ഗര്‍ഭാശയത്തിനുള്ളില്‍ നടക്കുന്നത് കുട്ടിയുടെ ശാരീരികവളര്‍ച്ച മാത്രമല്ല, മനോവികാസം കൂടിയാണ്. അറിവുനേടാനും കാര്യങ്ങളോര്‍ത്തുവെക്കാനും വ്യക്തിബന്ധങ്ങള്‍ സ്ഥാപിക്കാനുമൊക്കെയുള്ള കഴിവുകള്‍ ഗര്‍ഭാവസ്ഥയിലേ രൂപംകൊള്ളുന്നു എന്ന് അടുത്തകാലത്തു വികസിച്ചുവന്ന ഭ്രൂണമനശ്ശാസ്ത്രം (Fetal psychology) എന്ന ശാസ്ത്രശാഖ പറയുന്നു. ഗര്‍ഭസ്ഥശിശുക്കള്‍ പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ ചുമ്മാ വളര്‍ന്നുകൊണ്ടിരിക്കുകയല്ല, മറിച്ച് ചുറ്റുപാടുകളെ ശ്രദ്ധിക്കുകയും അവയോട് ഇടപെടുകയും പ്രതികരിക്കുകയുമൊക്കെച്ചെയ്യുന്നുണ്ട്. ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ക്ക് കുട്ടിയുടെ മാനസികവളര്‍ച്ചയില്‍ ശാശ്വതമായ സ്വാധീനങ്ങള്‍ ചെലുത്താനാവുന്നുമുണ്ട്. ഇതിന്‍റെയൊക്കെയര്‍ത്ഥം “കുഞ്ഞിനെ നോട്ടം” തുടങ്ങേണ്ടത് ജനനശേഷമല്ല, മറിച്ച് സങ്കീര്‍ണമായ രീതികളില്‍ അതിന്‍റെ ശരീരവും മനസ്സും അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഗര്‍ഭകാലത്തു തന്നെയാണ് എന്നാണ്.

മനസ്സിന്‍റെ ഇരിപ്പിടമായ തലച്ചോര്‍ നമ്മുടെ പ്രധാനാവയവങ്ങളില്‍ വെച്ച് ഏറ്റവുമാദ്യം സാന്നിദ്ധ്യമറിയിക്കുന്ന ഒന്നാണ്.

മനസ്സിന്‍റെ ഇരിപ്പിടമായ തലച്ചോര്‍ നമ്മുടെ പ്രധാനാവയവങ്ങളില്‍ വെച്ച് ഏറ്റവുമാദ്യം സാന്നിദ്ധ്യമറിയിക്കുന്ന ഒന്നാണ്. (ഹൃദയത്തെക്കാള്‍ ഒരാഴ്ച മുമ്പ് തലച്ചോര്‍ പ്രത്യക്ഷമാവുന്നുണ്ട്.) പൂര്‍ണവളര്‍ച്ചയെത്താന്‍ ഏറ്റവും കാലദൈര്‍ഘ്യം വേണ്ടതും തലച്ചോറിനു തന്നെയാണ്. താന്‍ ഗര്‍ഭിണിയാണ് എന്ന് ഒരു സ്ത്രീ തിരിച്ചറിയുമ്പോഴേക്കും അവരുടെ വയറ്റില്‍ കുട്ടിയുടെ തലച്ചോര്‍ അതിന്‍റെ വികാസം തുടങ്ങിയിട്ടുണ്ടാവും. ചിന്ത, ചലനം, സംസാരം തുടങ്ങിയ കഴിവുകള്‍ നമുക്കു തരുന്ന തലച്ചോറിന്‍റെ സെറിബ്രല്‍ കോര്‍ട്ടക്സ്‌ എന്ന പുറംപാടയുടെ രൂപീകരണം അഞ്ചാമാഴ്ചയോടെത്തന്നെ ആരംഭിക്കുന്നുണ്ട്. മിനിട്ടില്‍ മുപ്പതുലക്ഷം എന്ന തോതിലാണ് ഒരു ഘട്ടത്തില്‍ പുതിയ മസ്തിഷ്കകോശങ്ങള്‍ രൂപമെടുക്കുന്നത്. ഈയൊരു ദ്രുതവേഗം പടിപടിയായി പുതുപുതുകഴിവുകള്‍ ആര്‍ജിച്ചെടുക്കാന്‍ തലച്ചോറിനെ സജ്ജമാക്കുന്നുണ്ട്. ജനനസമയത്ത് ഒരു കുട്ടിയുടെ തലച്ചോറിലെ കോശങ്ങളുടെ ആകെയെണ്ണം ഏകദേശം പതിനായിരംകോടിയാണ്. മുതിര്‍ന്നവരുടേതിന്‍റെ അഞ്ചുശതമാനത്തോളം തൂക്കമേ നവജാതശിശുക്കള്‍ക്കുണ്ടാവൂവെങ്കിലും അവരുടെ തലച്ചോറുകള്‍ക്ക് മുതിര്‍ന്നവരുടെ തലച്ചോറിന്‍റെ ഇരുപത്തഞ്ചുശതമാനത്തോളം തൂക്കമുണ്ടാവാറുണ്ട്. ഇതൊക്കെ അടിവരയിടുന്നത് ഗര്‍ഭകാലത്തെ മസ്തിഷ്കവികാസത്തിന്‍റെയും അതുവഴി മാനസികവളര്‍ച്ചയുടെയും വ്യാപ്തിക്കും പ്രാധാന്യത്തിനുമാണ്.

പുറംലോകത്തു നിന്നുള്ള വിവരങ്ങള്‍ നമുക്കൊക്കെ ലഭിക്കുന്നത് പഞ്ചേന്ദ്രിയങ്ങള്‍ വഴിയാണല്ലോ. ഭ്രൂണാവസ്ഥയില്‍ ഇതിലേറ്റവുമാദ്യം രംഗത്തുവരുന്നത് സ്പര്‍ശനശേഷിയാണ്. രണ്ടുമാസത്തോടെതന്നെ ചുണ്ടിലോ കവിളുകളിലോ തൊട്ടാല്‍ ഗര്‍ഭസ്ഥശിശുക്കള്‍ പ്രതികരിക്കുന്നുണ്ട്. മൂന്നര മാസത്തോടെ ഈ കഴിവ് പുറവും തലയുടെ മുകള്‍ഭാഗവുമൊഴിച്ചുള്ള ഭാഗങ്ങളിലേക്കെല്ലാം വ്യാപിക്കുന്നുമുണ്ട്. രണ്ടരമാസത്തോടെ സ്വന്തം മുഖം തൊടാന്‍ തുടങ്ങുന്ന കുട്ടികള്‍ പതിയെപ്പതിയെ ഗര്‍ഭാശയച്ചുമരുകളിലും പൊക്കിള്‍ക്കൊടിയിലുമൊക്കെ തൊട്ടുകളിക്കുന്നതായിക്കാണാം. ഗര്‍ഭാശയത്തിന്‍റെ ഇരുട്ടില്‍ ഇതവര്‍ക്ക് നല്ലൊരുത്തേജനമാവുന്നുമുണ്ട്. ഇരട്ടഗര്‍ഭങ്ങളിലാണെങ്കില്‍ കുട്ടികള്‍ പരസ്പരം തൊടുകയും, “സഹോദര”നോ “സഹോദരി”യോ തൊടുമ്പോള്‍ മറ്റേക്കുട്ടി അതിനോടു പ്രതികരിക്കുകയും ചെയ്യുന്നുണ്ട്.

രുചിക്കാനും മണത്തറിയാനുമുള്ള കഴിവുകളാണ് അടുത്തതായി രൂപപ്പെടുന്നത്. താന്‍ മുങ്ങിക്കിടക്കുന്ന ഉല്‍ബദ്രവം (amniotic fluid) എന്ന ദ്രാവകത്തെ മൂന്നുമാസമെത്തുന്നതോടെ കുട്ടി കുറേശ്ശെ കുടിക്കാന്‍ തുടങ്ങുന്നുണ്ട്. ഗര്‍ഭിണിയെടുക്കുന്ന ആഹാരത്തിന്‍റെ മണവും രുചിയുമൊക്കെ ഈ ഉല്‍ബദ്രവത്തിലെത്തുന്നുമുണ്ട്. പതിനഞ്ചാമാഴ്ചയോടെ കുട്ടികള്‍ ഉല്‍ബദ്രവം മധുരിക്കുമ്പോള്‍ അതു കൂടുതലായിക്കുടിക്കാനും കയ്പുള്ള നേരങ്ങളില്‍ അതിനോടു താല്‍പര്യക്കേടു കാണിക്കാനും തുടങ്ങുന്നത് രുചിയും മണവും തിരിച്ചറിയാനുള്ള കഴിവ് ആ പ്രായത്തോടെ അവര്‍ക്കു കൈവരുന്നതിന്‍റെ സൂചനയാവാം.

നാലര മാസത്തോടെ ചെവിയില്‍നിന്നു തലച്ചോറിലേക്കുള്ള ഞരമ്പുകള്‍ സൃഷ്ടിക്കപ്പെടുകയും ആറുമാസത്തോടെ കുട്ടികള്‍ക്ക് ശബ്ദങ്ങള്‍ കേള്‍ക്കാനാവുകയും ചെയ്യും. (ഈ പ്രായത്തില്‍ അവര്‍ റോക്ക്മ്യൂസിക്ക് കേട്ടാല്‍ അസ്വസ്ഥരാവുകയും മറിച്ച് ക്ലാസിക്കല്‍മ്യൂസിക്ക് കേട്ടാല്‍ ശാന്തരാവുകയും ചെയ്യാറുണ്ട്!) എന്നാല്‍ അമ്മയുടെ വയറും ഗര്‍ഭാശയഭിത്തിയും ഉല്‍ബദ്രവവുമൊക്കെ വഴി അരിച്ചിറങ്ങിവന്ന് അടക്കിപ്പിടിച്ചതുപോലായിത്തീര്‍ന്ന ശബ്ദങ്ങള്‍ മാത്രമാണ് അവരുടെ ചെവികളിലെത്തുന്നത്. ഗര്‍ഭപാത്രത്തിലേക്ക് മൈക്കുപോലുള്ള ഉപകരണങ്ങള്‍ കടത്തിവിട്ട ഗവേഷകര്‍ക്കു കേള്‍ക്കാനായത് അമ്മയുടെ രക്തമൊഴുകുന്നതിന്‍റെയും ആഹാരം ദഹിക്കുന്നതിന്‍റെയും ഹൃദയം മിടിക്കുന്നതിന്‍റെയുമൊക്കെ ബഹളങ്ങളും, അമ്മയുടെയും മറ്റുള്ളവരുടെയും സംസാരങ്ങളും, പുറംലോകത്തുനിന്നുള്ള മറ്റൊച്ചകളും ഒക്കെ ഇടകലര്‍ന്ന ഒരു സ്വരക്കൂട്ടാണ്. കാലക്രമത്തില്‍ ഈ കുട്ടികള്‍ക്ക് സ്വന്തം അമ്മമാരുടെ ശബ്ദങ്ങളോട് ഒരു പ്രതിപത്തി രൂപപ്പെടുന്നുമുണ്ട് — അമ്മമാര്‍ മിണ്ടുമ്പോള്‍ ഗര്‍ഭസ്ഥശിശുക്കളുടെ ഹൃദയമിടിപ്പ് മന്ദഗതിയിലാകുന്നത് അവര്‍ ആ ശബ്ദത്തോടു കൂടുതല്‍ ശ്രദ്ധയും താല്‍പര്യവും കാണിക്കുന്നതിനാലാണ് എന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. പ്രസവസമയമാവുമ്പോഴേക്ക് “ബിബ” “ബബി” എന്നൊക്കെയുള്ള ലളിതമായ ശബ്ദങ്ങള്‍ വേര്‍തിരിച്ചറിയാനും കുട്ടികള്‍ക്കാവും. (നമ്മുടെയൊക്കെക്കുട്ടികളും ഓരോ കുഞ്ഞ് അഭിമന്യുമാരാണെന്നു ചുരുക്കം!)

സാധാരണനിലക്ക് വെളിച്ചത്തിന് ഗര്‍ഭാശയത്തിനുള്ളില്‍ ചെന്നെത്താന്‍ കഴിയില്ല. 

കാഴ്ച രൂപപ്പെടുന്നത് ഏറ്റവുമൊടുവിലാണ്. സാധാരണനിലക്ക് വെളിച്ചത്തിന് ഗര്‍ഭാശയത്തിനുള്ളില്‍ ചെന്നെത്താന്‍ കഴിയില്ല. ഗര്‍ഭസ്ഥശിശുക്കള്‍ കണ്ണുകള്‍ തുറക്കാറുമില്ല. എന്നാല്‍ അമ്മയുടെ വയറ്റിലേക്കു ശക്തിയായി ലൈറ്റടിച്ചാല്‍ നാലുമാസമായ കുട്ടികള്‍ കണ്ണിറുക്കിയും മുഖംചുളിച്ചും പ്രതികരിക്കുകയും, അഞ്ചുമാസമായവര്‍ ഞെട്ടിച്ചാടുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇങ്ങിനെ കനത്ത വെളിച്ചങ്ങള്‍ തട്ടുന്നത് ഗര്‍ഭസ്ഥശിശുക്കളുടെ കണ്ണുകള്‍ക്ക് ഹാനികരമാവാമെന്ന് ചില ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഗര്‍ഭാശയത്തിനുള്ളില്‍ കാഴ്ചകളൊന്നും കാണാന്‍കിട്ടുന്നില്ല എന്നതിനാല്‍ ദൃശ്യങ്ങളെത്തിരിച്ചറിയാന്‍ സഹായിക്കുന്ന മസ്തിഷ്ക്കഭാഗങ്ങള്‍ പരുവപ്പെടുന്നത് ജനനത്തിനു ശേഷം മാത്രമാണ്. അതുകൊണ്ടുതന്നെ തൊട്ടടുത്തുള്ള വസ്തുക്കള്‍ മാത്രമേ നവജാതശിശുക്കള്‍ക്കു കാണാന്‍ കഴിയൂ. മുതിര്‍ന്നവരുടെ കാഴ്ചശേഷി അവര്‍ക്കു പ്രാപ്യമാവുന്നത് ജനിച്ച് ആറുമാസത്തോളം കഴിഞ്ഞാണ്.

ഏതുപ്രായം തൊട്ടാണ് ഭ്രൂണങ്ങള്‍ക്കു വേദനയറിയാനാവുന്നത് എന്നു നിര്‍ണയിക്കുക ദുഷ്കരമാണ് — വേദന ഏറെ വ്യക്തിനിഷ്‌ഠമായ ഒരനുഭവമാണ് എന്നതാണിതിനു കാരണം. തലച്ചോറും മറ്റു ശരീരഭാഗങ്ങളും തമ്മിലുള്ള നാഡീബന്ധങ്ങള്‍ പ്രവര്‍ത്തനക്ഷമമാവുന്നത് ആറാംമാസത്തോടെയാണ് എന്നതും, ഇതിനുമുമ്പുള്ള കാലത്ത് കുട്ടി ഉറക്കംപോലുള്ള ഒരുതരം അബോധാവസ്ഥയിലായിരിക്കും എന്നതും വെച്ച് ആറാംമാസത്തിനു ശേഷമാണ് വേദന രൂപപ്പെടുന്നത് എന്ന് ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു. ഈ പ്രായത്തിനു ശേഷം രക്തംകയറ്റാനും മറ്റും സൂചികുത്തുമ്പോള്‍ കുട്ടികളുടെ ശരീരങ്ങളില്‍ വേദനയുടെയും അനുബന്ധ വൈഷമ്യങ്ങളുടെയും സൂചകങ്ങളായ രാസമാറ്റങ്ങള്‍ നിരീക്ഷിക്കപ്പെട്ടിട്ടുമുണ്ട്.

നാഡീവ്യവസ്ഥ വളരുന്നതിനനുസരിച്ച് കുട്ടികള്‍ പതിയെ അനങ്ങാനും തുടങ്ങുന്നുണ്ട്. ഇത്തരമിളക്കങ്ങള്‍ അമ്മമാര്‍ക്കു തിരിച്ചറിയാനാവുന്നത് 4-6 മാസങ്ങളോടെയാണെങ്കിലും 7-8 ആഴ്ചകളോടെത്തന്നെ ഇവ ഉരുത്തിരിയുന്നുണ്ടെന്നാണ് അള്‍ട്രാസൌണ്ട് നിരീക്ഷണങ്ങള്‍ വെളിപ്പെടുത്തുന്നത്. നട്ടെല്ലു വളക്കാനും നിവര്‍ത്താനുമുള്ള കഴിവുകളാണ് ആദ്യം ദൃശ്യമാവുന്നത്. വെറും രണ്ടരമാസത്തോടെ കൈകളിളക്കാനും വാതുറക്കാനും ഉല്‍ബദ്രവം “ശ്വസി”ക്കാനും മൂരിനിവരാനുമൊക്കെ കുട്ടികള്‍ക്കാവും. 14-15 ആഴ്ചകളോടെ ഒരുവിധം എല്ലാ ചലനങ്ങളുംതന്നെ രംഗത്തുവരുന്നുണ്ട്. ആറാംമാസത്തോടെ കുട്ടികള്‍ അമ്മയുടെ സംസാരത്തിന്‍റെ താളത്തിനൊത്ത് സ്വശരീരം ഇളക്കാം. അള്‍ട്രാസൌണ്ടിനിടെ അമ്മമാര്‍ ചിരിക്കുമ്പോള്‍ കുട്ടി തല ഗര്‍ഭാശയഭിത്തിയില്‍ക്കുത്തി കീഴ്മേല്‍ചാടുകയും, ഇതുകണ്ട് അമ്മമാര്‍ കൂടുതല്‍ ചിരിക്കുമ്പോള്‍ കുട്ടി ചാട്ടത്തിന്‍റെ വേഗം കൂട്ടുകയും ചെയ്യുന്നതായി നിരീക്ഷണങ്ങളുണ്ട്. ഗര്‍ഭാശയഭിത്തി നക്കുക, കൈകൊണ്ട് മുഖത്തോ മറുകയ്യിലോ പൊക്കിള്‍ക്കൊടിയിലോ തൊടുക, കാലുകളില്‍ പിടിക്കുക തുടങ്ങിയ സ്വാഭാവിക ചലനങ്ങളും കാണാന്‍കിട്ടാറുണ്ട്. ഗര്‍ഭാശയത്തില്‍ കൂടുതല്‍ സ്ഥലം ലഭിക്കുന്നതിനാല്‍ രണ്ടാമത്തേതും തുടര്‍ന്നുള്ളതുമായ കുട്ടികളാണ് കൂടുതല്‍ ചലനാത്മകത കാണിക്കാറുള്ളത്.

എന്നാൽ പുതുതായിക്കൈവന്നുകൊണ്ടിരിക്കുന്ന ഇത്തരം കഴിവുകളെ അധികം പരീക്ഷിച്ചു നോക്കാനൊന്നും മിനക്കെടാതെ മിക്കനേരവും ഉറങ്ങുകയാണു ഭ്രൂണങ്ങൾ ചെയ്യുന്നത് — എട്ടാംമാസത്തോടെ 90-95 ശതമാനവും, ജനനത്തിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ നവജാതശിശുക്കളെപ്പോലെ 85-90 ശതമാനവും നേരം. കണ്ണുകള്‍ ചലിച്ചുകൊണ്ടേയിരിക്കുന്ന ഒരുതരം ഉറക്കത്തിലാണ് നാമൊക്കെ സ്വപ്നങ്ങൾ കാണുന്നത്. ഉറക്കത്തില്‍ ഭ്രൂണങ്ങളുടെയും കണ്ണുകള്‍ സമാനരീതിയില്‍ ചലിക്കുന്നുണ്ട് എന്നതുവെച്ച് ഗർഭപാത്രത്തിനുള്ളിലെ അനുഭവങ്ങളെപ്പറ്റി അവയും സ്വപ്നങ്ങൾ കാണുന്നുണ്ടാവും എന്നു ചില ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നുണ്ട്.

കേള്‍ക്കാനും രുചിക്കാനും തൊട്ടറിയാനുമൊക്കെയുള്ള കഴിവുകള്‍ ആവിര്‍ഭവിച്ചുകഴിഞ്ഞ്, ഏകദേശം ഏഴാംമാസത്തോടെയാണ് കാര്യങ്ങള്‍ പഠിച്ചെടുക്കുക, ഓര്‍മയില്‍ നിര്‍ത്തുക എന്നിവ സാദ്ധ്യമാക്കുന്ന മസ്തിഷ്കഭാഗങ്ങള്‍ രൂപപ്പെടുന്നത്. ബോധപൂര്‍വമല്ലാതെയും വളരെ ലളിതമായ രീതിയിലും ആണ് ആദ്യപാഠങ്ങള്‍ ഭ്രൂണമനസ്സുകളിലെത്തുന്നത്. എട്ടുമാസമായ ഭ്രൂണത്തെ പതിയെയൊന്നു കുത്തുകയും, തൊട്ടുടനെ ഒരു പ്രത്യേകശബ്ദം കേള്‍പ്പിക്കുകയും, ഇത് പലവുരു ആവര്‍ത്തിക്കുകയും ചെയ്‌താല്‍ പിന്നീട് ആ കുത്തു കിട്ടുമ്പോഴൊക്കെ കുട്ടി തുടര്‍ന്നുവരാനുള്ള പതിവുശബ്ദത്തിനു കാതോര്‍ക്കുന്നതായിക്കാണാം. ഒരു ഘോരശബ്ദം കേട്ടാല്‍ എട്ടര മാസമായ ഭ്രൂണം ആദ്യമൊക്കെ ഞെട്ടുമെങ്കിലും പതിയെ ആ ശബ്ദം അത്യാഹിതങ്ങളുടെയൊന്നും മുന്നോടിയല്ല എന്ന ബോദ്ധ്യം സ്വായത്തമാക്കുകയും, ഒരു മാസം കഴിഞ്ഞു പോലും ആ ശബ്ദം വീണ്ടുമാവര്‍ത്തിച്ചാല്‍ അതിനെ തീര്‍ത്തും അവഗണിക്കുകയും ചെയ്യും —അബോധതലത്തിലെങ്കിലും കുട്ടി ആ ശബ്ദത്തെ ഓര്‍ത്തുവെക്കുന്നുണ്ട് എന്നാണ് ഇതു സൂചിപ്പിക്കുന്നത്. നവജാതശിശുക്കള്‍ അമ്മയുടെ ശബ്ദത്തോടും ഗര്‍ഭത്തില്‍ കേട്ടുപരിചയിച്ച പാട്ടുകളോടും കഥകളോടുമൊക്കെ കൂടുതല്‍ പ്രതിപത്തി കാണിക്കുന്നതായും തെളിഞ്ഞിട്ടുണ്ട്. (എന്നാല്‍ അവര്‍ ഓര്‍മയില്‍വെക്കുന്നത് നിശ്ചിത വാക്കുകളല്ല, മറിച്ച് ഉച്ചാരണങ്ങളുടെ താളാത്മകതയും പാറ്റേണുകളും ആവാനാണു സാദ്ധ്യത.)

നവജാതശിശുക്കള്‍ക്ക് സ്വന്തം അമ്മമാരുടെ ഗന്ധം മറ്റു സ്ത്രീകളുടേതിനേക്കാള്‍ പഥ്യമാണ്.

രുചികളും ഗന്ധങ്ങളും ഓര്‍ത്തുവെക്കാനും ഭ്രൂണങ്ങള്‍ക്കാവുന്നുണ്ട്. നവജാതശിശുക്കള്‍ക്ക് സ്വന്തം അമ്മമാരുടെ ഗന്ധം മറ്റു സ്ത്രീകളുടേതിനേക്കാള്‍ പഥ്യമാണ്. പ്രസവത്തിനു തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ പെരുംജീരകമുള്ള ആഹാരംകഴിച്ച സ്ത്രീകളുടെ കുട്ടികള്‍ ജനിച്ചയുടന്‍ പെരുംജീരകഗന്ധത്തോട് കൂടുതല്‍ മമത കാണിക്കുന്നു എന്ന് ഒരു പഠനം പറയുന്നു. നന്നായി വെളുത്തുള്ളി കഴിക്കുന്ന ഗര്‍ഭിണികളുടെ കുട്ടികള്‍ക്ക് മുതിര്‍ന്നുകഴിഞ്ഞും വെളുത്തുള്ളിരുചി പ്രിയകരമായി നിലനില്‍ക്കുന്നുണ്ട് എന്നു മറ്റൊരു പഠനം സൂചിപ്പിക്കുന്നു. എന്നാല്‍ ഇത്തരമിഷ്ടങ്ങള്‍ എപ്പോഴുമിങ്ങനെ ശാശ്വതമാവും എന്നു പറയാനാവില്ല — ഉദാഹരണത്തിന്, ഗര്‍ഭാവസ്ഥയില്‍ കേട്ട സംഗീതത്തോട് നവജാതശിശു തുടക്കത്തില്‍ ആഭിമുഖ്യം കാണിച്ചേക്കാമേങ്കിലും ജനനശേഷമുള്ള ആദ്യത്തെ മൂന്നാഴ്ചകളില്‍ ആ സംഗീതം വീണ്ടും കേള്‍ക്കാതിരുന്നാല്‍ ആ ഒരാഭിമുഖ്യം അപ്രത്യക്ഷമാവുന്നുണ്ട്.

എന്താണ് ഇത്തരം ഓര്‍മകളുടെ പ്രസക്തി? അമ്പരപ്പിക്കുന്ന ഒരു ലോകത്തേക്ക് ജനിച്ചിറങ്ങിക്കഴിഞ്ഞാല്‍ സ്വന്തം അമ്മയെ വേര്‍തിരിച്ചറിയാന്‍ കുട്ടിക്കു കൈത്താങ്ങായുള്ളത് ഈയോര്‍മകള്‍ മാത്രമാണ്. മുലപ്പാലിലെ പല ഘടകങ്ങളെയും അമ്മയുടെ ശരീരത്തില്‍നിന്നുതന്നെയൂറിവരുന്ന ഉല്‍ബദ്രവത്തിലൂടെ കുട്ടി മുന്‍‌കൂര്‍ അനുഭവിച്ചറിയുന്നുണ്ട്; ആ ഓര്‍മകള്‍ മുലപ്പാലിന്‍റെ അപരിചിതത്വം കുറക്കുകയും കന്നി മുലയൂട്ടലുകള്‍ ക്ലേശരഹിതമാക്കുകയും ചെയ്യുന്നുമുണ്ട്. ജനനശേഷം ചുറ്റുമുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ കുറച്ചെങ്കിലുമൊക്കെ ഉള്‍ക്കൊള്ളാനാവാനും ഗര്‍ഭപാത്രത്തില്‍ നിന്നുള്ള ഓര്‍മകള്‍ കുട്ടിയെ സഹായിക്കുന്നുണ്ടാവണം.

തൊണ്ണൂറുകള്‍ക്കു മുമ്പ് ശാസ്ത്രജ്ഞരുടെ ധാരണ വ്യക്തിത്വം രൂപപ്പെടുന്നത് ജനിച്ചുകഴിഞ്ഞ്, പ്രത്യേകിച്ച് കുട്ടി നടക്കാനൊക്കെത്തുടങ്ങിയതിനു ശേഷം, മാത്രമാണ് എന്നായിരുന്നു. എന്നാല്‍ സമീപകാല പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഓര്‍മശക്തിയുടെ മാത്രമല്ല, വ്യക്തിത്വരൂപീകരണത്തിന്‍റെയും നാന്ദി ഭ്രൂണാവസ്ഥയിലേ കുറിക്കപ്പെടുന്നുണ്ട് എന്നാണ്. ഉദാഹരണത്തിന്, അമ്മയുടെ വയറ്റില്‍വെച്ച് ഏറെ പിരുപിരുപ്പു കാണിക്കുന്നവര്‍ ശൈശവത്തില്‍ ക്ഷിപ്രകോപികളായിരിക്കുമെന്നും, ഗര്‍ഭാവസ്ഥയില്‍ ഉറങ്ങാനും ഉണരാനും പ്രത്യേകിച്ചു സമയക്രമമൊന്നും പാലിക്കാഞ്ഞവരെ ജനിച്ചുകഴിഞ്ഞ് ഉറക്കക്കുറവു പിടികൂടാമെന്നും ഒരു പഠനം സൂചിപ്പിച്ചു. ഭ്രൂണാവസ്ഥയുടെ ഒമ്പതാംമാസത്തില്‍ ഹൃദയമിടിപ്പു കൂടുതലുള്ളവര്‍ക്ക് ജനനശേഷം ഉറക്കത്തിലും ആഹാരംകഴിപ്പിലും തകരാറുകള്‍ കാണാമെന്നും ജനിച്ചാറുമാസംകഴിഞ്ഞ് ഇവര്‍ വികാരപ്രകടനങ്ങളില്‍ പിശുക്കുകാണിക്കാമെന്നും അതേ പഠനം കണ്ടുപിടിക്കുകയുണ്ടായി.

ഗര്‍ഭസ്ഥശിശുക്കള്‍ക്ക്‌ കേള്‍ക്കാനും ഓര്‍ക്കാനുമൊക്കെ സാധിക്കും എന്നതുവെച്ച് പല പുസ്തകങ്ങളും “വിദഗ്ദ്ധരു”മൊക്കെ കുട്ടിയുടെ ബുദ്ധിയും വ്യക്തിത്വവും മെച്ചപ്പെടുത്താനായി പേപ്പര്‍ക്കുഴലിലൂടെ സംസാരിക്കുക, നല്ല കഥകള്‍ വായിച്ചുകൊടുക്കുക, ശാസ്ത്രീയസംഗീതം കേള്‍പ്പിക്കുക തുടങ്ങിയ വിദ്യകള്‍ നിര്‍ദ്ദേശിക്കാറുണ്ട്. എന്നാല്‍ ഭൂരിഭാഗം ശാസ്ത്രജ്ഞരും ഇതിനോടൊന്നും യോജിക്കുന്നില്ല. ഇത്തരം ഉദ്ദീപനങ്ങള്‍ക്ക് സ്ഥായിയായ അനുരണനങ്ങള്‍ ഉളവാക്കാനാവുമെന്ന് ഒരു പഠനവും അസന്ദിഗ്ധമായിത്തെളിയിച്ചിട്ടില്ല. ഭ്രൂണങ്ങള്‍ മിക്കനേരവും ഉറങ്ങുകയാവും എന്നതിനാല്‍ ഇത്തരമിടപെടലുകള്‍ അവരുടെ ഉറക്കത്തെയും അതുവഴി തലച്ചോറിന്‍റെയും മറ്റും വളര്‍ച്ചയെയും അലങ്കോലപ്പെടുത്തുകയും ചെയ്യാം.

ഗര്‍ഭസ്ഥശിശുക്കളുടെ ഭാവിബുദ്ധിയോ വ്യക്തിത്വമോ ഉള്ളതിലും പുഷ്ടിപ്പെടുത്താനായി നമുക്കു ചെയ്യാവുന്നതായ ഫലവത്തായ മാര്‍ഗങ്ങള്‍ ഒന്നുംതന്നെയില്ല.

ലഭ്യമായ അറിവുകള്‍ വെച്ച്, ഗര്‍ഭസ്ഥശിശുക്കളുടെ ഭാവിബുദ്ധിയോ വ്യക്തിത്വമോ ഉള്ളതിലും പുഷ്ടിപ്പെടുത്താനായി നമുക്കു ചെയ്യാവുന്നതായ ഫലവത്തായ മാര്‍ഗങ്ങള്‍ ഒന്നുംതന്നെയില്ല. അതേസമയം സംഗീതത്തിന് ഗര്‍ഭസ്ഥശിശുക്കള്‍ക്ക് പൊതുവായ ഒരുത്തേജനം കൊടുക്കാനാവും. നേരത്തേ സൂചിപ്പിച്ചപോലെ അരിച്ചെടുത്ത ശബ്ദം മാത്രമേ കുട്ടിയുടെ ചെവികളിലെത്തൂ എന്നതിനാല്‍ പാട്ടിന്‍റെ ഈണത്തിനല്ല, താളത്തിനാണ് ഇവിടെ കൂടുതല്‍ പ്രസക്തി. അതുപോലെ മാതാപിതാക്കള്‍ ഗര്‍ഭസ്ഥശിശുവിനോട് മൃദുവായ സ്വരത്തില്‍ എന്തെങ്കിലും സംസാരിക്കുന്നത് കുട്ടിയുമായി അവര്‍ക്കുള്ള വൈകാരികബന്ധം ദൃഢമാവാനുതകും.

മറുവശത്ത്, മസ്തിഷ്കവളര്‍ച്ചയെ താറുമാറാക്കുന്ന ചില ഘടകങ്ങളെപ്പറ്റി സൂക്ഷ്മത പുലര്‍ത്തുന്നത് കുട്ടിക്ക് ഉള്ള കഴിവുകള്‍ പൊയ്പ്പോവാതിരിക്കാന്‍ സഹായകമാവും. ഉദാഹരണത്തിന്, ഗര്‍ഭിണിയുടെ മാനസികസൌഖ്യം കുട്ടിയുടെ ആരോഗ്യകരമായ വളര്‍ച്ചക്കു നിര്‍ണായകമാണ്. ക്ഷണികമായ വികാരവിക്ഷുബ്ധതകള്‍ ഹാനികരമാവില്ലെങ്കിലും നിരന്തരമായ മാനസികസമ്മര്‍ദ്ദവും ഉത്ക്കണ്ഠയുമൊക്കെ ഗര്‍ഭസ്ഥശിശുക്കളില്‍ പല ദോഷഫലങ്ങളുമുണ്ടാക്കാം. ടെന്‍ഷനടിക്കുമ്പോഴും ഉറക്കമിളക്കുമ്പോഴും മറ്റും അമ്മയുടെ ശരീരത്തിലുണ്ടാവുന്ന ഹോര്‍മോണ്‍വ്യതിയാനങ്ങള്‍ പൊക്കിള്‍ക്കൊടിയിലൂടെ കുഞ്ഞിന്‍റെ ശരീരത്തിലെത്തുകയും അവിടെ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യാം. ഉദാഹരണത്തിന്, അമ്മ പേടിക്കുമ്പോള്‍ സ്രവിക്കപ്പെടുന്ന ഹോര്‍മോണുകള്‍ രക്തം വഴി കുഞ്ഞിലേക്കെത്തി അതിന്‍റെയുള്ളിലും പേടിയുളവാക്കാം. ഏറെ മനസ്സംഘര്‍ഷം സഹിക്കേണ്ടിവരുന്ന അമ്മമാരുടെ കുട്ടികള്‍ ഗര്‍ഭാവസ്ഥയില്‍ പിരുപിരുപ്പും ജനനശേഷം ദേഷ്യക്കൂടുതലും കാണിക്കുമെന്നും, ആകുലചിത്തരായ അമ്മമാരുടെ മക്കളെയും അമിതോത്ക്കണ്ഠ പിടികൂടാമെന്നും സൂചനകളുണ്ട്. മനസ്സുഖമെന്തെന്നറിയാതെ ഗര്‍ഭകാലം കഴിച്ചുകൂട്ടേണ്ടിവരുന്നവരുടെ മക്കളില്‍ അശ്രദ്ധ, പിരുപിരുപ്പ്, പെരുമാറ്റവൈകല്യങ്ങള്‍, വൈകാരികപ്രശ്നങ്ങള്‍ തുടങ്ങിയവ കൂടുതലായിക്കണ്ടുവരുന്നുണ്ട്. അമ്മയുടെ മാനസികസംഘര്‍ഷം അതിതീവ്രമായാല്‍ അതു കുട്ടിയെ മാനസികമായി മാത്രമല്ല, ശാരീരികമായിപ്പോലും തകര്‍ക്കാം — സമയമെത്തുംമുമ്പേ പ്രസവം, ജനനസമയത്തെ തൂക്കക്കുറവ് തുടങ്ങിയവ ഇത്തരം കുട്ടികളില്‍ സാധാരണമാണ്.

ആവശ്യത്തിനു പോഷകാഹാരങ്ങള്‍ കഴിക്കുന്നതും മദ്യപാനം, പുകവലി, അത്രയത്യാവശ്യമില്ലാത്ത മരുന്നുകള്‍ തുടങ്ങിയവ ഒഴിവാക്കുന്നതും കുട്ടിയുടെ തലച്ചോറിന്‍റെയും അതുവഴി ഓര്‍മ, ബുദ്ധി തുടങ്ങിയവയുടെയും ശരിയായ രൂപീകരണത്തിനു സുപ്രധാനമാണ്. ഗര്‍ഭകാലത്തു പോഷകാഹാരം കിട്ടാത്തവരുടെ മക്കള്‍ക്ക് ഭാവിയില്‍ സ്കിസോഫ്രീനിയ, ആന്‍റിസോഷ്യല്‍ പേഴ്സണാലിറ്റി തുടങ്ങിയ മാനസികപ്രശ്നങ്ങള്‍ പിടിപെടാനുള്ള സാദ്ധ്യതയും ഏറെയാണ്.

(2014 ഒക്ടോബര്‍ ലക്കം ആരോഗ്യമംഗളത്തില്‍ പ്രസിദ്ധീകരിച്ചത്.)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.


Drawing: Grey Fetus by mr-book-faced