ഫോണിനെ മെരുക്കാം

digital_detox_malayalam

സ്മാര്‍ട്ട് ഫോണും സമാന ഡിവൈസുകളും മിതമായി മാത്രം ഉപയോഗിക്കുന്ന ജീവിതശൈലിക്ക് “ഡിജിറ്റല്‍ ഡീറ്റോക്സ്‌” എന്നാണു പേര്. ഇതു മൂലം ഉറക്കം, ബന്ധങ്ങള്‍, കാര്യക്ഷമത, ഏകാഗ്രത, മാനസികവും ശാരീരികവുമായ ആരോഗ്യം എന്നിങ്ങനെ നിരവധി മേഖലകളില്‍ ഗുണഫലങ്ങള്‍ കിട്ടാറുണ്ട്. മറ്റു പല ശീലങ്ങളെയും പോലെ പടിപടിയായി ആര്‍ജിച്ചെടുക്കേണ്ടതും ശ്രദ്ധാപൂര്‍വ്വം നിലനിര്‍ത്തേണ്ടതുമായ ഒന്നാണ് ഇതും. ഡിജിറ്റല്‍ ഡീറ്റോക്സ്‌ നടപ്പിലാക്കാന്‍ താല്‍പര്യമുള്ളവര്‍ക്കു സ്വീകരിക്കാവുന്ന കുറച്ചു നടപടികളിതാ:

 • സ്വന്തം ദൈനംദിന ജീവിതത്തില്‍, ഫോണുപയോഗം തീരെ അനുചിതമായ സ്ഥലങ്ങളും നേരങ്ങളും തിരിച്ചറിയുക. എന്നിട്ട് ആദ്യം, അതില്‍ ഫോണ്‍ എളുപ്പത്തില്‍ ഉപേക്ഷിക്കാവുന്ന സ്ഥലങ്ങളിലും സമയങ്ങളിലും അങ്ങിനെ ചെയ്യുക. പിന്നീട്, കൂടുതല്‍ ദുഷ്കരമായവയിലും ശ്രമിക്കുക.
 • “രാത്രി പത്തോടെ എല്ലാ ഡിവൈസും ഓഫാക്കും”, “ഏഴു മണി കഴിഞ്ഞാല്‍ ഈമെയില്‍ പരിശോധിക്കില്ല”, “മാസത്തില്‍ ഒരു ഞായറാഴ്ച ഒരു സ്ക്രീനും നോക്കില്ല” എന്നിങ്ങനെ കുറച്ചു നിയമങ്ങള്‍ സ്വയം നിര്‍മിച്ചു നടപ്പാക്കുക. അപ്പോള്‍ കൈവരുന്ന അധിക സമയങ്ങളില്‍ പകരം എന്താണു ചെയ്യുക എന്നത് മുന്‍‌കൂര്‍ നിശ്ചയിച്ചുവെക്കുക. അത്തരം നേരങ്ങളില്‍ ഫോണോ മറ്റോ കണ്‍വട്ടത്തേ വെക്കാതിരിക്കുക.
 • തൊട്ടടുത്തുള്ള കടയില്‍ ഒന്നു പോയിവരിക പോലുള്ള അധികം സമയം വേണ്ടാത്ത കാര്യങ്ങള്‍ ചെയ്യുന്നേരം ഫോണ്‍ കൈവശം വെക്കാതിരിക്കാന്‍ തുടങ്ങുക. അതില്‍ വിജയിച്ചാല്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള അവസരങ്ങളിലും അതിനു ശ്രമിക്കുക.
 • ജീവിതത്തില്‍ ചെയ്യാന്‍ ഏറെ ആഗ്രഹമുണ്ടായിരുന്ന, എന്നാല്‍ ഇപ്പോള്‍ ചെയ്യുന്നില്ലാത്ത കുറച്ചു കാര്യങ്ങളുടെ പട്ടികയുണ്ടാക്കി അവയ്ക്കു സമയം കണ്ടെത്തുക — ഫോണുപയോഗം താനേ നിയന്ത്രിതമാകും.
 • ഭക്ഷണവേളയില്‍ ഫോണ്‍ മാറ്റിവെക്കുക, ആഹാരം ആസ്വദിക്കുക.
 • ആരോടെങ്കിലും സംസാരിക്കുന്നതിനിടയില്‍ ഇടയ്ക്കിടെ ഫോണ്‍ നോക്കാതിരിക്കുക.
 • ചെറിയൊരു ബോറടി തോന്നുമ്പോഴേയ്ക്കും ഫോണ്‍ കയ്യിലെടുക്കുന്ന പതിവുണ്ടെങ്കില്‍ അവസാനിപ്പിക്കുക.
 • ഡിവൈസുകളും അവയിലെ ആപ്പുകളുമൊക്കെ ഡിസൈന്‍ ചെയ്തിരിക്കുന്നത് നമ്മെ പരമാവധി ആകര്‍ഷിക്കുകയും അവിടെത്തന്നെ തളച്ചിടുകയും ഉന്നമിട്ടാണ്. (ഒരു വീഡിയോ തീര്‍ന്നാല്‍ ഉടനടി അടുത്തതു സ്വയം പ്ലേ ചെയ്തുതുടങ്ങുന്നതും ഒരു ലേഖനത്തിനു കീഴെ സമാനമായ അനേകത്തിന്‍റെ ലിങ്കുകള്‍ വിളമ്പപ്പെടുന്നതുമെല്ലാം ഇതിന്‍റെ ഭാഗമാണ്.) അതുകൊണ്ട്, ഓരോ തവണയും നെറ്റില്‍ക്കയറുമ്പോള്‍ എന്താണു തന്‍റെ ലക്ഷ്യം, എത്ര സമയം അവിടെ ചെലവിടണം എന്നിവയെക്കുറിച്ച് കൃത്യമായ ധാരണ സൂക്ഷിക്കുക. ആ ജോലിയും അത്രയും സമയവും തീര്‍ന്നാല്‍ നെറ്റില്‍നിന്നു പുറത്തുകടക്കുക.
 • താനീ ചെയ്യുന്നതിനെപ്പറ്റി ചുറ്റുമുള്ളവര്‍ എന്തു വിചാരിച്ചേക്കാം എന്നത് ഓരോ തവണയും ഫോണ്‍ കയ്യിലെടുക്കുമ്പോള്‍ പരിഗണിക്കുക.
 • ഫോണ്‍ സ്വല്‍പനേരം ഓഫാക്കിയിടാന്‍ അങ്ങിനെയൊരു കര്‍ശനനിര്‍ദ്ദേശമുള്ള സ്ഥലങ്ങള്‍ക്കോ സാഹചര്യങ്ങള്‍ക്കോ കാത്തിരിക്കേണ്ടതില്ല. ശ്രദ്ധയ്ക്ക് ഒരു ഭംഗവും ഇടയ്ക്കു വരാതെ മുഴുമിക്കണമെന്നുള്ള ജോലികളോ സംഭാഷണങ്ങളോ തുടങ്ങുമ്പോഴും വ്യായാമനേരത്തുമെല്ലാം ഫോണ്‍ ഓഫാക്കുകയോ എയര്‍പ്ലെയിന്‍ മോഡിലേക്കു മാറ്റുകയോ ചെയ്യുക.
 • നോട്ടിഫിക്കേഷനുകള്‍, അവയ്ക്കു മറുപടിയായി നാം ഫോണ്‍ കയ്യിലെടുക്കുന്നില്ലെങ്കില്‍പ്പോലും, നമ്മുടെ ഏകാഗ്രതയെ ഹനിച്ചുകൊണ്ടിരിക്കാം. അവ പരമാവധി, വൈബ്രേഷനും പുഷ് നോട്ടിഫിക്കേഷനുകളും അടക്കം, ഓഫ് ചെയ്തിടുക.
 • അധികം ഉപയോഗിക്കാത്തതോ വലിയ പ്രാധാന്യമില്ലാത്തതോ ആയ ആപ്പുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക. അത്യാവശ്യമില്ലാത്ത ഈമെയില്‍ ലിസ്റ്റുകളില്‍നിന്ന് അണ്‍സബ്’സ്ക്രൈബ് ചെയ്യുക. വലിയ പ്രസക്തിയില്ലാത്ത വ്യക്തികളെയും പേജുകളെയും അണ്‍ഫോളോ ചെയ്യുക. അപ്രധാനമായ വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍നിന്ന് വിട്ടുപോരുക.
 • ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമുമൊക്കെ ഫോണില്‍നിന്ന് ഒഴിവാക്കുക, കംപ്യൂട്ടറില്‍ മാത്രം നോക്കുക.
 • മെസേജുകള്‍ക്കും കമന്‍റുകള്‍ക്കുമൊക്കെയുള്ള മറുപടി ഉടനുടന്‍ കൊടുത്തുകൊണ്ടിരിക്കാനുള്ള ത്വര നിയന്ത്രിക്കുക. ദിവസത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം വെച്ച് എല്ലാറ്റിനുംകൂടി ഒരുമിച്ചു മറുപടി കൊടുക്കുക. ഈ നയം വ്യക്തമാക്കുന്ന ഒരു ഓട്ടോമാറ്റിക് റിപ്ലൈ ഒരുക്കിയിടാവുന്നതുമാണ്.
 • ഫോണില്‍ അലാറം വെച്ച്, അതടിക്കുമ്പോള്‍ ഉണര്‍ന്ന്‍, അതോഫാക്കാന്‍ കയ്യിലെടുക്കുന്ന ഫോണ്‍ ഏറെക്കഴിഞ്ഞു മാത്രം തിരിച്ചു താഴെവെക്കുന്ന ശീലമുള്ളവര്‍ അലാറം ക്ലോക്കിലേക്കു മാറുക.
 • സ്വയംമതിപ്പു നിലനിര്‍ത്താന്‍ ലൈക്കുകളെയും കമന്‍റുകളെയും മറ്റും മാത്രം ആശ്രയിക്കാതെ, മറ്റുള്ളവരുടെ പ്രശംസ മുഖത്തോടുമുഖം കിട്ടുന്ന സാഹചര്യങ്ങള്‍ സ്വജീവിതത്തില്‍ സൃഷ്ടിക്കാനും പരിശ്രമിക്കുക.
 • സര്‍വ തരം വിവരങ്ങള്‍ക്കും സദാ നെറ്റിനെത്തന്നെ ആശ്രയിക്കാതിരിക്കുക. ഉദാഹരണത്തിന്, വഴി ചോദിക്കാന്‍ റോഡരികില്‍ ഉള്ളവരെയും ശാരീരിക വൈഷമ്യങ്ങളെക്കുറിച്ചു കൂടുതലറിയാന്‍ ഡോക്ടര്‍മാരെത്തന്നെയും സമീപിക്കാം.
 • ഇത്തരം നിയന്ത്രണങ്ങള്‍ ഒറ്റയ്ക്കു നടപ്പിലാക്കുക വിഷമകരമാണെങ്കില്‍ സമാന ആഗ്രഹമുള്ള മറ്റൊരാളെക്കൂടി കൂട്ടുപിടിക്കുക. ഓരോ ദിവസത്തെയും പുരോഗതി പരസ്പരം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുക.
 • ഫോണുപയോഗം നിയന്ത്രിക്കാന്‍ തീരുമാനിച്ചെന്ന് കുടുംബാംഗങ്ങളെയും സഹപ്രവര്‍ത്തകരെയുമൊക്കെ അറിയിച്ചിടുന്നതും ഗുണകരമാകും.

 (2019 ഡിസംബര്‍ ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.


Image courtesy: headspace.com

പിടിവീഴ്ത്താം, ബോഡിഷെയ്മിംഗിന്
അതിജയിക്കാം, തൊഴില്‍നഷ്ടത്തെ

Related Posts

 

By accepting you will be accessing a service provided by a third-party external to http://www.mind.in/

ഏറ്റവും പ്രസിദ്ധം:

25 February 2014
ലൈംഗികത
പ്രണയം എന്ന വിഷയം കാലങ്ങളായി എഴുത്തുകാരുടെയും തത്വചിന്തകരുടെയും സാധാരണക്കാരുടെയുമൊക്കെ വിശകലനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. എങ്കിലും പ്രണയത്തിന്‍റെ സങ്കീര്‍ണതകളുടെ ഇഴപിരിച്ചറിയാന്‍ താല്പര്യമുള്ളവര്‍ ആധ...
24 October 2015
ലൈംഗികത
ലൈംഗികാവയവങ്ങള്‍, സംഭോഗം, ഗര്‍ഭനിരോധനം, ലൈംഗികരോഗങ്ങള്‍ തുടങ്ങിയവയെപ്പറ്റി നിങ്ങള്‍ക്ക് എത്രത്തോളം വിവരമുണ്ടെന്നു പരിശോധിച്ചറിയാന്‍ താല്‍പര്യമുണ്ടോ? എങ്കില്‍ താഴെക്കൊടുത്ത ഇരുപത്തഞ്ചു പ്രസ്താവനകള്‍ ഓര...
09 April 2014
മക്കളെപ്പോറ്റല്‍
ഒരു സുപ്രഭാതത്തില്‍ അടിവസ്ത്രത്തില്‍ ചലപ്പാടുകള്‍ ശ്രദ്ധിച്ച് എവിടുത്തെ മുറിവാണു പഴുത്തുപൊട്ടിയത് എന്നാശങ്കപ്പെടുന്ന ആണ്‍കുട്ടികളുടെയും, പെട്ടെന്നൊരുനാള്‍ ചോരയൂറിവരുന്നതു കാണുമ്പോള്‍ മാത്രം ഒരവയവത്തിന...
13 September 2012
കൌമാരം
ഒരാളുടെ വ്യക്തിത്വം അയാളുടെ വ്യക്തിബന്ധങ്ങളെയും തൊഴില്‍വിജയത്തെയും ആരോഗ്യത്തെയും വളരെയധികം സ്വാധീനിക്കുന്നുണ്ട്. തന്‍റെ കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും തന്നോടു തന്നെയുമുള്ള ഒരാളുടെ പെരുമാറ്റരീതി ...
15 November 2013
യൌവനം
ബാല്യവും കൌമാരവും കടന്ന്‍ ഒരാള്‍ യൌവനത്തിലേക്കു പ്രവേശിക്കുന്നതിനോടൊപ്പം അയാളില്‍ മാനസിക പിരിമുറുക്കത്തിനിടയാക്കുന്ന പ്രധാന ഘടകങ്ങള്‍ ഏതൊക്കെ എന്നതിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. യൗവനാരംഭത്തില്‍ പ...
Looking for a deaddiction center in Kerala? Visit the website of SNEHAM.

പ്രചരിപ്പിക്കുക

FLIP

Looking for a psychiatry hospital in Kerala? Visit the website of SNEHAM.

പുതുലേഖനങ്ങള്‍ മെയിലില്‍ കിട്ടാന്‍:

Looking for a mental hospital in Kerala? Visit the website of SNEHAM.

Like us on Facebook

Our website is protected by DMC Firewall!