സെക്സ്: ഒരച്ഛന്‍ മകനോട് എന്തു പറയണം?

sex-education-malayalam-fathers

പ്രായം: 4–12

1. ലൈംഗികാവയവങ്ങളെപ്പറ്റി കുട്ടികളോട് സംസാരിക്കാമോ? അപ്പോള്‍ എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ?

ചെറിയ ആണ്‍കുട്ടികള്‍ക്ക് അവരുടേയും പെണ്‍കുട്ടികളുടേയും ലൈംഗികാവയവങ്ങളുടെ ശരിക്കുള്ള പേരുകള്‍ പറഞ്ഞുകൊടുക്കുക. ലൈംഗികത ഒളിച്ചുവെക്കേണ്ടതോ അറക്കേണ്ടതോ നാണിക്കേണ്ടതോ ആയൊരു കാര്യമാണെന്ന ധാരണ വളരാതിരിക്കാന്‍ ഇതു സഹായിക്കും. കുളിപ്പിക്കുമ്പോഴോ വസ്ത്രം അണിയിക്കുമ്പോഴോ മൂത്രമൊഴിപ്പിക്കുമ്പോഴോ പാവകള്‍ വെച്ചു കളിക്കുമ്പോഴോ ഒക്കെ ഇതു ചെയ്യാം. അതതു പ്രദേശങ്ങളിലെ നാടന്‍ പ്രയോഗങ്ങളോടൊപ്പം ലിംഗം, വൃഷണം, യോനി എന്നിങ്ങനെയുള്ള “അച്ചടി മലയാള”വാക്കുകളും പരിചയപ്പെടുത്തുക. ഡോക്ടര്‍മാരോടോ കൌണ്‍സലര്‍മാരോടോ ഒക്കെ സംസാരിക്കുമ്പോള്‍ കാര്യങ്ങള്‍ വ്യക്തതയോടെ പ്രകടിപ്പിക്കാന്‍ ഇതവരെ പ്രാപ്തരാക്കും.

2. “ഞാൻ എങ്ങനെയാ ഉണ്ടായത്?” എന്ന സംശയം ചോദിക്കുന്ന കുട്ടിയോട് എന്തു പറയണം?

“അമ്മയുടെ വയറ്റിനുള്ളിലെ ഗര്‍ഭപാത്രം എന്നൊരു അറയിലാണ് നീ ഉണ്ടായതും വളര്‍ന്നതും. കോഴിമുട്ട വിരിഞ്ഞ് കോഴിക്കുഞ്ഞുങ്ങള്‍ പുറത്തുവരുന്ന പോലെ, മനുഷ്യക്കുഞ്ഞുങ്ങളാകാന്‍ കഴിവുള്ള കുറേ മുട്ടകള്‍ അമ്മയുടെ വയറ്റിനുള്ളിലുണ്ട്. അതുപോലെതന്നെ, മൂത്രമൊഴിക്കാന്‍ ഉപയോഗിക്കുന്ന നിന്‍റെ ലിംഗത്തിന്‍റെ താഴെ ഒരു സഞ്ചി തൂങ്ങിക്കിടപ്പില്ലേ? വൃഷണസഞ്ചി എന്നാണതിനു പേര്. അച്ഛനും മറ്റാണുങ്ങള്‍ക്കും ആ സഞ്ചിക്കുള്ളില്‍ കുഞ്ഞുങ്ങളെയുണ്ടാക്കാന്‍ വേണ്ട കുറേ വിത്തുകള്‍ ഉണ്ട്. അച്ഛനമ്മമാര്‍ ഒന്നിച്ചുറങ്ങുമ്പോള്‍ വൃഷണസഞ്ചിയിലെ ഒരു വിത്തും അമ്മയുടെ വയറ്റിലെ ഒരു മുട്ടയും ഒന്നിച്ചുചേരുന്നു. അങ്ങിനെയാണ് കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നത്.”

കുട്ടിയുടെ പ്രായത്തിനും പക്വതയ്ക്കും ലോകപരിചയത്തിനും അനുസരിച്ച് ഇപ്പറഞ്ഞതില്‍ തക്ക മാറ്റങ്ങള്‍ വരുത്താം.

3. “ഒരു കുഞ്ഞ് എങ്ങിനെയാണ് അമ്മയുടെ വയറ്റില്‍നിന്നു പുറത്തുവരുന്നത്?” എന്ന ചോദ്യത്തിന് എന്തുത്തരം കൊടുക്കണം?

ഇതു കുട്ടികള്‍ പലര്‍ക്കും തോന്നാറുള്ളൊരു സംശയമാണ്. കുഞ്ഞിനെ ഛര്‍ദ്ദിക്കുന്നതാണ്, കുഞ്ഞ് മലവിസര്‍ജനത്തിനിടെ പുറത്തുവരുന്നതാണ് എന്നൊക്കെ അവര്‍ അനുമാനിച്ചുകൂട്ടുകയുമാവാം. അമ്മയടക്കമുള്ള സ്ത്രീകള്‍ക്ക് മൂത്രമൊഴിക്കുന്ന ഭാഗത്തിനടുത്തായി അവരുടെ വയറ്റിലുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്കു പുറത്തുവരാനുള്ള ഒരു ദ്വാരമുണ്ട്, യോനി എന്നാണതിനു പേര് എന്നൊക്കെ പറഞ്ഞുകൊടുക്കാം.

4. “എനിക്കും വേണം ഒരു കുഞ്ഞ്” എന്ന്‍ ആവശ്യമുന്നയിച്ചാലോ?

“കുട്ടികളുടെ ശരീരത്തിന് അതിനുള്ള കഴിവായിട്ടില്ല, കുഞ്ഞുങ്ങളെ ജനിപ്പിക്കാനുള്ള വിത്തുകള്‍ മുതിര്‍ന്ന ആണുങ്ങളുടെ ശരീരത്തിലേ ഉണ്ടാകൂ” എന്നു പറയാം.

5. ലിംഗത്തിൽപ്പിടിച്ചു കളിക്കുന്ന കുട്ടിയോട് ‘‘അത് ചീത്തയാണ്, തൊടരുത്’’ എന്നതിനു പകരം എന്തു പറയണം? എങ്ങനെ പറയണം?

ലൈംഗികമായ പ്രവൃത്തിയാണ്‌, സ്വയംഭോഗമാണ് എന്നൊന്നും വകതിരിവില്ലാതെ, അന്നേരത്തു കിട്ടുന്നൊരു സുഖത്തിനായി മാത്രമാണ്, വിരല്‍ ഈമ്പുകയോ മറ്റോ ചെയ്യുന്ന അതേ മനോഭാവത്തോടെ, കുട്ടികള്‍ ലിംഗത്തിൽ പിടിച്ചു കളിക്കാറ്. അപ്പോഴവര്‍ ചിന്തിക്കുന്നത് ലൈംഗികകാര്യങ്ങളാകും എന്നുമില്ല. “ഇങ്ങിനെ ചെയ്യുമ്പോള്‍ നിനക്കു സുഖം കിട്ടുന്നുണ്ട് എന്നെനിക്കറിയാം. ശരീരത്തില്‍ എവിടെയെങ്കിലും തൊട്ടാല്‍ നമുക്കതു തിരിച്ചറിയാനാകുന്നത് തൊലിയില്‍നിന്നു തലച്ചോറിലേക്കു നീളുന്ന, നാഡികള്‍ എന്ന, ഒരു തരം വയറുകള്‍ വഴിയാണ്. ലിംഗത്തില്‍ മറ്റു ഭാഗങ്ങളിലേതിനെക്കാള്‍ നാഡികളുണ്ട്. അതുകൊണ്ടാണ് അവിടെത്തൊടുമ്പോള്‍ കൂടുതല്‍ സുഖം തോന്നുന്നത്. എന്നാല്‍ ലിംഗം നമ്മള്‍ ആരെയും കാണിക്കാതെ സൂക്ഷിക്കാറുള്ള ഒരു സ്വകാര്യഭാഗമല്ലേ? അതുകൊണ്ട് അതില്‍പ്പിടിച്ചു കളിക്കുന്നതും മുറിക്കുള്ളിലോ ബാത്ത്റൂമിലോ മറ്റോ വെച്ചു സ്വകാര്യമായേ ചെയ്യാവൂ” എന്നു പറയാം. ലൈംഗികസുഖം ആസ്വദിക്കുകയെന്നത് ഒരു മോശം കാര്യമോ നാണിക്കേണ്ടതായ ഒന്നോ അല്ല എന്നൊക്കെ ബോദ്ധ്യപ്പെടുത്താന്‍ ഇതുകൊണ്ടാകും.

6. കുട്ടിയുടെ ലിംഗം ഉദ്ധരിച്ചു നിൽക്കുന്നതു കണ്ടാൽ കളിയാക്കുന്നവരുണ്ട്. ഇവിടെ എന്തു സമീപനമാകും ഉചിതം? അതേക്കുറിച്ച് എന്തു പറയണം? എങ്ങനെ പറയണം?

ഇതില്‍ നാണിക്കേണ്ടതോ പരിഹസിക്കത്തക്കതോ ആയ ഒന്നുമില്ല. തികച്ചും നോര്‍മലായൊരു ശാരീരിക പ്രവര്‍ത്തനം മാത്രമാണത്. ലിംഗത്തിലേക്കു രക്തം ഇരച്ചു കയറുന്നതു മൂലം സംഭവിക്കുന്ന ഒന്ന്‍. കുട്ടികള്‍ക്ക് അതിന്മേല്‍ നിയന്ത്രണമുണ്ടാകണം എന്നില്ല. ലൈംഗിക ചിന്തകളോ ഉത്തേജനവുമോ ആയി ബന്ധപ്പെട്ടാകണമെന്നില്ല കുട്ടികളില്‍ ഉദ്ധാരണം സംഭവിക്കുന്നതും. അതേപ്പറ്റി പരിഹസിക്കുന്നത് ലൈംഗികത എന്തോ മോശപ്പെട്ട കാര്യമാണ്, നാണിക്കേണ്ട ഒന്നാണ് എന്നൊക്കെയുള്ള മുന്‍വിധികള്‍ക്കു നിമിത്തമാകാം.

7. അടിവസ്ത്രം ധരിക്കേണ്ടതിന്‍റെ പ്രാധാന്യം എപ്പോള്‍, എങ്ങനെ പഠിപ്പിക്കാം?

നാലോ അഞ്ചോ വയസ്സോടെയൊക്കെ ഇതു ചെയ്യാം. അടിവസ്ത്രത്തിന്‍റെ പ്രയോജനങ്ങള്‍ പറഞ്ഞു കൊടുക്കണം. വിയര്‍പ്പിന്‍റെയോ നാമറിയാതെ ചിലപ്പോള്‍ പുറത്തുചാടാവുന്ന മൂത്രത്തുള്ളികളുടെയോ പാടുകള്‍ പുറമേ കാണില്ല, സിബ്ബിടാന്‍ അഥവാ മറന്നുപോയാലും ലിംഗം വെളിപ്പെടില്ല, സിബ്ബ് വലിച്ചടയ്ക്കുമ്പോള്‍ ലിംഗം ഇടയ്ക്കു കുടുങ്ങി പരിക്കു പറ്റാനുള്ള സാദ്ധ്യത കുറയും എന്നൊക്കെ അറിയിക്കാം.

അടിവസ്ത്രമിട്ടാല്‍ ഫംഗസ് ബാധകള്‍ക്കു സാദ്ധ്യത കൂടുമെന്നൊരു തെറ്റിദ്ധാരണയുണ്ട്. അടിവസ്ത്രം യഥാസമയം മാറ്റുകയും വൃത്തിയായി അലക്കിയുണക്കി സൂക്ഷിക്കുകയും ചെയ്യുന്നവര്‍ക്ക് ഫംഗസ് ബാധകള്‍ക്കു സാദ്ധ്യത കുറയുകയാണു ചെയ്യുന്നത്. അനുയോജ്യമായ തുണിയാലുള്ള അടിവസ്ത്രങ്ങള്‍ വിയര്‍പ്പിനെ വലിച്ചെടുക്കുകയും അതിന്‍റെ ബാഷ്പീകരണം കൂട്ടുകയും അങ്ങിനെ ഫംഗസ് വളരാനുള്ള സാഹചര്യം തടയുകയും ചെയ്യും.

8. കുട്ടിക്ക് സർകംസിഷൻ ആവശ്യമുണ്ടോ? എങ്ങനെ തിരിച്ചറിയും?

മതപരമായ കാരണങ്ങള്‍ക്കു പുറമേ, മെഡിക്കല്‍ ആയ ചില പ്രശ്നങ്ങളുടെ പരിഹാരത്തിനും സർകംസിഷൻ ആവശ്യമാകാറുണ്ട്. ലിംഗത്തിന്‍റെ അറ്റത്തെയും അവിടുത്തെ പുറംചര്‍മത്തിലെയും നിരന്തരമുള്ള അണുബാധയോ ചില ചര്‍മരോഗങ്ങളോ മൂലം, ലിംഗാഗ്രചര്‍മം പിന്നിലേക്കു നീക്കാനാവാത്ത അവസ്ഥ വരാം. ‘ഫൈമോസിസ്’ എന്ന ആ പ്രശ്നത്തിന് സർകംസിഷൻ ആണു ചികിത്സ. പരിക്കുകള്‍ പിണഞ്ഞാലും, യൂറോളജിക്കല്‍ പ്രശ്നങ്ങളുള്ള കുട്ടികളില്‍ അണുബാധ തടയാനും സർകംസിഷൻ അവലംബിക്കാറുണ്ട്. എയ്ഡ്സ് അടക്കമുള്ള ചില ലൈംഗിക രോഗങ്ങളും ലിംഗത്തിലെ കാന്‍സറും സർകംസിഷൻ വഴി പ്രതിരോധിക്കാമെന്നു സൂചനകളുണ്ട്.

9. അച്ഛനമ്മമാരുടെ ലൈംഗികവേഴ്ച കുട്ടി കണ്ടാൽ? കുട്ടിയോട് എന്തു പറയണം?

കുട്ടിക്കും മാതാപിതാക്കള്‍ക്കും ഒരുപോലെ സമ്മര്‍ദ്ദജനകമാകാവുന്ന സാഹചര്യമാണത്. ആദ്യം, കുട്ടിയോട് “ഇപ്പോള്‍ ഒന്നു പുറത്തു പോ, ഞാനുടനെ അങ്ങോട്ടു വരാം.” എന്നു പറയാം. എന്നിട്ട്, വസ്ത്രങ്ങള്‍ ധരിച്ച്, സ്വയം ഒന്നു റിലാക്സ്ഡ് ആയി എന്നുറപ്പുവരുത്തിയിട്ട്, കുട്ടിയോടു സംസാരിക്കാം. എന്താണു കണ്ടത്, അതേപ്പറ്റി വല്ലതും ചോദിക്കാനുണ്ടോ എന്നൊക്കെ ആരായാം. ചെറിയ കുട്ടികള്‍, നിങ്ങള്‍ തല്ലുകൂടുകയായിരുന്നോ എന്നൊക്കെ ശങ്കിച്ച് പേടിച്ചുപോയിട്ടുണ്ടാകാം. പരസ്പരം നല്ല ഇഷ്ടമുള്ള മുതിര്‍ന്നവര്‍ സ്നേഹം പ്രകടിപ്പിക്കാനായി സ്വകാര്യതയില്‍ ചെയ്യാറുള്ളൊരു പ്രവൃത്തിയാണ് അതെന്നു വിശദീകരിക്കാം. ഇടയ്ക്കു കയറിവരിക വഴി കുട്ടി തെറ്റൊന്നും ചെയ്തില്ല എന്നാശ്വസിപ്പിക്കേണ്ടതും പ്രധാനമാണ്.

10. കോണ്ടം, നാപ്കിൻ, സിനിമയിലെ ലൈംഗികച്ചുവയുള്ള സീനുകൾ തുടങ്ങിയവയെക്കുറിച്ച് കുട്ടി സംശയം ചോദിച്ചാൽ?

അവഗണിക്കുകയോ പരിഹസിക്കുകയോ ദേഷ്യപ്പെടുകയോ അരുത്. വീണുകിട്ടുന്ന ഇത്തരം അവസരങ്ങളെല്ലാം മുതലെടുത്ത്‌ നല്‍കേണ്ട ഒന്നാണ് ലൈംഗിക വിദ്യാഭ്യാസം. ഇവയ്ക്കൊക്കെയുള്ള ഉത്തരങ്ങള്‍ നിങ്ങള്‍ പറഞ്ഞുകൊടുത്തില്ലെങ്കില്‍ അവര്‍ കൂട്ടുകാരെയോ ഇന്‍റര്‍നെറ്റിനെയോ അപരിചിതരെപ്പോലുമോ ആശ്രയിക്കുകയും തെറ്റായ വിവരങ്ങളിലും അപകടങ്ങളിലുമൊക്കെ എത്തിപ്പെടുകയും ചെയ്യാം. കുട്ടിയുടെ പ്രായത്തിനും പക്വതയ്ക്കും മുന്നറിവിനും യോജിച്ച ഉത്തരങ്ങള്‍ കൊടുത്തുകൊണ്ടിരിക്കുക.

പ്രായം: 13–19

1. സ്വപ്നസ്ഖലനം സംഭവിക്കുന്ന കുട്ടിയോട് എന്തു പറയണം?

നാണിക്കാനോ കുറ്റബോധം തോന്നാനോ ഭയപ്പെടാനോ അതില്‍ യാതൊന്നുമില്ല എന്നറിയിക്കുക. പ്രായപൂര്‍ത്തിയായ ആണുങ്ങളില്‍ വൃഷണങ്ങള്‍ പുംബീജങ്ങളെ ഉത്പാദിപ്പിച്ചുകൊണ്ടേയിരിക്കും. ഒരളവു കവിയുമ്പോള്‍, പ്രഷര്‍ കുക്കറില്‍നിന്ന്‍ നീരാവി ഇടയ്ക്കിടെ പുറന്തള്ളപ്പെടുന്ന പോലെ, കുറച്ചു ബീജങ്ങളെ ശരീരം നീക്കിക്കളയും. അത്രയേയുള്ളൂ സ്വപ്നസ്ഖലനങ്ങളില്‍ സംഭവിക്കുന്നത്. അതു തികച്ചും പ്രകൃതിസഹജമാണ്, മിക്ക ആണ്‍കുട്ടികള്‍ക്കും സംഭവിക്കാറുള്ളതാണ്, രോഗമൊന്നുമല്ല, ആരോഗ്യത്തെയോ പൌരുഷത്തെയോ ബാധിക്കില്ല എന്നൊക്കെ വിശദീകരിക്കുക. സ്വപ്നസ്ഖലനങ്ങളെയോ അതോടൊപ്പം കണ്ടേക്കാവുന്ന ലൈംഗികസ്വപ്നങ്ങളെയോ തടയാന്‍ നമുക്കാകില്ല, കൌമാരത്തില്‍ കുത്തിയൊഴുകിവരുന്ന സെക്സ് ഹോര്‍മോണുകളുടെ വിക്രിയകളാണ് അവയൊക്കെ എന്നെല്ലാം മനസ്സിലാക്കിക്കുക. സ്വപ്നസ്ഖലനം വന്നുതുടങ്ങിയാല്‍പ്പിന്നെ വേഴ്ചയില്‍ ഏര്‍പ്പെടേണ്ടതുണ്ട് എന്നൊരു തെറ്റിദ്ധാരണ ചില ആണ്‍കുട്ടികള്‍ പുലര്‍ത്താം — അങ്ങിനെയുണ്ടെങ്കില്‍ അതു തിരുത്തിക്കൊടുക്കുക.

2. സ്വയംഭോഗം തെറ്റാണോ? പറയേണ്ടതെന്ത്?

തെറ്റല്ല. ഭൂരിഭാഗം പേരും ചെയ്യാറുള്ള, ദോഷഫലങ്ങളില്ലാത്ത, ഒരു കാര്യമാണ്. സ്വശരീരത്തെ നന്നായറിയാനും, ലൈഗികതൃഷ്ണയ്ക്ക് അനാരോഗ്യകരമല്ലാത്തൊരു ബഹിര്‍ഗമനമൊരുക്കാനും, ലൈംഗികരോഗങ്ങള്‍ക്കോ ഗര്‍ഭധാരണത്തിനോ ഇടയാക്കാവുന്ന തരം ബന്ധങ്ങളില്‍ ചെന്നുപെടാതെ കാക്കാനും സ്വയംഭോഗം സഹായകമാണ്. ആരോഗ്യത്തെയോ ശാരീരിക വികാസത്തെയോ ലൈംഗികക്ഷമതയെയോ പ്രത്യുത്പാദനശേഷിയെയോ ഒന്നും സ്വയംഭോഗം ദുര്‍ബലമാക്കുന്നില്ല. മറുവശത്ത്, സ്വയംഭോഗത്തെപ്രതിയുള്ള കുറ്റബോധവും ലജ്ജയും ഉത്ക്കണ്ഠയുമൊക്കെ മാനസികവും ലൈംഗികവുമായ കുഴപ്പങ്ങള്‍ക്കു നിമിത്തമാകാം താനും.

ശുചിത്വത്തോടെയും ലിംഗത്തിനു പരിക്കേല്‍ക്കാതെ ശ്രദ്ധിച്ചും സ്വകാര്യമായും മാത്രമേ സ്വയംഭോഗം ചെയ്യാവൂ. പഠനവും മറ്റുത്തരവാദിത്തങ്ങളും വിസ്മരിച്ച് സ്വയംഭോഗത്തില്‍ വ്യാപൃതരാകുന്നതും നന്നല്ല.

മതപരമോ വ്യക്തിപരമോ മറ്റോ ആയ കാരണങ്ങളാല്‍ ആരെങ്കിലും സ്വയംഭോഗം തീരെ വേണ്ട എന്നു നിശ്ചയിക്കുന്നെങ്കില്‍ അതും ഓക്കെ തന്നെയാണ് — അങ്ങിനെ ജീവിക്കുന്നതിനും ദൂഷ്യഫലങ്ങളൊന്നും ഇല്ല.

3. ശുക്ലം നഷ്ടമായാൽ ആരോഗ്യം പോകുമെന്ന തെറ്റിദ്ധാരണ?

സ്വയംഭോഗത്താലോ സ്വപ്നസ്ഖലനത്തിലോ ശുക്ലം നഷ്ടമായാല്‍ പല കുഴപ്പങ്ങളും വന്നുഭവിക്കുമെന്ന തെറ്റിദ്ധാരണ പ്രബലമാണ്. ഓരോ തുള്ളി ശുക്ലവും നിര്‍മിക്കപ്പെടുന്നത് നാല്പതു തുള്ളി അസ്ഥിമജ്ജയില്‍ നിന്നാണ് എന്നൊക്കെയുള്ള മിഥ്യാവിശ്വാസങ്ങള്‍ ഇതിന് അടിസ്ഥാനമാകുന്നുമുണ്ട്. ശുക്ലനഷ്ടം മൂലം തളര്‍ച്ചയും ഉറക്കമില്ലായ്കയും നെഞ്ചിടിപ്പുമൊക്കെ വന്നെന്ന അനുമാനം ‘ധാത് സിണ്ട്രോം’ എന്ന മാനസിക പ്രശ്നത്തിന്‍റെ ഭാഗമാകാം. അതു ബാധിച്ചവര്‍ക്ക് കൌണ്‍സലിംഗും ചിലപ്പോള്‍ മരുന്നുകളും ആവശ്യമാകും.

4. മോണിങ് എറക്ഷൻ. എന്തു പറഞ്ഞുകൊടുക്കും?

തികച്ചും നോര്‍മലായൊരു പ്രക്രിയയാണത്. ‘റാപ്പിഡ് ഐ മൂവ്മെന്‍റ്,’ ‘നോണ്‍-റാപ്പിഡ് ഐ മൂവ്മെന്‍റ്’ എന്നിങ്ങനെ രണ്ടു തരം ഉറക്കങ്ങളുണ്ട്. അതില്‍ റാപ്പിഡ് ഐ മൂവ്മെന്‍റ് എന്ന ഉറക്കത്തിലാണ് നാം സ്വപ്‌നങ്ങള്‍ കാണുന്നതും ഉദ്ധാരണങ്ങള്‍ സംഭവിക്കുന്നതും. ഒരു രാത്രിയില്‍ ലിംഗം അഞ്ചോളം തവണ ഉദ്ധരിക്കുകയും പൂര്‍വസ്ഥിതിയെത്തുകയും ചെയ്യാം. ഇത് ലിംഗത്തിന്‍റെ ആരോഗ്യത്തിന് സഹായകരവുമാണ്. ഇത്തരം ഉദ്ധാരണങ്ങള്‍ ദൃശ്യമാകുന്നില്ലെങ്കില്‍ അത് ലൈംഗികപ്രശ്നങ്ങളുടെ സൂചനയാകാം എന്നതിനാല്‍ അങ്ങിനെയുള്ളവര്‍ വിദഗ്ദ്ധ പരിശോധന തേടേണ്ടതുണ്ട്.

5. കൌമാരത്തില്‍ ഉളവാകുന്ന ശാരീരിക മാറ്റങ്ങളെപ്പറ്റി എന്തൊക്കെ പറഞ്ഞുകൊടുക്കണം?

  • ചിലര്‍ക്ക് മുലകളില്‍ നേരിയ വീക്കവും തൊടുമ്പോള്‍ ചെറിയ വേദനയും കാണാം. അതില്‍ ഭയക്കേണ്ടതില്ല; ഹോര്‍മോണുകളുടെ കളിയാണ്. ഒരൊന്നൊന്നര വര്‍ഷമേ ഈ പ്രശ്നങ്ങള്‍ നീളൂ.
  • സമപ്രായക്കാരുടെയത്ര ശാരീരിക വളര്‍ച്ച കിട്ടുന്നില്ല എന്നൊരാശങ്ക വേണ്ട — ഓരോരുത്തരുടേയും ശരീരം വളരുക വ്യത്യസ്ത വേഗത്തിലാണ്.
  • ലിംഗത്തിന് വലിപ്പക്കുറവുണ്ടെന്നു നിരാശപ്പെടേണ്ട. സ്ത്രീപങ്കാളിയുടെ ലൈംഗിക സംതൃപ്തിക്ക് പുരുഷന്‍റെ ലിംഗത്തിന്‍റെ വലിപ്പവുമായി ബന്ധമേതുമില്ല.
  • ലിംഗം ഉദ്ധരിച്ചു നില്‍ക്കുന്ന സമയത്ത് മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ടുണ്ടാവുക സ്വാഭാവികം മാത്രമാണ്.
  • സര്‍കംസിഷന്‍ ചെയ്തിട്ടില്ലെങ്കില്‍, ലിംഗാഗ്ര ചര്‍മം സ്വല്‍പം പിറകോട്ടു വലിച്ചുമാറ്റി ലിംഗത്തിന്‍റെ അറ്റം പ്രത്യേകം വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക.
  • വലിപ്പം വെച്ചുവരുന്ന വൃഷണസഞ്ചികളും ശരിക്കു കഴുകി സൂക്ഷിക്കുക.

6. ഓൺലൈനിൽ ലൈംഗികവിവരങ്ങൾ തേടുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ

മാതാപിതാക്കള്‍ നേരാംവണ്ണം ലൈംഗികവിദ്യാഭ്യാസം കൊടുക്കാതിരിക്കുമ്പോഴാണ് കുട്ടികള്‍ക്ക് അതിനായി നെറ്റിനെ ആശ്രയിക്കേണ്ട അവസ്ഥയുണ്ടാകുന്നത്. അവിടെ അവര്‍ അസത്യങ്ങള്‍ പ്രചരിപ്പിക്കുന്ന കൂട്ടായ്മകളിലോ പോണ്‍ സൈറ്റുകളിലോ ഒക്കെ എത്തിപ്പെടാന്‍ നല്ല സാദ്ധ്യതയുണ്ട്. ലൈംഗികവിഷയങ്ങള്‍ ചര്‍ച്ചയ്ക്കെടുക്കുന്ന പല ഓണ്‍ലൈന്‍ ഫോറങ്ങളിലും വേഴ്ചയ്ക്കായി കുട്ടികളെ ഇരപിടിക്കാനുള്ള ഉദ്ദേശവുംവെച്ച് അനേകര്‍ പതുങ്ങിയിരിപ്പുണ്ട്. ഇത്തരം സങ്കീര്‍ണതകളെപ്പറ്റി കുട്ടികളെ ബോധവല്‍ക്കരിക്കുക. പേരന്‍റല്‍ കണ്ട്രോള്‍ ആപ്പുകളും മറ്റും ഉപയോഗപ്പെടുത്താവുന്നതുമാണ്.

7. പോൺ കാണുന്ന കുട്ടി

പോൺകാഴ്ച,, കൌമാരക്കാരുടെ മാനസികവും ലൈംഗികവുമായ വികാസത്തെ പല രീതിയില്‍ അവതാളത്തിലാക്കാം. ലൈംഗികബന്ധത്തില്‍ പുരുഷന്‍റെയും സ്ത്രീയുടെയും പങ്കും സ്ഥാനവും എന്ത്, ഏതൊക്കെ ലൈംഗികരീതികളാണ് ആരോഗ്യകരം എന്നൊക്കെയുള്ള വിഷയങ്ങളില്‍ ഏറെ തെറ്റിദ്ധാരണകള്‍ക്ക് കൌമാരത്തിലെ പോൺകാഴ്ച വഴിയൊരുക്കാം. ഗര്‍ഭധാരണത്തെയോ ലൈംഗികരോഗങ്ങളെയോ വ്യക്തിബന്ധങ്ങളെയോ ഒക്കെക്കുറിച്ചുള്ള പോണ്‍കഥാപാത്രങ്ങളുടെ കൂസലില്ലായ്മയും അനവധാനതയും കൌമാരക്കാര്‍ സ്വാംശീകരിക്കാം. പുരുഷലിംഗത്തിന്‍റെ വലിപ്പത്തെയും ഉദ്ധാരണത്തിന്‍റെ ഗാംഭീര്യത്തെയും സ്ഖലനത്തിനെടുക്കുന്ന സമയത്തെയുമെല്ലാം കുറിച്ചുള്ള മിഥ്യാപ്രതീക്ഷകള്‍ക്കും സ്വന്തം ലൈംഗികശേഷിയെക്കുറിച്ചുള്ള ആത്മവിശ്വാസക്കുറവിനും ജാള്യതക്കുമെല്ലാം പോണ്‍കാഴ്ചകള്‍ വിത്തിടാം. പലര്‍ക്കും പോണിന് അഡിക്ഷന്‍ രൂപപ്പെടുന്നുണ്ട്. തുടര്‍ച്ചയായ പോണുപയോഗം ഉദ്ധാരണമില്ലായ്മയ്ക്ക് ഹേതുവാകുന്നുമുണ്ട്.

തുറന്ന ചര്‍ച്ചകളും ബോധവല്‍ക്കരണവും പേരന്‍റല്‍ കണ്ട്രോള്‍ ആപ്പുകളുമെല്ലാം ഇവിടെയും ഗുണകരമാകാം. പതിനെട്ടു തികഞ്ഞിട്ടില്ലാത്തവരുടെ ലൈംഗിക പെരുമാറ്റങ്ങളുടെ ചിത്രങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതും ഓണ്‍ലൈനായി ആര്‍ക്കെങ്കിലും അയച്ചുകൊടുക്കുന്നതും ഐ.റ്റി. നിയമപ്രകാരം കുറ്റകൃത്യമാണെന്നതും ചൂണ്ടിക്കാട്ടുക.

8. സ്ത്രീകളുടെ അടിവസ്ത്രത്തോട് താൽപര്യം പ്രകടിപ്പിക്കുന്നതു കണ്ടാൽ?

ഇത്തരമൊരു പ്രതിപത്തി നിരന്തരം പ്രകടിപ്പിക്കുന്നതായി കാണപ്പെട്ടാല്‍ വിദഗ്ദ്ധ പരിശോധന ലഭ്യമാക്കേണ്ടതുണ്ട്. ഫെറ്റിഷിസം എന്ന പ്രശ്നമാണോയെന്നു തിരിച്ചറിയാനും വേണ്ട പ്രതിവിധികള്‍ നടപ്പാക്കാനും അതു സഹായിക്കും.

9. കൗമാരക്കാരനുള്ള വീട്ടിൽ അച്ഛൻ പറയരുതാത്തതും ചെയ്യരുതാത്തതും

അവന്‍റെ മുമ്പില്‍വെച്ച് ലൈംഗികച്ചുവയുള്ള സംഭാഷണങ്ങള്‍ക്കോ തമാശകള്‍ക്കോ മുതിരുക, ഭാര്യയെ ചുംബിക്കുക, ലൈംഗികകേളികള്‍ക്കു തുനിയുക, പോണ്‍ കാണുക തുടങ്ങിയവ ഒഴിവാക്കേണ്ടതുണ്ട്. ഇതൊക്കെ കൌമാരസഹജമായ സന്ദേഹങ്ങളെയും അന്തസ്സംഘര്‍ഷങ്ങളെയും പെരുപ്പിക്കുകയും ലൈംഗികവൈഷമ്യങ്ങള്‍ക്കു കാരണമാവുകയും ചെയ്യാം. മുതിര്‍ന്നവരുടെ കാമക്കൂത്തുകള്‍ നേരില്‍ക്കാണുന്നത് കൌമാരക്കാരില്‍ പക്വത എത്തിയിട്ടില്ലാത്ത അവരുടെ മനസ്സുകള്‍വെച്ചു കൈകാര്യം ചെയ്യുക സാദ്ധ്യമല്ലാത്തത്ര ഉത്തേജനം സൃഷ്ടിക്കാം. ലൈംഗിക പരീക്ഷണങ്ങള്‍ക്കു മുതിരാന്‍ അതവരെ പ്രേരിപ്പിക്കുകയുമാകാം. അതേസമയം, കൌമാരക്കാരായ ആണ്‍മക്കളുടെ മുമ്പില്‍വെച്ച് ഭാര്യയുടെ കൈ പിടിക്കുക, തോളില്‍ കൈവെക്കുക തുടങ്ങിയവ വഴി സ്നേഹം പ്രകടിപ്പിക്കുന്നത് നിങ്ങള്‍ തമ്മില്‍ നല്ല സ്വരച്ചേര്‍ച്ചയുണ്ടെന്ന സമാധാനവും, ഇണകള്‍ തമ്മില്‍ എങ്ങിനെ പെരുമാറണമെന്നതിന്‍റെ നല്ലൊരു മാതൃകയും അവര്‍ക്കു കിട്ടാന്‍ സഹായിക്കും.

10. ലൈംഗിക ബന്ധങ്ങളക്കുറിച്ച് പറയേണ്ട മുന്നറിയിപ്പുകൾ

കൂട്ടുകാരുടെ സമ്മര്‍ദ്ദം, ഏകാന്തത, ജിജ്ഞാസ എന്നിങ്ങനെ വിവിധ കാരണങ്ങളാല്‍ കൌമാരക്കാര്‍ ലൈംഗികബന്ധങ്ങള്‍ക്കു മുതിരാം. ശരീരത്തിനും മനസ്സിനും തക്ക പാകതയെത്തിയ ശേഷം മാത്രം ലൈംഗിക ബന്ധങ്ങള്‍ക്കു തുനിയുന്നതാകും ഉത്തമം എന്നു വിശദീകരിച്ചുകൊടുക്കുക. ലൈംഗിക ബന്ധങ്ങള്‍ രതിസുഖത്തിനു മാത്രമല്ല, ഗര്‍ഭധാരണം, ലൈംഗികരോഗങ്ങള്‍, ഏറെനാള്‍ നീളുന്ന കുറ്റബോധം, ലൈംഗികപ്രശ്നങ്ങള്‍ തുടങ്ങിയവയ്ക്കും വഴിവെക്കാറുണ്ടെന്നു ചൂണ്ടിക്കാട്ടുക. പുതുതായി എയിഡ്സ് നിര്‍ണയിക്കപ്പെടുന്നവരില്‍ നല്ലൊരുപങ്ക് കൌമാരക്കാരാണെന്നും, കോണ്ടങ്ങള്‍ക്ക് എല്ലാ ലൈംഗികരോഗങ്ങളെയും പ്രതിരോധിക്കാനാവില്ലെന്നും സൂചിപ്പിക്കുക. പതിനെട്ടു തികഞ്ഞിട്ടില്ലാത്ത ഏതൊരു കുട്ടിയുമായുള്ള ലൈംഗികബന്ധം, അതവരുടെ സമ്മതത്തോടെയാണെങ്കില്‍പ്പോലും, പോക്സോ നിയമപ്രകാരം ഒരു കുറ്റകൃത്യമാണെന്നും ഓര്‍മിപ്പിക്കുക.

(2020 ഏപ്രില്‍ ലക്കം 'മനോരമ ആരോഗ്യ'ത്തില്‍ പ്രസിദ്ധീകരിച്ചത്. ചോദ്യങ്ങള്‍ മാസിക ഉയര്‍ത്തിയവയാണ്.)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.


Image courtesy: Gan Khoon Lay from the Noun Project

ഓഫീസുകളിലെ മനസ്സമ്മര്‍ദ്ദം
കുടുങ്ങാതിരിക്കാം, തട്ടിപ്പുകളില്‍

Related Posts

 

By accepting you will be accessing a service provided by a third-party external to http://www.mind.in/

ഏറ്റവും പ്രസിദ്ധം:

25 February 2014
ലൈംഗികത
പ്രണയം എന്ന വിഷയം കാലങ്ങളായി എഴുത്തുകാരുടെയും തത്വചിന്തകരുടെയും സാധാരണക്കാരുടെയുമൊക്കെ വിശകലനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. എങ്കിലും പ്രണയത്തിന്‍റെ സങ്കീര്‍ണതകളുടെ ഇഴപിരിച്ചറിയാന്‍ താല്പര്യമുള്ളവര്‍ ആധ...
24 October 2015
ലൈംഗികത
ലൈംഗികാവയവങ്ങള്‍, സംഭോഗം, ഗര്‍ഭനിരോധനം, ലൈംഗികരോഗങ്ങള്‍ തുടങ്ങിയവയെപ്പറ്റി നിങ്ങള്‍ക്ക് എത്രത്തോളം വിവരമുണ്ടെന്നു പരിശോധിച്ചറിയാന്‍ താല്‍പര്യമുണ്ടോ? എങ്കില്‍ താഴെക്കൊടുത്ത ഇരുപത്തഞ്ചു പ്രസ്താവനകള്‍ ഓര...
09 April 2014
മക്കളെപ്പോറ്റല്‍
ഒരു സുപ്രഭാതത്തില്‍ അടിവസ്ത്രത്തില്‍ ചലപ്പാടുകള്‍ ശ്രദ്ധിച്ച് എവിടുത്തെ മുറിവാണു പഴുത്തുപൊട്ടിയത് എന്നാശങ്കപ്പെടുന്ന ആണ്‍കുട്ടികളുടെയും, പെട്ടെന്നൊരുനാള്‍ ചോരയൂറിവരുന്നതു കാണുമ്പോള്‍ മാത്രം ഒരവയവത്തിന...
13 September 2012
കൌമാരം
ഒരാളുടെ വ്യക്തിത്വം അയാളുടെ വ്യക്തിബന്ധങ്ങളെയും തൊഴില്‍വിജയത്തെയും ആരോഗ്യത്തെയും വളരെയധികം സ്വാധീനിക്കുന്നുണ്ട്. തന്‍റെ കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും തന്നോടു തന്നെയുമുള്ള ഒരാളുടെ പെരുമാറ്റരീതി ...
15 November 2013
യൌവനം
ബാല്യവും കൌമാരവും കടന്ന്‍ ഒരാള്‍ യൌവനത്തിലേക്കു പ്രവേശിക്കുന്നതിനോടൊപ്പം അയാളില്‍ മാനസിക പിരിമുറുക്കത്തിനിടയാക്കുന്ന പ്രധാന ഘടകങ്ങള്‍ ഏതൊക്കെ എന്നതിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. യൗവനാരംഭത്തില്‍ പ...
Looking for a deaddiction center in Kerala? Visit the website of SNEHAM.

പ്രചരിപ്പിക്കുക

FLIP

Looking for a psychiatry hospital in Kerala? Visit the website of SNEHAM.

പുതുലേഖനങ്ങള്‍ മെയിലില്‍ കിട്ടാന്‍:

Looking for a mental hospital in Kerala? Visit the website of SNEHAM.

Like us on Facebook

DMC Firewall is developed by Dean Marshall Consultancy Ltd