എ.ഡി.എച്ച്.ഡി.യുടെ ചികിത്സകള്‍ : മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

എ.ഡി.എച്ച്.ഡി.യുടെ ചികിത്സകള്‍ : മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

എ.ഡി.എച്ച്.ഡി. എന്ന അസുഖത്തെ വേരോടെ പിഴുതുകളയുന്ന ചികിത്സകളൊന്നും ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ലഭ്യമായ എ.ഡി.എച്ച്.ഡി. ചികിത്സകളെല്ലാം ഊന്നല്‍ നല്‍കുന്നത് രോഗലക്ഷണങ്ങളുടെ തീവ്രത ലഘൂകരിക്കുന്നതിലും കുട്ടിയുടെ ജീവിതനിലവാരവും പഠനമികവും മെച്ചപ്പെടുത്തുന്നതിലുമാണ്. ബിഹേവിയര്‍ തെറാപ്പി, പേരന്റ് ട്രെയിനിംഗ്, മരുന്നുകള്‍ എന്നിവയാണ് ഗവേഷണങ്ങളില്‍ ഫലപ്രദമെന്നു തെളിഞ്ഞു കഴിഞ്ഞ പ്രധാന ചികിത്സാരീതികള്‍. ഈ ചികിത്സകള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിന് കുടുംബാംഗങ്ങള്‍, അദ്ധ്യാപകര്‍, ചൈല്‍ഡ് സ്പെഷ്യലിസ്റ്റുകള്‍, സൈക്ക്യാട്രിസ്റ്റുകള്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍, കൌണ്‍സിലര്‍മാര്‍ തുടങ്ങിയവരുടെ കൂട്ടായ പ്രവര്‍ത്തനം അത്യാവശ്യമാണ്.

രോഗനിര്‍ണയം

ഒരു കുട്ടിക്ക് എ.ഡി.എച്ച്.ഡി.യുണ്ടോ എന്ന് കൃത്യമായി നിര്‍ണയിക്കാന്‍ സഹായിക്കുന്ന ടെസ്റ്റുകളൊന്നും നിലവിലില്ല. കുട്ടിക്ക് എ.ഡി.എച്ച്.ഡി.യുടെ ലക്ഷണങ്ങളുണ്ടോയെന്നും, അവ അസുഖത്തിന്റെ നിര്‍വചനം ആവശ്യപ്പെടുന്നയത്ര തീവ്രമാണോ എന്നും തീരുമാനിക്കുകയാണ് രോഗനിര്‍ണയത്തിന് പ്രധാനമായും ചെയ്യുന്നത്. കുടുംബാംഗങ്ങളുമായുള്ള വിശദമായ ചര്‍ച്ചകളും കുട്ടിക്കു നടത്തുന്ന മാനസികവും ശാരീരികവുമായ പരിശോധനകളുമാണ് രോഗനിര്‍ണയത്തിനുള്ള പ്രധാന ഉപകരണങ്ങള്‍..

കുട്ടി പ്രകടമാക്കുന്ന ലക്ഷണങ്ങള്‍ രോഗത്തിന്റെ പരിധിയില്‍ വരുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ ചില ചോദ്യാവലികള്‍ സഹായകമാവാറുണ്ട്. ചില കുട്ടികള്‍ക്ക് ബുദ്ധിമാന്ദ്യമോ പഠനവൈകല്യങ്ങളോ തിരിച്ചറിയാനുള്ള സൈക്കോളജിക്കല്‍ ടെസ്റ്റുകള്‍ ആവശ്യമായി വന്നേക്കാം. കുട്ടിയുടെ ബുദ്ധിമുട്ടുകള്‍ക്കു പിന്നില്‍ അപസ്മാരം, കാഴ്ചയുടെയോ കേള്‍വിയുടെയോ പ്രശ്നങ്ങള്‍, ഹൈപ്പോതൈറോയ്ഡിസം തുടങ്ങിയ ശാരീരിക അസുഖങ്ങള്‍ക്കു പങ്കുണ്ട് എന്നു സംശയം തോന്നിയാല്‍ ഡോക്ടര്‍മാര്‍ അനുയോജ്യമായ ടെസ്റ്റുകള്‍ നിര്‍ദ്ദേശിച്ചേക്കാം.

ചികിത്സയെടുത്തില്ലെങ്കില്‍ എന്താ‍ണു കുഴപ്പം?

രോഗനിര്‍ണയത്തിലും ചികിത്സ ആരംഭിക്കുന്നതിലും വരുന്ന കാലതാമസം പഠനനിലവാരത്തിലെ തകര്‍ച്ച, പെരുമാറ്റവൈകല്യങ്ങള്‍, അച്ചടക്കലംഘനത്തിനുള്ള പ്രവണത‍, ആത്മവിശ്വാസക്കുറവ്, വിഷാദരോഗം പോലുള്ള മാനസികപ്രശ്നങ്ങള്‍, പരിക്കുകള്‍, അപകടങ്ങള്‍ തുടങ്ങിയവക്കു കാരണമാവാറുണ്ട്. ചികിത്സ കിട്ടാത്ത കുട്ടികള്‍ക്ക് കുടുംബബന്ധങ്ങള്‍ നിലനിര്‍ത്തുവാനും, കൂട്ടുകെട്ടുകള്‍ വളര്‍ത്തിയെടുക്കുവാനും, സാമൂഹ്യമര്യാദകള്‍ പഠിച്ചെടുക്കുവാനും കൂടുതല്‍ പ്രയാസം നേരിടാറുണ്ട്. എ.ഡി.എച്ച്.ഡി.യുടെ ലക്ഷണങ്ങളുമായി വളര്‍ന്നു വരുന്നവരില്‍ പ്രായപൂര്‍ത്തിയെത്തുന്നതിനു മുമ്പേയുള്ള ലൈംഗികബന്ധങ്ങള്‍, അമിതമദ്യപാനം, ലഹരിമരുന്നുകളുടെ ഉപയോഗം, ജോലി ലഭിക്കുന്നതിലും നിലനിര്‍ത്തുന്നതിലുമുള്ള ബുദ്ധിമുട്ടുകള്‍, നിയമലംഘനത്തിനുള്ള പ്രവണത, അക്രമവാസന തുടങ്ങിയവ കൂടുതലായി കണ്ടുവരാറുണ്ട്.

ബിഹേവിയര്‍ തെറാപ്പിയുടെ പ്രസക്തി

മുതിര്‍ന്നു കഴിഞ്ഞ് എ.ഡി.എച്ച്.ഡി. ബാധിതരില്‍ എത്രത്തോളം പ്രശ്നങ്ങള്‍ അവശേഷിക്കുമെന്നു നിശ്ചയിക്കുന്ന  പ്രധാനഘടകങ്ങള്‍ അവരുടെ പഠനനിലവാരം, സമപ്രായക്കാരുമായി ഇടപഴകാനുള്ള അവരുടെ മിടുക്ക്, അവരുടെ മാതാപിതാക്കള്‍ എ.ഡി.എച്ച്.ഡി. ലക്ഷണങ്ങളെ കൈകാര്യം ചെയ്യുന്ന രീതി എന്നിവയാണ്. ഈ മൂന്നു ഘടകങ്ങളിലും പോസിറ്റീവായ മാറ്റങ്ങള്‍ ലഭിക്കാന്‍ ബിഹേവിയര്‍ തെറാപ്പി ഏറെ സഹായിക്കാറുണ്ട്. ഈ കുട്ടികളോട് എങ്ങിനെ ഇടപെടണമെന്ന പരിശീലനം മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും നല്‍കാനും, തങ്ങളുടെ ന്യൂനതകളെ ലഘൂകരിക്കുന്നതെങ്ങനെയെന്ന പരിശീലനം കുട്ടികള്‍ക്ക് കൊടുക്കാനും ബിഹേവിയര്‍ തെറാപ്പിക്ക് സാധിക്കാറുണ്ട്. എ.ഡി.എച്ച്.ഡി.യുടെ ലക്ഷണങ്ങള്‍ ചിലരിലെങ്കിലും ജീവിതാന്ത്യം വരെ നിലനിന്നേക്കാമെന്നതും അവയെ നേരിടാനുള്ള കഴിവുകള്‍ സ്വായത്തമാക്കുന്നത് ജീവിതകാലം മുഴുവന്‍ ഉപകരിച്ചേക്കാമെന്നതും ബിഹേവിയര്‍ തെറാപ്പിയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. മരുന്നുകള്‍ കഴിഞ്ഞാല്‍ ശാസ്ത്രീയഗവേഷണങ്ങളുടെ ഏറ്റവുമധികം പിന്‍ബലമുള്ള ചികിത്സയും ബിഹേവിയര്‍ തെറാപ്പിയാണ്.

ബിഹേവിയര്‍ തെറാപ്പിയുടെ ലക്ഷ്യങ്ങള്‍

കുട്ടിയുടെ പ്രവൃത്തികളെ നിരീക്ഷിക്കുവാനും എന്നിട്ട് അവയില്‍ അനുയോജ്യമായ മാറ്റങ്ങള്‍ വരുത്തുവാനും കുട്ടിയെയും മാതാപിതാക്കളെയും പ്രാപ്തരാക്കുകയാണ് ബിഹേവിയര്‍ തെറാപ്പിയുടെ പ്രധാന ലക്ഷ്യം. ദേഷ്യം നിയന്ത്രിക്കുക, വരുംവരായ്കകളെകുറിച്ച് ചിന്തിച്ചു മാത്രം പ്രവര്‍ത്തിക്കുക തുടങ്ങിയ നല്ല ശീലങ്ങള്‍ കാണിക്കുമ്പോള്‍ കുട്ടിക്ക് അഭിനന്ദനങ്ങളോ ചെറിയ സമ്മാനങ്ങളോ നല്‍കുന്നതെങ്ങനെയെന്നും, ക്രിയാത്മകമായ രീതിയില്‍ കുട്ടിക്ക് പുകഴ്ത്തലുകളും വിമര്‍ശനങ്ങളും കൊടുക്കുന്നതെങ്ങനെയെന്നും ഒക്കെയുള്ള പരിശീലനം ബിഹേവിയര്‍ തെറാപ്പിയില്‍ മാതാപിതാക്കള്‍ക്കു നല്‍കാറുണ്ട്. അടുക്കും ചിട്ടയോടെ കാര്യങ്ങള്‍ ചെയ്യാനും, സ്കൂള്‍ജോലികള്‍ സമയത്ത് മുഴുവനാ‍ക്കാനും, മനക്ലേശമുണ്ടാക്കുന്ന സാഹചര്യങ്ങളെ അതിജീവിക്കാനുമൊക്കെയുള്ള പ്രായോഗികപരിശീലനങ്ങളും ബിഹേവിയര്‍ തെറാപ്പിയുടെ ഭാഗമാണ്.

ബിഹേവിയര്‍ തെറാപ്പിയില്‍ സംഭവിക്കുന്നത്

കുട്ടിയുടെ ഏതൊക്കെ പെരുമാറ്റങ്ങളിലാണ് അടിയന്തിരമായി മാറ്റങ്ങള്‍ വേണ്ടത്, ഇത്തരം പെരുമാറ്റങ്ങള്‍ക്കു തൊട്ടുമുമ്പേ എന്തൊക്കെയാണ് സംഭവിക്കാറുള്ളത്, ഈ പെരുമാറ്റങ്ങളുടെ പരിണിതഫലങ്ങള്‍ എന്തൊക്കെയാണ് എന്നൊക്കെയുള്ള വിശകലനങ്ങളാണ് ബിഹേവിയര്‍ തെറാപ്പിയുടെ പ്രധാന അടിത്തറ. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു പെരുമാറ്റത്തിനു മുന്നോടിയാവുന്ന സാഹചര്യങ്ങളിലും ആ പെരുമാറ്റത്തിന്റെ അനന്തരഫലങ്ങളിലും മാറ്റങ്ങള്‍ വരുത്തി എങ്ങിനെ ഇത്തരം പെരുമാറ്റങ്ങളെ കുറച്ചുകൊണ്ടുവരാമെന്ന് മുതിര്‍ന്നവര്‍ക്ക് പരിശീലനം കൊടുക്കുകയാണ് തെറാപ്പിസ്റ്റുകള്‍ ചെയ്യാറുള്ളത്. ഉദാഹരണത്തിന്‍, അനുസരണക്കേടാണ് ഒരു കുട്ടിയുടെ പ്രധാനപ്രശ്നം എന്നിരിക്കട്ടെ. കുട്ടിയോട് നാം എന്തെങ്കിലും ആവശ്യപ്പെടുന്നത് ഏതു രീതിയിലാണ്, കുട്ടി അതനുസരിക്കാതെ വരുമ്പോള്‍ നാം പ്രതികരിക്കുന്നതെങ്ങിനെയാണ് എന്നീ കാര്യങ്ങളില്‍ അനുയോജ്യമായ മാറ്റങ്ങള്‍ വരുത്തി കുട്ടിയില്‍ അനുസരണാശീലം വളര്‍ത്തിയെടുക്കാവുന്നതാണ്. 

വീട്ടിലും സ്കൂളിലും മറ്റു സാഹചര്യങ്ങളിലും കുട്ടിയുടെ പെരുമാറ്റങ്ങളിലുള്ള പ്രധാനപ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന വിശദമായ അവലോകനമാണ് തെറാപ്പിയുടെ ആദ്യപടി. അതിനു ശേഷം മാറ്റങ്ങള്‍ ആവശ്യമുള്ളതും, മാറ്റം വന്നു കഴിഞ്ഞാല്‍ കുട്ടിയുടെ കാര്യക്ഷമതയെയും ഭാവിയെയും സഹായിച്ചേക്കാവുന്നതുമായ കുറച്ചു പെരുമാറ്റങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുന്നു. മാറ്റിയെടുക്കേണ്ട ദുശ്ശീലങ്ങളും പുതുതായി പരിശീലിപ്പിച്ചെടുക്കേണ്ട നല്ല ഗുണങ്ങളും ഈ ലിസ്റ്റില്‍ ഉള്‍ക്കൊള്ളിക്കാറുണ്ട്. സഹപാഠികളെ ഉപദ്രവിക്കാതിരിക്കുക,  ദിവസവും ഒന്നര മണിക്കൂറെങ്കിലും വായിക്കുക തുടങ്ങിയവ ലിസ്റ്റില്‍ ഉള്‍പ്പെടുത്താവുന്ന പെരുമാറ്റങ്ങളുടെ ഉദാ‍ഹരണങ്ങളാണ്. കുട്ടിക്ക് എളുപ്പത്തില്‍ മാറ്റം വരുത്താവുന്ന പെരുമാറ്റങ്ങളിലാണ് തെറാപ്പിയുടെ തുടക്കത്തില്‍ ഊന്നല്‍ കൊടുക്കാറുള്ളത്.

തെറാപ്പിസ്റ്റിന്റെ നിര്‍ദ്ദേശങ്ങള്‍ കുട്ടിയുമായി ഇടപഴകുന്ന എല്ലാവരും എല്ലാ സാഹചര്യങ്ങളിലും ഒരുപോലെ പാലിക്കേണ്ടത് ചികിത്സയുടെ വിജയത്തിന് അത്യാവശ്യമാണ്. ഉദാഹരണത്തിന്, കുട്ടി ചീത്തവാക്കുപയോഗിച്ചതിന്റെ പേരില്‍ അമ്മ ഓഫ് ചെയ്തിട്ടു പോയ ടീവി വാത്സല്യത്തിന്റെ പുറത്ത് അമ്മൂമ്മ ഓണ്‍ ചെയ്തുകൊടുത്താല്‍ ചികിത്സ വിജയിക്കില്ല. 

പുതിയതായി പഠിപ്പിച്ചെടുക്കുന്ന പെരുമാറ്റങ്ങള്‍ ശീലങ്ങളായി മാറാനും കുട്ടിയില്‍ സ്ഥായിയായ മാറ്റങ്ങള്‍ വരാനും മാസങ്ങളെടുത്തേക്കാം. പെരുമാറ്റത്തില്‍ വരുന്ന പോസിറ്റീവായ മാറ്റങ്ങള്‍ക്ക് പോയിന്റുകള്‍ നല്‍കുകയും, ദിവസത്തിലോ ആഴ്ചയിലോ കിട്ടുന്ന പോയിന്റുകള്‍ക്കനുസരിച്ച് ചെറിയ സമ്മാനങ്ങള്‍ കൊടുക്കുകയും ചെയ്യുന്നത് നല്ല സ്വഭാവങ്ങളിലേക്കുള്ള കുട്ടിയുടെ രൂപാന്തരണത്തിന്റെ വേഗം കൂട്ടാറുണ്ട് (ചിത്രം കാണുക). തെറാപ്പി ഉദ്ദേശിച്ച ഫലം തരുന്നുണ്ടോ എന്ന് നിരന്തരം നിരീക്ഷിക്കുകയും, വലിയ പ്രയോജനം ചെയ്യാത്തതും ഇനിയും അത്യാവശ്യമില്ലെന്നു തോന്നുന്നതുമായ മാറ്റങ്ങള്‍ ഒഴിവാക്കുകയും ചെയ്യേണ്ടതാണ്. 

bt adhd

ഉപകാരപ്രദമെന്നു തെളിയിക്കപ്പെട്ട മറ്റു സൈക്കോതെറാപ്പികള്‍

എ.ഡി.എച്ച്.ഡി.യുള്ള കുട്ടികള്‍ക്ക് സാമൂഹ്യമര്യാദകളിലും മറ്റുള്ളവരോട് ഇടപഴകേണ്ട രീതികളിലും പരിശീലനം നല്‍കുന്ന ചികിത്സയാണ് സോഷ്യല്‍ സ്കില്‍സ് ട്രെയിനിംഗ്. തങ്ങളുടെ ഊഴമെത്തുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുന്നതെങ്ങനെ, കളിപ്പാട്ടങ്ങളും മറ്റും കൂട്ടുകാരുമായി പങ്കുവെക്കുന്നതെങ്ങനെ, പരിഹാസങ്ങളോട് പ്രതികരിക്കുന്നതെങ്ങനെ, മറ്റുള്ളവരോട് സഹായാഭ്യര്‍ത്ഥനകള്‍ നടത്തുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ സോഷ്യല്‍ സ്കില്‍സ് ട്രെയിനിംഗില്‍ ഉള്‍ക്കൊള്ളിക്കാറുണ്ട്.

എ.ഡി.എച്ച്.ഡി.യുടെ പ്രാഥമികലക്ഷണങ്ങളെയും അനുബന്ധപ്രശ്നങ്ങളെയും ഫലവത്തായി നേരിടാന്‍ മാതാപിതാക്കള്‍ക്കു പരിശീലനം നല്‍കുന്നതിനെ പേരന്റ് ട്രെയിനിംഗ് എന്നു വിളിക്കുന്നു. സ്കൂള്‍പ്രായമെത്തിയിട്ടില്ലാത്ത കുട്ടികള്‍ക്ക് ഏറ്റവും അനുയോജ്യമായ ഒരു ചികിത്സയാണിത്.

ഫലപ്രദമല്ലാത്ത സൈക്കോതെറാപ്പികള്‍

ഒരു കൌണ്‍സിലറുമായി കുട്ടി തന്റെ പ്രശ്നങ്ങള്‍ ചുമ്മാ ചര്‍ച്ച ചെയ്യുന്ന സാദാ “കൌണ്‍സലിങ്ങ്”, കളിപ്പാട്ടങ്ങളും മറ്റും ഉപയോഗിച്ചു നടത്തുന്ന പ്ലേ തെറാപ്പി, കുടുംബത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഊന്നല്‍ കൊടുക്കുന്ന ഫാമിലി തെറാപ്പി, പേശികളുടെ പിരിമുറുക്കം കുറയാന്‍ സഹായിക്കുന്ന റിലാക്സേഷന്‍ വ്യായാമങ്ങള്‍ തുടങ്ങിയവ, പ്രത്യേകിച്ച് ഇവ മാത്രമാണ് കുട്ടിക്കു ആകെ കിട്ടുന്ന ചികിത്സകളെങ്കില്‍, എ.ഡി.എച്ച്.ഡി.യില്‍ വലിയ മാറ്റങ്ങളുണ്ടാക്കാറില്ല.

എ.ഡി.എച്ച്.ഡി.യുടെ മരുന്നുകള്‍

അമ്പതിലേറെ വര്‍ഷങ്ങളായി ഉപയോഗത്തിലുള്ള മീഥൈല്‍ഫെനിഡേറ്റ് എ.ഡി.എച്ച്.ഡി.യുടെ ഏറ്റവും ഫലപ്രദമായ ചികിത്സകളിലൊന്നാണ്.

പിരുപിരുപ്പും എടുത്തുചാട്ടവും കുറക്കുകയും ഏകാഗ്രത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ചില മരുന്നുകള്‍ എ.ഡി.എച്ച്.ഡി. ചികിത്സയില്‍ ഉപയോഗിക്കാറുണ്ട്. മീഥൈല്‍ഫെനിഡേറ്റ്, അറ്റൊമോക്സെറ്റിന്‍ ‍, ക്ലൊനിഡിന്‍ എന്നിവയാണ് എ.ഡി.എച്ച്.ഡി.യുള്ളവര്‍ക്ക് പ്രധാനമായും നിര്‍ദ്ദേശിക്കപ്പെടാറുള്ള മരുന്നുകള്‍.

മീഥൈല്‍ഫെനിഡേറ്റ്

അമ്പതിലേറെ വര്‍ഷങ്ങളായി ഉപയോഗത്തിലുള്ള മീഥൈല്‍ഫെനിഡേറ്റ് എ.ഡി.എച്ച്.ഡി.യുടെ ഏറ്റവും ഫലപ്രദമായ ചികിത്സകളിലൊന്നാണ്. ചികിത്സയുടെ ആദ്യപടിയായി പൊതുവെ ഉപയോഗിക്കപ്പെടാറുള്ള ഒരു മരുന്നാണിത്. നമ്മെ ഏകാഗ്രതയും ആത്മനിയന്ത്രണവും ഉള്ളവരാക്കുന്നതില്‍ ഒരു പ്രധാന പങ്കു വഹിക്കുന്ന ഡോപ്പമിന്‍ , നോറെപ്പിനെഫ്രിന്‍ എന്നീ നാഡീരസങ്ങളുടെ പ്രവര്‍ത്തനത്തെ സഹായിക്കുകയാണ് മീഥൈല്‍ഫെനിഡേറ്റ് ചെയ്യുന്നത് (ചിത്രം കാണുക). 

b2ap3_thumbnail_adhd_brain_20140223-001445_1.jpg

വയറ്റില്‍ നിന്ന് പെട്ടെന്ന് ആഗിരണം ചെയ്യപ്പെടുന്ന ഇമ്മേഡിയേറ്റ് റിലീസ് ഗുളികകള്‍, പതിയെ മാത്രം ആഗിരണം ചെയ്യപ്പെടുന്ന ഡിലേയ്ഡ് റിലീസ് ഗുളികകള്‍ എന്നിങ്ങനെ മീഥൈല്‍ഫെനിഡേറ്റ് ഗുളികകള്‍ രണ്ടുതരമുണ്ട്. ഡിലേയ്ഡ് റിലീസ് ഗുളികകള്‍ രാവിലെ മാത്രം കഴിച്ചാല്‍ മതിയാകും. എന്നാല്‍ ഇമ്മേഡിയേറ്റ് റിലീസ് ഗുളികകള്‍ രാവിലെയും ഉച്ചക്കും കഴിക്കേണ്ടതുണ്ട്. മരുന്നു കഴിച്ച് ഏകദേശം അരമണിക്കൂറു മുതല്‍ ഒന്നരമണിക്കൂറു വരെ സമയത്തിനുള്ളില്‍ ഈ മരുന്നിന്റെ ഫലം കണ്ടുതുടങ്ങാറുണ്ട്. എഴുപത്തഞ്ച് ശതമാനത്തോളം കുട്ടികളില്‍ ഈ മരുന്ന് ഫലപ്രദമാവാറുണ്ട്. LPHN3 എന്ന ജീനിന്റെ ഒരു പ്രത്യേക വകഭേദമാണ് എ.ഡി.എച്ച്.ഡി.യുള്ള ഒമ്പത് ശതമാനത്തോളം കുട്ടികളില്‍ രോഗകാരണമാവുന്നതെന്നും ഇങ്ങിനെയുള്ള കുട്ടികളില്‍ മീഥൈല്‍ഫെനിഡേറ്റ് വളരെയധികം ഫലപ്രദമാണെന്നും സൂചനകളുണ്ട്. 

മീഥൈല്‍ഫെനിഡേറ്റിന്റെ പാര്‍ശ്വഫലങ്ങളും അവയുടെ പ്രതിവിധികളും

വിശപ്പില്ലായ്മ, മെലിച്ചില്‍, ഉറക്കക്കുറവ്, അമിതമായ ദേഷ്യം എന്നിവയാണ് ഈ മരുന്നിന്റെ സാധാരണ കണ്ടുവരുന്ന പാര്‍ശ്വഫലങ്ങള്‍. മീഥൈല്‍ഫെനിഡേറ്റ് കഴിക്കുന്ന ചില കുട്ടികള്‍ക്ക് നേരിയ വയറുവേദനയോ തലവേദനയോ അനുഭവപ്പെടാറുണ്ട്. ഈ പാര്‍ശ്വഫലങ്ങളെല്ലാം സാധാരണ ഒന്നോ രണ്ടോ മാസങ്ങളേ നീണ്ടുനില്‍ക്കാറുള്ളൂ. മരുന്നിന്റെ ഡോസില്‍ തല്‍ക്കാലത്തേക്ക് കുറവു വരുത്തുന്നത് ഇവയുടെ കാഠിന്യം കുറയാന്‍ സഹായിക്കാറുണ്ട്. പ്രാതലിനു ശേഷം മാത്രം ഗുളിക കൊടുക്കാന്‍ ശ്രദ്ധിച്ചും, അത്താഴവേളയില്‍ കൂടുതല്‍ ആഹാരം നല്‍കിയും, കുട്ടിക്ക് വിശപ്പ് തോന്നുമ്പോള്‍ കഴിക്കാന്‍ ഭക്ഷണം തയ്യാറാക്കിവെച്ചുമൊക്കെ ഈ വിശപ്പില്ലായ്മ പരിഹരിക്കാവുന്നതാണ്. കൂടുതല്‍ പോഷകമൂല്യമുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ നല്‍കുന്നതും കഴിയുന്നത്ര സമീകൃതാഹാരം കൊടുക്കുന്നതും ഈ കുട്ടികളിലെ മെലിച്ചിലിന് നല്ല പ്രതിവിധികളാണ്. ഇമ്മേഡിയേറ്റ് റിലീസ് ഗുളികകളിലേക്കു മാറിയും, രാവിലെ മാത്രം ഗുളിക കൊടുത്തും, മരുന്നിന്റെ ഡോസ് കുറച്ചും, നല്ല ഉറക്കം കിട്ടാനുള്ള വിദ്യകള്‍ പരിശീലിച്ചുമൊക്കെ മീഥൈല്‍ഫെനിഡേറ്റ് മൂലമുണ്ടാകുന്ന ഉറക്കക്കുറവ് മാറ്റിയെടുക്കാവുന്നതാണ്.

അറ്റൊമോക്സെറ്റിന്‍

ഇത് നോറെപ്പിനെഫ്രിന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്ന ഒരു മരുന്നാണ്. മീഥൈല്‍ഫെനിഡേറ്റിനെ അപേക്ഷിച്ച് അറ്റൊമോക്സെറ്റിന് കാര്യശേഷി അല്പം കുറവാണെന്നാണ് പരിമിതമായ പഠനങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ മീഥൈല്‍ഫെനിഡേറ്റ് ഫലം ചെയ്യാത്ത പല കുട്ടികള്‍ക്കും ഈ മരുന്നു കൊണ്ട് പ്രയോജനം കിട്ടാറുണ്ട്. മീഥൈല്‍ഫെനിഡേറ്റിന്റെ പാര്‍ശ്വഫലങ്ങള്‍ താങ്ങാന്‍ കഴിയാത്തവര്‍ക്ക് അറ്റൊമോക്സെറ്റിന്‍ കൂടി കൊടുക്കുന്നത് മീഥൈല്‍ഫെനിഡേറ്റിന്റെ ഡോസ് കുറക്കാന്‍ സഹായിക്കാറുണ്ട്. എ.ഡി.എച്ച്.ഡി.ക്കു പുറമെ മറ്റു മാനസികപ്രശ്നങ്ങള്‍ കൂടിയുള്ള കുട്ടികള്‍ക്ക് അറ്റൊമോക്സെറ്റിനാണ് കൂടുതല്‍ നല്ലതെന്നും കരുതപ്പെടുന്നു.  രണ്ടു മാസത്തോളം മരുന്നു കഴിച്ചാല്‍ മാത്രമേ അറ്റൊമോക്സെറ്റിന്‍ ഒരു കുട്ടിക്ക് ഉപകാരപ്പെടുമോ എന്ന് കൃത്യമായി പറയാന്‍ സാധിക്കൂ. വയറുവേദന, വിശപ്പില്ലായ്മ, മനംപിരട്ടല്‍, ഛര്‍ദ്ദി എന്നിവയാണ് ഇതിന്റെ സാധാരണ കണ്ടുവരുന്ന പാര്‍ശ്വഫലങ്ങള്‍.

ക്ലൊനിഡിന്‍

തലച്ചോറിലെ ലോക്കസ് സെറുലിയസ് എന്ന ഭാഗത്തു നിന്ന്‍ കൂടുതല്‍ നോറെപ്പിനെഫ്രിനെ സ്രവിപ്പിക്കുകയാണ് ക്ലൊനിഡിന്റെ പ്രവര്‍ത്തനരീതി. ഉറക്കക്കൂടുതല്‍, അമിതദേഷ്യം എന്നിവയാണ് ഈ മരുന്നിന്റെ സാധാരണ കാണപ്പെടുന്ന പാര്‍ശ്വഫലങ്ങള്‍. മറ്റ് എ.ഡി.എച്ച്.ഡി. മരുന്നുകളെ അപേക്ഷിച്ച് വില കുറവാണെങ്കിലും മീഥൈല്‍ഫെനിഡേറ്റിന്റെ അത്ര കാര്യശേഷിയില്ല്ലെന്നതും പാര്‍ശ്വഫലങ്ങള്‍ താരതമ്യേന കൂടുതലാണെന്നതും ക്ലൊനിഡിന്റെ ന്യൂനതകളാണ്.

എ.ഡി.എച്ച്.ഡി.ക്ക് മരുന്നുകള്‍ കഴിക്കുമ്പോള്‍

വികൃതി കാണിക്കുന്ന കുട്ടി‍ക്ക് ഭ്രാന്തിന്റെ ഡോക്ടറുടെ മരുന്നുകളോ എന്നത് എ.ഡി.എച്ച്.ഡി.യുടെ ഉള്ളുകള്ളികളറിയാത്തവരുടെ മനസ്സില്‍ ആദ്യമുയരുന്ന സംശയങ്ങളിലൊന്നാണ്. മരുന്നിന് അഡിക്ഷനായിപ്പോകുമോ, മാരകമായ പാര്‍ശ്വഫലങ്ങളുണ്ടായേക്കുമോ എന്നൊക്കെയുള്ള സന്ദേഹങ്ങളും സാധാരണമാണ്. രോഗത്തെക്കുറിച്ച് കഴിയുന്നത്ര അറിവു സമ്പാദിച്ചും  ചികിത്സകരുമായി തുറന്ന ചര്‍ച്ചകള്‍ നടത്തിയും ഇത്തരം സംശയങ്ങള്‍ ദൂരീകരിക്കാവുന്നതാണ്.

ഈ മരുന്നുകളുപയോഗിക്കുന്ന കുട്ടികള്‍ക്ക് അഛനമ്മമാരുടെയും ഡോക്ടറുടെയും നിരന്തരമായ മേല്‍നോട്ടം ആവശ്യമാണ്. ഒരു കുട്ടിക്ക് ഏറ്റവും അനുയോജ്യമായ മരുന്നും ഡോസും കണ്ടെത്താന്‍ പലപ്പോഴും പല മരുന്നുകളും ഡോസുകളും ശ്രമിച്ചുനോക്കേണ്ടതായി വരാറുണ്ട്. മരുന്നു കഴിക്കുമ്പോള്‍ കുട്ടിയുടെ പെരുമാറ്റങ്ങളില്‍ എന്തൊക്കെ വ്യത്യാസങ്ങള്‍ വരുന്നുണ്ട്, ഏതെങ്കിലും പാര്‍ശ്വഫലങ്ങള്‍ തലപൊക്കുന്നുണ്ടോ എന്നൊക്കെ ഒരു ഡയറിയില്‍ കുറിച്ചു വെച്ച് ഈ പ്രക്രിയയില്‍ ഡോക്ടറെ സഹായിക്കാന്‍ കുടുംബാംഗങ്ങള്‍ക്കു സാധിക്കും. 

ഈ മരുന്നുകളുടെ ഫലം അവ കഴിച്ച് കുറച്ചു മണിക്കൂറുകള്‍ മാത്രമേ നിലനില്‍ക്കൂ എന്നതിനാല്‍ ഡോസുകള്‍ മിസ്സാവാതെ ശ്രദ്ധിക്കേണ്ടതാണ്. രാവിലെ മരുന്നെടുക്കാന്‍ വിട്ടുപോകുന്ന ദിവസങ്ങളില്‍ രോഗലക്ഷണങ്ങള്‍ പഴയ തീവ്രതയോടെത്തന്നെ പ്രത്യക്ഷപ്പെടാറുണ്ട്.  മരുന്ന് സ്കൂള്‍സമയത്തേക്കു മാത്രം മതിയോ അതോ വൈകുന്നേരങ്ങളിലും അവധിദിവസങ്ങളിലും കൂടി മരുന്നിന്റെ ആവശ്യമുണ്ടോ എന്നത് മാതാപിതാക്കളും ചികിത്സിക്കുന്ന ഡോക്ടറും കൂടിയാലോചിച്ചു തീരുമാനിക്കേണ്ട കാര്യമാണ്. അത്ര അത്യാവശ്യമല്ലാത്ത സമയങ്ങളില്‍ മരുന്നുകള്‍ ഒഴിവാക്കുന്നതോ ഡോസ് കുറക്കുന്നതോ പരിഗണിക്കാവുന്നതാണ്.

എത്ര കാലം കൊണ്ട് മരുന്നുകള്‍ ഒഴിവാക്കാനാകും?

കൌമാരത്തിലേക്കു കടക്കുമ്പോഴും പല കുട്ടികളിലും എ.ഡി.എച്ച്.ഡി.യുടെ ലക്ഷണങ്ങള്‍ വിട്ടുമാറാതെ നില്‍ക്കാറുണ്ട്. പകുതിയിലധികം പേരില്‍ മുതിര്‍ന്നു കഴിഞ്ഞും ഈ ലക്ഷണങ്ങള്‍ നിലനില്‍ക്കാറുണ്ട്. ഇത്തരം ആളുകളില്‍ രോഗലക്ഷണങ്ങളുടെ നിയന്ത്രണത്തിനായി ചിലപ്പോള്‍ വലുതായിക്കഴിഞ്ഞും മരുന്നുകള്‍ തുടരേണ്ട അവസ്ഥയുണ്ടാവാറുണ്ട്. മറ്റു പലര്‍ക്കും കാലക്രമത്തില്‍ രോഗലക്ഷണങ്ങള്‍ നേര്‍ത്തില്ലാതാവുകയോ അവയുമായി പൊരുത്തപ്പെട്ടു ജീവിക്കാനുള്ള ശീലമാവുകയോ ചെയ്യാറുണ്ട്. ഇങ്ങിനെയുള്ളവര്‍ക്ക് മരുന്നുകള്‍ നിര്‍ത്തുകയോ ഡോസ് കുറക്കുകയോ ചെയ്യാവുന്നതാണ്.

മരുന്നു കഴിച്ചുകൊണ്ടിരിക്കെ തുടര്‍ച്ചയായി ഒരു വര്‍ഷത്തോളം പറയത്തക്ക ലക്ഷണങ്ങളൊന്നും പ്രകടമാകാതിരിക്കുക, ഒരേ ഡോസില്‍ത്തന്നെ കൂടുതല്‍ക്കൂടുതല്‍ പുരോഗതി ദൃശ്യമാവുക, ഇടക്കൊക്കെ മരുന്നു കഴിക്കാന്‍ വിട്ടുപോയാലും വലിയ പ്രശ്നങ്ങളുണ്ടാവാതിരിക്കുക, ഇതുവരെയില്ലാതിരുന്ന ഒരു ഏകാഗ്രത കിട്ടാന്‍ തുടങ്ങുക എന്നിവ മരുന്നിന്റെ ആവശ്യകതയെക്കുറിച്ച് ഒരു പുനര്‍വിചിന്തനത്തിനുള്ള ചൂണ്ടുപലകകളാണ്. മരുന്ന് ഒഴിവാക്കാന്‍ തീരുമാനിക്കുന്നതിനു മുമ്പ് കുട്ടിയുമായും, മറ്റു കുടുംബാംഗങ്ങളുമായും, അദ്ധ്യാപകരുമായും, ചികിത്സിക്കുന്ന ഡോക്ടറുമായും ആലോചിക്കേണ്ടതാണ്.

മരുന്നുകളാണോ ബിഹേവിയര്‍ തെറാപ്പിയാണോ കൂടുതല്‍ നല്ലത്?

രണ്ടു ചികിത്സകളും ഒന്നിച്ചു ലഭ്യമാക്കുന്നതാണ് കൂടുതല്‍ ഫലപ്രദം.

 രണ്ടു ചികിത്സകളും ഒന്നിച്ചു ലഭ്യമാക്കുന്നതാണ് കൂടുതല്‍ ഫലപ്രദം. ബിഹേവിയര്‍ തെറാപ്പിയെടുക്കുന്ന കുട്ടികള്‍ക്ക് മരുന്നുകള്‍ കൂടി ഉപയോഗിക്കുന്നത് നല്ലതാണെന്നും, മരുന്നു കഴിക്കുന്നവര്‍ക്ക് ബിഹേവിയര്‍ തെറാപ്പി കൂടി ലഭ്യമാക്കുന്നത് മരുന്നുകളുടെ ഡോസ് കുറക്കാന്‍ സഹായിക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ ഏത് ചികിത്സയാണ് ആദ്യം തുടങ്ങേണ്ടത് എന്നു തീരുമാനിക്കുന്നത് രോഗത്തിന്റെ തീവ്രത അനുസരിച്ചാണ്. കൂടുതല്‍ ശക്തിയുള്ള അസുഖത്തിന് മരുന്നുകള്‍ കൊണ്ട് കുറച്ചു ശമനം വരുത്തിയതിനു ശേഷം മാത്രമാണ് ബിഹേവിയര്‍ തെറാപ്പി ആരംഭിക്കാറുള്ളത്. നേരിയ ലക്ഷണങ്ങള്‍ മാത്രമുള്ളവര്‍ക്കും സ്കൂള്‍പ്രായമെത്തിയിട്ടില്ലാത്തവര്‍ക്കും മരുന്നുകളില്ലാതെ ബിഹേവിയര്‍ തെറാപ്പി മാത്രമായും ഉപയോഗിക്കാറുണ്ട്.

ഈ ചികിത്സകള്‍ക്കൊക്കെ ആരെയാണു സമീപിക്കേണ്ടത്?

രോഗലക്ഷണങ്ങള്‍ക്കു പിന്നില്‍ മറ്റു ശാരീരിക അസുഖങ്ങളൊന്നുമില്ലെന്നും കുട്ടിയുടെ പ്രശ്നങ്ങള്‍ക്കു കാരണം എ.ഡി.എച്ച്.ഡി. തന്നെയാണെന്നും ഉറപ്പുവരുത്താനും അതിനാവശ്യമായ ടെസ്റ്റുകള്‍ നടത്താനും യോഗ്യതയുള്ളത് സൈക്ക്യാട്രിസ്റ്റുകള്‍, ശിശുരോഗവിദഗ്ദ്ധര്‍, ചൈല്‍ഡ് ന്യൂറോളജിസ്റ്റുകള്‍ തുടങ്ങിയവര്‍ക്കാണ്. മരുന്നുകള്‍ കുറിക്കാനും അവയുടെ പാര്‍ശ്വഫലങ്ങള്‍ നിരീക്ഷിക്കാ‍നുമൊക്കെ പരിശീലനവും നിയമാനുമതിയും ഉള്ളതും ഇവര്‍ക്കാണ്. കുട്ടിക്ക് ബുദ്ധിമാന്ദ്യം, പഠനവൈകല്യങ്ങള്‍ തുടങ്ങിയ മാനസികപ്രശ്നങ്ങളുണ്ടോ എന്ന സംശയമുദിക്കുകയാണെങ്കില്‍ ഇവ തിരിച്ചറിയാനുള്ള ടെസ്റ്റുകള്‍ നടത്താന്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ സഹായം തേടാറുണ്ട്. ബിഹേവിയര്‍ തെറാപ്പി, സോഷ്യല്‍ സ്കില്‍സ് ട്രെയ്നിംഗ്, പേരന്റ് ട്രെയ്നിംഗ് എന്നിവയില്‍ വൈദഗ്ദ്ധ്യമുള്ളതും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍ക്കാണ്. ഇവരെക്കൂടാതെ ചില സൈക്ക്യാട്രിസ്റ്റുകളും തക്ക പരിശീലനം ലഭിച്ചിട്ടുള്ള ചില കൌണ്‍സിലര്‍മാരും ഈ സൈക്കോതെറാപ്പികള്‍ ചെയ്യാറുണ്ട്. 

(2011 ഡിസംബര്‍ ലക്കം ആരോഗ്യമംഗളത്തില്‍ പ്രസിദ്ധീകരിച്ചത്)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.

Drawing: Children in White Running in Paris Rain by Warren Keating

സ്വവര്‍ഗാനുരാഗം - മുന്‍വിധികളും വസ്തുതകളും
അശ്രദ്ധയും പിരുപിരുപ്പും അമിതമാവുമ്പോള്‍

Related Posts

 

By accepting you will be accessing a service provided by a third-party external to http://www.mind.in/

ഏറ്റവും പ്രസിദ്ധം:

25 February 2014
ലൈംഗികത
പ്രണയം എന്ന വിഷയം കാലങ്ങളായി എഴുത്തുകാരുടെയും തത്വചിന്തകരുടെയും സാധാരണക്കാരുടെയുമൊക്കെ വിശകലനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. എങ്കിലും പ്രണയത്തിന്‍റെ സങ്കീര്‍ണതകളുടെ ഇഴപിരിച്ചറിയാന്‍ താല്പര്യമുള്ളവര്‍ ആധ...
24 October 2015
ലൈംഗികത
ലൈംഗികാവയവങ്ങള്‍, സംഭോഗം, ഗര്‍ഭനിരോധനം, ലൈംഗികരോഗങ്ങള്‍ തുടങ്ങിയവയെപ്പറ്റി നിങ്ങള്‍ക്ക് എത്രത്തോളം വിവരമുണ്ടെന്നു പരിശോധിച്ചറിയാന്‍ താല്‍പര്യമുണ്ടോ? എങ്കില്‍ താഴെക്കൊടുത്ത ഇരുപത്തഞ്ചു പ്രസ്താവനകള്‍ ഓര...
09 April 2014
മക്കളെപ്പോറ്റല്‍
ഒരു സുപ്രഭാതത്തില്‍ അടിവസ്ത്രത്തില്‍ ചലപ്പാടുകള്‍ ശ്രദ്ധിച്ച് എവിടുത്തെ മുറിവാണു പഴുത്തുപൊട്ടിയത് എന്നാശങ്കപ്പെടുന്ന ആണ്‍കുട്ടികളുടെയും, പെട്ടെന്നൊരുനാള്‍ ചോരയൂറിവരുന്നതു കാണുമ്പോള്‍ മാത്രം ഒരവയവത്തിന...
13 September 2012
കൌമാരം
ഒരാളുടെ വ്യക്തിത്വം അയാളുടെ വ്യക്തിബന്ധങ്ങളെയും തൊഴില്‍വിജയത്തെയും ആരോഗ്യത്തെയും വളരെയധികം സ്വാധീനിക്കുന്നുണ്ട്. തന്‍റെ കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും തന്നോടു തന്നെയുമുള്ള ഒരാളുടെ പെരുമാറ്റരീതി ...
15 November 2013
യൌവനം
ബാല്യവും കൌമാരവും കടന്ന്‍ ഒരാള്‍ യൌവനത്തിലേക്കു പ്രവേശിക്കുന്നതിനോടൊപ്പം അയാളില്‍ മാനസിക പിരിമുറുക്കത്തിനിടയാക്കുന്ന പ്രധാന ഘടകങ്ങള്‍ ഏതൊക്കെ എന്നതിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. യൗവനാരംഭത്തില്‍ പ...
Looking for a deaddiction center in Kerala? Visit the website of SNEHAM.

പ്രചരിപ്പിക്കുക

FLIP

Looking for a psychiatry hospital in Kerala? Visit the website of SNEHAM.

പുതുലേഖനങ്ങള്‍ മെയിലില്‍ കിട്ടാന്‍:

Looking for a mental hospital in Kerala? Visit the website of SNEHAM.

Like us on Facebook

Our website is protected by DMC Firewall!