അശ്രദ്ധയും പിരുപിരുപ്പും അമിതമാവുമ്പോള്‍

അശ്രദ്ധയും പിരുപിരുപ്പും അമിതമാവുമ്പോള്‍

കുട്ടികളിലെ അമിതമായ ശ്രദ്ധക്കുറവും ഒരിടത്തും ഒന്നടങ്ങിയിരിക്കാത്ത ശീലവും ഒരു നിയന്ത്രണവുമില്ലാത്തതു പോലുള്ള പെരുമാറ്റങ്ങളും എ.ഡി.എച്ച്.ഡി. (അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പറാക്റ്റിവിറ്റി ഡിസോര്‍ഡര്‍) എന്ന അസുഖത്തിന്റെ ലക്ഷണങ്ങളാവാം. ഈ പ്രശ്നങ്ങള്‍ നേരിയ തോതില്‍ മിക്കവാറും കുട്ടികളിലും കണ്ടേക്കാമെങ്കിലും അവയുടെ തീവ്രത വല്ലാതെ കൂടുമ്പോള്‍ മാത്രമാണ് അവയെ എ.ഡി.എച്ച്.ഡി.യുടെ ലക്ഷണങ്ങളായി പരിഗണിക്കുന്നത്. ചില കുട്ടികള്‍ക്ക് ശ്രദ്ധക്കുറവിന്റെ മാത്രം പ്രശ്നവും, വേറെ ചിലര്‍ക്ക് പിരുപിരുപ്പും എടുത്തുചാട്ടവും മാത്രവും, ഇനിയും ചിലര്‍ക്ക് ഈ മൂന്നു ലക്ഷണങ്ങളും ഒന്നിച്ചും കാണപ്പെടാറുണ്ട്. പഠനത്തിലും കുടുംബജീവിതത്തിലും സാമൂഹ്യബന്ധങ്ങളിലും ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് ഈ രോഗം കാരണമാവാറുണ്ട്.

തലച്ചോറിലുണ്ടാകുന്ന ചില തകരാറുകള്‍ മൂലം ആവിര്‍ഭവിക്കുന്ന ഈ അസുഖം ഏറ്റവും തെറ്റിദ്ധരിക്കപ്പെടുന്നതും, ഏറെ വിവാദങ്ങള്‍ക്കു വിഷയമായതും, തെറ്റായി രോഗനിര്‍ണയം നടത്തപ്പെടുന്നതും, അര്‍ഹിക്കുന്ന ചികിത്സ പലപ്പോഴും ലഭിക്കാതെ പോകുന്നതുമായ ഒരു  രോഗമാണ്.

എ.ഡി.എച്ച്.ഡി.യുടെ കാരണങ്ങള്‍

എ.ഡി.എച്ച്.ഡി.യുടെ ഉത്ഭവത്തിലേക്കു നയിക്കുന്ന ഘടകങ്ങളെ കൃത്യമായി നിര്‍വചിക്കാന്‍ ശാസ്ത്രലോകത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. മറ്റു പല അസുഖങ്ങളേയും പോലെ എ.ഡി.എച്ച്.ഡി.ക്കു പിന്നിലും ജനിതകഘടകങ്ങള്‍ക്കും ജീവിതസാഹചര്യങ്ങള്‍ക്കും പങ്കുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

ജനിതകഘടകങ്ങളുടെ പങ്ക്

ഇരട്ടകളില്‍ നടന്ന പല പഠനങ്ങളും വ്യക്തമാക്കുന്നത് ഒരു കുട്ടിക്ക് എ.ഡി.എച്ച്.ഡി. പിടിപെടാനുള്ള സാദ്ധ്യതയുടെ 65 മുതല്‍ 90 വരെ ശതമാനവും നിര്‍ണയിക്കുന്നത് ആ കുട്ടിയുടെ ജനിതകഘടനയാണ് എന്നാണ്. എ.ഡി.എച്ച്.ഡി.യുള്ള കുട്ടികളില്‍ മൂന്നില്‍ രണ്ടു പേര്‍ക്കും ഈ അസുഖമുള്ള ഒരു ബന്ധുവെങ്കിലുമുണ്ടെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. എ.ഡി.എച്ച്.ഡി.യിലേക്കു നയിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്ന പല ജീനുകളും തലച്ചോറിലെ കോശങ്ങളെ പരസ്പരം സംവദിക്കാന്‍ സഹായിക്കുന്ന ഡോപ്പമിന്‍ , നോറെപ്പിനെഫ്രിന്‍ എന്നീ നാഡീരസങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടവയാണ്. ഈ ജീനുകളുടെ എ.ഡി.എച്ച്.ഡി.ക്കു കാരണമാകുന്ന വകഭേദങ്ങള്‍ പേറുന്ന എല്ലാവര്‍ക്കും ഈ അസുഖം വരണമെന്നില്ല. മറിച്ച്, അങ്ങിനെയുള്ളവര്‍ക്ക് രോഗം പിടിപെടാനുള്ള സാദ്ധ്യത കൂടുക മാത്രമാണ് ചെയ്യുന്നത്.

തലച്ചോറില്‍ പ്രശ്നങ്ങളുണ്ടാക്കുന്ന മറ്റു കാരണങ്ങള്‍

ഗര്‍ഭിണികളിലെ മദ്യപാനം, പുകവലി, മാനസികസമ്മര്‍ദ്ദം, ബെന്‍സോഡയാസെപിന്‍ വിഭാഗത്തിലെ മരുന്നുകളുടെ ഉപയോഗം തുടങ്ങിയവ അവര്‍ക്കു ജനിക്കുന്ന കുട്ടികളില്‍ എ.ഡി.എച്ച്.ഡി.ക്കു വഴിവെച്ചേക്കാം. പ്രസവത്തിലുണ്ടാകുന്ന സങ്കീര്‍ണതകളും‍, ജനനസമയത്തെ തൂക്കക്കുറവും, തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങളും എ.ഡി.എച്ച്.ഡി.ക്കു കാരണമാവാറുണ്ട്. ചില കീടനാശിനികളും ഭക്ഷണപദാര്‍ത്ഥങ്ങളിലുപയോഗിക്കുന്ന ചില കൃത്രിമനിറങ്ങളും എ.ഡി.എച്ച്.ഡി.യുണ്ടാക്കിയേക്കാമെന്നും സൂചനകളുണ്ട്.

എ.ഡി.എച്ച്.ഡി. ബാധിതരുടെ തലച്ചോറിന്റെ സവിശേഷതകള്‍

b2ap3_thumbnail_adhd_brain.jpgപ്രശ്നങ്ങള്‍ ശരിയായ രീതിയില്‍ പരിഹരിക്കാനും, സംഭവങ്ങളുടെ കാര്യകാരണ ബന്ധങ്ങള്‍ ഉള്‍ക്കൊള്ളാനും, ആത്മനിയന്ത്രണം പാലിക്കാനും, കാര്യങ്ങള്‍ നന്നായി ആസൂത്രണം ചെയ്യാനുമൊക്കെ നമ്മെ പ്രാപ്തരാക്കുന്ന തലച്ചോറിലെ ഫ്രോണ്ടല്‍ ലോബ്സ് എന്ന ഭാഗം എ.ഡി.എച്ച്.ഡി.യുള്ള കുട്ടികളില്‍ താരതമ്യേന ചെറുതാണെന്നും, ഈ കുട്ടികള്‍ മുതിര്‍ന്ന് രോഗലക്ഷണങ്ങള്‍ ക്രമേണ കുറഞ്ഞുവരുന്നതിനനുസരിച്ച് ഈ വലിപ്പക്കുറവ് പതിയെ ഇല്ലാതാകുന്നുണ്ടെന്നും പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതുപോലെ തലച്ചോറിന്റെ രണ്ടുവശങ്ങളെയും ബന്ധിപ്പിക്കുന്ന കോര്‍പ്പസ് കലോസത്തിന്റെ ചില ഭാഗങ്ങള്‍ക്ക് ഈ കുട്ടികളില്‍ താരതമ്യേന വലിപ്പം കുറവാണെന്നും സൂചനകളുണ്ട്. പരസ്പരം നല്ല കണക്ഷനുകളുള്ള തലച്ചോറിലെ ലാറ്റേറല്‍ പ്രീഫ്രോണ്ടല്‍ കോര്‍ട്ടെക്സ്, ഡോഴ്സല്‍ ആന്റീരിയര്‍ സിങ്കുലേറ്റ് കോര്‍ട്ടെക്സ്, കോഡേറ്റ്, പ്യുട്ടാമെന്‍ എന്നീ ഭാഗങ്ങള്‍ക്ക് എ.ഡി.എച്ച്.ഡി.യുടെ ലക്ഷണങ്ങള്‍ക്കു പിന്നില്‍ പങ്കുണ്ടെന്നതിന് ശക്തമായ തെളിവുകളുണ്ട് (ചിത്രങ്ങള്‍ കാണുക). തലച്ചോറിലെ ഇത്തരം പ്രശ്നങ്ങള്‍ മൂലം ഈ കുട്ടികള്‍ക്ക് സ്വതവേ ഉണര്‍വ് കുറവാണെന്നും, അതു കാരണം സ്വയം ഉത്തേജിപ്പിക്കാന്‍ വേണ്ടി അവര്‍ പിരുപിരുപ്പും എടുത്തുചാട്ടവും കാണിക്കുന്നതാണെന്നും ചില ശാസ്ത്രജ്ഞര്‍ സമര്‍ത്ഥിക്കുന്നുണ്ട്.
b2ap3_thumbnail_brain_adhd.jpg

 

പ്രസക്തമായ ചില കണക്കുകള്‍

 

മുപ്പതു കുട്ടികളുള്ള ഒരു ക്ലാസില്‍ ഒരാള്‍ക്കെങ്കിലും എ.ഡി.എച്ച്.ഡി. ഉണ്ടാവാമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സ്കൂള്‍പ്രായത്തിലുള്ള കുട്ടികളുടെ മൂന്നു മുതല്‍ ഏഴു വരെ ശതമാനത്തെ ഈ അസുഖം ബാധിച്ചേക്കാം. ആണ്‍കുട്ടികള്‍ക്ക് ഈ അസുഖം വരാനുള്ള സാദ്ധ്യത പെണ്‍കുട്ടികളുടേതിനെക്കാള്‍ മൂന്നിരട്ടിയാണ്. എ.ഡി.എച്ച്.ഡി. ബാധിതരില്‍ മൂന്നില്‍ രണ്ടു പേര്‍ക്ക് വിഷാദരോഗം, ഉത്ക്കണ്ഠാരോഗങ്ങള്‍, പഠനവൈകല്യങ്ങള്‍ തുടങ്ങിയ മാനസികപ്രശ്നങ്ങളും കണ്ടുവരാറുണ്ട്.

സാധാരണയായി രോഗലക്ഷണങ്ങള്‍ തലപൊക്കിത്തുടങ്ങാറുള്ളത് കുട്ടിക്ക് മൂന്നിനും ആറിനും ഇടക്ക് പ്രായമുള്ളപ്പോഴാണ്. വലുതാകുന്നതിനനുസരിച്ച് ഈ കുട്ടികളുടെ പിരുപിരുപ്പിനും എടുത്തുചാട്ടത്തിനും പതുക്കെ ശമനമുണ്ടാവാറുണ്ട്. പക്ഷേ ശ്രദ്ധക്കുറവും അടുക്കുംചിട്ടയുമില്ലായ്മയും അറുപതു ശതമാനത്തോളം കുട്ടികളില്‍ മുതിര്‍ന്നാലും കുറയാതെ ബാക്കിനില്‍ക്കാറുണ്ട്.

എ.ഡി.എച്ച്.ഡി.യുടെ ലക്ഷണങ്ങള്‍

ബാല്യസഹജമായ കുസൃതി എവിടെയാണ് അവസാനിക്കുന്നത്, എ.ഡി.എച്ച്.ഡി. എന്ന രോഗം എവിടെയാണ് തുടങ്ങുന്നത് എന്ന സംശയം പലപ്പോഴും കുടുംബാംഗങ്ങളെയും അദ്ധ്യാപകരെയും കുഴക്കാറുണ്ട്. അതിനൊരുത്തരം നല്‍കുന്നതിനു മുമ്പ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ എങ്ങിനെയൊക്കെ പ്രകടമാവാറുണ്ടെന്ന്‍ പരിശോധിക്കാം.

ശ്രദ്ധക്കുറവിന്റെ വിവിധ ഭാവങ്ങള്‍

ശ്രദ്ധക്കുറവിന്റെ മാത്രം പ്രശ്നമുള്ള കുട്ടികളില്‍ രോഗനിര്‍ണയം പലപ്പോഴും വൈകിപ്പോവാറുണ്ട്.

ചെയ്യുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരിക, മറവി അമിതമാവുക, കാര്യങ്ങളുടെ വിശദാംശങ്ങള്‍ ഗ്രഹിക്കുന്നതില്‍ ബുദ്ധിമുട്ടു നേരിടുക തുടങ്ങിയ പ്രശ്നങ്ങള്‍ ശ്രദ്ധക്കുറവുള്ള കുട്ടികളില്‍ കണ്ടുവരാറുണ്ട്. പുതിയ വിവരങ്ങള്‍ പഠിച്ചെടുക്കാനും, വേണ്ട ശ്രദ്ധ കൊടുത്ത് അടുക്കും ചിട്ടയോടെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനും ഇവര്‍ക്ക് പ്രയാസം നേരിടാറുണ്ട്. ഒരു പ്രവൃത്തി മുഴുവനാക്കാതെ വേറൊന്നിലേക്ക് കടക്കുക, തങ്ങളുടെ സാധനസാമഗ്രികള്‍ നിരന്തരം കൈമോശം വരുത്തുക, ആസ്വാദ്യകരമല്ലാത്ത പ്രവൃത്തികളിലേര്‍പ്പെടുമ്പോള്‍ പെട്ടെന്നു തന്നെ ബോറടിച്ചു പോവുക, അശ്രദ്ധ കാരണം പഠനത്തില്‍ നിസ്സാരമായ തെറ്റുകള്‍ വരുത്തുക തുടങ്ങിയവ ഇവരുടെ രീതികളാണ്. മറ്റു കുട്ടികളുടെയത്ര വേഗത്തിലും കൃത്യമായും കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനോ, നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കാനോ, ജോലികള്‍ സ്വന്തമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കാനോ ഇവര്‍ക്കു കഴിയാറില്ല. നല്ല ഏകാഗ്രത ആവശ്യമുള്ള ജോലികളില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള പ്രവണതയും ചെറിയ ശബ്ദങ്ങള്‍ പോലും കേള്‍ക്കുമ്പോള്‍ ശ്രദ്ധ അതിലേക്കു തിരിഞ്ഞു പോവുക എന്ന പ്രശ്നവും ഈ കുട്ടികളില്‍ കാണാറുണ്ട്. അവര്‍ എപ്പോഴും പകല്‍ക്കിനാവു കണ്ടിരിക്കുകയാണെന്നും, അങ്ങോട്ടു പറയുന്ന കാര്യങ്ങളിലൊന്നും അവര്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ലെന്നും മറ്റുള്ളവര്‍ക്കു തോന്നിയേക്കാം. 

ശ്രദ്ധക്കുറവിന്റെ മാത്രം പ്രശ്നമുള്ള കുട്ടികളില്‍ രോഗനിര്‍ണയം പലപ്പോഴും വൈകിപ്പോവാറുണ്ട്. അവര്‍ അടങ്ങിയൊതുങ്ങിയിരിക്കുന്നതും അധികം ബാഹ്യലക്ഷണങ്ങള്‍ പ്രകടമാക്കാത്തതുമാണ് ഇതിനു കാരണം. പഠനഭാരം കൂടുതലുള്ള മുതിര്‍ന്ന ക്ലാസുകളിലെത്തുമ്പോള്‍ ഈ ശ്രദ്ധക്കുറവ് പഠനത്തിലെ പിന്നോക്കാവസ്ഥക്ക് വഴിവെക്കുമ്പോള്‍ മാത്രമാണ് മിക്കവാറും ഇത്തരം കുട്ടികളില്‍ രോഗനിര്‍ണയത്തിന് അവസരമൊരുങ്ങാറുള്ളത്. 

കമ്പ്യൂട്ടറിന്റെയോ ടീവിയുടെയോ മുമ്പില്‍ എത്രനേരം വേണമെങ്കിലും ശ്രദ്ധയോടെയിരിക്കാനുള്ള ഇവരുടെ കഴിവ് പലപ്പോഴും മാതാപിതാക്കള്‍ക്ക് രോഗനിര്‍ണയത്തെപ്പറ്റി സംശയങ്ങളുണര്‍ത്താറുണ്ട്. എ.ഡി.എച്ച്.ഡി.യുള്ള കുട്ടികള്‍ക്ക് ഒരു കാര്യത്തിലും ശ്രദ്ധിക്കാന്‍ പറ്റാതെ വരികയല്ല, മറിച്ച് കൂടുതല്‍ മാനസികാദ്ധ്വാനം വേണ്ട പ്രവൃത്തികളില്‍ ആവശ്യമായ ഏകാഗ്രത പുലര്‍ത്താന്‍ കഴിയാതെ പോവുകയാണ് ചെയ്യുന്നത്.

പിരുപിരുപ്പിന്റെ വ്യത്യസ്ത മുഖങ്ങള്‍

 

പിരുപിരുപ്പിന്റെ പ്രശ്നമുള്ള കുട്ടികള്‍ അവരുടെ ഇരിപ്പിടത്തില്‍ എപ്പോഴും ഇളകിക്കളിക്കുകയോ ഞെളിപിരി കൊള്ളുകയോ ചെയ്തേക്കാം. നിരന്തരം ചലിച്ചുകൊണ്ടേയിരിക്കുക, എപ്പോഴും ഓടിനടക്കുക, ഇടതടവില്ലാതെ സംസാരിക്കുക, അടങ്ങിയിരുന്ന് ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരിക, ചുറ്റുപാടുമുള്ള സാധനങ്ങളിലൊക്കെ തൊടാനോ അവയെടുത്ത് കളിക്കാനോ ശ്രമിക്കുക തുടങ്ങിയ കുഴപ്പങ്ങളും ഇവരില്‍ കാണാറുണ്ട്.

എടുത്തുചാട്ടം പ്രകടമാകുന്ന രീതികള്‍ 

അക്ഷമയും വരുംവരായ്കകളെക്കുറിച്ചു ചിന്തിക്കാതെയുള്ള പെരുമാറ്റങ്ങളും എടുത്തുചാട്ടമുള്ള കുട്ടികളുടെ മുഖമുദ്രകളാണ്. കളികളിലും മറ്റും തങ്ങളുടെ ഊഴമെത്തുന്നതോ കിട്ടാനുള്ള കാര്യങ്ങള്‍ക്കു വേണ്ടിയോ കാത്തിരിക്കാന്‍ ഇവര്‍ക്ക് പ്രയാസമുണ്ടാവാറുണ്ട്. മുന്‍പിന്‍നോക്കാതെ അഭിപ്രായങ്ങള്‍ എഴുന്നള്ളിക്കുക, ചോദ്യം മുഴുവനാകുന്നതിനു മുമ്പു തന്നെ വായില്‍ വരുന്ന ഉത്തരം വിളിച്ചു പറയുക, ആവശ്യങ്ങള്‍ ഉടനടി സാധിച്ചില്ലെങ്കില്‍ ദേഷ്യപ്പെടുക, നിയന്ത്രണങ്ങളൊന്നുമില്ലാതെ തങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുക, മറ്റുള്ളവരുടെ സംഭാഷണങ്ങളെയോ ജോലികളെയോ തടസ്സപ്പെടുത്തുക തുടങ്ങിയ പ്രശ്നങ്ങളും ഇത്തരം കുട്ടികളില്‍ കാണാറുണ്ട്.

സാദാകുസൃതിയും എ.ഡി.എച്ച്.ഡി.യും തമ്മിലുള്ള വ്യത്യാസങ്ങള്‍

നല്ലൊരു ശതമാനം കുട്ടികളും ചില മുതിര്‍ന്നവരും ഇടക്കൊക്കെ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍ ഒരു കുട്ടിയില്‍ ഈ ലക്ഷണങ്ങളുടെ കാഠിന്യം അവന്റെയതേ പ്രായവും വളര്‍ച്ചയുമുള്ള മറ്റു കുട്ടികളെ അപേക്ഷിച്ച് വല്ലാതെ കൂടുതലാവുകയും, അവ സ്കൂള്‍, വീട്, സാമൂഹ്യസദസ്സുകള്‍ കളിക്കളം എന്നിങ്ങനെ കുട്ടി ഇടപഴകുന്ന സ്ഥലങ്ങളില്‍ ഏതെങ്കിലും രണ്ടെണ്ണത്തിലെങ്കിലുംപ്രകടമാവുകയും, ഇത് കുട്ടിയുടെ ദൈനംദിനജീവിതത്തെ പ്രതികൂലമായി ബാധിക്കാന്‍ തുടങ്ങുകയും ചെയ്യുമ്പോള്‍ മാത്രമാണ് അവയെ എ.ഡി.എച്ച്.ഡി.യുടെ സൂചനകളായി കണക്കാക്കുന്നത്. ഈ ലക്ഷണങ്ങള്‍ കുട്ടിക്ക് ഏഴു വയസ്സാവുന്നതിനു മുമ്പേ തുടങ്ങുകയും ചുരുങ്ങിയത് ആറുമാസമെങ്കിലും നീണ്ടുനില്‍ക്കുകയും ചെയ്താലേ സാധാരണ നിലയില്‍ എ.ഡി.എച്ച്.ഡി. എന്ന് രോഗനിര്‍ണയം നടത്താറുള്ളൂ.

വിദഗ്ദ്ധോപദേശം തേടേണ്ടത് എപ്പോള്‍?

തന്റെ കുട്ടിയുടെ പെരുമാറ്റരീതികളും പ്രവര്‍ത്തനശൈലികളും സമപ്രായക്കാരുടേതില്‍ നിന്ന് വിഭിന്നമാണെന്ന് ഒരാള്‍ക്ക് തോന്നിത്തുടങ്ങുമ്പോള്‍ തന്നെ ഒരു വിദഗ്ദ്ധപരിശോധന ലഭ്യമാക്കുന്നതാണ് അഭികാമ്യം. നിങ്ങള്‍ക്ക് പ്രശ്നങ്ങളൊന്നും ബോദ്ധ്യപ്പെടുന്നില്ലെങ്കിലും ബന്ധുക്കള്‍, അദ്ധ്യാപകര്‍, മറ്റു കുട്ടികളുടെ മാതാപിതാക്കള്‍, കുടുംബസുഹൃത്തുക്കള്‍ തുടങ്ങിയവര്‍ കുട്ടിയുടെ രീതികളെപ്പറ്റി നിരന്തരം സന്ദേഹങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ അവനെ വിദഗ്ദ്ധപരിശോധനക്കു വിധേയനാക്കുന്നതാണ് നല്ലത്. രോഗം കൃത്യമായി നിര്‍ണയിക്കാവുന്ന ഒരു ഘട്ടമെത്തിയിട്ടില്ലെങ്കില്‍ പോലും കുട്ടിയിലെ ലക്ഷണങ്ങളുടെ കാഠിന്യം ഒന്നു രേഖപ്പെടുത്തിവെക്കാനും എന്തെങ്കിലും ചെറിയ പ്രതിവിധികള്‍ തുടങ്ങിയിടാനും ഇത് അവസരമൊരുക്കിയേക്കും. കഴിയുന്നത്ര നേരത്തേ രോഗനിര്‍ണയം നടത്തുന്നതും ചികിത്സകള്‍ ആരംഭിക്കുന്നതുമാണ് കുട്ടിയുടെയും കുടുംബത്തിന്റെയും ഭാവിക്ക് ഏറ്റവും നല്ലതെന്ന് ഗവേഷണഫലങ്ങള്‍ അടിവരയിട്ടു പറയുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍, എ.ഡി.എച്ച്.ഡി. ലക്ഷണങ്ങളെ മാതാപിതാക്കള്‍ വെറും കുസൃതിയായി തെറ്റിദ്ധരിക്കുന്നതും അവ സ്വയം മാറുമെന്ന പ്രതീക്ഷയില്‍ വിലപ്പെട്ട സമയം പാഴാക്കുന്നതും സര്‍വസാധാരണമാണ്. അസുഖം കൂടുതല്‍ സങ്കീര്‍ണമാവാനും, അതിന്റെ അനുബന്ധപ്രശ്നങ്ങളുടെ ആവിര്‍ഭാവത്തിനും, ചികിത്സ കൂടുതല്‍ ക്ലേശകരമാകുന്നതിനും ഈ കാലതാമസം ഇടയാക്കാറുണ്ട്.

ശ്രദ്ധക്കുറവ് ലഘൂകരിക്കാന്‍ ചില പൊടിക്കൈകള്‍

പല ഘട്ടങ്ങളുള്ള പ്രവൃത്തികളെ ചെറിയ ചെറിയ ഭാഗങ്ങളായി വേര്‍തിരിച്ചു കൊടുക്കുന്നത് ഏകാഗ്രതയെ സഹായിക്കും. സമയമെടുക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതിനിടക്ക് ചെറിയ ഇടവേളകള്‍ അനുവദിക്കുന്നതും ഫലപ്രദമാണ്. ഇത്തരം കുട്ടികള്‍ പഠിക്കാനിരിക്കുമ്പോള്‍ ടീവിയോ അവരുടെ ശ്രദ്ധ തിരിച്ചുവിട്ടേക്കാവുന്ന മറ്റുപകരണങ്ങളോ പ്രവര്‍ത്തിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. കൂടെക്കളിക്കുന്നവരുടെ എണ്ണം ഒന്നോ രണ്ടോ ആയി പരിമിതപ്പെടുത്തുന്നത് കളിയില്‍ കൂടുതല്‍ ശ്രദ്ധ കിട്ടാനും ക്ഷമകെട്ടുള്ള പൊട്ടിത്തെറികള്‍ ഒഴിവാക്കാനും ഉപകരിക്കാറുണ്ട്.

അടുക്കും ചിട്ടയും വളര്‍ത്തിയെടുക്കാനുള്ള മാര്‍ഗങ്ങള്‍

ഉണരുന്നതു മുതല്‍ ഉറങ്ങാന്‍ പോകുന്നതു വരെയുള്ള എല്ലാ ദിനചര്യകള്‍ക്കും ഒരു സമയക്രമം നിശ്ചയിക്കുന്നതും എല്ലാ ദിവസവും അത് കര്‍ശനമായി പിന്തുടരുന്നതും ഫലപ്രദമാണ്. ഹോംവര്‍ക്കിനും ഹോബികള്‍ക്കും കളികള്‍ക്കുമൊക്കെ ഇതില്‍ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കേണ്ടതാണ്. ഈ ടൈംടേബിള്‍ കുട്ടിക്ക് എളുപ്പം കാണാവുന്ന വിധത്തില്‍ എവിടെയെങ്കിലും ഒട്ടിച്ചുവെക്കുന്നത് നല്ലതാണ്. ഈ സമയക്രമത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നത് കഴിയുന്നത്ര മുന്‍കൂട്ടി കുട്ടിയെ അറിയിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. 

കുട്ടിയുടെ സാധനസാമഗ്രികള്‍ ഓരോന്നിനും അതിന്റേതായ സ്ഥലം കൃത്യമായി നിശ്ചയിച്ച് അവ ആ സ്ഥലത്തു മാത്രം സൂക്ഷിക്കാന്‍ പ്രത്യേകം നിഷ്ക്കര്‍ഷിക്കേണ്ടതാണ്. സ്കൂളില്‍ കൊണ്ടുപോകാനുള്ള സാധനങ്ങള്‍ തലേന്നു രാത്രി തന്നെ എടുത്തു വെക്കാന്‍ ശീലിപ്പിക്കുന്നത് രാവിലെ അവര്‍ക്ക് ആഹാരം കഴിക്കാനും വസ്ത്രങ്ങള്‍ ധരിക്കാനുമൊക്കെ മതിയായ സമയം കിട്ടാന്‍ സഹായിക്കും.

നിര്‍ദ്ദേശങ്ങള്‍ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

കുട്ടിയുടെ ശ്രദ്ധ നിങ്ങളുടെ നേരെയാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം അങ്ങോട്ടു വല്ലതും പറയുക.

കുട്ടിയുടെ ശ്രദ്ധ നിങ്ങളുടെ നേരെയാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം അങ്ങോട്ടു വല്ലതും പറയുക. പറയാനുള്ള കാര്യം വ്യക്തമായി, ചുരുങ്ങിയ വാക്കുകളില്‍ അവതരിപ്പിക്കുക. സംസാരിക്കുമ്പോള്‍ കുട്ടിയുടെ മുഖത്തേക്കു തന്നെ നോക്കാന്‍ ശ്രദ്ധിക്കുക. അനുയോജ്യമെങ്കില്‍ എന്താണു ചെയ്യേണ്ടതെന്നതിന് രണ്ടോ മൂന്നോ ഓപ്ഷനുകള്‍ കൊടുക്കാവുന്നതാണ്. നാം ഉച്ചത്തില്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഈ കുട്ടികള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് ഓര്‍ക്കുക. “ഇങ്ങിനെ ചെയ്യരുത്”, “അങ്ങിനെ ചെയ്യരുത്” എന്നൊക്കെ വീണ്ടും വീണ്ടും കല്‍പ്പിക്കുന്നതിനെക്കാള്‍ നല്ലത് എന്താണു ചെയ്യേണ്ടത് എന്ന് വ്യക്തമായി പറഞ്ഞു കൊടുക്കുന്നതാണ്. അതുപോലെ “വൃത്തിയായി ആഹാരം കഴിക്ക്” എന്നതു പോലുള്ള അത്ര വ്യക്തമല്ലാത്ത പൊതുവായ ആജ്ഞകളെക്കാള്‍ ഫലം ചെയ്യുക “ആഹാരം പ്ലേറ്റില്‍ നിന്നു പുറത്തു വീഴാതെ ശ്രദ്ധിക്ക്” എന്നതു പോലുള്ള കൃത്യമായ നിര്‍ദ്ദേശങ്ങളാണ്. ഒറ്റയടിക്ക് കുറേയധികം നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനു പകരം ചെയ്യാനുള്ള കാ‍ര്യങ്ങളെ ഓരോന്നോരോന്നായി അവതരിപ്പിക്കുന്നതും ശ്രദ്ധ മാറിപ്പോകുന്നത് തടയാന്‍ സഹായിക്കും. നിങ്ങള്‍ എന്താണു പറഞ്ഞതെന്ന് ആവര്‍ത്തിക്കാന്‍ കുട്ടിയോട് ആവശ്യപ്പെട്ട് ആ കാര്യം അവന്‍ ഉള്‍ക്കൊണ്ടോ എന്ന് ഉറപ്പുവരുത്താവുന്നതാണ്.

കൊടിയ പെരുമാറ്റദൂഷ്യങ്ങള്‍ക്ക് ‘ടൈം ഔട്ട്’

നശീകരണസ്വഭാവം, ശാരീരിക ഉപദ്രവം, വളരെ മോശമായ വാക്കുകളുടെ ഉപയോഗം തുടങ്ങിയ കടുത്ത പ്രശ്നങ്ങള്‍ക്ക് ടൈം ഔട്ട് ഒരു നല്ല പ്രതിവിധിയാണ്. മൂര്‍ച്ചയുള്ള വസ്തുക്കള്‍, മരുന്നുകള്‍, വൈദ്യുതോപകരണങ്ങള്‍ തുടങ്ങിയ കുട്ടി അപകടങ്ങളുണ്ടാക്കാന്‍ ഉപയോഗിച്ചേക്കാവുന്ന വസ്തുക്കളൊന്നുമില്ലാത്ത ഒരു മുറി ടൈം ഔട്ടിനായി തെരഞ്ഞെടുക്കേണ്ടതാണ്. ഈ മുറിയില്‍ കളിപ്പാട്ടങ്ങള്‍, കഥാപുസ്തകങ്ങള്‍ തുടങ്ങിയ വിനോദോപാധികളും ഉണ്ടായിരിക്കരുത്. കുട്ടി മേല്‍പ്പറഞ്ഞ ദുസ്സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ അവന്റെ മുഖത്തു നോക്കി “ഇനി ഇതാവര്‍ത്തിച്ചാല്‍ നിന്നെ പതിനഞ്ചു മിനുട്ട് മുറിയില്‍ അടച്ചിടും” എന്ന് ഒരൊറ്റത്തവണ വാണിങ്ങ് കൊടുക്കണം. എന്നിട്ടും അവന്‍ ആ പെരുമാറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ പറഞ്ഞതു പോലെത്തന്നെ പ്രവര്‍ത്തിക്കുക. പിന്നീട് കുട്ടി ആ സ്വഭാവം പുറത്തെടുക്കുമ്പോഴൊക്കെ ഒരു മുന്നറിയിപ്പും കൂടാതെ അവനെ ടൈം ഔട്ട് മുറിയില്‍ അടക്കേണ്ടതാണ്. 

പല തവണ ടൈം ഔട്ട് ഉപയോഗിച്ചതിനു ശേഷം മാത്രമേ  ഇത്തരം പെരുമാറ്റങ്ങളില്‍ കുറവ് കണ്ടുതുടങ്ങുകയുള്ളൂ. ആദ്യത്തെ ഒന്നു രണ്ടു തവണ ടൈം ഔട്ട് നടപ്പാക്കുമ്പോള്‍ കുട്ടി ശക്തമായി പ്രതികരിക്കുന്നുണ്ടെങ്കില്‍ അതിനെ അവഗണിച്ചു തള്ളേണ്ടതാണ്.

മാതാപിതാക്കള്‍ ഓര്‍ത്തിരിക്കേണ്ട കുറച്ചു കാര്യങ്ങള്‍

മോശമായ പ്രവൃത്തികളെ കുറ്റപ്പെടുത്തുന്നതിന്റെ അഞ്ചിരട്ടിയെങ്കിലും നല്ല പെരുമാറ്റങ്ങളെ അഭിനന്ദിക്കാന്‍ ശ്രദ്ധിക്കുക. ചെറിയ ചെറിയ വികൃതികളെ അവഗണിക്കുക. അടി പോലുള്ള ശാരീരികശിക്ഷകള്‍ക്ക് ഈ രോഗത്തിന്റെ ലക്ഷണങ്ങളില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയില്ലെന്നും നിര്‍ത്താതെയുള്ള ചീത്തവിളി കടുത്ത ശ്രദ്ധക്കുറവുള്ള ഈ കുട്ടികളുടെ തലച്ചോറില്‍ എത്തുക പോലുമില്ലെന്നും ഓര്‍ക്കുക.

തന്റെ ചെയ്തികളാണ് പല കുഴപ്പങ്ങള്‍ക്കും കാരണമാകുന്നതെന്നു തിരിച്ചറിയാന്‍ ശ്രദ്ധക്കുറവു കാരണം കുട്ടി‍ക്കു കഴിയാതെ വന്നേക്കാം. ഇത്തരം കാര്യകാരണബന്ധങ്ങള്‍ കുട്ടിക്ക് ബോദ്ധ്യപ്പെടുത്തിക്കൊടുക്കേണ്ടത് മുതിര്‍ന്നവരുടെ കടമയാണ്. 

എ.ഡി.എച്ച്.ഡി.യുള്ള പല കുട്ടികളും കലാകായികരംഗങ്ങളില്‍ മികവു പുലര്‍ത്താറുണ്ട്. ഇത്തരം കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നത് അസുഖം കാരണം സദാ ക്ഷതമേറ്റുകൊണ്ടിരിക്കുന്ന അവരുടെ ആത്മാഭിമാനത്തിന് നല്ല മറുമരുന്നാണ്.

കുടുംബാംഗങ്ങളുടെ മാനസികാരോഗ്യത്തിന്

കുട്ടികളെ വളര്‍ത്തുന്ന രീതിയിലെ പിഴവുകളോ ഗാര്‍ഹികാന്തരീക്ഷത്തിലെ ചെറിയ അസ്വാരസ്യങ്ങളോ എ.ഡി.എച്ച്.ഡി.ക്ക് കാരണമാകുന്നില്ല എന്ന് ഗവേഷണങ്ങള്‍ നിസ്സംശയം തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ കുട്ടിക്ക് അസുഖം വന്നതിന്റെ പേരില്‍ ഒരു കുറ്റബോധം ഉള്ളില്‍ കൊണ്ടുനടക്കുന്നതിലോ മറ്റു കുടുംബാംഗങ്ങളെ പഴിചാരുന്നതിലോ ഒരു കാര്യവുമില്ല. മാനസികസമ്മര്‍ദ്ദത്തെ ശരിയായ രീതിയില്‍ നേരിടാനുള്ള മാര്‍ഗങ്ങള്‍ പരിശീലിക്കുന്നത് പ്രശ്നങ്ങളെ ചങ്കൂറ്റത്തോടെ നേരിടാനും കുട്ടിയുടെ പെരുമാറ്റങ്ങളോട് സമചിത്തതയോടെ മാത്രം പ്രതികരിക്കാനും നിങ്ങളെ പ്രാപ്തരാക്കും.

എ.ഡി.എച്ച്.ഡി.യുടെ എല്ലാ വശങ്ങളെയും പറ്റി, പ്രത്യേകിച്ച് ചികിത്സകളെക്കുറിച്ച്, കഴിയുന്നത്ര അറിവ് സമ്പാദിക്കുക. ഈ അസുഖത്തിന് ഒരു ശാശ്വതപരിഹാരവും ഇതു വരെ കണ്ടെത്തിയിട്ടില്ല എന്ന് ഓര്‍ക്കുക. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ ആകൃഷ്ടരായി തട്ടിപ്പുചികിത്സകളുടെ പിറകെ സമയവും സമ്പത്തും മനസ്സമാധാനവും നഷ്ടപ്പെടുത്താതിരിക്കുക.

അസുഖത്തിന്റെ വിവരം സ്കൂളില്‍ പറയാമോ?

കുട്ടി സ്കൂളില്‍ ചേരുകയോ പുതിയ ക്ലാസിലേക്കു കയറുകയോ ചെയ്യുമ്പോള്‍ത്തന്നെ അസുഖത്തിന്റെ കാര്യം അദ്ധ്യാപകരുമായി ചര്‍ച്ച ചെയ്യുന്നത് പിന്നീട് കൂടുതല്‍ പ്രശ്നങ്ങളുണ്ടാവുന്നത് ഒഴിവാക്കാന്‍ സഹായിക്കും. (ഇനി രോഗവിവരം സ്കൂളധികൃതരില്‍ നിന്ന്‍ മറച്ചുവെക്കാനാണ് തീരുമാനമെങ്കില്‍ ഈ അസുഖത്തിന്റെ ലക്ഷണങ്ങള്‍ക്ക് അധികനാള്‍ ഒളിഞ്ഞിരിക്കാന്‍ കഴിയില്ല എന്നും ഓര്‍ക്കുക.) കുട്ടി സാധാരണ കാണിക്കാറുള്ള പ്രശ്നങ്ങള്‍ ഏതൊക്കെയാണ്, നിങ്ങളുടെ പരിചയം വെച്ച് അവക്കുള്ള ഏറ്റവും നല്ല പ്രതിവിധികള്‍ എന്തൊക്കെയാണ് എന്നതൊക്കെ അദ്ധ്യാപകരുമായി പങ്കുവെക്കേണ്ടതാണ്. പുതിയ ക്ലാസുമായും അദ്ധ്യാപകരുമായും പരിചയപ്പെടാനും പൊരുത്തപ്പെടാനും കുട്ടിയെയും സഹായിക്കേണ്ടതാണ്.

അദ്ധ്യാപകരുടെ അറിവിന്

എ.ഡി.എച്ച്.ഡി. എന്ന രോഗത്തെക്കുറിച്ച് ഒരു ഏകദേശധാരണയെങ്കിലും അദ്ധ്യാപകര്‍ക്ക് ഉണ്ടായിരിക്കേണ്ടതാണ്. രോഗലക്ഷണങ്ങളെ കുട്ടി മന:പൂര്‍വം ചെയ്യുന്ന വികൃതികളായി കണക്കാക്കാതെ അവന്റെ തലച്ചോറിനുള്ള ചില പ്രത്യേകതകളുടെ പ്രതിഫലനം മാത്രമായി കാണുന്ന അദ്ധ്യാപകര്‍ക്കേ ഇത്തരം കുട്ടികളെ ഉള്‍ക്കൊള്ളാനും ഫലപ്രദമായി പഠിപ്പിക്കുവാനും കഴിയൂ. സ്കൂള്‍നിയമങ്ങള്‍ എല്ലായ്പ്പോഴും ഒരുപോലെത്തന്നെ നടപ്പാക്കുക, ക്ലാസിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുന്നത്ര അടുക്കും ചിട്ടയും കൊടുക്കുക, കുട്ടിയോട് സമചിത്തതയോടെ മാത്രം പെരുമാറുക, കുട്ടിയുടെ കഴിവിനും പഠനശൈലിക്കും യോജിച്ച അദ്ധ്യാപനരീതികള്‍ ഉപയോഗിക്കുക തുടങ്ങിയവ അദ്ധ്യാപകര്‍ക്ക് സ്വീകരിക്കാവുന്ന മാര്‍ഗങ്ങളാണ്. 

കുട്ടിയുടെ രോഗലക്ഷണങ്ങള്‍ തലപൊക്കാന്‍ ഇടയാക്കാറുള്ള സാഹചര്യങ്ങള്‍ അറിഞ്ഞുവെച്ചും, പെരുമാറ്റങ്ങള്‍ വഴിവിടാന്‍ തുടങ്ങുമ്പോള്‍ പെട്ടെന്നു തന്നെ അവന് സൂചനകള്‍ കൊടുത്തും, കുട്ടിയുടെ പഠനകാര്യത്തില്‍ മാതാപിതാക്കളുമായി യോജിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞും, അവര്‍ അനുഭവിക്കുന്ന മാനസികക്ലേശം ഉള്‍ക്കൊണ്ടുമൊക്കെ അദ്ധ്യാപകര്‍ക്ക് എ.ഡി.എച്ച്.ഡി.യുടെ ചികിത്സയില്‍ പങ്കാളികളാകാവുന്നതാണ്. ഈ കുട്ടികളോട് അസുഖക്കാരെന്ന രീതിയില്‍ പെരുമാറാതിരിക്കാനും, അസുഖത്തെയും ചികിത്സയെയും സംബന്ധിച്ച വിവരങ്ങള്‍ മറ്റു കുട്ടികളുടെ മുമ്പില്‍ വെച്ച് പരാമര്‍ശിക്കാതിരിക്കാനും, ക്ലാസില്‍ ഒരു പ്രശ്നമുണ്ടെങ്കില്‍ അതിനു പിന്നില്‍ എ.ഡി.എച്ച്.ഡി.യുള്ള കുട്ടി തന്നെയാവും എന്ന തരത്തിലുള്ള മുന്‍വിധികള്‍ ഒഴിവാക്കാനും അദ്ധ്യാപകര്‍ ശ്രദ്ധിക്കേണ്ടതാണ്.

ഇത്തരം കുട്ടികളെ മുന്‍ബെഞ്ചുകളില്‍ ഇരുത്തുന്നത് അവരുടെ ശ്രദ്ധ സഹപാഠികളിലേക്കു തിരിഞ്ഞുപോവുന്നത് തടയാന്‍ സഹായിക്കും. അവരെ വാതിലുകളുടെയോ ജനലുകളുടെയോ അരികില്‍ ഇരുത്തുന്നതും അവരുടെ ഇരിപ്പിടം ഇടക്കിടെ മാറ്റുന്നതും ഒഴിവാക്കേണ്ടതാണ്. ക്ലാസിലെ നന്നായി പഠിക്കുന്ന ചില കുട്ടികളെ അവരുടെ ചുറ്റുമിരുത്തുന്നത് എ.ഡി.എച്ച്.ഡി.യുള്ള കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്താന്‍ സഹായിക്കാറുണ്ട്.

(2011 സെപ്തംബര്‍ ലക്കം ആരോഗ്യമംഗളത്തില്‍ പ്രസിദ്ധീകരിച്ചത്)

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.

Drawing: Hyperactive by Gültekin Bilge

എ.ഡി.എച്ച്.ഡി.യുടെ ചികിത്സകള്‍ : മാതാപിതാക്കള്‍ അറ...
പരീക്ഷാക്കാലം ടെന്‍ഷന്‍ഫ്രീയാക്കാന്‍ കുറച്ചു പൊടിക...

Related Posts

 

By accepting you will be accessing a service provided by a third-party external to http://www.mind.in/

ഏറ്റവും പ്രസിദ്ധം:

25 February 2014
ലൈംഗികത
പ്രണയം എന്ന വിഷയം കാലങ്ങളായി എഴുത്തുകാരുടെയും തത്വചിന്തകരുടെയും സാധാരണക്കാരുടെയുമൊക്കെ വിശകലനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. എങ്കിലും പ്രണയത്തിന്‍റെ സങ്കീര്‍ണതകളുടെ ഇഴപിരിച്ചറിയാന്‍ താല്പര്യമുള്ളവര്‍ ആധ...
24 October 2015
ലൈംഗികത
ലൈംഗികാവയവങ്ങള്‍, സംഭോഗം, ഗര്‍ഭനിരോധനം, ലൈംഗികരോഗങ്ങള്‍ തുടങ്ങിയവയെപ്പറ്റി നിങ്ങള്‍ക്ക് എത്രത്തോളം വിവരമുണ്ടെന്നു പരിശോധിച്ചറിയാന്‍ താല്‍പര്യമുണ്ടോ? എങ്കില്‍ താഴെക്കൊടുത്ത ഇരുപത്തഞ്ചു പ്രസ്താവനകള്‍ ഓര...
09 April 2014
മക്കളെപ്പോറ്റല്‍
ഒരു സുപ്രഭാതത്തില്‍ അടിവസ്ത്രത്തില്‍ ചലപ്പാടുകള്‍ ശ്രദ്ധിച്ച് എവിടുത്തെ മുറിവാണു പഴുത്തുപൊട്ടിയത് എന്നാശങ്കപ്പെടുന്ന ആണ്‍കുട്ടികളുടെയും, പെട്ടെന്നൊരുനാള്‍ ചോരയൂറിവരുന്നതു കാണുമ്പോള്‍ മാത്രം ഒരവയവത്തിന...
13 September 2012
കൌമാരം
ഒരാളുടെ വ്യക്തിത്വം അയാളുടെ വ്യക്തിബന്ധങ്ങളെയും തൊഴില്‍വിജയത്തെയും ആരോഗ്യത്തെയും വളരെയധികം സ്വാധീനിക്കുന്നുണ്ട്. തന്‍റെ കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും തന്നോടു തന്നെയുമുള്ള ഒരാളുടെ പെരുമാറ്റരീതി ...
15 November 2013
യൌവനം
ബാല്യവും കൌമാരവും കടന്ന്‍ ഒരാള്‍ യൌവനത്തിലേക്കു പ്രവേശിക്കുന്നതിനോടൊപ്പം അയാളില്‍ മാനസിക പിരിമുറുക്കത്തിനിടയാക്കുന്ന പ്രധാന ഘടകങ്ങള്‍ ഏതൊക്കെ എന്നതിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. യൗവനാരംഭത്തില്‍ പ...
Looking for a deaddiction center in Kerala? Visit the website of SNEHAM.

പ്രചരിപ്പിക്കുക

FLIP

Looking for a psychiatry hospital in Kerala? Visit the website of SNEHAM.

പുതുലേഖനങ്ങള്‍ മെയിലില്‍ കിട്ടാന്‍:

Looking for a mental hospital in Kerala? Visit the website of SNEHAM.

Like us on Facebook

Our website is protected by DMC Firewall!