്കിലോ? ലളിതമായിപ്പറഞ്ഞാല്‍, ഒന്നുകില്‍ ആ പ്രതീക്ഷയെയോ അല്ലെങ്കില്‍ ആ പങ്കാളിയെയോ കൈവിടുക എന്ന രണ്ട് ഓപ്ഷനുകളാണപ്പോള്‍ നിങ്ങളുടെ പക്കലുണ്ടാവുക. എന്തു ചെയ്യും?!
കേവലം മനസ്സില്‍മാത്രം നിലകൊള്ളുന്ന ഒരു പ്രതീക്ഷക്കു കൊടുക്കുന്നതിനെക്കാള്‍ പ്രാഥമ്യം രക്തവും മാംസവുമുള്ള പങ്കാളിക്കു കൊടുക്കുക തന്നെയാവും പൊതുവെ അഭികാമ്യം — ആ വ്യക്തിയുടെ കാഴ്ചപ്പാടില്‍നിന്നു നോക്കുമ്പോള്‍ നിങ്ങളുടെയാ പ്രതീക്ഷയില്‍ വല്ല പൊള്ളത്തരങ്ങളും തെളിഞ്ഞുകാണുന്നുണ്ടെങ്കില്‍ വിശേഷിച്ചും. ചിന്തയില്‍ ചെറിയ ഒരു അഡ്ജസ്റ്റ്മെന്‍റ് വരുത്താനുള്ള മനസ്കത നിങ്ങള്‍ കാണിക്കുകയാണെങ്കില്‍ രണ്ടു വ്യക്തികള്‍ക്കാണ് ജീവിതം അനായാസകരമാവുക — നിങ്ങളുടെ താല്പര്യത്തിനു വിരുദ്ധമായി ജീവിച്ചുപോവുന്നതിനെപ്രതിയുള്ള കുറ്റബോധം പങ്കാളിക്കും ഒഴിവാകുന്നു, ആ പ്രതീക്ഷയൊഴിച്ചുള്ള ബാക്കി ജീവിതത്തെ നന്നായി ശ്രദ്ധിക്കാനും ആസ്വദിക്കാനും നിങ്ങള്‍ക്കും അവസരമൊരുങ്ങുന്നു.
അനുയോജ്യമെന്നു തോന്നുന്നെങ്കില്‍, എന്തുകൊണ്ട് ഇങ്ങനെയൊരു മറുപടി എന്നാരായുക. വിശദീകരണം തൃപ്തികരമല്ലെങ്കില്‍, നിര്‍ബന്ധമാണെങ്കില്‍, ആ വിസമ്മതത്തോട് നിങ്ങള്‍ എങ്ങിനെയാണ് പ്രതികരിക്കാന്‍ പോവുന്നത് എന്നറിയിക്കുക. അല്ലെങ്കില്‍, ലിസ്റ്റിലെ അടുത്ത പ്രതീക്ഷയെക്കുറിച്ചുള്ള ചര്‍ച്ചയിലേക്കു കടക്കുക.
അതേസമയം, ചിലതരം സാഹചര്യങ്ങളില്‍ വിട്ടുവീഴ്ചക്കു പോവാതിരിക്കയാവും നല്ലത് എന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നിരന്തരമുള്ള ശകാരപരിഹാസങ്ങള്‍, കള്ളംപറച്ചിലുകള്‍, അടിക്കുമെന്നുള്ള ഭീഷണികള്‍, ശാരീരിക പീഡനങ്ങള്‍, അവിഹിത ബന്ധങ്ങള്‍, അമിത മദ്യപാനം എന്നിവ ഇതില്‍പ്പെടുന്നു.
നവരീതികളിലേക്ക് ഒമ്പതു പടവുകള്‍
സൈക്ക്യാട്രിസ്റ്റായ ജോയല്‍ കൊറ്റിന്‍ “How to Change Your Spouse and Save Your Marriage” എന്ന പുസ്തകത്തില്‍ പങ്കാളിയെ സ്വാധീനിക്കാന്‍ ആവശ്യാനുസരണം, ഘട്ടംഘട്ടമായി ഉപയോഗിക്കാവുന്ന ഒമ്പതു നടപടികള്‍ വിശദീകരിക്കുന്നുണ്ട്:
- ഒന്നരമാസത്തേക്ക് വിമര്‍ശനങ്ങളെല്ലാം നിര്‍ത്തിവെക്കുകയും അഭിപ്രായവ്യത്യാസമുള്ള കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ നോക്കാതിരിക്കുകയും ചെയ്യുക. പങ്കാളിക്ക് മനസ്സമ്മര്‍ദ്ദം കുറയാനും ഇരുവര്‍ക്കുമിടയിലെ ആശയവിനിമയത്തിന്‍റെയും മാനസിക അടുപ്പത്തിന്‍റെയും ഉന്നമനത്തിനും ഇതു സഹായിക്കും.
- ആശയവിനിമയം മെച്ചപ്പെടുത്തുക. പങ്കാളി ഇങ്ങോട്ടു വല്ലതും പറയുമ്പോള്‍ തടസ്സപ്പെടുത്താതെ, സശ്രദ്ധം കാതുകൊടുക്കുകയും കാര്യം നിങ്ങള്‍ ഉള്‍ക്കൊണ്ടു എന്നറിയിക്കുകയും ചെയ്യുക. അങ്ങോട്ടു വല്ലതും പറയുമ്പോള്‍ ഒരു നേരത്ത് ഒരു കാര്യം മാത്രം വിഷയമാക്കാനും കേട്ടതു മനസ്സിലായോ എന്ന് ചോദിച്ചുറപ്പുവരുത്താനും ശ്രദ്ധിക്കുക. ഒന്നിച്ചു സമയം ചെലവിടാനും പങ്കാളിയെ മനസ്സിലാക്കാനും ഉത്സുകത കാണിക്കുക.
- ചര്‍ച്ചകളുടെയോ ബോധപൂര്‍വകമായ തീരുമാനങ്ങളുടെയോ ഫലമായൊന്നുമല്ലാതെ, എങ്ങനെയൊക്കെയോ ഇരുവരുടെയും ജീവിതഭാഗമായിത്തീര്‍ന്ന, ഇപ്പോള്‍ പ്രശ്നങ്ങള്‍ക്ക് ഇടയാക്കിക്കൊണ്ടിരിക്കുന്ന ഒരുപാടു കാര്യങ്ങളുണ്ടാവാം. അവയെപ്പറ്റി കൂടിയാലോചനകള്‍ നടത്തുക. സ്വന്തം താല്പര്യങ്ങള്‍ ഇരുവരും വ്യക്തമാക്കുകയും അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുകയും വിട്ടുവീഴ്ചകള്‍ക്കു തയ്യാറാവുകയും അനുരഞ്ജനത്തിനു ശ്രമിക്കുകയും ചെയ്യുക. ഇരുവരും താന്താങ്ങള്‍ക്കു വേണ്ടി മാത്രം വാദിക്കാതെ, രണ്ടുപേരും രണ്ടുപേര്‍ക്കും വേണ്ടി പൊരുതുന്ന സാഹചര്യമാണുണ്ടാവേണ്ടത്.
- ആവശ്യമെങ്കില്‍ ആരെയെങ്കിലും മധ്യസ്ഥതക്കു വിളിക്കുക. ഒരാളെയായിട്ടു ക്ഷണിക്കുന്നതിലും നല്ലത് നിങ്ങളുമായി സൌഹൃദത്തിലുള്ള ഏതെങ്കിലും ദമ്പതികളെ വിളിക്കുന്നതാവും. മധ്യസ്ഥരുടെ തീരുമാനം എന്തുതന്നെയായാലും അതു രണ്ടുപേരും അനുസരിച്ചേ പറ്റൂ എന്ന് നിബന്ധന വെക്കാതിരിക്കുക. ആദ്യമാദ്യം ചെറിയ പ്രശ്നങ്ങളും, അവ പരിഹരിക്കപ്പെട്ടു കഴിഞ്ഞിട്ട് വലിയ പ്രശ്നങ്ങളും ചര്‍ച്ചക്കെടുക്കാം.
- നല്ല പെരുമാറ്റങ്ങള്‍ക്കു പകരമായി അഭിനന്ദനം, സ്നേഹം, ഒന്നിച്ചുള്ള യാത്രകള്‍, ഇഷ്ടഭക്ഷണം എന്നിങ്ങനെ പങ്കാളിക്കു താല്പര്യമുള്ള “പ്രതിഫല”ങ്ങള്‍ നല്‍കുക. മോശം പെരുമാറ്റങ്ങളെ ശിക്ഷിക്കുന്നതിനെക്കാള്‍ ഫലപ്രദം നല്ല പെരുമാറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് എന്നതു മറക്കാതിരിക്കുക. ദുഷ്പെരുമാറ്റങ്ങള്‍ക്ക് ഒരു വിധത്തിലും വളംവെക്കാതിരിക്കുക. (അപമര്യാദയോടെ സംസാരിക്കുമ്പോള്‍ കാതുകൊടുക്കാതിരിക്കുകയോ എഴുന്നേറ്റുപോവുകയോ ചെയ്യുകയും മാന്യതയോടെ പറയുമ്പോള്‍ പൂര്‍ണശ്രദ്ധ കൊടുക്കുകയും ചെയ്യാം.) ഏറേക്കാലം കൂടുമ്പോള്‍ വിദേശയാത്ര പോലുള്ള വലിയ സമ്മാനങ്ങള്‍ നല്‍കുന്നതല്ല, ഇടക്കിടെ ചെറിയ സമ്മാനങ്ങള്‍ കൊടുക്കുന്നതാണ് ഫലപ്രദമാവുക. ഇത്തരം നടപടികള്‍ പ്രയോജനം കാണാന്‍ സമയമെടുക്കുമെന്നും ഓര്‍ക്കുക.
- അറ്റകൈപ്രയോഗങ്ങള്‍ രംഗത്തിറക്കുക. ഉദാഹരണത്തിന് എന്താണോ ആവശ്യപ്പെടാനുള്ളത്, അതിന്‍റെ വിപരീതം നടപ്പാക്കുക. സുരതം ആഴ്ചയില്‍ രണ്ടൊന്നും പോരാ, ദിവസവും വേണം എന്നു വാശിപിടിക്കുന്നയാളെ നിത്യേന രണ്ടോ മൂന്നോ എണ്ണത്തിനു നിര്‍ബന്ധിക്കുക. ഒച്ചയിടാന്‍ തുടങ്ങുമ്പോള്‍, നല്ലൊരാളാവാന്‍ തരുന്ന സഹായനിര്‍ദ്ദേശങ്ങള്‍ക്ക് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുക. ബഹുമാനപൂര്‍വ്വം, സൂക്ഷ്മതയോടെ വേണം ഇതൊക്കെച്ചെയ്യാന്‍.
- സ്വന്തം വികാസത്തില്‍ ശ്രദ്ധചെലുത്തുക. കൌണ്‍സലിംഗ്, മനശ്ശാസ്ത്ര പുസ്തകങ്ങള്‍, ഹോബികള്‍, യോഗ തുടങ്ങിയവ ഇതിനുപയോഗപ്പെടുത്താം. വ്യക്തിത്വപരമായോ വൈകാരികമായോ ആത്മീയമായോ ശാരീരികക്ഷമതയിലോ ഒക്കെ അഭിവൃദ്ധി നേടുന്നത് ഇതര മേഖലകളിലും കൈത്താങ്ങാവുകയും, ക്ഷമയും മനസ്സമാധാനവും ആത്മവിശ്വാസവും വ്യക്തതയുള്ള കാഴ്ചപ്പാടുകളും തരികയും ചെയ്യും. ഇതൊക്കെ ദാമ്പത്യത്തിനകത്തും ശാന്തതയോടെ പ്രതികരിക്കാനാവുക, വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാനാവുക, പങ്കാളിയെ സ്വാധീനിക്കാനാവുക എന്നിങ്ങനെ നല്ല അനുരണനങ്ങളുണ്ടാക്കും.
- ശാരീരികോപദ്രവം പോലുള്ള ഗുരുതരപ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍, വിശേഷിച്ചും മറ്റു മാര്‍ഗങ്ങളൊക്കെ നിഷ്ഫലമെന്നു തെളിഞ്ഞതാണെങ്കില്‍, അവ ഉടന്‍ നിര്‍ത്തലാക്കാന്‍ അന്ത്യശാസനം കൊടുക്കാം. സ്നേഹബഹുമാനങ്ങളോടെ, അനന്തരഫലങ്ങള്‍ കണക്കിലെടുത്തുകൊണ്ട്, അതീവശ്രദ്ധയോടെ വേണം ഇതുചെയ്യാന്‍. ബന്ധുക്കളുടെയോ പുരോഹിതരുടെയോ പൊലീസിന്‍റെയോ സാന്നിദ്ധ്യം ഇതിനു പ്രയോജനപ്പെടുത്തുകയുമാവാം.
- വിദഗ്ദ്ധസഹായം തേടുക. ബന്ധങ്ങളെപ്പറ്റി ഒരു പരിശീലനവും കിട്ടിയിട്ടില്ലാത്തവര്‍ക്കും നല്ല ദമ്പതികളെ അടുത്തുനിന്നു നിരീക്ഷിക്കാന്‍ അവസരം ലഭിച്ചിട്ടേയില്ലാത്തവര്‍ക്കും വിവാഹ കൌണ്‍സലിംഗ് കൂടുതല്‍ ഗുണപ്രദമാവും.
(2016 മേയ് ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്)
{xtypo_alert}ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.{/xtypo_alert}
When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.