മനസ്സിന്‍റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പറ്റി ചിലത്

ഡോ. ഷാഹുല്‍ അമീന്‍ എന്ന സൈക്ക്യാട്രിസ്റ്റ് വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍

ഐ.എസ്. ചേക്കേറ്റങ്ങളുടെ മാനസിക വശങ്ങള്‍

ഐ.എസ്. ചേക്കേറ്റങ്ങളുടെ മാനസിക വശങ്ങള്‍

തീവ്രവാദിയക്രമങ്ങളില്‍ ലോകമെമ്പാടും രണ്ടായിരാമാണ്ടില്‍ കൊല്ലപ്പെട്ടത് 3,329 ആളുകളായിരുന്നെങ്കില്‍ 2014-ല്‍ അത് പത്തുമടങ്ങോളം വര്‍ദ്ധിച്ച് 32,685 ആയെന്നും, 2014-ല്‍ അങ്ങിനെ കൊല്ലപ്പെട്ടവരില്‍ പകുതിയോളവും ഇരകളായത് ഐ.എസ്., പിന്നീട് ഐ.എസിന്‍റെ ഭാഗമായിത്തീര്‍ന്ന ബോക്കോ ഹറാം എന്നീ സംഘടനകള്‍ക്കായിരുന്നെന്നും ഗ്ലോബല്‍ ടെററിസം ഇന്‍ഡക്സ്‌ പറയുന്നു. എന്തുകൊണ്ടാണ് ഐ.എസ്. പോലുള്ള സംഘടനകള്‍ക്ക് ഈവിധം പെരുമാറാനാവുന്നത്, എങ്ങിനെയാണവര്‍ക്ക് ലോകമെമ്പാടുംനിന്ന് അണികളെ ആകര്‍ഷിക്കാനാവുന്നത്, എത്തരക്കാരാണ് ഇത്തരം സംഘടനകളില്‍ എത്തിപ്പെടുന്നത്, എന്താണവര്‍ക്കു പ്രചോദനമാകുന്നത്, ഇതിനൊക്കെ പ്രതിവിധിയെന്താണ് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളും നിയമപാലകരും തൊട്ട് ഗവേഷകരും പൊതുസമൂഹവും വരെ ഉയര്‍ത്തുന്നുണ്ട്. കേരളത്തില്‍നിന്നു കാണാതായ ഇരുപത്തൊന്നു പേര്‍ ഐ.എസ്സില്‍ ചേര്‍ന്നെന്നു ബന്ധുക്കള്‍ പരാതി നല്‍കിയതായ വാര്‍ത്ത ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ മലയാളികള്‍ക്കു പഴയതിലും പ്രസക്തമാക്കുന്നുമുണ്ട്.

പിശകുള്ള മുന്‍വിധികള്‍

തീവ്രവാദിനേതാക്കള്‍ വിളമ്പുന്ന ഗൂഡാലോചനാ സിദ്ധാന്തങ്ങളും സമാന അസംബന്ധങ്ങളും തൊണ്ട തൊടാതെ വിഴുങ്ങുന്ന മൂഡന്മാണ് ഇത്തരം സംഘങ്ങളില്‍ ചേരുന്നത്, കഠിനഹൃദയര്‍ക്കോ വ്യക്തിത്വവൈകല്യമുള്ളവര്‍ക്കോ മനോരോഗികള്‍ക്കോ ഒക്കെയേ മനുഷ്യരുടെ തലയറുക്കാനും നിരപരാധികളെ കൂട്ടത്തോടെ വകവരുത്താനുമൊക്കെയാവൂ എന്നെല്ലാമുള്ള മനോഭാവങ്ങള്‍ പ്രബലമാണ്. എന്നാല്‍ ഇവയൊക്കെ അടിസ്ഥാനരഹിതമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഭൂരിഭാഗം തീവ്രവാദികളും വ്യക്തിത്വത്തിനോ മാനസികനിലക്കോ അപാകതകളൊന്നും ഇല്ലാത്തവരാണ്.

ഐ.എസ്സില്‍ച്ചേരുന്ന വിദേശീയുവാക്കള്‍ സഹാനുഭൂതിയിലോ കരുണയിലോ ഒട്ടും പിന്നാക്കമല്ല.

കരുണയോ സഹാനുകമ്പയോ ലവലേശമില്ലാതെ പെരുമാറുന്നതും, അന്യരുടെ വികാരങ്ങളെയും അവകാശങ്ങളെയും സദാ തൃണവല്‍ക്കരിക്കുന്നതും, മറ്റുള്ളവരെ അപമാനിക്കലും ഉപദ്രവിക്കലും ജീവിതരീതിയാക്കുന്നതും, ദുഷ്ചെയ്തികളിലൊന്നും കുറ്റബോധമേതും തോന്നാത്തതുമൊക്കെയായ പ്രകൃതം ‘ആന്‍റിസോഷ്യല്‍ വ്യക്തിത്വവൈകല്യം’ എന്നാണു വിളിക്കപ്പെടാറ്. തീവ്രവാദികള്‍ ഈ പ്രശ്നമുള്ളവരാവുമെന്നു നാം പെട്ടെന്നൂഹിക്കാമെങ്കിലും അതങ്ങനെയല്ല. ആന്‍റിസോഷ്യല്‍ വ്യക്തിത്വമുള്ളവര്‍ പൊതുവെ തീവ്രവാദികളെപ്പോലെ വ്യക്തികളോടോ ആശയങ്ങളോടോ സംഘടനകളോടോ കൂറുപുലര്‍ത്താനോ മറ്റുള്ളവര്‍ക്കുവേണ്ടി ജീവന്‍ കളയാനോ തയ്യാറാവില്ല. ഐ.എസ്സിനെപ്പറ്റി ആഴത്തില്‍പ്പഠിച്ച സ്കോട്ട് അറ്റ്‌റന്‍ എന്ന നരവംശശാസ്ത്രജ്ഞന്‍ ഐക്യരാഷ്ട്രസഭയില്‍പ്പറഞ്ഞത്, അതില്‍ച്ചേരുന്ന വിദേശീയുവാക്കള്‍ സഹാനുഭൂതിയിലോ കരുണയിലോ ഒട്ടും പിന്നാക്കമല്ലെന്നും മറ്റുള്ളവരെ ദ്രോഹിക്കാനല്ല, മറിച്ച് സഹായിക്കാനുള്ള മനസ്ഥിതിയുള്ളവരാണ് എന്നുമാണ്. ജയിലിലടക്കപ്പെട്ട തീവ്രവാദികളില്‍ നടത്തിയ പഠനങ്ങള്‍ അവര്‍ക്കിടയില്‍ മനോരോഗങ്ങളുടെ തോത് പൊതുസമൂഹത്തിലേതിനെക്കാള്‍ കുറവാണെന്നു പോലും വെളിപ്പെടുത്തിയിട്ടുമുണ്ട്.

പല തീവ്രവാദികളും ബാല്യകാലപീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് അവരുടെ ജീവചരിത്രത്തിലും മറ്റും കാണാമെങ്കിലും അത്തരമനുഭവങ്ങളുള്ള എത്രയോ പേര്‍ നോര്‍മല്‍ ജീവിതം നയിക്കുന്നുണ്ടെന്നതിനാല്‍ത്തന്നെ അവയെ തീവ്രവാദോന്മുഖതയുടെ അടിവേരുകളായി കണക്കാക്കാനാവില്ലെന്നാണ് ഗവേഷകമതം. സാമ്പത്തികമോ വിദ്യാഭ്യാസപരമോ ആയ പിന്നാക്കാവസ്ഥയും തീവ്രവാദത്തിനു നേരിട്ടു വിത്താവുന്നില്ല. ഉദാഹരണത്തിന്, അല്‍ഖ്വയ്ദാ അംഗങ്ങളെ പഠനവിഷയമാക്കിയ ഗവേഷകന്‍ കണ്ടത് അവരില്‍ ഭൂരിഭാഗവും ഇടത്തരമോ സമൂഹത്തിന്‍റെ മേലേക്കിടയിലുള്ളതോ ആയ കുടുംബങ്ങളില്‍നിന്നുമാണെന്നാണ്. സൂയിസൈഡ് ബോംബര്‍മാരില്‍ പതിനേഴു ശതമാനം മാത്രമാണ് തൊഴില്‍രഹിതരോ ദരിദ്രരോ ആയിട്ടുള്ളവര്‍ എന്നു മറ്റൊരു ഗവേഷകനും കണ്ടെത്തി.

പിന്നെന്താണ് കുഴപ്പകാരണമാകുന്നത്?

ഭൂമുഖത്തെ മഹാപ്രശ്നങ്ങള്‍ക്ക് തീവ്രവാദമല്ലാതൊരു പരിഹാരമേയില്ലെന്ന അനുമാനവും സ്വര്‍ഗം നേടാനോ, ആരോടെങ്കിലും പ്രതികാരം ചെയ്യാനോ, സംഘടന തരുന്ന വൈകാരികവും സാമൂഹികവുമായ കൈത്താങ്ങിനോ, സമൂഹത്തോടു കടപ്പാടു തീര്‍ക്കാനോ, ഹീറോയുടെയോ രക്തസാക്ഷിയുടെയോ പരിവേഷം നേടി സമൂഹമനസ്സില്‍ അനശ്വരത കൈവരിക്കാനോ ഉള്ള ആഗ്രഹങ്ങളും പലരെയും തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നുണ്ടെന്നു പഠനങ്ങള്‍ പറയുന്നു.

എബ്രഹാം മാസ്ലോ എന്ന മനശ്ശാസ്ത്രജ്ഞന്‍റെ വീക്ഷണത്തില്‍ മനുഷ്യര്‍ക്ക് ഏഴു തലങ്ങളിലായുള്ള ആവശ്യങ്ങളാണുള്ളത്. ഒരു തലത്തിലെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ അതിനു തൊട്ടടുത്ത തലത്തിലുള്ളവ നേടിയെടുക്കാന്‍ ആഗ്രഹം ജനിക്കുകയാണ് പതിവ്. ഏറ്റവും താഴേ തലത്തില്‍ തുടങ്ങി ക്രമേണ മുകളിലേക്കു കയറുകയും ഓരോരോ തലങ്ങളിലെ ആവശ്യങ്ങള്‍ക്കായി തൃപ്തിവരുത്താന്‍ ശ്രമിക്കുകയുമാണ്‌ പൊതുവെയെല്ലാവരും ചെയ്യാറ്. ഒന്നാംതലത്തിലുള്ളത് വായുവും വെള്ളവും ഭക്ഷണവും പോലുള്ള അടിസ്ഥാന ആവശ്യങ്ങളാണ്‌. ഏറ്റവും മുകളിലെത്തലത്തിലുള്ളത് സ്വന്തം ശേഷികളെ പരമാവധി ഉപയോഗപ്പെടുത്തി, താനെന്ന ബോധം പൂര്‍ണമായി വിസ്മരിച്ച്, സമൂഹത്തിനുപകാരപ്പെടുന്ന വല്ലതും ചെയ്ത്, ജീവിതത്തിന് അര്‍ത്ഥവും പ്രസക്തിയും കണ്ടെത്താനുള്ള ആഗ്രഹവും. പല തീവ്രവാദികളുടെയും വിശ്വാസം തങ്ങള്‍ ചെയ്യുന്നത് അവസാന തലത്തിലെ ഈ സര്‍വോത്തമമായ ആവശ്യം സഫലീകരിക്കുകയാണെന്നാണ്.

ഒറ്റക്കൊരു കാരണമാവില്ലെങ്കിലും, വ്യക്തിത്വത്തിലെയോ ചുറ്റുപാടുകളിലെയോ സവിശേഷതകള്‍ പക്ഷേ ചില പ്രത്യേക സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ ഒരാള്‍ തീവ്രവാദത്തിലേക്കു നീങ്ങാനുള്ള സാദ്ധ്യത കൂട്ടാം. ഉദാഹരണത്തിന്, അറബ് രാജ്യങ്ങളില്‍നിന്നു യൂറോപ്പിലേക്ക് വിദ്യാഭ്യാസത്തിനും മറ്റും കുടിയേറിയ മുസ്ലിംചെറുപ്പക്കാര്‍ക്ക് അവിടെ വിവേചനമോ തൊഴിലില്ലായ്മയോ നേരിടേണ്ടിവന്നാല്‍ അത് അവരിലുളവാക്കുന്ന അസന്തുഷ്ടിയും അപമാനബോധവും, പ്രത്യേകിച്ചും അത്തരമനുഭവങ്ങള്‍ ഭരണാധികാരികളുടെയോ വല്ല വ്യക്തികളുടെയുമോ ഒക്കെ കരുതിക്കൂട്ടിയുള്ള ചെയ്ത്താണ് എന്ന അനുമാനത്തില്‍ അവരെത്തുകയാണെങ്കില്‍, സ്വന്തം അന്തസ്സിന്‍റെയും വിശ്വാസങ്ങളുടെയും സംരക്ഷണത്തിനായി അവര്‍ തീവ്രവാദ ചിന്താഗതി സ്വീകരിക്കാന്‍ വഴിയൊരുക്കുന്നതായി സൂചനകളുണ്ട്.

ഇനിയും ചിലരെ നയിക്കുന്നത് മേല്‍പ്പറഞ്ഞ പോലുള്ള വ്യക്തിപരമായ കാരണങ്ങളാവില്ല, മറിച്ച്, ദൈവഹിതം നടപ്പാക്കാനുള്ള ആഗ്രഹം പോലുള്ള ആശയപരമായ കാരണങ്ങളാവാം. ആശയങ്ങള്‍ പൊതുവെ തീവ്രവാദത്തിലേക്കു നയിക്കാറ് അവ താഴെക്കൊടുത്ത മൂന്നുതരം ചിന്തകള്‍ക്കു നിദാനമാവുമ്പോഴാണ്: (1) “തന്‍റെ സങ്കല്‍പത്തിലുള്ള മാതൃകാപരമായൊരു സാഹചര്യത്തില്‍ നിന്നു വിഭിന്നമാണ് നിലവിലെ സ്ഥിതി.” (2) “ഇതിനു കാരണക്കാര്‍ (പാശ്ചാത്യരെയോ അവിശ്വാസികളെയോ ഏതെങ്കിലും രാജ്യത്തെയോ പോലെ) ചില പ്രത്യേക ശക്തികളാണ്”. (3) “അവക്കെതിരെ അക്രമമഴിച്ചുവിട്ടാല്‍ സാഹചര്യത്തെ മനസ്സിലുള്ളതുപോലെ മാതൃകാപരമാക്കാനാവും”.

തീവ്രവാദത്തിനു പ്രേരിപ്പിക്കുന്ന ആശയസംഹിതകള്‍ക്കു ചില പൊതുസ്വഭാവങ്ങള്‍ നിരീക്ഷിക്കപ്പെട്ടിട്ടുമുണ്ട്. “നമ്മളും” “അവരും” എന്നിങ്ങനെ മൊത്തം ലോകത്തെ കറുപ്പും വെളുപ്പുമായി നോക്കിക്കാണാനുള്ള പ്രവണതയും “അവര്‍” “നമ്മെ” നശിപ്പിക്കാന്‍ നിരന്തരം ശ്രമിക്കുകയാണ്, താന്‍ പിന്തുടരുന്ന വിശ്വാസങ്ങളാണ് ആത്യന്തിക സത്യം എന്നൊക്കെയുള്ള ഉത്തമബോദ്ധ്യങ്ങളും ഇതില്‍പ്പെടുന്നു.

തീവ്രവാദത്തിലേക്കുള്ള പടവുകള്‍

തീവ്രവാദിയായിത്തീരുന്ന പ്രക്രിയക്കിടയില്‍ ഒരാളുടെ മനസ്സ് ഏതുതരം പരിണാമങ്ങളിലൂടെയാണ് കടന്നുപോവുകയെന്ന ചോദ്യത്തിന് പല ഉത്തരങ്ങളും നിലവിലുണ്ട്. ഒരു മോഡല്‍ പ്രകാരം അത്തരക്കാര്‍ താഴെനിരത്തിയ ചിന്താഗതികളോരോന്നിലൂടെയും അനുക്രമമായി സഞ്ചരിക്കാം: “എന്‍റെ സാഹചര്യം പന്തിയല്ല. ഞാന്‍ ഏറെ അനീതിയും വിവേചനവും നേരിടുന്നുണ്ട്.” “അതിനു കാരണക്കാര്‍ ഇന്ന കൂട്ടം/രാജ്യം/ശക്തി ആണ്” “ആ ശത്രുവിനെ എനിക്ക് അധിക്ഷേപിക്കാം. അതില്‍പ്പെട്ടവരെ ഞാന്‍ മനുഷ്യരായൊന്നും ഗണിക്കേണ്ടതില്ല.” “ആ ശത്രുവാണ് എല്ലാ അനീതിക്കും കാരണക്കാര്‍ എന്നതിനാല്‍ത്തന്നെ അതിലുള്‍പ്പെടുന്ന ഏതൊരാള്‍ക്കും നേരെയുള്ള അക്രമം നീതിപൂര്‍വകമായ നടപടിയേ ആവൂ.”

യൂറോപ്പിലെയും അമേരിക്കയിലെയും പ്രമുഖ തീവ്രവാദിയാക്രമണങ്ങളെ ആസ്പദമാക്കി ന്യൂയോര്‍ക്ക് പോലീസ് രൂപപ്പെടുത്തിയ മോഡല്‍ പ്രകാരം, ഐ.എസ്. പോലുള്ള സംഘടനകളിലേക്കുള്ള മുസ്ലിം ചെറുപ്പക്കാരുടെ പ്രയാണം മൂന്നു ഘട്ടങ്ങളിലൂടെയാവാം:

  1. ഒരു ക്രിമിനല്‍ പശ്ചാത്തലവുമില്ലാത്ത, മധ്യവര്‍ഗകുടുംബങ്ങളില്‍ നിന്നുള്ള, അഭ്യസ്തവിദ്യരായ, അത്രക്കു ഭക്തരൊന്നുമല്ലാത്ത ചെറുപ്പക്കാര്‍ ഏതെങ്കിലും പ്രതിസന്ധിവേളയിലെ ആശ്വാസത്തിനായി ഇസ്ലാമിനെ അടുത്തറിയാന്‍ ശ്രമിക്കുകയും അക്കൂട്ടത്തില്‍ ഇന്‍റര്‍നെറ്റിലും മറ്റും ഇസ്ലാമിന്‍റെ തീവ്രമായ വ്യാഖ്യാനങ്ങളെയും അവയുടെ അനുകര്‍ത്താക്കളെയും പരിചയപ്പെടുകയും ചെയ്യുന്നു.
  2. അത്തരം വാദഗതികളുമായി സമ്പൂര്‍ണ യോജിപ്പിലെത്തുന്നു. ഇസ്ലാമിനു വിരുദ്ധമായ യാതൊന്നിനോടുമുള്ള അക്രമം തെറ്റേയാവില്ലെന്ന നിഗമനത്തിലെത്തുന്നു. നാനാവിധ സംഭവങ്ങളെ ഇസ്ലാമിനെതിരായ ആസൂത്രിത ആക്രമണങ്ങളായി വ്യാഖ്യാനിക്കാനും സ്വതാല്‍പര്യങ്ങളെ വിസ്മരിച്ച്, ഇസ്ലാമിന്റേതെന്നു പരിചയപ്പെടുത്തപ്പെടുന്ന താല്‍പര്യങ്ങള്‍ക്കു മേല്‍ക്കൈ നല്‍കാനും തുടങ്ങുന്നു.
  3. സ്വയമൊരു വിശുദ്ധ പോരാളിയായി പ്രഖ്യാപിച്ച്, രഹസ്യയോഗങ്ങളിലും ആയുധ പരിശീലനങ്ങളിലും പങ്കെടുക്കുന്നു.

ഓണ്‍ലൈന്‍ കെണികള്‍

ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്ന് അണികളെ വശീകരിച്ചെടുക്കാന്‍ ഐ.എസ്. ഇന്‍റര്‍നെറ്റിനെ, പ്രത്യേകിച്ച് സാമൂഹ്യമാധ്യമങ്ങളെ, ഏറെ ഉപയോഗപ്പെടുത്തുന്നുണ്ട്. ജനുവരിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ രാജ്നാഥ് സിംഗ് കേരളമുള്‍പ്പെടെയുള്ള പതിമൂന്നു സംസ്ഥാനങ്ങളിലെ അന്വേഷണ ഏജന്‍സികളുമായി ഐ.എസ്. സാമൂഹ്യമാധ്യമങ്ങളിലൂടെ ചെറുപ്പക്കാര്‍ക്കിടയില്‍ പിടിമുറുക്കുന്നതിനെതിരെ സ്വീകരിക്കാവുന്ന നടപടികള്‍ ചര്‍ച്ചചെയ്യുകയുമുണ്ടായി. ഐ.എസ്. സാമൂഹ്യമാധ്യമങ്ങള്‍ വഴി ഇരകളെ പാട്ടിലാക്കുന്നത് നിശ്ചിത രീതികളിലൂടെയാണെന്നാണ് വിദഗ്ദ്ധാനുമാനം.

ആദ്യം ആ വ്യക്തിയെ സാമൂഹ്യചുറ്റുപാടുകളില്‍നിന്ന് അടര്‍ത്തിമാറ്റിയെടുക്കുന്നു. ആഹാരത്തെയും മരുന്നുകളെയും ചരിത്രത്തെയും രാഷ്ട്രീയത്തെയുമൊക്കെപ്പറ്റി സമൂഹവും മുതിര്‍ന്നവരും കള്ളം മാത്രം പറയുന്നൊരു കാലമാണിതെന്ന വീക്ഷണഗതി കുത്തിച്ചെലുത്തുന്നു. ഇതിനായി വസ്തുതകളോടൊപ്പം അര്‍ത്ഥസത്യങ്ങളും കള്ളങ്ങളും കൂടി തിരുകിക്കയറ്റുന്നു. ഗൂഡാലോചനാസിദ്ധാന്തങ്ങള്‍ എടുത്തിടുന്നു. എന്തിനെയും സംശയദൃഷ്ട്യാ മാത്രം നോക്കിക്കാണാനുള്ള പ്രവണത ഇളക്കിവിടുന്നു. ഐ.എസ്സിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളെ പൊലിപ്പിച്ചു കാട്ടുന്ന ലിങ്കുകളിലും വീഡിയോകളിലും ആ വ്യക്തി സ്വയം നഷ്ടപ്പെടുന്നു. (ഐ.എസ്സിന്‍റെ പ്രചരണങ്ങളെ വിശകലനം ചെയ്ത, അരിസോണ സര്‍വ്വകലാശാലയിലെ ജേര്‍ണലിസം പ്രൊഫസറായ ഷാഹിറ ഫഹ്മി കണ്ടെത്തിയത് അതില്‍ അഞ്ചു ശതമാനത്തോളം മാത്രമേ നമുക്കു പരിചിതമായ തരം അതിക്രൂര വീഡിയോകള്‍ ഉള്ളൂവെന്നും സിംഹഭാഗവും ആദര്‍ശപൂര്‍ണമായൊരു ‘ഖലീഫേറ്റി’ന്‍റെ മോഹിപ്പിക്കുന്ന വിശദാംശങ്ങളാണ് എന്നുമാണ്.)

അടുത്തപടിയായി, സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊന്നും യാഥാര്‍ത്ഥ്യം കാണാനാവുന്നില്ല എന്നയനുമാനത്തില്‍ ആ വ്യക്തി അവരുമായെല്ലാം ഇടപഴകലുകള്‍ കുറക്കുന്നു. വിപ്ലവത്തിനു കൂടുതല്‍ സമയം ലഭ്യമാകാനായി അന്നേവരെ പ്രിയങ്കരമായിരുന്ന ഹോബികളില്‍നിന്നും മറ്റും പിന്‍വലിയുന്നു.

ആ ഘട്ടത്തില്‍ കൈകാര്യകര്‍ത്താക്കള്‍ “വകതിരിവുള്ള ചുരുക്കം ചിലരില്‍ ഒരാളാണു താങ്കള്‍” എന്നു പ്രശംസിക്കുകയും, “ഞങ്ങള്‍ പരിചയപ്പെടുത്തുന്ന ആശയങ്ങള്‍ക്കു താങ്കള്‍ക്ക് ഉണര്‍വും പുതുജീവനും നല്‍കാനാവും” എന്നറിയിക്കുകയും ചെയ്യുന്നു. ഇരയോ, സ്വചിന്തകള്‍ക്ക് അവധി കൊടുത്ത് മസ്തിഷ്കപ്രക്ഷാളനത്തിലൂടെ അടിച്ചേല്‍പ്പിക്കപ്പെടുന്ന ആശയങ്ങളെ പുണരുന്നു. ആ ചിന്താഗതികളെ മാനിക്കാത്ത ഒരാളുമായും ഇടപഴകേണ്ടതില്ലെന്നു നിശ്ചയിക്കുന്നു. വിരുദ്ധ ചിന്താഗതിക്കാരെ ഉന്മൂലനം ചെയ്യുക ഒരു കുറ്റമേയല്ലെന്നും ഒരു ഉത്തരവാദിത്തം പോലുമാണെന്നും അതിനിടക്ക് ഐ.എസ്. ബോദ്ധ്യപ്പെടുത്തുകയും ചെയ്യുന്നു.

ഇരകളുടെ വൈകാരികവും ധൈഷണികവുമായ സവിശേഷതകള്‍ക്കനുസൃതമായി ഐ.എസ്. അവരുടെ തന്ത്രങ്ങളെ പരിഷ്കരിക്കുന്നുമുണ്ട് — ജീവിതത്തില്‍ ത്രില്ലു തേടുന്ന കൌമാരക്കാര്‍ക്ക് ഏറെ സാഹസികതയും പ്രതാപവും നിറഞ്ഞൊരു ജീവിതവും പീഡനങ്ങള്‍ക്കിരയായിട്ടുള്ള സ്ത്രീകള്‍ക്ക് സുരക്ഷിതമായൊരു ദാമ്പത്യവും അവര്‍ വാഗ്ദാനം ചെയ്യാം.

പ്രതിരോധ നടപടികള്‍

തീവ്രവാദത്തിലേക്കു തള്ളിവിടുന്ന ആശയങ്ങളെ ആശയങ്ങള്‍കൊണ്ടു തന്നെ ചെറുക്കുക ഫലപ്രദമായൊരു മാര്‍ഗമാണ്. ഉദാഹരണത്തിന്, ഖുര്‍ആനില്‍ നിന്നുള്ള തീവ്രവാദവിരുദ്ധ സന്ദേശങ്ങളടങ്ങുന്ന, അക്രമപ്രവൃത്തികളെ നിരുത്സാഹപ്പെടുത്തുന്ന ഇരുപത്തഞ്ചോളം വാള്യങ്ങള്‍ തയ്യാറാക്കി അവയുപയോഗപ്പെടുത്തി അവബോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ഈജിപ്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശമിപ്പിക്കാന്‍ ഏറെ സഹായകമാവുകയുണ്ടായി.

ഖുര്‍ആനില്‍ നിന്നുള്ള തീവ്രവാദവിരുദ്ധ സന്ദേശങ്ങളടങ്ങുന്ന ഇരുപത്തഞ്ചോളം വാള്യങ്ങള്‍ തയ്യാറാക്കി അവബോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ഈജിപ്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശമിപ്പിക്കാന്‍  സഹായകമാവുകയുണ്ടായി.

ലോകത്തിന് അതിന്റേതായ പോരായ്മകളുണ്ട്, മറ്റുള്ളവരുമായുള്ള വ്യതിരിക്തതകളെ സഹിഷ്ണുതയോടെ ക്ഷമിക്കേണ്ടതുണ്ട്, സൌഹൃദത്തിനും സഹവര്‍ത്തിത്വത്തിനും വേണ്ടി ക്ലേശങ്ങളും ത്യാഗങ്ങളും സഹിക്കുന്നതിലൂടെയും ജീവിതത്തിനു പ്രസക്തി കണ്ടെത്താം, എല്ലാം തികഞ്ഞ “ഉട്ടോപ്യ”കള്‍ പ്രായോഗികമോ സംഭവ്യമോ അല്ല എന്നൊക്കെ യുവാക്കളെ ബോദ്ധ്യപ്പെടുത്തുന്നതും ഗുണപ്രദമാവാം.

തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു തുടങ്ങിയവരെ തിരിച്ചറിയാനുള്ള പരിശീലനം പല യൂറോപ്പ്യന്‍ നഗരങ്ങളിലും അദ്ധ്യാപകര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നിയമപാലകര്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും സമുദായ നേതാക്കള്‍ക്കുമൊക്കെ നല്‍കപ്പെടുന്നുണ്ട്. അങ്ങനെ തിരിച്ചറിയപ്പെടുന്നവര്‍ക്കു മാര്‍ഗദര്‍ശികളായി നിന്ന് അവരുടെ വികല ധാരണകളെ പൊളിച്ചെഴുതാന്‍ അതിനു കഴിവും സന്നദ്ധതയുമുള്ള മുതിര്‍ന്നവരെ ചുമതലപ്പെടുത്തുന്ന രീതിയും അവിടങ്ങളിലുണ്ട്.

തീവ്രവാദത്തിലേക്കു കൂടുതല്‍ നീങ്ങിക്കഴിഞ്ഞവരെ തിരിച്ചുപിടിക്കാന്‍ നല്ലതു പക്ഷേ യുക്തിയും വാദപ്രതിവാദങ്ങളുമല്ല, മറിച്ച് മുമ്പുകാലത്തെ നല്ല അനുഭവങ്ങളെയും മറ്റും കുറിച്ച് സ്മരണകളുണര്‍ത്തി അവരെ വൈകാരികമായി സ്വാധീനിക്കുകയാണ്. അതായത്, സിറിയയിലോ മറ്റോ നിന്നു ബന്ധപ്പെടാന്‍ ശ്രമിക്കുന്ന മക്കള്‍ക്കോ ഭര്‍ത്താക്കന്മാര്‍ക്കോ തീവ്രവാദത്തിന്‍റെ ദൂഷ്യവശങ്ങളെപ്പറ്റി ഫോണിലൂടെ ക്ലാസെടുക്കുന്നതല്ല, മുമ്പ് ഒന്നിച്ചു ചെലവിട്ട നല്ല മുഹൂര്‍ത്തങ്ങളെപ്പറ്റി അവരോടു സല്ലപിക്കുന്നതാവും ഗുണകരമാവുക.

(2016 ഓഗസ്റ്റ് ലക്കം ആരോഗ്യമംഗളത്തില്‍ പ്രസിദ്ധീകരിച്ചത്)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.

×
Stay Informed

When you subscribe to the blog, we will send you an e-mail when there are new updates on the site so you wouldn't miss them.

കൌമാരപ്രായത്തില്‍ തലച്ചോര്‍
ഇത്തിരി സന്തോഷവര്‍ത്തമാനം

Related Posts