By ഡോ. ഷാഹുല്‍ അമീന്‍ എം.ഡി. on Saturday, 19 July 2014
Category: ഇന്‍റര്‍നെറ്റ്

ഓണ്‍ലൈന്‍ ഇടങ്ങളിലെ മലയാളീശീലങ്ങള്‍

“ഈയിടെയൊരു കമ്പ്യൂട്ടറും വാങ്ങി ഇന്‍റര്‍നെറ്റിനെപ്പറ്റി ആരോടൊക്കെയോ ചോദിച്ചറിയുന്നത് കണ്ടപ്പൊ ഞാന്‍ വിചാരിച്ചത് ഈ മനുഷ്യന്‍ കള്ളുകുടിയൊക്കെ നിര്‍ത്തി എന്തോ നല്ല കാര്യം തൊടങ്ങാമ്പോവ്വ്വാന്നാ. പക്ഷേ ഇപ്പൊ നേരോം മുഹൂര്‍ത്തോം ഒന്നും നോക്കാതെ, പിള്ളേര് വീട്ടിലൊണ്ട് എന്ന ഒരു ബോധോം ഇല്ലാതെ, ഡോക്ടറോടു പറയാന്‍ കൊള്ളില്ലാത്ത ഓരോ സിനിമേം കണ്ട് ഇരിപ്പാ…”

“ആ മെഷീന്‍ സ്മോക്കും പോയിസന്‍സും ഒക്കെ ഫില്‍റ്റര്‍ ചെയ്ത് പ്യുവര്‍ കഞ്ചാവു മാത്രം വലിച്ചെടുക്കാന്‍ തരും എന്നാ ഒരു ഓണ്‍ലൈന്‍ ഫോറത്തില്‍ക്കണ്ടത്. അതാ നെറ്റുവഴിത്തന്നെ അതു വാങ്ങി കഞ്ചാവ് അതിലിട്ട്‌ സ്മോക്ക്‌ചെയ്യാന്‍ തുടങ്ങിയത്. ഇത്രേം പ്രോബ്ലംസൊന്നും ഞാന്‍ ഒരിക്കലും എക്സ്പെക്റ്റ് ചെയ്തില്ല.”

“ഞാനെന്‍റെ മുഴുവന്‍ പാസ്സ്‌വേഡും അവനു പറഞ്ഞു കൊടുത്തതാ. പക്ഷേ അവന്‍ അവന്‍റേതൊന്നും എനിക്ക് പറഞ്ഞു തരുന്നേയില്ല. സ്നേഹമില്ലാഞ്ഞിട്ടല്ലേ… അതാ ഞാന്‍ കൈമുറിച്ചത്.”

ജോലി കാത്തുനില്‍ക്കുന്നവരും മറ്റും പോസ്റ്റോഫീസ് തുറക്കുന്നതും നോക്കിനിന്ന് “കത്തുണ്ടോ" എന്നന്വേഷിച്ചുകൊണ്ടിരുന്ന, പല തലമുറകളൊന്നിച്ച് ഒളിച്ചും പാത്തും ഉച്ചപ്പടങ്ങള്‍ക്ക് ക്യൂ നിന്നിരുന്ന ഒരു സമൂഹത്തില്‍ തൊണ്ണൂറുകളുടെ അവസാനത്തോടെയാണ് ഇന്‍റര്‍നെറ്റ് അതിന്‍റെ തേരോട്ടം തുടങ്ങിയത്. ഇന്നിപ്പോള്‍ പുസ്തകംവാങ്ങല്‍ തൊട്ട് വിവരക്കേടു വിളമ്പല്‍ വരെയും, ബോധവല്‍ക്കരണങ്ങള്‍ തൊട്ട് അസഭ്യവര്‍ഷങ്ങള്‍ വരെയും, ഇണയെക്കണ്ടെത്തല്‍ തൊട്ട് സ്വയംഭോഗം വരെയും നല്ലൊരു ശതമാനം മലയാളികള്‍ക്ക് നെറ്റിലധിഷ്ഠിതമാണ്. അസുഖങ്ങളെയും ചികിത്സകളെയും പറ്റി അറിവു ശേഖരിക്കുന്നതിനു മുതല്‍ ആരോഗ്യത്തെയും രോഗാവസ്ഥകളെയും കുറിച്ചുള്ള വെളിപാടുകളെയും അബദ്ധധാരണകളെയും ആത്യന്തിക ശാസ്ത്രസത്യങ്ങളെന്ന ഭാവേന അവതരിപ്പിക്കുന്നതിനു വരെ മലയാളിയിന്ന് നെറ്റിനെ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതൊക്കെ നമ്മുടെ നിത്യജീവിതങ്ങളില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന അത്ര ശുഭകരങ്ങളല്ലാത്ത ചില പരിണിതഫലങ്ങളാണ് മേല്‍ക്കൊടുത്ത സംഭാഷണശകലങ്ങളില്‍ മുഴച്ചുനില്‍ക്കുന്നത്.

ആശയവിനിമയം, വിജ്ഞാനസമാഹരണം, ക്രയവിക്രയങ്ങള്‍, പണമിടപാടുകള്‍ തുടങ്ങിയ മേഖലകളില്‍ നെറ്റ് സൃഷ്ടിച്ചത് അഭൂതപൂര്‍വമായ വിപ്ലവങ്ങള്‍ തന്നെയാണ്. ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും കമ്പ്യൂട്ടര്‍ സാക്ഷരത ഉറപ്പാക്കാന്‍ 2002-ല്‍ തുടങ്ങിയ അക്ഷയ പദ്ധതി, വിവിധ വകുപ്പുകളുടെ ബില്ലുകളും നികുതികളും ഓണ്‍ലൈനില്‍ സ്വീകരിക്കുന്ന ജനസേവനകേന്ദ്രങ്ങള്‍ തുടങ്ങിയ സര്‍ക്കാര്‍ സംരംഭങ്ങള്‍ ഇതിന്‍റെയൊക്കെ ഉപകാരങ്ങള്‍ സമൂഹത്തിന്‍റെ താഴെക്കിടയിലേക്കും എത്തിച്ചു. 2005-ഓടെ മലയാളം യൂണികോഡ് പ്രചാരത്തിലായത് ഇംഗ്ലീഷ് പരിജ്ഞാനം കുറഞ്ഞവര്‍ക്കും നെറ്റിന്‍റെ ഗുണഫലങ്ങള്‍ ലഭ്യമാകാനുള്ള കളമൊരുക്കി. മുപ്പത്തയ്യായിരത്തിലധികം ലേഖനങ്ങളോടെ വിക്കിപ്പീഡിയയില്‍ ഏറ്റവുമധികം Depth score ഉള്ള ഇന്ത്യന്‍ ഭാഷയായി മലയാളത്തെ മാറ്റിയതും, അടുക്കളച്ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോവുമായിരുന്ന ചന്ദ്രലേഖ എന്ന ഗായികയെ സിനിമാലോകത്തിനു ചൂണ്ടിക്കാണിച്ചു കൊടുത്തതുമൊക്കെ ഓണ്‍ലൈന്‍ മലയാളിയുടെ നേട്ടങ്ങളില്‍ ചിലതാണ്. വിവരസാങ്കേതികവിദ്യയിലുണ്ടായ കുതിച്ചുചാട്ടം കൊണ്ടുവന്ന തൊഴിലവസരങ്ങളും പ്രസക്തമാണ്. തിരുവനന്തപുരത്തെ ലയോള കോളെജ് ഓഫ് സോഷ്യല്‍ സയന്‍സ് 2009-ല്‍ നടത്തിയ ഒരു പഠനം പറയുന്നത് ഐ.റ്റി. മേഖലയില്‍ തൊഴിലെടുക്കുന്ന മലയാളീ ചെറുപ്പക്കാരില്‍ നല്ലൊരു ശതമാനം സാധാരണ കുടുംബങ്ങളില്‍ നിന്നുള്ളവരാണ് എന്നാണ്.

മറുവശത്ത്, ഓണ്‍ലൈന്‍ അതിക്രമങ്ങളുടെ പല ദേശീയറിക്കോഡുകളും നമുക്കു തന്നെയാണ്. 2009-ല്‍ ഐ.റ്റി. നിയമം ഭേദഗതി ചെയ്യപ്പെട്ടതിനു ശേഷം രാജ്യത്തുണ്ടായ ആദ്യ അറസ്റ്റ് പിണറായി വിജയന്‍റെ വീട് എന്ന പേരില്‍ വ്യാജചിത്രം പ്രചരിപ്പിച്ച രണ്ട് മലയാളീ ചെറുപ്പക്കാരുടേതായിരുന്നു. 2010–12 കാലയളവില്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത 1,413 ഇന്‍റര്‍നെറ്റ് അശ്ലീല കേസുകളില്‍ 386 എണ്ണവും സ്വന്തംപേരിലാക്കി കേരളം ഒന്നാംസ്ഥാനത്തെത്തുകയുണ്ടായി. നാഷണല്‍ ക്രൈം റെക്കോഡ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഓണ്‍ലൈന്‍ അശ്ലീല പ്രസിദ്ധീകരണങ്ങളില്‍ 27 ശതമാനവും നമ്മുടെ സംസ്ഥാനത്തു നിന്നാണ്. കുട്ടികളുടെ സൈബര്‍ക്രൈമുകളുടെ കാര്യത്തിലും കേരളം തന്നെയാണു മുന്നില്‍ — 2012-ല്‍ മാത്രം പതിനഞ്ചു കേസുകളാണ് ഈ വിഭാഗത്തില്‍ ഇവിടെ റിക്കോഡ് ചെയ്യപ്പെട്ടത്. യാഥാസ്ഥിതികമായ ഒരു സമൂഹത്തില്‍ ഏറെക്കുറെ അമര്‍ത്തിപ്പിടിച്ചുപോന്ന പല ചോദനകളെയും ബഹിര്‍ഗമിപ്പിക്കാന്‍ നെറ്റൊരുക്കുന്ന അവസരങ്ങള്‍ മലയാളി നന്നായി ഉപയോഗപ്പെടുത്തുന്നുണ്ട് എന്നാണ് ഈ കണക്കുകളൊക്കെ സൂചിപ്പിക്കുന്നത്.

മലയാളിയുടെ തനതു ദുശ്ശീലങ്ങള്‍ക്കും ഇക്കാലയളവില്‍ ഓണ്‍ലൈന്‍ ഭാഷ്യങ്ങളുണ്ടായി.

മലയാളിയുടെ തനതു ദുശ്ശീലങ്ങള്‍ക്കും ഇക്കാലയളവില്‍ ഓണ്‍ലൈന്‍ ഭാഷ്യങ്ങളുണ്ടായി. മണിചെയിനുകള്‍ക്കും മാഞ്ചിയം ഫാമുകള്‍ക്കുമൊക്കെ മടിശ്ശീലയഴിച്ചുകൊടുത്തു ശീലമുള്ളവര്‍ നൈജീരിയന്‍ ഇ-മെയില്‍ തട്ടിപ്പുകാരോടും പന്തിഭേദമൊന്നും കാണിച്ചില്ല. കാമ്പസ് മതിലുകളിലും ട്രെയിന്‍ടോയ്.ലെറ്റുകളിലും അശ്ലീലമെഴുതി മടുത്തവര്‍ കാലാകാലങ്ങളില്‍ ബ്ലോഗുകളിലും ഓര്‍ക്കുട്ടിലും ഫെയ്സ്ബുക്കിലും ഗൂഗിള്‍പ്ലസ്സിലുമൊക്കെ ആത്മാവിഷ്ക്കാരം നടത്തി സായൂജ്യമടഞ്ഞു. രോഗീസഹായങ്ങളെയും സാമൂഹികതിന്മകളെയുമൊക്കെക്കുറിച്ചുള്ള മെയിലുകളും പോസ്റ്റുകളുമൊക്കെ കഴിയുന്നത്ര പേര്‍ക്ക് ഷെയര്‍ചെയ്ത് അനവധി പേര്‍ സാമൂഹ്യപ്രശ്നങ്ങളില്‍ ഇടപെടാനുള്ള ത്വരയെ മേലനങ്ങാതെ ശമിപ്പിച്ചു. ഈര്‍ഷ്യ തോന്നുന്ന പെണ്ണുങ്ങളോട് ഊമക്കത്തുകളിലൂടെയും മറ്റും പക തീര്‍ത്തിരുന്നവരുടെ പിന്മുറക്കാര്‍ ഓണ്‍ലൈന്‍ ഉപാധികള്‍ സ്വായത്തമാക്കിയതിന്‍റെ തിക്തഫലങ്ങള്‍ സിന്ധുജോയിയും രഞ്ജിനി ഹരിദാസുമൊക്കെ അനുഭവിച്ചറിഞ്ഞു. സ്വന്തം ന്യൂനതകളൊക്കെ പരിഹരിച്ചുകഴിഞ്ഞ്, ചുറ്റുവട്ടങ്ങളിലുള്ളവരെയും ഉപദേശങ്ങളിലൂടെയും വിമര്‍ശനങ്ങളിലൂടെയും പരിഹാസങ്ങളിലൂടെയുമൊക്കെ നന്നാക്കിയെടുത്തു തീര്‍ന്ന്, ഇനിയെന്തുചെയ്യും എന്ന്‍ തലപുകച്ചിരുന്നവര്‍ക്ക് സില്‍സില ഹരിശങ്കറും സന്തോഷ്‌ പണ്ഡിറ്റും ശ്രീശാന്തും പൃഥ്വിരാജും മണ്ണത്തൂര്‍ വിത്സനുമെല്ലാം പുതിയപുതിയ ഇരകളായി ഭവിച്ചു. കോപ്പീപേസ്റ്റ് ഓണ്‍ലൈന്‍ പത്രങ്ങളുടെ എഡിറ്റര്‍മാരായി വിരാജിക്കുന്നവരും, അമര്‍ഷം തോന്നുന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പുകളെ കൂട്ടത്തോടെ റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിക്കുന്നവരും, അസന്മാര്‍ഗ്ഗികതക്ക് അറസ്റ്റിലാവുന്നവരുടെ പ്രൊഫൈലുകള്‍ കണ്ടുപിടിച്ച് സമൂഹത്തിന്‍റെ സദാചാരരാഹിത്യത്തെപ്പറ്റി പച്ചത്തെറിയെഴുതുന്നവരുമെല്ലാം പ്രകടമാക്കുന്നത് മലയാളിയില്‍ അന്തര്‍ലീനമായ ചില പാഴ്ഗുണങ്ങള്‍ തന്നെയാണ്.


ഇനി, നമ്മുടെ ഇത്തരം ചില ഓണ്‍ലൈന്‍ ദുശ്ശീലങ്ങളുടെ മനശാസ്ത്രവശങ്ങളും സാദ്ധ്യമായ പ്രതിരോധ, പരിഹാര മാര്‍ഗങ്ങളും പരിശോധിക്കാം.

നെറ്റ് തലക്കു പിടിക്കുന്നത്

വിവിധ ദേശങ്ങളിലായി ചിതറിക്കിടക്കുന്നവര്‍ക്കും വിശദമായ ചര്‍ച്ചകളിലേര്‍പ്പെടാന്‍ ഓണ്‍ലൈന്‍ ഫോറങ്ങള്‍ ഒരുക്കുന്ന സൗകര്യം ചായക്കടകളിലും ആല്‍ത്തറകളിലും കലുങ്കുകളിലുമൊക്കെ ഗഹനമായ വാദപ്രതിവാദങ്ങള്‍ നടത്തി പരിചയമുള്ള മലയാളി നന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാല്‍ ക്രിയാത്മകമായി ഭവിക്കേണ്ട പല സംവാദങ്ങളും അനാവശ്യ കശപിശകളില്‍ ഒടുങ്ങുന്നത് നമ്മുടെ ഫോറങ്ങളിലെ ഒരു സ്ഥിരം കാഴ്ചയാണ്. (“കത്തിയെടുത്ത് പരസ്പരം കുത്താനുള്ള സംവിധാനം നെറ്റിലുണ്ടായിരുന്നെങ്കില്‍ ഇവിടെ നമ്മള്‍ അതും ചെയ്തേനെ” എന്നാണ് ഈയിടെ ഒരു ഗ്രൂപ്പില്‍ ഒരംഗം അഭിപ്രായപ്പെട്ടത്!)

പരസ്പരം കാണാനാവാത്തത് ചെറിയ ഇഷ്ടക്കേടുകളെ ശരീരഭാഷയിലൂടെ വ്യക്തമാക്കുക, ശ്രോതാവിന്‍റെ ഭാവമാറ്റങ്ങളില്‍ നിന്നു കിട്ടുന്ന സൂചനകളുടെ വെളിച്ചത്തില്‍ നമ്മുടെ പ്രതികരണങ്ങളെ മയപ്പെടുത്തുക തുടങ്ങിയവ നെറ്റില്‍ അസാദ്ധ്യമാക്കുന്നുണ്ട്. “ഇവിടെ എന്നെയാരും തിരിച്ചറിയില്ല”, “നെറ്റില്‍ പോലീസും പട്ടാളവുമൊന്നുമില്ല” എന്നൊക്കെയുള്ള (തെറ്റായ) ആശ്വാസങ്ങളും, മറ്റുള്ളവര്‍ ഉടനടി പ്രതികരിക്കാന്‍ സാദ്ധ്യത കുറവാണ് എന്ന ധൈര്യവുമൊക്കെ ഓണ്‍ലൈനില്‍ നമ്മെ കടിഞ്ഞാണില്ലാത്തവരാക്കാം. അദൃശ്യരായ പങ്കാളികള്‍ക്ക് നാം ഇഷ്ടാനുസരണം മുഖങ്ങളും ശബ്ദങ്ങളും ഭാവഹാദികളുമൊക്കെ പതിച്ചു നല്‍കുന്നത് ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ നമ്മുടെ മനസ്സിനുള്ളില്‍ മാത്രം നടക്കുന്ന സാങ്കല്‍പിക പ്രക്രിയകളാണ് എന്ന ധാരണക്കിടയാക്കാം. ചിലര്‍ക്ക്, പ്രത്യേകിച്ച് കമ്പ്യൂട്ടര്‍ഗെയിമുകള്‍ കളിച്ചു ശീലമായവര്‍ക്ക്, അപ്പുറത്തുള്ളവര്‍ ചോരയും നീരും അസ്തിത്വവുമൊന്നുമില്ലാത്ത വെറും കഥാപാത്രങ്ങള്‍ മാത്രമാണ് എന്ന അബദ്ധധാരണ അബോധതലത്തില്‍ വര്‍ത്തിക്കാം. ചില വഴക്കുകളെങ്കിലും ബോധപൂര്‍വം പ്രശ്നങ്ങളുണ്ടാക്കാനായി ഓണ്‍ലൈന്‍ വേദികളില്‍ കറങ്ങിനടക്കുന്ന flamers-ന്‍റെ സൃഷ്ടിയുമാകാം.

ദേഷ്യമോ വിഷമമോ ഉളവാക്കുന്നവര്‍ക്ക് ഉടനടി ഉത്തരം കൊടുക്കാതിരിക്കുക. പരാമര്‍ശങ്ങളുടെ അര്‍ത്ഥമോ ഉദ്ദേശമോ സുവ്യക്തമല്ലെങ്കില്‍ മറുപടിയുമായിറങ്ങും മുമ്പ് ആരോടെങ്കിലും സംശയനിവാരണം നടത്തുക. അല്ലെങ്കില്‍ ഇന്ന വാചകം കൊണ്ട് ഇന്നതാണോ ഉദ്ദേശിച്ചത് എന്ന് പോസ്റ്റിട്ടയാളോടു തന്നെ ചോദിക്കുക. സ്വതവേ മാന്യമായി മാത്രം പെരുമാറാറുള്ളവര്‍ക്ക് സംശയത്തിന്‍റെ ആനുകൂല്യം നല്‍കുക. മന:പൂര്‍വം ചൊടിപ്പിക്കുകയാണ് എന്നു തോന്നിയാല്‍ ഒട്ടുമേ പ്രതികരിക്കാതിരിക്കുക. നല്‍കുന്ന മറുപടിയുടെ ആദ്യാവസാനങ്ങളില്‍ (ഏതൊക്കെക്കാര്യത്തില്‍ യോജിക്കുന്നു എന്നതുപോലുള്ള) പ്രകോപനപരമല്ലാത്ത വസ്തുതകള്‍ ഉള്‍ക്കൊള്ളിക്കുക. ശരീരഭാഷ സഹായത്തിനെത്തില്ല എന്ന് സ്വയമോര്‍മിപ്പിച്ച് ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് ഇടംകൊടുക്കാത്ത വ്യക്തമായ ഭാഷയും അനുയോജ്യമായ സ്മൈലികളും ഉപയോഗിക്കുക. “താങ്കള്‍ എന്നെ വിഷമിപ്പിച്ചു” എന്നതിനു പകരം “എനിക്കു വിഷമം തോന്നി” എന്ന രീതി അവലംബിക്കുന്നത് എതിരാളിയുടെ ഉദ്ദേശശുദ്ധിയെക്കുറിച്ച് നമുക്ക് മുന്‍വിധികളുണ്ട് എന്ന പ്രത്യാരോപണം തടയാന്‍ സഹായിക്കും.

ചിരുതയുടെ പിന്മുറക്കാര്‍

“ഒരു ദേശത്തിന്‍റെ കഥ”യിലെ ചിരുതയെ ഓര്‍മയില്ലേ? വൈരൂപ്യം മൂലം കല്യാണമൊന്നും നടക്കാതെ പോയ ചിരുത നാട്ടിലെ ഉത്സവങ്ങള്‍ക്കെല്ലാം നന്നായി അണിഞ്ഞൊരുങ്ങിയിറങ്ങും. വഴിയില്‍വെച്ച് വല്ല ചെറുപ്പക്കാരും പാവംതോന്നി “എന്താ ചിരുതേ വിശേഷം?” എന്നൊന്നു ചോദിച്ചുപോയാല്‍ “നീയൊന്നും കാണാന്‍കൊള്ളാവുന്ന പെമ്പിള്ളേരെ വഴിനടക്കാന്‍ സമ്മതിക്കില്ല അല്ലേടാ?” എന്നു ചീറുകയും ചെയ്യും! ഇതേ പണിയാണ് ട്രോളുകള്‍ എന്നറിയപ്പെടുന്ന ഒരു കൂട്ടര്‍ നമ്മുടെ പല ഓണ്‍ലൈന്‍ ഫോറങ്ങളിലും ചെയ്തുകൊണ്ടിരിക്കുന്നത്.

ഒരു പ്രകോപനവുമില്ലാതെ മറ്റംഗങ്ങളെ പരിഹസിക്കുകയോ ചീത്ത വിളിക്കുകയോ ചെയ്യുക, പ്രസക്തമല്ലാത്ത പോസ്റ്റുകള്‍ തുരുതുരാ ഇടുക, ഒരേ ചോദ്യങ്ങളോ വാദഗതികളോ തന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുക എന്നിവ ട്രോളുകളുടെ മുഖമുദ്രകളാണ്. മറുചോദ്യങ്ങളെ തര്‍ക്കുത്തരങ്ങള്‍ കൊണ്ടു നേരിടുക, മറ്റുള്ളവര്‍ നല്‍കുന്ന വിശദീകരണങ്ങള്‍ മനസ്സിലാവാത്തതായി നടിക്കുക, ചര്‍ച്ചകളില്‍ നിന്നു പിന്‍വാങ്ങാന്‍ ശ്രമിക്കുന്നവരെ അതിനനുവദിക്കാതിരിക്കുക, പ്രശ്നങ്ങള്‍ തുടങ്ങിവെച്ചിട്ട്‌ പിന്നെയൊന്നും മിണ്ടാതെ കത്തിക്കയറുന്ന വഴക്കുകള്‍ മാറിനിന്ന്‍ കണ്ടുരസിക്കുക എന്നിവയും ഇവരുടെ രീതികളാണ്. വ്യാജപേരുകളിലാണ് ഇവര്‍ സാധാരണ രംഗപ്രവേശം ചെയ്യാറുള്ളത്. ഇത്തരക്കാരാല്‍ മനംമടുത്ത് ഫോറങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകുന്നവര്‍ നിരവധിയാണ്.

കിട്ടുന്ന ശ്രദ്ധയിലും പരിഗണനയിലും, അത് അധിക്ഷേപങ്ങളോ ശാപവാക്കുകളോ ആണെങ്കിലും, ആനന്ദം കണ്ടെത്താനും, ഇത്രയൊക്കെ സാധിക്കാനാകുന്നതില്‍ അഭിമാനം കൊള്ളാനുമൊക്കെയാണ് ഇവര്‍ ഇതിനു കച്ചകെട്ടിയിറങ്ങുന്നത്. യഥാര്‍ത്ഥ ജീവിതത്തില്‍ കാര്യമായൊന്നും നേടാനാവാതെ പോകുന്നവരാണ് പലപ്പോഴും ഈ വേഷം തെരഞ്ഞെടുക്കുന്നത്. സാഡിസം, സാമൂഹ്യവിരുദ്ധത തുടങ്ങിയവ ഇവരില്‍ സാധാരണമാണെന്നും സൂചനകളുണ്ട്.

അവര്‍ കൊരുക്കുന്ന ചൂണ്ടകളില്‍ കൊത്തി നാം പ്രതികരിക്കാന്‍ ചെല്ലുന്നതിലും വലിയൊരു സന്തോഷം ട്രോളുകള്‍ക്കില്ല എന്നതിനാല്‍ അവരെ തീര്‍ത്തും അവഗണിക്കുകയാണ് ഏറ്റവും ഫലപ്രദമായ നടപടി. അപമാനിച്ച ഒരാളോട് പ്രതികരിക്കാതെ പോരുക ചിന്ത്യമല്ലാത്തവര്‍ ഇത്തരക്കാരോട് വാദിച്ചുജയിക്കാനാവില്ല എന്നും അവര്‍ക്കു കൊടുക്കുന്ന ഓരോ മറുപടിയും അവരെത്തന്നെയാണ് വിജയിപ്പിക്കുന്നത് എന്നും ഓര്‍ക്കേണ്ടതുണ്ട്. ഇത്തരക്കാരെപ്പറ്റി അഡ്മിനുകളെ അറിയിക്കാന്‍ മുന്‍കയ്യെടുക്കുക. അവരുടെ അഴിഞ്ഞാട്ടങ്ങളുടെ സ്ക്രീന്‍ഷോട്ടുകള്‍ ശേഖരിക്കുന്നത് പരാതികള്‍ ഉയര്‍ത്തുമ്പോള്‍ മുതല്‍ക്കൂട്ടാകും. ഫെയ്സ്ബുക്ക് പോലുള്ള സൈറ്റുകളില്‍ അവരെ ബ്ലോക്ക് ചെയ്യുകയും ആവാം.

ഓണ്‍ലൈന്‍ ഒഴിയാബാധകള്‍

ഇടവിടാതുള്ള ഇമെയിലുകളിലൂടെയും മറ്റും ശല്യപ്പെടുത്തുകയും സോഷ്യല്‍ മീഡിയയില്‍ നിരന്തരം അപമാനിക്കുകയുമൊക്കെ ചെയ്യുന്നത് ഇരകളുടെ ആത്മഹത്യകള്‍ക്കു പോലും വഴിവെക്കുന്ന സംഭവങ്ങള്‍ നമ്മുടെ നാട്ടിലും പുറത്തുവരുന്നുണ്ട്. Cyberstalking എന്നറിയപ്പെടുന്ന ഈ പ്രവണത ഏറ്റവുമധികം പ്രകടമാക്കുന്നത് നല്ല ബന്ധങ്ങളൊന്നുമില്ലാത്ത, വ്യക്തിത്വവൈകല്യങ്ങളോ മാനസികപ്രശ്നങ്ങളോ ക്രിമിനല്‍ പശ്ചാത്തലമോ ഉള്ള പുരുഷന്മാരാണ്. ഗവേഷകരുടെ അഭിപ്രായത്തില്‍ ചുമ്മാ ബന്ധം സ്ഥാപിക്കുക, സ്നേഹവും പ്രീതിയും സമ്പാദിക്കുക, ലൈംഗികതാല്‍പര്യങ്ങള്‍ നിറവേറ്റുക, ഭയപ്പെടുത്തുകയോ ജീവിതം കുട്ടിച്ചോറാക്കുകയോ ചെയ്ത് പ്രതികാരം വീട്ടുക എന്നിങ്ങനെ നാലുതരം ഉദ്ദേശ്യങ്ങള്‍ ഇത്തരക്കാര്‍ക്കുണ്ടാവാം. സ്ത്രീകളാണ്‌ കൂടുതലും ഇവര്‍ക്കിരയാകുന്നത്. സ്വകാര്യവിവരങ്ങള്‍ നെറ്റില്‍ വിളമ്പാതിരിക്കുക, ശല്യമാകുമെന്നു തോന്നുന്നവരോട് ഒരു ബന്ധത്തിനും താല്പര്യമില്ല എന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുക, ആവശ്യമെങ്കില്‍ അവരെ ബ്ലോക്ക് ചെയ്യുക എന്നിവ നല്ല പ്രതിരോധമാര്‍ഗങ്ങളാണ്. കഴിയുന്നത്ര തെളിവുകള്‍ സൂക്ഷിച്ചുവെക്കുന്നത് നിയമസഹായം തേടുമ്പോള്‍ ഗുണകരമാകും.

നെറ്റെന്ന സൂയിസൈഡ്പോയിന്‍റ് 

മുറിച്ച കൈത്തണ്ടയില്‍ നിന്നുള്ള രക്തം ഒരു ഗ്ലാസിലെ വെള്ളത്തിലേക്ക് കിനിഞ്ഞിറങ്ങുന്ന ഒരു ഫോട്ടോ. അടിക്കുറിപ്പായി “Today is my day… I’m going…” എന്നെഴുതിയിരിക്കുന്നു. കുറച്ചു പേരെ ടാഗ് ചെയ്തിട്ടുണ്ട്. ആരൊക്കെയോ പോസ്റ്റിന് ലൈക്കും കൊടുത്തിട്ടുണ്ട്. പക്ഷേ എറണാകുളത്ത് ഇ.എന്‍.റ്റി. സര്‍ജനായ ഡോ. വിനോദ് ബി. നായര്‍ക്ക് എന്തോ പന്തികേടു തോന്നി. ഉടനടി കമന്‍റുകള്‍ വഴിയും ഫോണ്‍നമ്പര്‍ ചോദിച്ചറിഞ്ഞ് അതുവഴിയും ഡോക്ടര്‍ പോസ്റ്റിട്ടയാളെ ബന്ധപ്പെട്ടു. ഏറെനേരം ആശ്വാസോപദേശങ്ങള്‍ കൊടുത്തു. ദിവസങ്ങള്‍ക്കു ശേഷം ഡോക്ടറെ വിളിച്ച് അതു താനന്ന് ഒരെടുത്തുചാട്ടത്തിന്‍റെ പുറത്ത് ചെയ്തതായിരുന്നുവെന്നും, സാര്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ തനിക്ക് ജീവന്‍ നഷ്ടമായേനേ എന്നും പോസ്റ്റിന്‍റെ ഉടമ നെടുവീര്‍പ്പോടെ പറഞ്ഞു.

വെബ്കാമറയിലൂടെ ലഭ്യമാകുന്ന ഓണ്‍ലൈന്‍ കാണികളെ സാക്ഷികളാക്കി സ്വജീവനെടുക്കുന്നവരെക്കുറിച്ചുള്ള വിദേശനാടുകളില്‍ നിന്നുള്ള വാര്‍ത്തകള്‍ സ്വതവേ ആത്മഹത്യാപ്രിയരായ നമ്മുടെ നാട്ടുകാരെയും സ്വാധീനിച്ചുതുടങ്ങിയിരിക്കുന്നു എന്നാണ് മേല്‍സംഭവം സൂചിപ്പിക്കുന്നത്. വഴികളെല്ലാമടഞ്ഞു പോകുമ്പോള്‍ ഇത്തിരി പരസഹായത്തിനായുള്ള അവസാന നിലവിളികളാണ് മിക്ക ആത്മഹത്യാശ്രമങ്ങളും. ആത്മഹത്യ ചെയ്യുന്നവരുടെ നല്ലൊരു ശതമാനവും ഉള്ളിലിരിപ്പ് ആരോടെങ്കിലും മുന്‍കൂര്‍ സൂചിപ്പിക്കുന്നതും എന്തെങ്കിലും ഇടപെടലുകള്‍ പ്രതീക്ഷിച്ചുതന്നെയാണ്. തങ്ങളുടെ യാചന കൂടുതല്‍ പേരിലെത്തിക്കാന്‍ വേണ്ടിയാവാം പലരും ഇപ്പോള്‍ സ്വന്തം പദ്ധതികള്‍ നെറ്റിലൂടെ വെളിപ്പെടുത്തുന്നതും. വിദഗ്ദ്ധപരിശീലനമൊന്നും കിട്ടിയിട്ടില്ലാത്തവര്‍ക്കു പോലും സ്നേഹമോ വൈകാരികപിന്തുണയോ മുന്നോട്ടുവെച്ച് ഇവരെ അനായാസം പിന്തിരിപ്പിക്കാനാവാറുമുണ്ട്. ഓണ്‍ലൈനില്‍ ഇത്തരം കുറിപ്പുകള്‍ കാണാന്‍ കിട്ടുന്നവര്‍ ഈ വസ്തുതകളൊക്കെ ഓര്‍ത്തിരിക്കുന്നത് പല അനാവശ്യമരണങ്ങളും തടയാന്‍ സഹായകമായേക്കും.

രാപകലില്ലാതെ പാതിരാപ്പടങ്ങള്‍

പത്തില്‍ ഏഴു പേരും ദിവസത്തിലൊരു തവണയെങ്കിലും നെറ്റില്‍ ലൈംഗികവിഷയങ്ങള്‍ തിരയുന്നുണ്ട്

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ സോഷ്യല്‍ ടെക്‌നോളജീസുമായി ചേര്‍ന്ന് കേരളത്തിലെ ആയിരം ഇന്‍റര്‍നെറ്റ് ഉപഭോക്താക്കളില്‍ ഗൂഗ്ള്‍ നടത്തിയ ഒരു പഠനത്തിന്‍റെ ഈ ഏപ്രിലില്‍ പുറത്തുവന്ന ഫലങ്ങള്‍ സൂചിപ്പിക്കുന്നത് പത്തില്‍ ഏഴു പേരും ദിവസത്തിലൊരു തവണയെങ്കിലും നെറ്റില്‍ ലൈംഗികവിഷയങ്ങള്‍ തിരയുന്നുണ്ട് എന്നാണ്. ഓണ്‍ലൈന്‍ നീലച്ചിത്രങ്ങള്‍ ഇവിടെ പലര്‍ക്കും ഒരു അഡിക്ഷന്‍റെ തോതിലേക്കു വളരുന്നുണ്ട് എന്ന് പല മനോരോഗചികിത്സകരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. സമാനതകളില്ലാത്തത്ര വിപുലതയും വൈവിധ്യവും, കയ്യിലെത്തിക്കാനും സ്വകാര്യമായി ഉപയോഗിക്കാനുമുള്ള എളുപ്പം എന്നിവയാണ് ഇന്‍റര്‍നെറ്റ് നീലയെ ഇത്രക്കു ജനപ്രിയമാക്കുന്നത്.

എന്നാല്‍ ഓണ്‍ലൈന്‍ അശ്ലീലങ്ങളുടെ അമിതോപയോഗത്തിന് പല പാര്‍ശ്വഫലങ്ങളുമുണ്ട്. പുരുഷമേല്‍ക്കോയ്മയെക്കുറിച്ചുള്ള മുന്‍വിധികളെ ബലപ്പെടുത്തുക, സ്ത്രീകള്‍ ബുദ്ധിയോ ചിന്താശേഷിയോ ഇല്ലാത്ത വെറും ലൈംഗികോപകരണങ്ങള്‍ മാത്രമാണെന്ന കാഴ്ചപ്പാടുണ്ടാക്കുക, ലൈംഗികപ്രതീക്ഷകളെ ആകാശംമുട്ടിച്ച് ദാമ്പത്യത്തിലെ മറ്റു വൈകാരികാംശങ്ങളുടെ വിനാശത്തിന് കളമൊരുക്കുക എന്നിവ ഇതില്‍പ്പെടുന്നു. നീലച്ചിത്രങ്ങളെ യഥേഷ്ടം രതിമൂര്‍ച്ഛകള്‍ക്ക് കൈത്താങ്ങാക്കുന്നത് നിത്യജീവിതത്തിലെ ലൈംഗികതാല്‍പര്യം നഷ്ടമാകാനും മറ്റു ലൈംഗികപ്രശ്നങ്ങള്‍ തലപൊക്കാനും ഇടയാക്കാം. ലൈംഗികവേഴ്ചാവേളകളില്‍ ഒട്ടനവധി ഹോര്‍മോണുകളും നാഡീരസങ്ങളും സ്രവിക്കപ്പെടുമ്പോള്‍ നീലച്ചിത്രങ്ങള്‍ തരുന്ന സുഖം പ്രധാനമായും ഡോപ്പമിന്‍ എന്ന നാഡീരസത്തില്‍ അധിഷ്ഠിതമാണ്. ഇത് കാലക്രമത്തില്‍ പതിവു വീഡിയോകള്‍ക്ക് സ്രവിപ്പിക്കാനാവുന്നയത്ര ഡോപ്പമിന്‍ തലച്ചോറില്‍ ഏശാതാവാനും, അതിതീവ്രമോ അക്രമപൂരിതമോ ആയ ദൃശ്യങ്ങള്‍ക്കു മാത്രമേ തൃപ്തിയുളവാക്കാനാകൂ എന്ന അവസ്ഥക്കും വഴിവെക്കാം.

നെറ്റൊരു “ആരാധനാലയ”മാകുന്നത്

ആരായിത്തീരണം, തികച്ചും ഉത്കൃഷ്ടനായ ഒരു വ്യക്തി എങ്ങനെയിരിക്കണം എന്നൊക്കെയുള്ള നമ്മുടെ സങ്കല്പങ്ങളുമായി ചേര്‍ന്നുപോകുന്നവരോട് നമുക്ക് ഒരാരാധന തോന്നാം. വ്യക്തിത്വം രൂപപ്പെട്ടുവരുന്ന കൌമാരത്തില്‍ ഈയാരാധനകള്‍ അല്പം അതിരുവിടുന്നതും സ്വാഭാവികമാണ്. എന്നാല്‍ ഏതാനുമാളുകളില്‍ ചിലരോടുള്ള അന്ധമായ ആരാധന മുതിര്‍ന്നുകഴിഞ്ഞും ആറിത്തണുക്കാതെ ബാക്കിനില്‍ക്കാറുണ്ട്. അഭിനേതാക്കളോടോ കായികതാരങ്ങളോടോ ഒക്കെയുള്ള അമിതാരാധന അലങ്കാരമാക്കിയവരുടെ ഓണ്‍ലൈന്‍ കൊമ്പുകോര്‍ക്കലുകള്‍ മറ്റുള്ളവര്‍ക്ക് പലപ്പോഴും ഒരു ശല്യമോ കൌതുകമോ ആണ്. എന്തുകൊണ്ട് ഇവര്‍ ഇങ്ങിനെയായിപ്പോകുന്നു എന്നതിന് പല വിശദീകരണങ്ങളും നിലവിലുണ്ട്.

മനോരാജ്യപ്രിയര്‍, ഏകാന്തതയനുഭവിക്കുന്നവര്‍, വലിയ മതവിശ്വാസികളല്ലാത്തവര്‍, ചിന്താശേഷിയോ സ്വയംമതിപ്പോ ആളുകളോടിടപെടാനുള്ള കഴിവോ ഒരല്‍പം കുറവുള്ളവര്‍, വിഷാദമോ ഉത്ക്കണ്ഠയോ പോലുള്ള മാനസികപ്രശ്നങ്ങള്‍ ബാധിച്ചവര്‍ തുടങ്ങിയവരാണ് കൂടുതലും അമിതാരാധനയിലേക്കു വഴുതുന്നത്. ആരാധനാപാത്രങ്ങളുടെ സ്വകാര്യജീവിതത്തെപ്പറ്റി മാധ്യമങ്ങളില്‍ നിന്നും മറ്റും ഏറെയറിഞ്ഞു കഴിയുമ്പോള്‍ ഉളവാകുന്ന പരിചയബോധവും ദൃഢമൈത്രിയും ചിലരില്‍ അമിതാരാധനയായി വളരാം. മറ്റു ചിലര്‍ക്ക് അമിതാരാധാന താരങ്ങളെക്കുറിച്ച് ആഴത്തിലറിഞ്ഞ് അവരുമായി താദാത്മ്യം പ്രാപിക്കാനുള്ള ഉപാധിയാവാം. സംഘബോധം, ചര്‍ച്ചകള്‍ക്കും മറ്റിടപെടലുകള്‍ക്കുമുള്ള അവസരങ്ങള്‍ തുടങ്ങിയ ആരാധകസംഘങ്ങള്‍ പ്രദാനം ചെയ്യുന്ന സാമൂഹ്യനേട്ടങ്ങളാകാം ഇനിയും ചിലര്‍ക്ക് പ്രചോദനമാകുന്നത്. ജീവിതത്തിന്‍റെ ഗതിവിഗതികളെ നിയന്ത്രിക്കുന്നത് തങ്ങളല്ല, മറിച്ച് ബാഹ്യഘടകങ്ങളാണ് എന്ന മനോഭാവമുള്ളവര്‍ ആരാധനാപാത്രങ്ങളുടെ വ്യക്തിപ്രഭാവത്തെ ജീവിതപ്രശ്നങ്ങള്‍ക്കുള്ള ഒരു ഒറ്റമൂലിയായി ഏറ്റെടുക്കാം. സാമൂഹ്യ, കുടുംബ ബന്ധങ്ങള്‍ ദുര്‍ബലമായതും മാധ്യമങ്ങള്‍ സര്‍വവ്യാപികളായതും ഇത്തരം സാങ്കല്‍പിക ബന്ധങ്ങള്‍ യഥാര്‍ത്ഥ ബന്ധങ്ങളെക്കാള്‍ എളുപ്പത്തില്‍ നേടിയെടുക്കാനാകുന്ന സാഹചര്യം സൃഷ്ടിച്ചിട്ടുമുണ്ടാവാം. ഇതിന്‍റെയൊക്കെക്കൂടെ നേരത്തേ നിരത്തിയ ഓണ്‍ലൈനില്‍ നിയന്ത്രണം വിടുവിക്കുന്ന ഘടകങ്ങളും കൂടി ചേരുമ്പോഴാണ് നെറ്റിനെ ചോരക്കളമാക്കുന്ന ആരാധകയുദ്ധങ്ങള്‍ക്കു വേണ്ട ചേരുവകള്‍ പൂര്‍ണമാകുന്നത്.

ഭീതിതദൃശ്യങ്ങള്‍ വൈറലാകുന്നത്

യൂട്യൂബില്‍ Kerala accident എന്ന് സര്‍ച്ച് ചെയ്‌താല്‍ കിട്ടുന്നതില്‍വെച്ച് ഏറ്റവും പോപ്പുലറായ വീഡിയോ ഒരു ബൈക്കപകടത്തിന്‍റേതാണ്. 2010-ല്‍ ചേര്‍ക്കപ്പെട്ട ആ ക്ലിപ്പ് ഇതിനോടകം വീക്ഷിക്കപ്പെട്ടിട്ടുള്ളത് 56 ലക്ഷത്തോളം തവണയാണ്. അപകടങ്ങളുടെയും വന്യജീവിയാക്രമണങ്ങളുടെയും ഒക്കെ വീഡിയോകള്‍ കാണാനും ഷെയര്‍ ചെയ്യാനും ഏറെപ്പേര്‍ തയ്യാറാകുന്നത് എന്തുകൊണ്ടാവും? ഇവ സ്രവിപ്പിക്കുന്ന അഡ്രിനാലിന്‍ നമുക്ക് താല്‍ക്കാലികമായ ഒരുണര്‍വും ഊര്‍ജസ്വലതയും തരും എന്നത് ഒരു പ്രചോദനമാകാം. പരിണാമപരമായി നോക്കിയാല്‍ ഇത്തരം ദൃശ്യങ്ങള്‍ ശ്രദ്ധയോടെ നോക്കിക്കണ്ട് അവയില്‍ നിന്നു തക്കതായ പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നത് നമ്മുടെ അതിജീവനത്തിന് സഹായകമാവുന്നുമുണ്ടാകാം.

ഫയര്‍വാളില്ലാത്ത മനസ്സുകള്‍

പിണറായി വിജയന്‍റെ വീടിന്‍റേതു മുതല്‍ വെള്ളാപ്പള്ളി നടേശനും സരിതാ നായരും ഒന്നിച്ചുനില്‍ക്കുന്നതു വരെയുള്ള ഫോട്ടോകള്‍ വാര്‍ത്ത വ്യാജവും ചെയ്യുന്നത് നിയമവിരുദ്ധവുമാണെന്ന ഒരു മുന്‍വിചാരവുമില്ലാതെ നമ്മില്‍പ്പലരും ഷെയര്‍ ചെയ്യുകയുണ്ടായി. 2012-ല്‍ വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ ആക്രമിക്കപ്പെടുമെന്ന ഓണ്‍ലൈന്‍ കിംവദന്തിയെത്തുടര്‍ന്ന്‍ ബാംഗ്ലൂരില്‍ നിന്നു മാത്രം ജീവനുംകൊണ്ടോടിയത് മുപ്പതിനായിരത്തോളം പേരാണ്. പാരസെറ്റമോള്‍ തിന്നാല്‍ എലി ചാവും, വാക്സിനുകളുടെ എണ്ണം കൂടിയതില്‍പ്പിന്നെയാണ് ഓട്ടിസം സാധാരണമായത്, ഒരു ശീതളപാനീയത്തില്‍ എയ്ഡ്സ് രോഗിയുടെ രക്തം കലര്‍ന്നിട്ടുണ്ട് എന്നൊക്കെയുള്ള തെറ്റിദ്ധാരണാജനകമായ "ആരോഗ്യവാര്‍ത്ത"കള്‍ക്കു കിട്ടിയ സ്വീകാര്യതയും ഒട്ടും മോശമായിരുന്നില്ല. എന്തേ നാമിങ്ങനെ?

ഓരോ വാര്‍ത്തയുടെയും ഉറവിടത്തെയും ശരിതെറ്റുകളെയുമൊക്കെക്കുറിച്ച് വിചിന്തനം നടത്താന്‍ നല്ല ഉള്‍പ്രേരണയും മാനസികോര്‍ജവും ആവശ്യമാണെങ്കില്‍ മറുവശത്ത് അവയെയെല്ലാം കണ്ണുമടച്ചു വിശ്വസിക്കാന്‍ പ്രത്യേകിച്ച് അദ്ധ്വാനമൊന്നും വേണ്ട എന്നത് ഒരു കാരണമാകാം. രാഷ്ട്രീയമോ മതപരമോ ആയ നമ്മുടെ വീക്ഷണങ്ങളോട് ഒത്തുപോകുന്ന വ്യാജവാര്‍ത്തകളെ നാം വൈമനസ്യമേതുമില്ലാതെ സ്വീകരിക്കാന്‍ സാദ്ധ്യത കൂടുതലാണ് എന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. ഓണ്‍ലൈന്‍ വിശ്വാസ്യതയുടെ മുഖലക്ഷണങ്ങളായെടുക്കാറുണ്ടായിരുന്ന പ്രൊഫഷണല്‍ വെബ്സൈറ്റ് ഡിസൈന്‍, നിലവാരമുള്ള ഗ്രാഫിക്സ് തുടങ്ങിയവ ഇപ്പോള്‍ ഏതൊരാള്‍ക്കും അനായാസം കൈവശപ്പെടുത്താം എന്നതും വ്യാജവാര്‍ത്തകളെ വേര്‍തിരിച്ചറിയുക ദുഷ്കരമാക്കുന്നുണ്ട്. ആദ്യം കിട്ടുന്ന വിവരങ്ങളാണ് പിന്നീടു കിട്ടുന്നവയെക്കാള്‍ നാം ഓര്‍ത്തിരിക്കുക എന്ന മനശാസ്ത്രതത്വം (Primacy effect) ഇത്തരം വാര്‍ത്തകളെയും അതിവേഗം ഷെയര്‍ചെയ്ത് ഒന്നാമതെത്താന്‍ നമുക്ക് പ്രചോദനമാകുന്നുണ്ട്.

ഓണ്‍ലൈന്‍ വാര്‍ത്തകളെ കൂടുതല്‍ സംശയദൃഷ്ടിയോടെ വീക്ഷിക്കുക. “അവിശ്വസനീയം!" എന്നു തോന്നുന്ന കാര്യങ്ങള്‍ ശരിക്കും അങ്ങിനെത്തന്നെയാവാനുള്ള സാദ്ധ്യത ഏറെയാണ്‌ എന്നോര്‍ക്കുക. ഏതൊരു വാര്‍ത്തയും ഷെയര്‍ ചെയ്യുന്നതിനു മുമ്പ് അതിന്‍റെ വാസ്തവികതയെക്കുറിച്ച് ഒരഞ്ചു സെകന്‍റ് ആലോചിക്കുക. ഇന്നിടത്തു നിന്നാണ് എന്നവകാശപ്പെടുന്നവയെയും മുഖവിലക്കെടുക്കാതെ ആ സ്രോതസിന്‍റെ വെബ്സൈറ്റ് പരിശോധിച്ച് നിജസ്ഥിതിയറിയുക. പുറംനാടുകളില്‍ നിന്നുള്ള വാര്‍ത്തകളുടെ യാഥാര്‍ത്ഥ്യമറിയാന്‍ http://www.snopes.com, http://www.hoax-slayer.com തുടങ്ങിയ സൈറ്റുകള്‍ ഉപയോഗപ്പെടുത്തുക. ഒരു വാര്‍ത്ത വ്യാജമാണ് എന്നു ബോദ്ധ്യപ്പെട്ടാല്‍ അത് നിങ്ങള്‍ക്കു പങ്കുവെച്ചയാളെ അക്കാര്യം വിനയപൂര്‍വം അറിയിക്കുക.

ഗൂഗ്ള്‍ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍

സ്വന്തമായി രോഗനിര്‍ണയം നടത്താനും സ്വയംചികിത്സക്കു പദ്ധതി തയ്യാറാക്കാനും നിര്‍ദ്ദേശിക്കപ്പെട്ട മരുന്നുകളുടെ ഗുണദോഷങ്ങള്‍ പരിശോധിക്കാനുമൊക്കെ പലരും ഇന്ന് നെറ്റിനെ ആശ്രയിക്കുന്നുണ്ട്. പാര്‍ശ്വഫലങ്ങളെപ്പറ്റി അനാവശ്യസംഭ്രാന്തി ജനിപ്പിച്ചും തട്ടിപ്പുചികിത്സകള്‍ക്ക് ശാസ്ത്രീയപരിവേഷം നല്‍കിയുമൊക്കെ ഇന്‍റര്‍നെറ്റ് കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നുമുണ്ട്. (എറണാകുളത്ത് ഈയിടെ അറസ്റ്റിലായ, ബുദ്ധിമാന്ദ്യത്തിനും മറ്റും ശാശ്വതപരിഹാരം വാഗ്ദാനം ചെയ്തിരുന്ന വ്യാജചികിത്സകന്‍ രോഗികളെ ആകര്‍ഷിച്ചിരുന്നത് തന്‍റെ വെബ്സൈറ്റും യൂട്യൂബ് വീഡിയോകളും വഴിയായിരുന്നു.) ഗൂഗ്ള്‍ വഴി കിട്ടുന്ന ആരോഗ്യവിവരങ്ങളെ വിശ്വസിക്കുകയോ അവയുടെയടിസ്ഥാനത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുകയോ ചെയ്യുംമുമ്പ് ചില കാര്യങ്ങള്‍ കണക്കിലെടുക്കുന്നത് നന്നായിരിക്കും.

കിട്ടുന്ന ഓരോ വസ്തുതയെയും സൂക്ഷ്മാപഗ്രഥനം നടത്തുന്നതിനേക്കാള്‍ പ്രായോഗികം ലേഖകന്‍റെയോ വെബ്സൈറ്റിന്‍റെയോ വിശ്വാസ്യത ഉറപ്പുവരുത്തുന്നതാവും. വിദ്യാഭ്യാസസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സംരംഭങ്ങള്‍, ശാസ്ത്രസംഘടനകള്‍, മുന്‍നിര ജേര്‍ണലുകള്‍ തുടങ്ങിയവയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് പ്രാമാണ്യം നല്‍കുക. പേരില്‍ .edu എന്നോ .gov എന്നോ ഉള്ള സൈറ്റുകള്‍ക്ക് കൂടുതല്‍ വിശ്വാസ്യത കല്‍പിക്കുക. പക്ഷേ ഇവയ്ക്കൊക്കെപ്പോലും സ്ഥാപിതതാല്പര്യങ്ങള്‍ കണ്ടേക്കാം എന്നതിനാല്‍ ഏതെങ്കിലും ഒരു സ്രോതസ്സിനെ മാത്രം കണ്ണടച്ചുവിശ്വസിക്കാതെ ഒന്നിലധികം സൈറ്റുകളെ ആശ്രയിക്കുക. ഒരൊറ്റ പഠനത്തിന്‍റെ മാത്രം വെളിച്ചത്തില്‍ തീരുമാനങ്ങളെടുക്കാതെ പല ഗവേഷണങ്ങളുടെ കണ്ടെത്തലുകളെ വിശകലനം ചെയ്യുന്ന Review Articles, Metaanalysis തുടങ്ങിയവക്ക് പ്രാമുഖ്യം കൊടുക്കുക. അനുഭവസാക്ഷ്യങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കാതിരിക്കുക.

വ്യവസ്ഥാപിത ശാസ്ത്രങ്ങള്‍ സംഘടിത ഗൂഢാലോചനകളുടെ സൃഷ്ടികളാണ് എന്ന മട്ടില്‍ കാടടച്ച് വെടിവെക്കുന്നവര്‍ വില്‍ക്കുന്ന ഉത്പന്നങ്ങളെയും, “നൂറു ശതമാനം ഫലപ്രാപ്തി” ഉറപ്പുതരുന്ന ചികിത്സകളെയും, പുസ്തകങ്ങളോ മരുന്നുകളോ വില്‍ക്കുന്ന സൈറ്റുകളിലെ വിവരങ്ങളെയും, തങ്ങളുടെ യോഗ്യതകള്‍ക്കു പുറത്തുള്ള മേഖലകളെപ്പറ്റി ആധികാരികാഭിപ്രായങ്ങള്‍ വിളമ്പുന്നവരെയും കരുതലോടെ കാണുക. ആശ്ചര്യചിഹ്നങ്ങളുടെ അമിതോപയോഗവും അതിവൈകാരിക ആഹ്വാനങ്ങളും നല്ല ശാസ്ത്രത്തിന്‍റെ രീതികളല്ല എന്നോര്‍ക്കുക. സൈറ്റുകളിലെ ഹിറ്റ്കൌണ്ടറുകളെയോ ഫെയ്സ്ബുക്ക് പേജുകള്‍ക്കുള്ള ലൈക്കുകളെയോ ജനപ്രിയതയുടെയോ ആധികാരികതയുടെയോ അളവുകോലുകളായി സ്വീകരിക്കാതിരിക്കുക — ഇവയിലൊക്കെ തിരിമറികള്‍ സാദ്ധ്യമാണ്.

(2014 ജൂലൈ ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.

Image courtesy: Fast Company

Related Posts

Leave Comments